വിജയലക്ഷ്മി ആഗ്രഹിച്ചതുപോലെ ഒരു സ്ത്രീയെ ഇണയായി കിട്ടണമെന്ന് തോന്നിയിട്ടില്ല- ബി.എം സുഹറ

#ഷബിത
ഫോട്ടോ- കെ.കെ സന്തോഷ്‌
ഫോട്ടോ- കെ.കെ സന്തോഷ്‌

മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കവയിത്രി വിജലക്ഷ്മിയുമായുള്ള അഭിമുഖത്തിന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. വായനക്കാരും എഴുത്തുകാരുമുള്‍പ്പെ​ടെ നിരവധി പേര്‍ പ്രതികരങ്ങള്‍ അറിയിച്ചിരുന്നു. വിജയലക്ഷ്മിയുടെ നിലപാടുകളോട് പ്രതികരിച്ച് എഴുത്തുകാരി ബി.എം സുഹറ എഴുതിയ കുറിപ്പ്.

പെണ്‍കുട്ടികള്‍ ജനിക്കുന്നതും ജീവിക്കുന്നതും വിവാഹിതരാവാനും വംശം നിലനിര്‍ത്താനും കുടുംബം പരിപാലിക്കാനും പുരുഷനെ സന്തോഷിപ്പിക്കാനു വേണ്ടിമാത്രമാണ് എന്നുറച്ചു വിശ്വസിച്ചിരുന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. അക്കാലത്ത് അത് എന്റെ കുടുംബത്തിലെ  മാത്രം അവസ്ഥയായിരുന്നില്ല. പൊതുവിശ്വാസം അങ്ങനെയായിരുന്നു. 

എന്റെ വിവാഹത്തിന്‌ എനിക്കൊരു പങ്കും ഇല്ലെന്നറിയാവുന്നതുകൊണ്ടായിരിക്കാം വിവാഹത്തെക്കുറിച്ച് മോഹനസ്വപ്നങ്ങള്‍ ഒന്നുതന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്ക്കുന്നതും ഒറ്റയ്ക്ക് ജീവിക്കുന്നതും ഉമ്മയുടെ കണ്ണുവെട്ടിച്ച് സ്വപ്നം കാണുകയും ചെയ്തു. കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പഠിച്ചത്. 

കന്യാസ്ത്രീകളായ അദ്ധ്യാപകര്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടായിരിക്കാം മുതിര്‍ന്നാല്‍ ഞാനുമൊരു കന്യാസ്ത്രീയാകുമെന്ന് ഉറക്കെ പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. ഉമ്മയുടെ രണ്ടു പെടകിട്ടിയതോടെ ആ മോഹവും ഞാന്‍ ഉപേക്ഷിച്ചു.  പക്ഷേ വിജയലക്ഷ്മി ആഗ്രഹിച്ചതുപോലെ ഒരു സ്ത്രീയെ ഇണയായി കിട്ടണമെന്ന്‌ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. 

പെണ്ണ്  പെണ്ണിനെയും  ആണ് ആണിനെയും വിവാഹം കഴിച്ചു ജീവിക്കുന്ന രീതികളോടും എനിക്കൊട്ടും യോജിപ്പില്ല. എന്റെ ഭര്‍ത്താവിന്റെ എഴുത്തുജീവിതവും കുടുംബജീവിതവും സുഗമമാക്കാന്‍ എനിക്കൊരുപാട് കാര്യങ്ങള്‍ മാറ്റി വയ്‌ക്കേണ്ടിവന്നിട്ടുണ്ട് കുടുംബപരിപാലത്തിനിടയില്‍ സമയം കിട്ടാത്തതുകൊണ്ടുമാത്രം എഴുതാന്‍ വിചാരിച്ചത് പലതും എഴുതാന്‍ കഴിയാതെ പോയിട്ടുണ്ട്. എനിക്കും ഒരു ഭാര്യ ഉണ്ടായിരുന്നെങ്കിലെന്ന് അപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.

Content Highlights: BM Suhara response about Vijayalakshmi interview

Content Highlights: