ഖാൻ കാവിൽ: അനായാസ ശബ്ദപ്പകര്‍ച്ചകള്‍, അമൂര്‍ത്തകഥാപാത്രങ്ങളെ മൂര്‍ത്തമാക്കുന്ന രാസവിദ്യക്കാരൻ!-സി.വി

#സി.വി ബാലകൃഷ്ണൻ
സി.വി ബാലകൃഷ്ണൻ, ഖാൻ കാവിൽ
സി.വി ബാലകൃഷ്ണൻ, ഖാൻ കാവിൽ

ഇരുപത്തഞ്ചടിയിലേറെ ഉയരമുള്ള തേക്കുമരത്തിന്റെ കൊമ്പില്‍ റേഡിയോ പാടിക്കൊണ്ടിരുന്നു. തൊട്ടടുത്തായി ഒരു ജഡം തൂങ്ങിക്കിടന്നു. പാലക്കാട്ടെ കഞ്ചിക്കോട്ടുനിന്ന് ഈയിടെ കേട്ടൊരു വാര്‍ത്തയാണ്. എലപ്പുള്ളി ചേരുങ്കാട് പാപ്പങ്കോട് വീട്ടില്‍ മുരളീധരന് റേഡിയോ ജീവന്റെ ഒരംശമായിരുന്നു. എന്നും സന്ധ്യയ്ക്കു പണി കഴിഞ്ഞെത്തിയാല്‍ റേഡിയോ കേട്ടിരിക്കുകയോ റേഡിയോ കൈയിലെടുത്തു നടക്കുകയോ ചെയ്യും. മരിക്കാന്‍ തീരുമാനിച്ചപ്പോഴും റേഡിയോയെ ഉപേക്ഷിച്ചില്ല. കുരുക്കിട്ട കയര്‍ കെട്ടിയ മരക്കൊമ്പില്‍ത്തന്നെ പ്രിയ റേഡിയോ ഭദ്രമായി കെട്ടിത്തൂക്കി. അവസാനം കാതുകളില്‍ വന്നുപതിച്ചത് റേഡിയോയില്‍നിന്നുള്ള ചലച്ചിത്രഗാനമാണ്. ശരീരം കയര്‍ത്തുമ്പില്‍ പിടഞ്ഞു നിശ്ചലമായപ്പോഴും റേഡിയോ പാട്ടു തുടര്‍ന്നു. പരിസരവാസികള്‍ തൂങ്ങിയാടുന്ന ജഡം കാണുമ്പോഴും റേഡിയോ പാടുകയായിരുന്നു, മരണമറിയാതെ. ആ മരണത്തെ ആഹ്ലാദകരവും മരണാനന്തരദൃശ്യത്തെ അതിമനോഹരവുമാക്കിയ റേഡിയോയ്ക്കു സ്തുതിയായിരിക്കട്ടെ.

ഇതോടനുബന്ധിച്ച് ചില ചരിത്രവസ്തുതകള്‍ മനസ്സില്‍ തെളിഞ്ഞുവരികയാണ്. റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത് 1923 ജൂണിലാണ്. ബോംബെ റേഡിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു ആദ്യപ്രക്ഷേപണം. 1923 നവംബറില്‍ കൊല്‍ക്കത്ത റേഡിയോ ക്ലബ്ബും പ്രക്ഷേപണം തുടങ്ങി. സംഘടിതമായ പ്രക്ഷേപണശൃംഖല രാജ്യത്തു നിലവില്‍വരുന്നത് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ വരവോടെയാണ്. ഐ.ബി.സിയുടെ പ്രഥമ റേഡിയോനിലയം 1927 ജൂലായ് 23ന് ബ്രിട്ടീഷ് വൈസ്രോയി ഇര്‍വിന്‍ പ്രഭു ബോംബെയില്‍ ഉദ്ഘാടനം ചെയ്തു. അതേവര്‍ഷം ഓഗസ്റ്റില്‍ ഐ.ബി.സിയുടെ രണ്ടാം നിലയം കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഷ്ടത്തിലായ കമ്പനി ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ 1930 ഏപ്രില്‍ ഒന്നിന് ഇന്ത്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സര്‍വീസ് തുടങ്ങി. 1936-ല്‍ ഇത് ഓള്‍ ഇന്ത്യ റേഡിയോ (എ.ഐ.ആര്‍.) എന്ന് അറിയപ്പെട്ടുതുടങ്ങി. 1950 മേയ് 14ന് അതിന്റെ കോഴിക്കോട് നിലയം ആരംഭിച്ചു. ആകാശവാണിയെന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത് 1956-ലാണ്. റേഡിയോ പ്രക്ഷേപണത്തെ ആകാശവാണിയെന്ന് വിശേഷിപ്പിച്ചത് രബീന്ദ്രനാഥ് ടാഗോറായിരുന്നു. ടാഗോറിനും സ്തുതി പറയട്ടെ.

