ഒരു രാഷ്ട്രം മഹത്താകുന്നത് അതിലെ ഏതാനും ആളുകള്‍ മഹാന്മാരായതുകൊണ്ടല്ല; കലാമിന്റെ പ്രഭാഷണങ്ങൾ

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ 'പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങള്‍' എന്ന പുസ്തകത്തില്‍നിന്ന്;
പശ്ചിമബംഗാളിലെ വിവിധ സ്‌കൂളുകളില്‍നിന്നു വരുന്ന കുട്ടികളോടൊപ്പം ഇവിടെ പങ്കെടുക്കാനായതില്‍ ഞാന്‍ സന്തോഷിക്കുന്നു. നിങ്ങള്‍ക്കെല്ലാം എന്റെ ആശംസകള്‍. എല്ലാവര്‍ക്കും ഞാന്‍ സന്തോഷം നിറഞ്ഞ നവവത്സരം നേരുന്നു.
കൊല്‍ക്കത്തയിലെ എന്റെ യുവസുഹൃത്തുക്കളുമായി എന്തു ചിന്തകളാണ് പങ്കുവെക്കാനാവുക എന്നു വിചാരിക്കുകയായിരുന്നു ഞാന്‍. ഈ പ്രഭാഷണം തയ്യാറാക്കുമ്പോള്‍, ഇന്നലെ രാത്രിയില്‍ എന്റെ മനസ്സിലേക്ക് ഒരു ചിന്ത ആവര്‍ത്തിച്ചു കടന്നുവന്നുകൊണ്ടിരുന്നു. ഇന്ത്യ ഇതുവരെ വളരെ കുറച്ചു നോബല്‍ജേതാക്കളെയേ സൃഷ്ടിച്ചിട്ടുള്ളൂ. അവരില്‍ ഭൂരിഭാഗവും ബംഗാളില്‍നിന്നുള്ളവരായിരുന്നു. സി.വി. രാമനു നോബല്‍സമ്മാനം കിട്ടുമ്പോള്‍ അദ്ദേഹം ഇവിടെ ഫിസിക്സ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.
സാഹിത്യപ്രവര്‍ത്തനത്തിനു രബീന്ദ്രനാഥടാഗോറിന് നോബല്‍സമ്മാനം ലഭിച്ചു. അഗതികളെ പരിചരിച്ചതിനും അസാധാരണമായി സേവിച്ചതിനും മദര്‍ തെരേസയ്ക്കു നോബല്‍ ലഭിച്ചു. ഏറെക്കാലവും വിദേശത്താണ് ജോലി ചെയ്തത്. എങ്കിലും അമര്‍ത്ത്യ സെന്‍ പശ്ചിമബംഗാളിന്റെ പുത്രനാണ്. നിങ്ങള്‍ ഈ നാട്ടുകാരായതിനാല്‍ ഒരു അധിക അവസരം ലഭിക്കുന്നുണ്ട്. നിങ്ങള്‍ സ്വപ്നം കണ്ടാല്‍, കഠിനാധ്വാനം ചെയ്താല്‍, സ്ഥിരോത്സാഹികളായാല്‍ അസാധാരണമായ വിധത്തില്‍ പല രംഗങ്ങളിലും നിങ്ങള്‍ വിജയം നേടും. നിങ്ങളുടെ മധ്യത്തില്‍ നില്ക്കുമ്പോള്‍ എന്റെ ചില വിചാരങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ, നിങ്ങള്‍ തുമ്പയെക്കുറിച്ചു കേട്ടിട്ടുണ്ടോ? കേരളത്തിലെ ഒരു സ്ഥലമാണത്. കടലോരത്തുള്ള പ്രദേശം. ഇന്ത്യയുടെ ബഹിരാകാശപരിപാടി ആരംഭിച്ചത് ഇവിടെയാണ്. ബഹിരാകാശപരിപാടിക്കായി തുമ്പ തിരഞ്ഞെടുക്കപ്പെട്ടതെങ്ങനെയായിരുന്നുവെന്നത് ഒരു വലിയ കഥയാണ്. അന്തരീക്ഷഗവേഷണം, അയണോസ്ഫറിക് ഗവേഷണം, കാലാവസ്ഥാഗവേഷണം എന്നിവയ്ക്കുവേണ്ടിയുള്ള സൗണ്ടിങ് റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ യോഗ്യമായ സ്ഥലങ്ങള്‍ അന്വേഷിക്കുകയായിരുന്നു കോസ്മിക് റേ ശാസ്ത്രജ്ഞനായ പ്രൊഫ. വിക്രം സാരാഭായിയും