'രാത്രി വീട്ടിന്റെ മുറ്റത്ത് ഒരാള്‍ക്കൂട്ടം, ആര്‍ക്കോ എന്തോ പറ്റീട്ടുണ്ട്; കോലായിലതാ മാഷ് പാടുന്നു!'

കലാരംഗത്ത് അറിയപ്പെടാന്‍ തുടങ്ങിയകാലംതന്നെ മോട്ടിവേഷന്‍ ട്രെയിനറായും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനെനിക്ക് ഭാഗ്യമൊരുക്കിയത് കോഴിക്കോട്ടെ ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ എന്ന സംഘടനയാണ്. ഈ സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്ത് ഡല്‍ഹിയിലും ഒറീസയിലും നടന്ന യൂത്ത് ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.
അക്കാലത്ത് പ്രഗല്‍ഭരായ ചില ട്രെയിനര്‍മാരുടെ ക്ലാസിലിരുന്നപ്പോള്‍, ഒരു പരിശീലകനാകണം എന്ന മോഹമുദിച്ചു. അങ്ങനെ കേരളത്തിലെ മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും മോട്ടിവേഷന്‍ ക്ലാസ് എടുത്തിരുന്നു. ഒരു കലാകാരന്‍ ക്ലാസ് എടുക്കുന്നതുകൊണ്ടാവാം കുട്ടികള്‍ക്ക് അത് ഒരുപാട് ഇഷ്ടമായിരുന്നു.
ഒരുദിവസം തൃശ്ശൂര്‍ ജില്ലയില്‍ വലപ്പാട് സ്‌കൂളിലേക്ക് ക്ഷണം വന്നു. ഞാന്‍ ചെന്നു. സ്‌കൂളില്‍ എത്തിയപ്പോഴാണ് കുഞ്ഞുണ്ണിമാഷാണ് സ്‌കൂള്‍ പ്രോഗ്രാമിന്റെ ഉദ്ഘാടകന്‍ എന്നറിഞ്ഞത്. അപ്പോഴാണ് ഓര്‍ത്തത് വലപ്പാട് കുഞ്ഞുണ്ണിമാഷുടെ നാടാണല്ലോ എന്ന്. ഹെഡ്മാസ്റ്ററുടെ റൂമില്‍വെച്ച് കുഞ്ഞുണ്ണിമാഷെ ആദ്യമായി കാണുകയാണ്. ഇതിനുമുമ്പ് പത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയുമാണ് മാഷിനെ അറിയുന്നത്.
ഹെഡ്മാസ്റ്റര്‍ കുഞ്ഞുണ്ണിമാഷിന് എന്നെ പരിചയപ്പെടുത്തി. 'കുട്ടികളെ പാട്ടും കളികളും മിമിക്രിയുമൊക്കെയായി രസിപ്പിക്കാന്‍ വന്നയാളാണ്,' ഞാന്‍ മാഷിനോട് കൈകൂപ്പി കാലുതൊട്ട് വന്ദിച്ചു. തലയില്‍ കൈവെച്ച് മാഷ് എന്നെ അനുഗ്രഹിച്ചു. പിന്നെ ചടങ്ങ്. ഞാന്‍ മാഷോടൊപ്പം സ്റ്റേജില്‍ ഇത്തിരി അഭിമാനത്തോടെത്തന്നെ ഇരുന്നു. മാഷിന്റെ ഉദ്ഘാടനപ്രസംഗം നന്നായി ആസ്വദിച്ചു.
പ്രസംഗം നിര്‍ത്തുമ്പോള്‍ മാഷ് പറഞ്ഞു: 'ഇനി നിങ്ങളെ രസിപ്പിക്കാനും ചിരിപ്പിക്കാനും കോഴിക്കോട്ടുനിന്ന് വിനോദന്‍ എന്നാരു വിരുതന്‍ ഇവിടെ എത്തീട്ട്ണ്ട്. ആ ചെറുപ്പക്കാരനുവേണ്ടി ഞാന്‍ പ്രസംഗപീഠം ഒഴിഞ്ഞുകൊടുക്കുകയാണ്. ഞാന്‍ വന്ന് നിങ്ങളോടൊപ്പം ഇരിക്കാം. ഈ വിനോദന്‍ എങ്ങനെയൊക്കെയാണ് നിങ്ങളെ രസിപ്പിക്കുന്നതെന്ന് എനിക്കൊന്നു കാണണം,' മാഷ് സ്റ്റേജില്‍നിന്നിറങ്ങി. മുന്നിലെ ബെഞ്ചിലിരിക്കുന്ന കുട്ടികളുടെ കൂടെ കാഴ്ചക്കാരനായി ഇരുന്നു. കുട്ടികള്‍ക്ക് സന്തോഷം. എനിക്കദ്ഭുതം തോന്നി, ഒപ്പം വല്ലാത്ത പേടിയും. മാഷ് കാഴ്ചക്കാരനായി ഇരിക്കും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചതല്ല. ഗമയോടെ ഇരുന്ന മുട്ടുകാലുകള്‍ പേടികാരണം കൂട്ടിയിടിക്കാന്‍ തുടങ്ങി. ഹെഡ്മാസ്റ്റര്‍ എന്നെ പരിചയപ്പെടുത്തി, ക്ഷണിച്ചു. എത്രയോ സ്റ്റേജുകളില്‍ പേടിയില്ലാതെ പ്രോഗ്രാം ചെയ്ത എനിക്ക് ആ സ്റ്റേജില്‍ വല്ലാത്ത ഒരു വിമ്മിട്ടം. ആകെ വിയര്‍ക്കുന്നപോലെയൊക്കെ തോന്നി.
ഇഷ്ടദൈവങ്ങളെ മനസ്സില്‍ ഓര്‍ത്ത് മൈക്ക് സ്റ്റാന്‍ഡ് എടുത്ത് സ്റ്റേജിന്റെ നടുവിലേക്കുവെച്ച് ഞാനങ്ങു തുടങ്ങി. ഗുണപാഠമുള്ള കഥകളും നാടന്‍പാട്ടും കുഞ്ഞുണ്ണിമാഷിന്റെതന്നെ ചില കൊച്ചു കവിതകളും മിമിക്രിയും വിവിധതരം താളങ്ങളുമൊക്കെയായ് 45 മിനിറ്റ് ഞാന്‍ കുട്ടികളെ രസിപ്പിച്ചു. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ കുട്ടികളെല്ലാം ഹാപ്പി. നല്ല കൈയടിയും. മാഷ് സ്റ്റേജില്‍ കയറിവന്ന് എന്ന അഭിനന്ദിച്ചു. തലയില്‍തൊട്ട് അനുഗ്രഹിച്ചു. ഒരിക്കല്‍ക്കൂടി, ഞാന്‍ മാഷിന്റെ കാലുതൊട്ടു വന്ദിച്ചു. കുട്ടികളുടെ കൈയടികള്‍ അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു. മാഷ് വീട്ടിലേക്കു ക്ഷണിച്ചു.
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ.
മനോഹരമായ ഒരു പഴമയുള്ള വീട്. മാഷിന്റെ ഒരു പെങ്ങളും ആ വീട്ടില്‍ ഉണ്ടായിരുന്നു. റൂമില്‍ ഒരുപാട് പുസ്തകങ്ങള്‍. മാഷ് അതില്‍നിന്നു തിരഞ്ഞെടുത്ത് ഒരട്ടി പുസ്തകം എനിക്കു തന്നു. എനിക്ക് ഒത്തിരി സന്തോഷം തോന്നി. എന്നിട്ട് മാഷ് പറഞ്ഞു: 'നിനക്കു കുട്ടികളുടെ മനസ്സറിയാം. ഈ പുസ്തകങ്ങളെല്ലാം നീ മനസ്സിരുത്തി വായിക്കണം. നിനക്ക് ഒരുപാട് ഉപകാരപ്പെടും.' എല്ലാ പുസ്തകത്തിലും മാഷ് എനിക്ക് ഒപ്പിട്ടുതന്നു.
