'ഷാംപെയ്ന്‍ കഴിച്ചിട്ട് കാലമൊരുപാടായി'; അവസാനമായി നനഞ്ഞ ചിരിയോടെ ചെക്കോവ് പറഞ്ഞു

1860. ദൂരവ്യാപകമായ ഫലങ്ങള്‍ക്ക് കാരണമായ, ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച, കുറേ സംഭവങ്ങള്‍ ആ വര്‍ഷം നടന്നു. മനുഷ്യന് മനുഷ്യന് അടിമയല്ല എന്ന സാമൂഹ്യസത്യം ആദ്യമായി വിളംബരം ചെയ്ത 'വിമോചന പ്രഖ്യാപനം' (Emancipation Proclamation) എന്ന ചരിത്ര സംഭവത്തിലേക്ക് വഴി തെളിച്ച അമേരിക്കന്‍ അഭ്യന്തരയുദ്ധത്തിന് മുന്നോടിയായി, അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത് ആ വര്‍ഷമാണ്, ചരിത്രത്തിലെ മഹാപുരുഷന്മാരിലൊരാളായി ഗണിക്കപ്പെടുന്ന എബ്രഹാം ലിങ്കണ് ജയിച്ചത് ആ തിരഞ്ഞെടുപ്പിലാണ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ അങ്ങേ കരയില്‍, ഇന്നത്തെ ഇറ്റലിയുടെ തെക്കന്‍ പ്രദേശങ്ങളെ ഇറ്റലിയോട് കൂട്ടിച്ചേര്‍ത്ത Expedition of the Thousand എന്ന യുദ്ധസന്നാഹത്തിന് ഗിസപ്പെ ഗാരിബാള്‍ഡി തുടക്കമിട്ടതും ഈ വര്‍ഷമാണ്.
1860 ദൂരഫലങ്ങളുണ്ടാക്കിയ രണ്ട് സംഭവങ്ങള്‍ റഷ്യന്‍ സാഹിത്യത്തിലും നടന്നു. അതിനും പതിനൊന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്, 1849ല്‍, ഫയറിങ് സ്ക്വാഡിന്റെ മുന്നില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിനു പിറകെ, ഏറ്റം ക്രൂരന്മാരായ കുറ്റവാളികളുടേയും സഹാനുഭൂതി തൊട്ടുതീണ്ടാത്ത അധികാരികളുടെയുമിടയില് നാലുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം, 'The House of the Dead' എന്ന തന്റെ വിഖ്യാതകൃതി ദസ്തയേവ്സ്കി എഴുതിത്തീര്‍ത്തു എന്നതാണ് അതിലൊന്ന്, കൃതി പ്രസിദ്ധീകരിച്ചുവരുവാന് ഒരു വര്‍ഷത്തിലധികം പിന്നെയുമെടുത്തെങ്കില് പോലും. പല പേരുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ കൃതി എഴുതിത്തീര്ക്കപ്പെടുന്നതിന് കുറച്ച് മാസങ്ങള്‍ മുമ്പ്, ടാഗന്റോഗ് എന്ന സ്ഥലത്തു താമസിച്ചിരുന്ന യെവ്ജീനിയ എന്ന യുക്റേനിയന് സ്ത്രീയ്ക്ക്, ആ ജനുവരിയുടെ കൊടുംതണുപ്പില്‍, ഒരു പുത്രന് പിറന്നു എന്നതാണ് രണ്ടാമത്തെ സംഭവം. ആ കുഞ്ഞിനെ ആന്റണ്‍ പാവ്ലോവിച് ചെക്കോവ് എന്ന് അവള് പേര് വിളിച്ചു.
