'നക്ഷത്രക്കൂടാരം എന്റെയും സതീഷ് ബാബുവിന്റെയും ആദ്യസിനിമ'- സംവിധായകന്‍ ജോഷി മാത്യു

പ്രമുഖ എഴുത്തുകാരന്‍ സതീഷ്ബാബുവിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംവിധായകന്‍ ജോഷി മാത്യു സംസാരിക്കുന്നു. സതീഷ് ബാബു ആദ്യമായി തിരക്കഥയെഴുതിയ ചിത്രമായ നക്ഷത്രക്കൂടാരത്തിന്റെ സംവിധായകനാണ് ജോഷി മാത്യു.
പദ്മരാജന്റെ 'ഇന്നലെ' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സതീഷ് ബാബു പയ്യന്നൂരിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. ഒരു മാസികയ്ക്കുവേണ്ടി കവര്‍ സ്‌റ്റോറി ചെയ്യാന്‍ വന്നതായിരുന്നു അദ്ദേഹം. സിനിമയെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ആ യുവാവ് വളരെ കൗതുകത്തോടെയാണ് ഇന്നലെയുടെ സെറ്റിനെ വീക്ഷിച്ചിരുന്നത്. പദ്മരാജന്റെ അസോസിയേറ്റ് ആയിരുന്നു ഞാന്‍. സതീഷ് ബാബുവുമായി പരിചയത്തിലായപ്പോള്‍ അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ വായിക്കാന്‍ തന്നു. അത് വലിയൊരു സൗഹൃദത്തിലേക്കാണ് വഴിതുറന്നത്. പദ്മരാജന്റെ പൊടുന്നനെയുള്ള മരണം ഞങ്ങളെ വിഷമത്തിലാക്കിയിരുന്നു. അദ്ദേഹം മുഖാന്തിരമായിരുന്നല്ലോ ഞങ്ങള്‍ പരിചയപ്പെട്ടത്.
സ്വതന്ത്രസംവിധാനത്തില്‍ ഒരു സിനിമ എന്ന ആഗ്രഹം വന്നപ്പോള്‍ ആദ്യം എന്റെ മനസ്സിലെ കഥ പറഞ്ഞത് സതീഷ് ബാബുവിനോടായിരുന്നു. ദൃശ്യമാധ്യമങ്ങളോടുള്ള വലിയ ഇഷ്ടം കാരണം സതീഷ്ബാബു അപ്പോഴേക്കും തിരുവനന്തപുരത്ത് താമസമാക്കിയിരുന്നു. എന്റെ മനസ്സിലെ കഥ ഞാന്‍ പറഞ്ഞപ്പോള്‍ തിരക്കഥയാക്കുന്ന ഉത്തരവാദിത്തം സതീഷ്ബാബു ഏറ്റെടുത്തു. ഒരുമാസത്തോളം ഒന്നിച്ചിരുന്ന് മനോഹരമായ തിരക്കഥ പൂര്‍ത്തിയാക്കിത്തന്നു. സുരേഷ് ഗോപിയും ശ്വേതാമേനോനും അഭിനയിച്ച 'നക്ഷത്രക്കൂടാരം' എന്ന സിനിമ 1992-ലാണ് പുറത്തിറങ്ങിയത്. എന്റെ ആദ്യത്തെ സംവിധാനം, സതീഷ്ബാബുവിന്റെ പ്രഥമ തിരക്കഥ. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അഭിമാനിക്കാനും സന്തോഷിക്കാനും അവസരമൊരുക്കിക്കൊണ്ട് നക്ഷത്രക്കൂടാരം സൂപ്പര്‍ഹിറ്റായി.
തിരക്കഥാരചനാവേളയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സുരേഷ് ഗോപി കഥയുടെ പുരോഗതി അന്വേഷിക്കാനായി വരുമായിരുന്നു. അദ്ദേഹത്തിന് സതീഷ് ബാബുവില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ സതീഷ് ബാബുവിന് കഴിഞ്ഞു. പിന്നീട് സിനിമയുടെ രണ്ടു തിരക്കുകളിലേക്ക് ഞങ്ങള്‍ രണ്ടുപേരും മാറിക്കഴിഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അച്ചടിച്ചു വന്ന കഥകളെല്ലാം മുറതെറ്റാതെ എനിക്കയച്ചുതരുമായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് എന്നെ വിളിച്ചപ്പോള്‍ പദ്മരാജന്‍ ട്രസ്റ്റിന്റെ കാര്യങ്ങളാണ് അന്വേഷിച്ചത്. ഊര്‍ജസ്വലനായിരുന്ന സതീഷ് ബാബുവിന്റെ അപ്രതീക്ഷിത വിയോഗം വേദനയോടെയാണ് ഉള്‍ക്കൊള്ളുന്നത്.
Content Highlights: Satheeshbabu Payyannur, Joshy Mathew, Mathrubhumi