ആണവശാസ്ത്രജ്ഞനായ ഹോമി ഭാഭയും. നിരവധി സ്ഥലങ്ങള്‍ കണ്ടശേഷം തുമ്പ പറ്റിയ സ്ഥലമാണെന്ന നിഗമനത്തില്‍ അവര്‍ എത്തി. കാരണം, തുമ്പ ഭൂമധ്യരേഖയോടു വളരെ ചേര്‍ന്നുള്ള സ്ഥലമാണ്. ഭൂമധ്യരേഖാപ്രദേശത്തെ ബഹിരാകാശഗവേഷണത്തിന് അതു സഹായകമാകുമെന്നതായിരുന്നു കാരണം. ഇങ്ങനെയാണ് രണ്ടു ഘട്ടമുള്ള NIKE CAJUN എന്ന റോക്കറ്റ് 1963 നവംബറില്‍ വിക്ഷേപിക്കപ്പെട്ടത്.
ഇന്‍ഡോ-യു.എസ്. സഹകരണപരിപാടിയായിരുന്നു അത്. ആറു വര്‍ഷത്തിനുള്ളില്‍ പ്രൊഫ. വിക്രം സാരാഭായി ഇന്ത്യയുടെ ബഹിരാകാശദൗത്യത്തിന്റെ ചുരുളഴിച്ചു. ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹത്തെയും അവയുടെ ഭ്രമണപഥങ്ങളില്‍ എത്തിക്കാനായി ഉപഗ്രഹവിക്ഷേപണശേഷി ഇന്ത്യ കൈവരിക്കും എന്നതായിരുന്നു അത്. കൂടാതെ, ഇന്ത്യയില്‍ നിര്‍മിച്ച വിക്ഷേപണവാഹനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍നിന്നുതന്നെ നിക്ഷേപിക്കണമെന്നും അദ്ദേഹം സ്വപ്നംകണ്ടു. ഈ സ്വപ്നദര്‍ശനവും ചിന്തയും ശാസ്ത്രസാങ്കേതികരംഗത്ത് ബഹുമുഖമായ തീവ്രഗവേഷണങ്ങളിലേക്കു നയിച്ചു. ഇന്ന് വിവിധ ബഹിരാകാശ ഗവേഷണകേന്ദ്രങ്ങളില്‍ ഇന്ത്യയ്ക്ക് 25,000 ശാസ്ത്രസാങ്കേതികവിദഗ്ധരുണ്ട്; ഏതുതരം ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളും റോക്കറ്റുകളും നിര്‍മിക്കാന്‍ ശേഷിയുണ്ട്; ഇന്ത്യന്‍ മണ്ണില്‍നിന്നും അവ വിക്ഷേപിക്കാനും കഴിയും. വിക്രം സാരാഭായിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമാകാനുള്ള ഭാഗ്യമെനിക്കുണ്ടായി. ഞാനും സംഘവും ഇന്ത്യയുടെ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ആദ്യ ബഹിരാകാശപരിപാടിയില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യാനന്തരം ശാസ്ത്രസാങ്കേതികവിദ്യയുടെ കാര്യത്തില്‍ ആസൂത്രിതനയങ്ങളുമായി മുന്നോട്ടു നീങ്ങാനാണ് ഇന്ത്യ നിശ്ചയിച്ചിരുന്നത്. ഇന്ന് ആഹാരത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടി. ആരോഗ്യമേഖലയില്‍ കൈവരിച്ച പുരോഗതി ചില സാംക്രമികരോഗങ്ങളെ ഉന്മൂലനം ചെയ്തു. ആയുര്‍ദൈര്‍ഘ്യത്തിലും വര്‍ധനവുണ്ട്. ചെറുകിടവ്യവസായങ്ങള്‍ മൊത്തം ആഭ്യന്തരോത്പാദനത്തില്‍ ഉയര്‍ന്ന ശതമാനം കാണിക്കുന്നു. 1950-ലെ അപേക്ഷിച്ച് വളരെ വലിയ വ്യതിയാനമാണ് 1990 ആയപ്പോഴേക്കും ഉള്ളത്. ഇന്ന് ലോകനിലവാരമുള്ള പലതരം ഉപഗ്രഹങ്ങള്‍ രൂപകല്പന ചെയ്തു വികസിപ്പിച്ച് വിക്ഷേപിക്കാന്‍ ഇന്ത്യയ്ക്കു സാധിക്കും.
ആണവനിലയങ്ങളും അണുചികിത്സാസൗകര്യങ്ങളും നിര്‍മിക്കുന്നതിനുള്ള കരുത്ത് ആണവരംഗത്ത് ഇന്ത്യ സമ്പാദിച്ചു. ഇന്ന് ഇന്ത്യ ഒരു അണുവായുധ രാഷ്ട്രമാണ്. മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍, മിസൈല്‍ സംവിധാനങ്ങള്‍, വിവിധതരം ആയുധസാമഗ്രികള്‍, ഇലക്ട്രോണിക് യുദ്ധസന്നാഹങ്ങള്‍ എന്നിവയുടെ രൂപകല്പനയിലേക്കും വികാസത്തിലേക്കും നിര്‍മാണത്തിലേക്കും പ്രതിരോധഗവേഷണം നയിച്ചു. ഇന്ത്യ ഒരു വികസ്വരരാജ്യമാണ്.
1998 മെയ് 11 -ന് രാഷ്ട്രത്തിലെ ഒരു പ്രധാന സംഭവത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ സാക്ഷ്യംവഹിച്ചു. ഒന്നിനു പിന്നാലെ ഒന്നെന്ന തരത്തില്‍ അഞ്ചു സ്ഫോടനങ്ങള്‍. ഞാന്‍ ചൂടുള്ള ഒരു മണല്‍ക്കൂനയില്‍ നില്ക്കുകയായിരുന്നു. ഭൂമി വിറകൊണ്ടു. ഭൂപടം വലിഞ്ഞുമുറുകിയതുപോലെ. ഏതളവിലുമുള്ള ഊര്‍ജം സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്ന് എനിക്കു മനസ്സിലായി. പക്ഷേ, സാങ്കേതികവിദ്യ നല്ല മനുഷ്യരുടെ കൈകളിലായിരിക്കേണ്ടതിന്റെ പ്രാധാന്യവും ഞാന്‍ ഓര്‍മിച്ചു. ഭാഗ്യവശാല്‍, നമ്മുടെ ആണവതത്ത്വത്തിന്റെ പ്രധാന ആശയം 'ആദ്യം ഉപയോഗിക്കില്ല' എന്നതായി. ഇത് രാഷ്ട്രത്തിന്റെ സാംസ്‌കാരികപൈതൃകത്തില്‍നിന്നുണ്ടായതാണ്.
പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ക്കു ശ്രേഷ്ഠമനസ്‌കനായ മഹാത്മാഗാന്ധിയെപ്പോലെ ആയിത്തീരാനാഗ്രഹമുണ്ടോ? മഹാ ബുദ്ധിശാലിയായ സര്‍ സി.വി. രാമനെപ്പോലെ, ഐന്‍സ്‌റ്റൈനെപ്പോലെ, ചന്ദ്രശേഖര്‍ സുബ്രഹ്‌മണ്യത്തെപ്പോലെ ആകണമെന്നുണ്ടോ? പ്രപഞ്ചത്തിലെ വിസ്മയക്കാഴ്ചകളിലേക്കു കണ്ണോടിക്കൂ. നിങ്ങളൊരു മഹാചിന്തകനായി മാറും. പിന്നാലെ അതിന്റെ കര്‍മങ്ങളും വരും.
ഒരു ദശകക്കാലത്തിനുള്ളില്‍ ഇന്ത്യ ഒരു വിജ്ഞാനസമൂഹമായിത്തീരും. അത് എന്തുതരം വിജ്ഞാനസമൂഹമായിരിക്കണം? വികസിത ഇന്ത്യയെന്ന ദര്‍ശനം യാഥാര്‍ഥ്യമാക്കുന്നതിനുള്ള അടിത്തറയൊരുക്കാന്‍ വിജ്ഞാനസമൂഹത്തിനു സാധിക്കും. ഒരു വികസിതരാജ്യത്തിന്റെ മുഖ്യസൂചകങ്ങളിലൊന്ന് അതിന്റെ സാക്ഷരതാനിലവാരമാണ്. നൂറു കോടി ജനങ്ങളെ അഭ്യസ്തവിദ്യരാക്കുകയെന്നത് ചെറിയൊരു പ്രയത്നമല്ല. യുവജനങ്ങള്‍മുതല്‍ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം അതിനാവശ്യമുണ്ട്. നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാന്‍വേണ്ടി നല്ല വിദ്യാലയങ്ങളില്‍ പോകാന്‍ ഭാഗ്യമുള്ളവരാണ് നിങ്ങളില്‍ പലരും. പക്ഷേ, നിങ്ങളുടെ സഹോദരങ്ങളില്‍ പലര്‍ക്കും അതിനുള്ള ഭാഗ്യം സിദ്ധിച്ചി
ട്ടില്ല. പ്രത്യേകിച്ചും നിങ്ങളുടെ സമീപഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക്. 'ഉള്ളവര്‍'ക്കും 'ഇല്ലാത്തവര്‍'ക്കുമിടയിലെ അന്തരം നികത്തുന്നതിനുവേണ്ടി 'ഉള്ളവര്‍' കഠിനാധ്വാനം ചെയ്യുന്ന സമൂഹങ്ങളില്‍ നിര്‍മിക്കപ്പെടുന്ന രാജ്യമെന്നത് വികസിതരാഷ്ട്രത്തിന്റെ ഒരു ശുഭസൂചകമാണ്.
വികസിത ഇന്ത്യയുടെ സാമൂഹികവും സാങ്കേതികവുമായ ആവശ്യങ്ങള്‍ക്കനുസൃതമായ പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വേഗം കൂട്ടേണ്ടതുണ്ട്. നിലവിലെ പാഠ്യപദ്ധതിയുമായി വിദ്യാര്‍ഥിപ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുന്നതിലൂടെ സാമൂഹികപരിവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളിലും വികാസം പ്രാപിച്ച ഒരു ഭാവിസമൂഹം രൂപപ്പെടുത്താം.
സൂര്യനില്‍നിന്നുള്ള ഊര്‍ജത്തെ നമ്മുടെ ഉപയോഗത്തിന് ആശ്രയിക്കാവുന്ന വിധത്തില്‍ മാറ്റിത്തീര്‍ക്കുന്നവയാണ് മരങ്ങളും സസ്യജാലങ്ങളും. ഈ പ്രക്രിയയില്‍ അവ ഏറ്റവും ഫലപ്രദമായി അന്തരീക്ഷം ശുദ്ധമാക്കുന്നു. എല്ലാ ജീവികള്‍ക്കും അഭയമൊരുക്കുന്നു. ആഹാരത്തിന്റെയും ഊര്‍ജത്തിന്റെയും ഉറവിടമാണവ. സ്വച്ഛമായ ചുറ്റുപാടുകള്‍ സര്‍ഗാത്മകചിന്തകളെയും കര്‍മങ്ങളെയും ത്വരിതപ്പെടുത്തുന്നു. സ്വപ്നം കാണുന്നതും സ്വപ്നങ്ങള്‍ കര്‍മപദ്ധതികളായി പരിണമിക്കുന്നതും വികസിത ഇന്ത്യയുടെ പ്രധാന ഘടകങ്ങളാണ്. ഇത് നിങ്ങള്‍ക്കു സംഭാവന ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. നിങ്ങള്‍ 200 ദശലക്ഷം പേര്‍ അഞ്ചു തൈകള്‍ വീതം നടുകയാണെങ്കില്‍ ഒരു കോടി മരങ്ങളായിരിക്കും നിങ്ങളുടെ സംഭാവന.
ഭാരതമാതാവ് നിങ്ങളെ നോക്കി പുഞ്ചിരിതൂകും. 200 ദശലക്ഷം കുട്ടികള്‍ക്ക് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനാവുമെന്ന് അന്ന് നിങ്ങള്‍ ലോകത്തിനു മുന്‍പാകെ കാണിച്ചുകൊടുക്കും. അതു നമ്മെ അഭിമാനംകൊള്ളിക്കും. നിങ്ങളുടെ വീട്ടിലോ ഗ്രാമത്തിലോ സ്‌കൂളിലോ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ കഴിയും. ഇങ്ങനെ നിങ്ങള്‍ നട്ട മരങ്ങളുടെ സംരക്ഷകരായിത്തീരണം, ഏതാനും വര്‍ഷങ്ങള്‍ക്കകം ഓരോ ഇന്ത്യക്കാരനും. പരിസ്ഥിതിസൗഹാര്‍ദമുള്ള ഒരു ഭാവിയെക്കുറിച്ച് കുട്ടികളുടെ താത്പര്യങ്ങളെ ഈ ചലനാത്മകപ്രസ്ഥാനം പ്രതിധ്വനിപ്പിക്കും.
രാജ്യത്ത് ഇപ്പോള്‍ത്തന്നെ ജലക്ഷാമമുണ്ട്. സൂക്ഷ്മതയോടെ, ആസൂത്രണത്തിലൂടെ ജലം ലഭിക്കുന്നതിന് ഇനിയും നൂറു കോടി വൃക്ഷങ്ങള്‍ ആവശ്യമുണ്ട്. ഭൂമിമാതാവിനെ ഹരിതാഭമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും ശരിയായ ആസൂത്രണമില്ലായ്മമൂലം മഴവെള്ളം പാഴായിപ്പോകുന്നു. ഇന്ന് മഴവെള്ളം സംഭരിക്കാനുള്ള സാങ്കേതികത നമുക്കു ലഭ്യമാണ്. പരിസ്ഥിതിമലിനീകരണത്തെ തടഞ്ഞ് കൃഷിയുപയോഗത്തിനും കുടിക്കാനും വേണ്ട വെള്ളം ഇതിലൂടെ ലഭ്യമാക്കാം.
മാധ്യമങ്ങളിലൂടെയുള്ള സാംസ്‌കാരികാധിനിവേശത്താല്‍ വേട്ടയാടപ്പെടുമ്പോള്‍ നിങ്ങള്‍ സാംസ്‌കാരികഹര്‍ഷത്തിന്റെ സന്തതികളാണെന്ന് സ്വയം ചിന്തിക്കുക. നിരവധി അധിനിവേശങ്ങളെ നാം സഹിച്ചു തളരാതെ നിന്നു. പല രാജവംശങ്ങളും നമ്മെ ഭരിച്ചു. ഇന്ന് ഇന്ത്യ എല്ലാ അധിനിവേശങ്ങളില്‍നിന്നും മുക്തമായി സ്വതന്ത്രരാജ്യമായിരിക്കുന്നു. കുടുംബമൂല്യങ്ങളും ആത്മീയജീവിതവും നാം വിലപ്പെട്ടതായി കരുതുന്നു. അത്തരമൊരു പൂര്‍ണജീവിതത്തിനായി പല വികസിതരാജ്യങ്ങളും സ്വപ്നം കാണുകയാണ്. നമ്മുടെ തത്ത്വം ഇതാണ്: 'നല്കുക, നല്കിക്കൊണ്ടേയിരിക്കുക.'