ആദ്യമായും അവസാനമായും ഒരു നോവല്‍ എഴുതുമ്പോള്‍ ആന്റണ്‍ ചെക്കോവ് എന്ന ഇതിഹാസ സാഹിത്യകാരന് വയസ്സ് ഇരുപത്തിനാല്, മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞതേയുള്ളൂ, വിശ്വസാഹിത്യത്തിന്റെ നിറുകയിലേക്കുള്ള യാത്ര തുടങ്ങുന്നതേയുള്ളൂ, സാഹിത്യത്തില്‍ സ്വന്തം വഴി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുപോലുമില്ല. അതുകൊണ്ടാവാം, അല്ലെങ്കില്‍ അതുകൊണ്ടു തന്നെയാവണം, ആദ്യം കൈവച്ചത് മര്‍ഡര്‍ മിസ്റ്ററി എന്ന ജനുസ്സിലാണ് (അതിന് ഒരു കാരണം, അക്കാലങ്ങളില്‍ ഡിറ്റക്ടീവ് നോവലുകള്‍ റഷ്യയില്‍ ജനപ്രിയമായിരുന്നു എന്നതാകാം, മറ്റൊന്ന് ലെകോക്ക് (Lecoq) എന്ന പ്രശസ്ത കുറ്റാന്വേഷകനെ സൃഷ്ടിച്ച, അതുവഴി ഡിറ്റക്ടീവ് സാഹിത്യശാഖയുടെ അഗ്രഗാമിയായി മാറിയ എമില്‍ ഗബോറിയയുടെ ആരാധകനായിരുന്നു ചെക്കോവ് എന്നതുമാകാം). അങ്ങനെയാണ് The Shooting Party എന്ന കൃതി പുറത്തുവരുന്നത്, 'ന്യൂസ് ഓഫ് ദി ഡേ' എന്ന തദ്ദേശീയദിനപത്രത്തില് ഖണ്ഡശഃ രൂപത്തില്‍, അന്ടോഷ ചെക്കോണ്ടെ എന്ന തൂലികാനാമത്തില്‍, 1884-ല്‍, ഹെന്റിക് ഇബ്സണ്‍ 'ദി വൈല്‍ഡ് ഡക്ക് ' എന്ന തന്റെ മാസ്റ്റര്‍ പീസ് പ്രസിദ്ധീകരിച്ച അതേ വര്‍ഷത്തില്‍. മൂന്ന് വര്‍ഷം കൂടി കഴിഞ്ഞു മാത്രമാണ് ആദ്യത്തെ ഷെര്‍ലക് ഹോംസ് കൃതിയായ A Study in Scarlet പുറത്തിറങ്ങുന്നത്.
1880 എപ്രില്‍ മാസത്തിലെ ഒരു അപരാഹ്നം. തെക്കന്‍ റഷ്യയിലെ ഒരു ഗ്രാമം. ആ ഗ്രാമത്തെ കുറിച്ച് 'ഇടിമുഴക്കങ്ങള്‍ വെളിപാടിന്റെ നാളുകളിലെ പോലെ മുഴക്കമുള്ളവയും വനങ്ങള്‍ ഉള്ളില്‍ കടക്കാനാവാത്ത വിധം തിങ്ങിനിറഞ്ഞതും അന്തരീക്ഷം ക്രമാതീതമായി വരണ്ടതുമായ ഒരു ഭൂപ്രദേശം' എന്ന് ജോണ്‍ സതര്‍ലന്റ് അവതാരികയില്‍ എഴുതുന്നു; അവിടെയുള്ള ഒരു പ്രസാധകന്റ ഓഫീസില്‍ ഒരു സന്ദര്ശകന് എത്തുന്നു. നാല്‍പ്പത് വയസ്സിനടുത്ത് പ്രായം, നല്ല ഉയരം, വിരിഞ്ഞ മാറിടം, സുന്ദരമായ മുഖം, തൊപ്പിയില്‍ ഒരു ബാഡ്ജ് - ഇവാന് പെട്രോവിച് കാമിഷേവ് എന്ന ആ സന്ദര്ശകന് ഒരു മജിസ്ട്രേറ്റായിരുന്നു. 'The Shooting Party' എന്ന പേരില്‍ അയാളെഴുതിയ നോവല്‍ എഡിറ്റര്‍ക്ക് കൈമാറാന്‍ വേണ്ടിയായിരുന്നു ആ സന്ദര്‍ശനം. തിരക്കിനിടയില്‍ മറന്നതാണോ എന്നറിയില്ല, രണ്ടു മാസത്തോളം കഴിഞ്ഞാണ് പത്രാധിപര്‍ അത് വായിക്കാനെടുക്കുന്നത്, ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ വച്ച്. ആ കഥയാണ് ഈ നോവലിനുള്ളിലെ കഥ.
28 അദ്ധ്യായങ്ങളും ഒരു ഉപസംഹാരവുമടങ്ങിയ ഈ കൃതിയുടെ ഘടന രസകരമാണ്. ഇതിനുള്ളില്‍ ഒരു കഥയും ആ കഥയ്ക്കുള്ളില്‍ മറ്റൊരു കഥയും അതിനുള്ളില്‍ വേറെ കുറെ കഥകളുമുണ്ട്. ഉത്തമപുരുഷ വിവരണമെന്ന രീതിയിലാണ് രചന, എന്നാല്‍, നോവല്‍ തുടങ്ങുമ്പോഴുള്ള 'ഞാന്‍' ഒരു പത്രാധിപര്‍, തുടരുമ്പോഴുള്ളതോ ഒരു ന്യായാധിപനും. കൂടാതെ കുറെയധികം കഥാപാത്രങ്ങള്‍, അവരോരോരുത്തരും പരസ്പര വിനിമയത്തില്‍ ഏര്‍പ്പെടുന്നത് നിരന്തരം വിപരീതങ്ങളാകുന്ന ഭാവഹാവാദികളോടെ.
ശീര്ഷകത്തിന് കാരണമാകുന്ന ഷൂട്ടിങ്ങ് പാര്‍ട്ടി നടക്കുന്നത് ഒരു ഓഗസ്റ്റ് മാസത്തില്‍. അതിനോടനുബന്ധിച്ചാണ് കഥ അവസാനിക്കുന്നത്, തുടങ്ങുന്നതോ, മാസങ്ങള്‍ക്ക് മുമ്പു് നടന്ന മറ്റൊരു പാര്‍ട്ടിയുടെ ദിനത്തില്‍. രണ്ടു ദിവസങ്ങളും കാറ്റും കോളും നിറഞ്ഞതായിരുന്നു; അതില്‍ ആദ്യത്തേതിലാണ് ഈ കഥയുടെ കേന്ദ്രബിന്ദുവായ ചുവന്ന വേഷക്കാരിയായ യുവതി (the girl in red- അവളുടെ ആഗ്രഹം ഇടിമിന്നലേറ്റ് മരിക്കണമെന്നതാണ്) ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
ഇത്ര മാത്രമേ പറയാവൂ, ഇതൊരു മര്‍ഡര്‍ മിസ്റ്ററിയാണ്. ഇതിലൊരു കൊലപാതകമുണ്ട്. ആ കൊല ചെയ്യാന്‍ മതിയായ കാരണങ്ങളുള്ള നാലിലധികം പേര് കഥയിലുണ്ട്. ഇരയാകാന്‍ എല്ലാ യോഗ്യതയുമുള്ള ഒരു യുവതിയുമുണ്ട്. ബാക്കിയെല്ലാം വായനക്കാര്‍ക്ക് വിട്ടുകൊടുക്കുക, വായന കഴിഞ്ഞും അവരെ വിടാതെ പിന്തുടരുന്ന കുറച്ചുഭാഗങ്ങള്‍ അവര്‍ക്ക് ഈ നോവലില്‍ നിന്ന് ലഭിക്കും. രണ്ടു രാത്രികള്‍ നീളുന്ന ആദ്യത്തെ പാര്‍ട്ടിയുടെ വിവരണങ്ങള്‍, ഓള്‍ഗയുടെ ചിന്തകള്‍ വിവരിക്കപ്പെടുന്ന വിവിധ ഭാഗങ്ങള്‍, കൊലപാതകം നടക്കുന്ന രാത്രിയുടെ വര്‍ണ്ണന, പോളികാര്പ് എന്ന ഭൃത്യനും ഇവാന് ഡെമ്യാനിച് എന്ന തത്തയും പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങള്‍, ഇവിടെയെല്ലാം ചെക്കോവിന്റെ പ്രതിഭയുടെ ഹ്രസ്വദര്ശനങ്ങള്, അദ്ദേഹത്തിന് ലഭിക്കാനിരിക്കുന്ന യശസ്സിന്റെ നീതീകരണങ്ങള്, അവര്‍ക്ക് കാണുവാന്‍ കഴിയും.
മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിക്കൊണ്ടിരുന്ന കാലത്ത് ആനുകാലികങ്ങളില്‍ നര്‍മ്മ ലേഖനങ്ങള്‍ എഴുതുന്ന പതിവുണ്ടായിരുന്നു ചെക്കോവിന്, അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം അക്കാലത്ത് അദ്ദേഹത്തിന് ഒരാശ്വാസവുമായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞയുടനെ ഈ കൃതിയെഴുതി പൂര്‍ത്തിയാക്കിയ ശേഷം ചില കഥകളുടെ രചനയും നടത്തിയെന്നാണ് അറിവ്. അതിനുശേഷമാണ് ചെക്കോവ് എന്ന ഇതിഹാസത്തെ ലോകത്തിന് വിളിച്ചറിയിച്ച The Steppe എന്ന നോവല്ലയുടെ രചന. അതുവരെയുള്ള കാലങ്ങളില്‍ സാഹിത്യത്തിലെ തന്റെ വഴി തിരയുകയായിരുന്നു അദ്ദേഹം എന്ന് വ്യക്തം. അതെ, അത് സമ്മതിച്ചുതരുന്നു, ചെക്കോവിന്റെ നിസ്സാര കൃതികളിലൊന്നാണ് 'ദ ഷൂട്ടിങ് പാര്‍ട്ടി.' (അദ്ദേഹം തന്നെ ഇത് അംഗീകരിച്ചിരുന്നു എന്നുവേണം കരുതാന്‍ - തന്റെ സമ്പൂര്‍ണ്ണകൃതികളില്‍ ഈ കൃതി ഉള്‍പ്പെടുത്തി കാണുന്നില്ല). എന്നാല്‍ അക്കാര്യം തന്നെയാണ് നമ്മെ അത്ഭുതപ്പെടുത്തുന്നതും; ഇതാണ് നിസ്സാരതയെങ്കില് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ എത്ര മഹത്തരമാവും!