ഡിഗ്രിക്ക് മലയാളം ആയിരുന്നു പ്രധാന വിഷയം എന്നു കേട്ടപ്പോള്‍ മാഷിനു സന്തോഷമായി. ബി.എഡിനു പോയി മാഷാവണം എന്നൊരു ആഗ്രഹമുണ്ട് എന്ന് മാഷോടു പറഞ്ഞപ്പോള്‍ മാഷ് എന്നോടു പറഞ്ഞു: 'നീ അധ്യാപകനാവണ്ട.' ഞാന്‍ ഒന്നമ്പരന്നു. മാഷ് തുടര്‍ന്നു: 'നീ അധ്യാപകനായാല്‍ നിന്നെ ഒരു സ്‌കൂളിലെ കുട്ടികള്‍ക്കേ ആസ്വദിക്കാന്‍ സാധിക്കൂ. നീ നല്ലൊരു പരിശീലകനായാല്‍ നിന്നെ കേരളം മുഴുവനുമുള്ള സ്‌കൂളിലെ കുട്ടികള്‍ക്ക് ഉപകരിക്കും.'
അതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. യാത്രപറഞ്ഞ് ഇറങ്ങാന്‍ നേരം മാഷ് എന്റെ മേല്‍വിലാസം വാങ്ങി. മാഷിന്റെ മേല്‍വിലാസം എനിക്കും തന്നു. ഞാന്‍ ഇടയ്ക്ക് എഴുതാം. എനിക്കും എഴുതണം. അന്നൊക്കെ എഴുത്തേ ഉള്ളൂ. ഇന്നത്തെപ്പോലെ വിളിയില്ല. കോഴിക്കോട്ടു വരുമ്പോള്‍ ഞാന്‍ അറിയിക്കാം മാഷ് പറഞ്ഞു. യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ മാഷ്ടെ പെങ്ങള്‍ ഒരു ഗ്ലാസ് മോരുംവെള്ളം തന്നു. ആ മോരുംവെള്ളത്തിന്റെ സ്വാദ് ഇന്നും ഓര്‍മയിലുണ്ട്. നടന്നതെല്ലാം വീട്ടിലും കൂട്ടുകാരുടെ അടുത്തും പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മാഷിന്റെ ഒരു കത്തു വന്നു. മഞ്ഞനിറത്തിലുള്ള ഒരു പോസ്റ്റ്കാര്‍ഡ്: 'കോഴിക്കോട്ട് കല്‍പ്പക ഓഡിറ്റോറിയത്തില്‍ ഒരു ചടങ്ങിനു വരുന്നു. വിനോദ് വരണം, കാണണം.' ചടങ്ങിനു പോയി. മാഷെ കണ്ടു.
പ്രശസ്തരെല്ലാം പങ്കെടുക്കുന്ന ആ ചടങ്ങില്‍വെച്ചാണ് മാഷ്ടെ നിഷ്‌കളങ്കമായ പ്രസംഗത്തിന്റെ വില മനസ്സിലാക്കിയത്. പരിപാടി കഴിഞ്ഞു. സംഘാടകര്‍ മാഷെ കൊണ്ടുവിടുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ മാഷ് പറഞ്ഞു. 'എന്റെ കാര്യം ഓര്‍ത്ത് ആരും ബുദ്ധിമുട്ടണ്ട. എന്നെ ഇയാള് കൊണ്ടാക്കിക്കോളും.' ആരാ ഇത് എന്ന് എന്നെ അറിയാത്ത ഒരാള്‍ ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞു. എന്റെ പ്രിയശിഷ്യനാണെന്ന്. എനിക്ക് അഭിമാനം തോന്നി. കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍നിന്ന് ടിക്കറ്റെടുത്ത് ട്രെയിനില്‍ തൃശ്ശൂര്‍ക്ക് യാത്ര.