റേഡിയോനിലയങ്ങള്‍ എന്നും കേള്‍പ്പിക്കുന്ന സിഗ്നേച്ചര്‍ ട്യൂണ്‍പോലെ കാതിനിമ്പം തരുന്ന മറ്റൊന്നുമില്ല എന്നെ സംബന്ധിച്ച്. അനേകായിരം തവണ ഞാനതിനു ചെവിയോര്‍ത്തിരുന്നിട്ടുണ്ട്. ഏതു സംഗീതജ്ഞനാണ് അത് ചിട്ടപ്പെടുത്തിയതെന്നോ ഏതു സംഗീതോപകരണമാണ് അതിനായി ഉപയോഗിച്ചതെന്നോ അന്ന് എനിക്കറിയാമായിരുന്നില്ല. പക്ഷേ, അതിന്റെ അപാരമായ മാസ്മരികത എന്നെ അപ്പാടേ കീഴ്പ്പെടുത്തി. നന്നേ ചെറുതായിരിക്കെ എന്റെ ആത്മാവിനോടു ചേര്‍ന്ന റേഡിയോയുമായി ബന്ധപ്പെട്ട ഒരാളെ, അശരീരിയായല്ലാതെ മൂര്‍ത്തരൂപത്തില്‍ ദര്‍ശിക്കാന്‍ ബാല്യത്തിലെന്നോ എനിക്കവസരം കിട്ടി. അതൊരു അനര്‍ഘമുഹൂര്‍ത്തമായിരുന്നു. പയ്യന്നൂരങ്ങാടിയിലെ ഷണ്‍മുഖ പ്രസ്സില്‍ വെണ്മ പ്രസരിപ്പിച്ചുകൊണ്ട് ഒരാള്‍ ഇരിക്കുന്നു. ആരെന്നല്ലേ? ആദ്യത്തെ മലയാള പ്രക്ഷേപകനായ കെ. പത്മനാഭന്‍ നായര്‍. മൂടുപടം, തച്ചോളി ഒതേനന്‍, കൊച്ചുമോന്‍, ദേവത, കടത്തുകാരന്‍, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്. രാരിച്ചന്‍ എന്ന പൗരനിലെ 'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം', കൂടപ്പിറപ്പിലെ 'തുമ്പീ തുമ്പീ വാവാ', പാലാട്ട് കോമനിലെ 'പൂവേ നല്ല പൂവേ', മുറപ്പെണ്ണിലെ 'കടവത്ത് തോണിയടുത്തപ്പോള്‍' തുടങ്ങിയ മധുരഗാനങ്ങള്‍ പാടിക്കേള്‍പ്പിച്ച ശാന്ത പി. നായരുടെ ഭര്‍ത്താവ്. ആഖ്യായികാകാരന്‍, സംവിധായകന്‍, നാടകരചയിതാവ്, ഫുട്ബോള്‍മത്സരങ്ങളുടെ കമന്റേറ്റര്‍... ഇങ്ങനെയൊരാള്‍ സ്വന്തം ദേശക്കാരനാണെന്നതില്‍ ഒരു ചെറുബാലകനുതന്നെയും അഭിമാനം തോന്നില്ലേ? കൈതേരി രാമന്‍ നമ്പ്യാരുടെയും കൂടത്തില്‍ കുട്ടിഅമ്മയുടെയും മകനായി ഇങ്ങനെയൊരാള്‍ ഇവിടെ പിറന്നില്ലേ? എത്രയോ ഉയരത്തിലെത്തിയില്ലേ?

'ഒരു സ്റ്റാഫാര്‍ട്ടിസ്റ്റിന്റെ കൈപ്പീത്തി'ല്‍ ഉറൂബ് ഓര്‍മിക്കുന്നു:
'കെ. പത്മനാഭന്‍ നായരുടെ അടുത്തേക്കാണ് പി. ഭാസ്‌കരന്‍ എന്നെ കൊണ്ടുപോയത്. മദിരാശി കേരളസമാജം പ്രവര്‍ത്തനങ്ങളില്‍ മുഴുകിനില്ക്കുമ്പോഴാണ് അതിനു മുന്‍പൊരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. പയ്യന്നൂര്‍ക്കാരനാണെന്ന് ആരോ പരിചയപ്പെടുത്തിയപ്പോള്‍ 'എങ്കില്‍ പൊതുവാളായിരിക്കും. നല്ല പ്രസരിപ്പുള്ള പൊതുവാള്‍' എന്ന് എന്തുകൊണ്ടോ തോന്നി. ആ പ്രസരിപ്പുകാരനാണ് എന്നെക്കൊണ്ട് ആദ്യത്തെ കോണ്‍ട്രാക്ട് ഒപ്പിടുവിച്ചത്.'

പത്മനാഭന്‍ നായര്‍ അന്ന് കോഴിക്കോട് നിലയത്തിലെ പ്രോഗ്രാം ഓഫീസറായിരുന്നു. പി. ഭാസ്‌കരനും കെ. രാഘവനും അക്കിത്തവും തിക്കോടിയനും കെ.എ. കൊടുങ്ങല്ലൂരും ഉറൂബുമൊക്കെ വന്നെത്തുന്നത് പിന്നീടാണ്. അവരെല്ലാം ചേര്‍ന്ന് കോഴിക്കോട് നിലയത്തിന് അത്യുജ്ജ്വലപരിവേഷം നല്കി. ചെറുപ്പംതൊട്ടേ ഞാനതില്‍ മുഗ്ധനായി. കോഴിക്കോട് നിലയം എന്നെങ്കിലും എന്റെ പേരു കേള്‍പ്പിക്കുമെന്ന് ഞാന്‍ പ്രത്യാശിച്ചു. എന്നോ അതു നിറവേറി. അശരീരിയായി എന്റെ പേരു മുഴങ്ങി. വിധിവൈപരീത്യത്താല്‍ എനിക്കതു കേള്‍ക്കാനായില്ല. പോട്ടെ. റേഡിയോ നിലയത്തില്‍നിന്ന് ആദ്യരചനയ്ക്ക് അയച്ചുകിട്ടിയ പതിനഞ്ചു രൂപയുടെ ചെക്ക് ഞാന്‍ സവിസ്മിതം കൈപ്പറ്റി. അന്നായിരിക്കണം ജീവിതത്തിലാദ്യമായി ഞാന്‍ തലയുയര്‍ത്തിപ്പിടിച്ചു നടന്നത്. നാലണപോലും സ്വന്തമായി ഇല്ലാതിരുന്ന ഞാന്‍ ഇതാ, പതിനഞ്ചു രൂപയുടെ അധിപനായിത്തീര്‍ന്നിരിക്കുന്നു. ലോകമേ, കണ്ടോളൂ.

എനിക്കന്ന് പതിനഞ്ചു വയസ്സു തികഞ്ഞതേയുള്ളൂ. പത്താംക്ലാസില്‍ പഠിക്കുന്നു. നിത്യേന ഒന്നും രണ്ടും പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കുന്നു. എഴുതപ്പെട്ട വാക്കുകളെയോര്‍ത്ത് അദ്ഭുതപ്പെടുന്നു. ഷെയ്ക്സ്പിയര്‍ ഹാംലെറ്റില്‍ എഴുതിയതുപോലെ വാക്കുകള്‍! വാക്കുകള്‍! വാക്കുകള്‍! അവധിക്കാലത്ത് കോഴിക്കോട്ടേക്കു വണ്ടികയറുമ്പോള്‍ എന്റെ കൈയിലുണ്ടായിരുന്നത് കുറെ വാക്കുകളും ഏതാനും നാണയത്തുട്ടുകളും. വണ്ടിയിറങ്ങി ഞാന്‍ നടന്നത് കടല്‍ക്കരയിലെ ആകാശവാണി നിലയത്തിലേക്ക്. എനിക്ക് ആകെക്കൂടി ബന്ധമുള്ളത് അതുമായാണ്. മറ്റൊന്നും അറിഞ്ഞുകൂടാ. ആരെയും പരിചയവുമില്ല.
വെറുതേ, ഒരു താത്പര്യത്തിനു ചെന്നതാണ്. കടല്‍ക്കാറ്റുകള്‍ എന്റെ നേര്‍ക്കു വീശിക്കൊണ്ടിരുന്നു. ഞാന്‍ പാറാവുകാരന്റെ മുന്നില്‍ പരുങ്ങലോടെ നിന്നു. റേഡിയോയില്‍ നാടകങ്ങളെഴുതിയിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ അയാള്‍ കനിവുകാട്ടി. എന്നെ അകത്തേക്കു പോകാന്‍ അനുവദിച്ചു. അങ്ങനെ ഞാന്‍ ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലേക്കു കടന്നുചെന്നു. മീശകുരുക്കാത്ത ഒരു പയ്യന്‍. മുകള്‍നിലയിലേക്കു കയറിച്ചെന്നത് കെ.എ. കൊടുങ്ങല്ലൂരിനെ കാണാനാണ്. നാടകങ്ങള്‍ പ്രക്ഷേപണയോഗ്യമെന്നു വിലയിരുത്തുന്നത് കൊടുങ്ങല്ലൂരാണ്. എന്റെ മൂന്നു നാടകമെങ്കിലും അതിനോടകം പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്നു. അവയിലൊന്ന്, എനിക്കോര്‍മയുണ്ട്, കഠോപനിഷത്തിനെ അവലംബിച്ചുള്ളതായിരുന്നു. യമപുരിയോളം ചെന്ന് മൃത്യുദേവനോട് മരണത്തിനപ്പുറം എന്താണെന്ന് അന്വേഷിച്ച നചികേതസ്സ് കേന്ദ്രസ്ഥാനത്ത് പരിശോഭിക്കുന്ന കഠോപനിഷത്താണ് ഉപനിഷത്തുകളില്‍ ഏറ്റവും അദ്ഭുതപ്പെടുത്തുന്നതെന്ന് സ്വാമി വിവേകാനന്ദന്‍ എഴുതിയത് വായിച്ചാണ് അതിന്റെ വ്യാഖ്യാനപാഠത്തിലൂടെ കടന്നുപോയത്. അതൊരു പ്രചോദനമായി. മരണത്തിന്റെ നിഗൂഢരഹസ്യമറിയുന്നതിനുള്ള മനുഷ്യന്റെ അദമ്യമായ അഭിവാഞ്ഛ പ്രമേയമാക്കി ഒരു നാടകം രൂപപ്പെടുത്തി. അത് വൈകാതെ പ്രക്ഷേപണം ചെയ്യപ്പെട്ടു. എഴുതിയത് വെറുമൊരു കൗമാരക്കാരനാണെന്ന് കെ.എ. കൊടുങ്ങല്ലൂരിനു തിരിച്ചറിയാനായില്ല. അതിനാല്‍ നേരില്‍ കണ്ടപ്പോള്‍, 'നീയാണോ ആ പേരുകാരനെ'ന്ന് അദ്ദേഹം അവിശ്വസനീയതയോടെ ചോദിച്ചു. തീര്‍ച്ചയായും അതു ഞാന്‍തന്നെയായിരുന്നു.

കെ.എ. കൊടുങ്ങല്ലൂരിനെ (ചങ്ങാതിക്കൂട്ടത്തില്‍ 'കൊടു') അതിനുമുന്‍പ് കണ്ടിട്ടില്ല. റേഡിയോയില്‍ ചില നാടകങ്ങള്‍ കേട്ടിട്ടുള്ള പരിചയം മാത്രം. ഞാന്‍ വിനീതനായി മുന്നിലിരുന്നു. അദ്ദേഹം സിഗററ്റ് കത്തിച്ച് സവിശേഷമായ ഒരു രീതിയില്‍ വലിക്കാന്‍ തുടങ്ങി. ഞാന്‍ ആ മുഖത്തേക്ക് കൗതുകത്തോടെ ഉറ്റുനോക്കി. നോക്കുന്നത് ഒരു പ്രഹേളികയുടെ നേര്‍ക്കാണെന്ന് എന്തുകൊണ്ടോ എനിക്കു തോന്നി.

കാലാന്തരേ മറ്റു പലരുമായും സൗഹൃദം സ്ഥാപിക്കാനായെങ്കിലും ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് അകാലത്ത് വിട്ടുപിരിഞ്ഞ ഖാന്‍ കാവിലിനെയാണ്. ഖാന്‍ എന്റെ ഹൃദയത്തോടു ചേര്‍ന്ന ഒരാളായിരുന്നു. അപാരമായിരുന്നു ഖാന്റെ സൗഹൃദശേഷി. അങ്ങേയറ്റം ആത്മാര്‍ഥമായ സൗഹൃദവായ്പോടെ ഖാന്‍ എന്നെ ചേര്‍ത്തുപിടിച്ചു. അതാകട്ടെ, അസാധാരണമായ ഒരനുഭവമായിരുന്നു.