കടുത്ത ക്ഷയരോഗം മൂലം 44 വയസ്സ് പ്രായം മാത്രമുള്ളപ്പോള്‍ മരിച്ച ചെക്കോവ് അവസാനവര്‍ഷങ്ങളില്‍ ഒന്നും എഴുതിയില്ല, പകരം, മുമ്പ് എഴുതിയതൊക്കെ തിരുത്തിയെഴുതിക്കൊണ്ടേയിരുന്നു. പില്ക്കാലത്ത് ലോകം കണ്ട ഏറ്റവും മഹാനായ ചെറുകഥാകൃത്ത് എന്നറിയപ്പെടാന്‍, സ്ട്രിന്ഡ്ബെര്ഗിനും ഇബ്സനുമൊപ്പം ആധുനിക നാടകത്തിന്റെ ശില്‍പ്പികളിലൊരാള്‍ എന്നറിയപ്പെടാന്‍, ഈ പ്രവൃത്തി അദ്ദേഹത്തെ സഹായിച്ചിരിക്കണം.
ചെക്കോവിന്റെ അവസാനനാളുകളെ കുറിച്ച് നമ്മള് അറിയുന്നത് ഭാര്യയായ ഓള്‍ഗ എഴുതിയ കുറിപ്പിലൂടെയാണ്. ഡോക്ടറായിരുന്നെങ്കില്‍ കൂടി, വൈദ്യവൃത്തി അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല ചെക്കോവ്, പലപ്പോഴും പ്രതിഫലം വാങ്ങാതെയുള്ള ചികിത്സയായിരുന്നു അദ്ദേഹത്തിന്റേത്. വൈദ്യശാസ്ത്രത്തോടുള്ള ഈ അവഗണന മൂലമാണോ, തൊഴില്‍പരമായ അപായസാധ്യത മൂലമാണോ, അറിയില്ല, അദ്ദേഹത്തിന് കടുത്ത ക്ഷയരോഗം ബാധിച്ചു. പലവട്ടം രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ അവസാനമടുത്തു എന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. ഷ്വോറര് തിരിച്ചറിഞ്ഞു. അക്കാലങ്ങളില്‍ ഉണ്ടായിരുന്ന ഒരു ആചാരമനുസരിച്ച്, ഡോക്ടര്‍ ഒരു കുപ്പി ഷാംപെയ്ന്‍ വരുത്തി, ഒരു ഗ്ലാസില്‍ പകര്‍ന്ന്, അത് ശര്‍ദ്ദിച്ച് തളര്‍ന്ന് അവശനിലയിലുള്ള ചെക്കോവിന് നീട്ടി. ഒരു നനഞ്ഞ ചിരിയോടെ ഗ്ലാസ് കയ്യില്‍ വാങ്ങി ചെക്കോവ് പറഞ്ഞു: 'ഷാംപെയ്ന്‍ കഴിച്ചിട്ട് കാലമൊരുപാടായി' (I haven't had champagne for a long time). പിന്നീടൊരിക്കലും അദ്ദേഹം ഒന്നും പറഞ്ഞില്ല. പകരം, അദ്ദേഹത്തിന്റെ കൃതികളാകട്ടെ, ഇപ്പോഴും സംസാരം നിര്ത്തുന്നതേയില്ല.
വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ്, 1987-ല്‍, ന്യൂയോര്‍ക്കര്‍ വാരികയില്‍ 'എറാന്റ്' എന്ന പേരില്‍ ഒരു ചെറുകഥ പ്രസിദ്ധീകരിക്കപ്പെട്ടു. ആ കഥ എഴുതിയത്, ഏറ്റവും മികച്ച ചെറുകഥാകൃത്ത് ആരെന്ന് സാഹിത്യചരിത്രമാകെ തിരഞ്ഞാല്‍ കിട്ടുന്ന പേരുകളില്‍ തീര്‍ച്ചയായും കാണപ്പെടുന്ന റെയ്മണ്ട് കാര്‍വര്‍ ആയിരുന്നു. ചെക്കോവിന്റെ അന്ത്യനാളുകളെ കുറിച്ചായിരുന്നു ആ കഥ, അതായിരുന്നു കാര്‍വറുടെ അവസാനത്തെ കഥയും. ഒരു വര്‍ഷത്തിനു ശേഷം, 1988 ഓഗസ്റ്റ് 2-ന്, ചെക്കോവിനെ പോലെ തന്നെ, ശ്വാസകോശ സമ്പന്ധിയായ അസുഖം മൂലം റെയ്മണ്ട് കാര്‍വറും മരണമടഞ്ഞു.