നമ്മുടെ സമൂഹത്തില്‍ അമിതമായ സംഘര്‍ഷശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാക്കുക. വിവിധതരം മതങ്ങളും ഭാഷകളുമുള്ള നൂറു കോടി ജനങ്ങളുള്ള ഒരു രാഷ്ട്രമാണ് നമ്മള്‍. ഈ ഗ്രഹത്തില്‍ തുടര്‍ച്ചയായി ജനാധിപത്യമുള്ള ഏറ്റവും വലിയ നാടാണ് നമ്മുടെത്. ഈ അനുഭവത്തിന്റെ അനന്യശേഷി മറ്റൊരു രാജ്യത്തിനും ഇല്ല. ഈ മനോഹരസന്ദേശം എല്ലായിടത്തും വ്യാപിപ്പിക്കൂ.
സുഹൃത്തുക്കളേ, നിങ്ങള്‍ക്കു പരാജയമനോഭാവം ഉള്ളപ്പോള്‍ നിങ്ങള്‍ ഈ മഹത്തായ രാഷ്ട്രത്തിലെ പ്രജയാണ് എന്നതില്‍ ആഹ്ലാദിക്കൂ. ഭക്ഷ്യോത്പാദനത്തില്‍ നാം സ്വാശ്രയത്വമുള്ളവരാണ്. നാം നമ്മുടെ സ്വന്തം വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നു; നമ്മുടെ സ്വന്തം വിദൂരസംവേദന ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നു.
ഇന്ത്യ അണുവായുധരാഷ്ട്രമായപ്പോള്‍, ഇന്ത്യ ഒരു മിസൈല്‍ ശക്തിയായപ്പോള്‍, വികസിതരാഷ്ട്രങ്ങള്‍ നമ്മുടെ നേരേ സാമ്പത്തികവും സാങ്കേതികവുമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. അത് 1998 മുതല്‍ ഇന്നും തുടരുന്നു. നാം എല്ലാം സഹിച്ചു. നമ്മുടെ കാര്‍ഷിക സാങ്കേതിക വ്യാവസായിക ശക്തികളാലും സര്‍വോപരി ജനങ്ങളുടെ ധൈര്യത്താലും പൊരുതിനിന്നു. ഈ ആവേശം നഷ്ടപ്പെടാതെ സൂക്ഷിക്കുക; നിങ്ങളുടെ ഊര്‍ജസ്വലവും ചലനാത്മകവുമായ ആക്കത്താല്‍ അതിനെ ശതഗുണീഭവിക്കുക.
യുവസുഹൃത്തുക്കളേ, നിങ്ങള്‍ ചുറ്റുപാടും ഒന്നു നോക്കൂ. നിരുത്സാഹനാകുന്നുണ്ടോ? നൂറുകണക്കിനു വികസ്വരരാഷ്ട്രങ്ങളിലൊന്നാണ് നിങ്ങളുടെത് എന്നു ചിന്തിക്കുക. ജി-8ല്‍ ഉള്‍പ്പെടുന്ന വികസിതരാജ്യമല്ല നിങ്ങളുടെ രാഷ്ട്രം എന്ന് ആലോചിക്കുക.