ഖാന്‍ കാവിലിനെ രൂപപരമായി ആരോടെങ്കിലും സാദൃശ്യപ്പെടുത്താമെങ്കില്‍ അതു മമ്മൂട്ടിയോടാണ്. ചില വീക്ഷണകോണുകളില്‍ ഖാന് മമ്മൂട്ടിയോട് അടുത്ത സാദൃശ്യം തോന്നിച്ചിരുന്നു. അക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ഖാന്‍ ചിരിച്ചുകൊണ്ട് പ്രതികരിച്ചത്, പലരും അതു ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ്. ഖാന്റെ രൂപസൗഷ്ഠവത്തെക്കാള്‍ മികച്ചത് തീര്‍ച്ചയായും ശബ്ദസൗകുമാര്യമായിരുന്നു. അനായാസമായിരുന്നു ശബ്ദപ്പകര്‍ച്ചകള്‍. അവയിലൂടെ അമൂര്‍ത്തകഥാപാത്രങ്ങളെ മൂര്‍ത്തമാക്കാനുള്ള രാസവിദ്യയില്‍ ഖാന്‍ സമര്‍ഥനായിരുന്നു.

നാടകവത്കൃത കഥ (Dramatised story) എന്ന നവീനാശയം എന്റെ മുന്നില്‍ അവതരിപ്പിക്കുന്നത് ഖാനാണ്. കഥാകൃത്തിന്റെ മാത്രം ശബ്ദത്തിലുള്ള കഥനത്തിനു പകരം കഥാപാത്രങ്ങളുടെ ശബ്ദങ്ങള്‍കൂടി സന്നിവേശിപ്പിച്ചുള്ള ആഖ്യാനരീതി ശ്രോതാക്കള്‍ക്കിടയില്‍ കുറെക്കൂടി സ്വീകാര്യത നേടുമെന്ന് ഖാന്‍ കരുതി. അതു തെറ്റിയില്ല. പതിവുചിട്ടയിലുള്ള ചെറുകഥയല്ലാതെ, നാടകീയമുഹൂര്‍ത്തങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും പ്രാധാന്യം നല്കിക്കൊണ്ടുള്ള കുറെയേറെ കഥകള്‍ ഞാനെഴുതി, ഖാന്റെ പ്രേരണയില്‍. എല്ലാറ്റിലും എന്റെയും ഖാന്റെയും ശബ്ദങ്ങള്‍ ഇടകലര്‍ന്നു. ഒപ്പം ചേരാറുണ്ടായിരുന്ന മറ്റൊരു ശബ്ദം തിക്കോടിയന്റെ മകള്‍ പുഷ്പയുടെതായിരുന്നു. ഒരുമിച്ചായിരുന്നില്ല ശബ്ദലേഖനം. എന്റെ ഭാഗം മുഴുവനായും ആദ്യമേ ചെയ്യും. റെക്കോഡിങ് സ്റ്റുഡിയോയില്‍നിന്നിറങ്ങി താഴേക്കു ചെന്നാല്‍ അപ്പോള്‍ത്തന്നെ പ്രതിഫലമായ ചെക്ക് കൈപ്പറ്റാം. ചെക്ക് കാഷ് ചെയ്യാന്‍ പിന്‍വശത്തു പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സൊസൈറ്റിയില്‍ കൊടുത്താല്‍ മതിയാകും. ഒരു പങ്കപ്പാടുമില്ല. തൊട്ടടുത്തായി കോഴിക്കോടിന്റെ പൗരാണികതയുടെ ഭാഗമായ ബീച്ച് ഹോട്ടല്‍ കാത്തിരിക്കുന്നു. ഖാനും ഞാനും സോത്സാഹം അങ്ങോട്ടു നീങ്ങുന്നു. ഞങ്ങളുടെ ഉത്സാഹത്തില്‍ കടലും പങ്കുചേരും. 1997 ജൂണ്‍ അഞ്ചാംതീയതി തന്റെ ശരീരമുപേക്ഷിച്ച് ഖാന്‍ എങ്ങോ മറഞ്ഞു.

കടല്‍ ഇരമ്പുന്നുണ്ട് ഇപ്പോഴും. നാസിഭീകരതയില്‍നിന്ന് രക്ഷ തേടി ഇന്ത്യയിലെത്തിയ ചെക്കോസ്ലോവാക്യന്‍ സംഗീതജ്ഞനായ വാള്‍ട്ടര്‍ കൗഫ്മാന്‍ ഒരുക്കിയ സിഗ്നേച്ചര്‍ ട്യൂണ്‍ ആകാശവാണി നിത്യേന ആവര്‍ത്തിക്കുന്നുമുണ്ട്.

Content Highlights: C V Balakrishnan, Akashvani, Khan Kavil, Mathrubhumi books, Mathrubhumi