നൂറു കോടി ജ്വലിക്കുന്ന ഇന്ത്യന്‍ മനസ്സുകളെക്കുറിച്ച് ചിന്തിക്കൂ. ഏറ്റവും ശക്തമായ വിഭവമാണത്. ഭൂമിയിലും ഭൂമിക്കു മുകളിലും ഭൂമിക്കടിയിലുമുള്ള ഏറ്റവും ശക്തിയുള്ള വിഭവസമ്പത്താണത്. വികസ്വര ഇന്ത്യയെ നമ്മുടെ കഠിനപ്രയത്നം വികസിതരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കും. ഇന്ത്യയുടെ സഹസ്രാബ്ദദൗത്യമാണത്- 2020 ഒരു വികസിത ഇന്ത്യ. ഒരു കവിയുടെ പ്രശസ്തമായ മൊഴി ഓര്‍ക്കൂ: 'ഞാന്‍ പ്രവര്‍ത്തിക്കുന്നു, ഈശ്വരന്‍ എന്നെ മാനിക്കുന്നു.'
ഒരു രാഷ്ട്രം മഹത്താകുന്നത് അതിലെ ഏതാനും ആളുകള്‍ മഹാന്മാരായതുകൊണ്ടല്ല. മറിച്ച്, അവിടത്തെ എല്ലാവരും മഹാന്മാരായതിനാലാണ്. പഠനത്തില്‍ മുന്‍പന്തിയിലെത്താന്‍ നിങ്ങളെല്ലാവരെയും ഞാന്‍ ആശംസിക്കുന്നു. പഠിച്ച് ഉന്നതമായ വിവിധ പദവികളിലെത്താനിടവരട്ടെ. എല്ലാത്തിനും പുറമേ സമൂഹപരിപാലനവും മൂല്യവ്യവസ്ഥയുമുള്ള നല്ല മനുഷ്യരായിത്തീരട്ടെ നിങ്ങളോരോരുത്തരും.
'യുവത്വത്തിന്റെ ഗാനം' എന്ന എന്റെ കവിത നമുക്കു ചൊല്ലാം:
സാങ്കേതികതയും വിജ്ഞാനവും രാജ്യസ്നേഹവും ധരിച്ച
ഒരു യുവ ഇന്ത്യക്കാരനെന്ന നിലയില്‍, ഞാന്‍ തിരിച്ചറിയുന്നു,
ചെറിയ ലക്ഷ്യം ഒരു കുറ്റമാണ്.
മഹത്തായൊരു സ്വപ്നത്തിനുവേണ്ടി ഞാന്‍
കഠിനമായി പ്രവര്‍ത്തിക്കും.
ആ സ്വപ്നമെന്നത്,
സാമ്പത്തികശക്തിയും മൂല്യവ്യവസ്ഥയും കൊണ്ട്
ശക്തിപ്രാപിച്ച ഒരു വികസിതരാഷ്ട്രമായി
ഇന്ത്യയെ മാറ്റുകയെന്നതാണ്.
ഞാന്‍ നൂറു കോടി പൗരന്മാരിലൊരാള്‍
ദര്‍ശനം മാത്രമേ നൂറു കോടി മനസ്സുകളെ ജ്വലിപ്പിക്കുകയുള്ളൂ.
അത് എന്റെ മനസ്സിലേക്കു പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു,
ഭൂമിയിലും ഭൂമിക്കു മുകളിലും ഭൂമിക്കടിയിലും
ഏതൊരു വിഭവത്തോടും താരതമ്യപ്പെടുത്തുമ്പോള്‍
ജ്വലിക്കുന്ന ആത്മാവാണ് സുശക്തമായ വിഭവം.
വികസിത ഇന്ത്യയെന്ന ദര്‍ശനം യാഥാര്‍ഥ്യമാക്കാന്‍ ഞാന്‍,
വിജ്ഞാനദീപം കെടാതെ സൂക്ഷിക്കും.
നിങ്ങളുടെ എല്ലാവരുടെയും പഠനത്തിന് എന്റെ എല്ലാ ആശംസകളും അഭിവാദനങ്ങളും നേരുന്നു.
(നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിദ്യാര്‍ഥികളോടു ചെയ്ത പ്രസംഗം.
കൊല്‍ക്കത്ത, 21 ജനുവരി, 2003)
Content Highlights: APJ Abdul Kalam's book excerpt