കംപാര്‍ട്ട്മെന്റില്‍ മാഷോടൊപ്പം ഇരുന്നു. മാഷ് വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചോണ്ടിരിക്കുമ്പോള്‍ യാത്രക്കാരില്‍ പലരും മാഷെ കാണാനും അനുഗ്രഹം വാങ്ങിക്കാനും വന്നു. അനുഗ്രഹം കിട്ടിയ ഒരു അമ്മ മാഷോട് എന്നെ ചൂണ്ടി ചോദിച്ചു, ആരാ ഇത്? എന്നെ ചേര്‍ത്തുപിടിച്ച് മാഷ് പറഞ്ഞു, 'എന്റെ മോനാന്ന്.' എന്നിട്ട് മാഷ് അവരെ നോക്കി ഒന്നു ചിരിച്ചു.
എനിക്കു വലിയ സന്തോഷം തോന്നി. ഞാന്‍ ഭാഗ്യവാനാണെന്നു മനസ്സു പറഞ്ഞു. അന്ന് മാഷെ വലപ്പാട്ടെ വീട്ടില്‍ കൊണ്ടുവിട്ട് ഞാന്‍ തിരിച്ചുപോന്നു. പിന്നെയും ഇടയ്ക്ക് മാഷിന്റെ പോസ്റ്റ് കാര്‍ഡ് വരും. മറുപടിയും അയക്കും. അങ്ങനെയിരിക്കെ ഐ.വൈ.എയുടെ ബെസ്റ്റ് ഒബ്സര്‍വര്‍ അവാര്‍ഡ് മാഷിന് കിട്ടി. ഈ അവാര്‍ഡ് വാങ്ങാനും മാഷിനെ കൂട്ടിക്കൊണ്ടുവരാനും കൊണ്ടുവിടാനുമുള്ള ഭാഗ്യവും ലഭിച്ചു. അന്നു വീട്ടില്‍നിന്നിറങ്ങുമ്പോള്‍ മാഷ് പറഞ്ഞു, 'ഒരിക്കല്‍ വിനോദിന്റെ വീട്ടില്‍ ഒന്നു വരണം. ഒരീസം അവിടെ കൂടണം. കുടുംബത്തെയൊക്കെ ഒന്നു കാണാലോ.'
ഞാന്‍ ചിരിച്ചോണ്ട് പറഞ്ഞു, 'സന്തോഷേയുള്ളൂ മാഷേ.'
ഇതുകേട്ട മാഷ്ടെ സഹോദരി പറഞ്ഞു, 'അതൊന്നും ഉണ്ടാവില്യ കുട്ട്യേ. വീടുവിട്ട് മാഷ് ഇതുവരെ എവിടെയും നിന്നിട്ടില്ല. ഇവിടെവന്ന് ഒരുപാട് മരുന്നൊക്കെ കഴിക്കാനുണ്ട്.'
ഇടയ്ക്കുകേറി മാഷ് പറഞ്ഞു, 'അല്ല, ഒരീസം ഞാന്‍ വിനോദിന്റെ വീട്ടില്‍ പോകും. നീ നോക്കിക്കോ.'
ഞങ്ങള്‍ മൂവരും ചിരിച്ചു. ഞാന്‍ യാത്രപറഞ്ഞ് ഇറങ്ങി. തിരിച്ച് വീട്ടില്‍ എത്തി ഞാന്‍ കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മാഷ് വീട്ടില്‍ വരും എന്നു പറഞ്ഞ കാര്യം പറഞ്ഞു. എല്ലാവരും എന്നെ കളിയാക്കി. പിന്നെയും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. ഇടയ്ക്ക് മാഷിന്റെ പോസ്റ്റ്കാര്‍ഡ് വന്നു. ശരീരത്തിന് അത്ര സുഖല്യ. യാത്രകള്‍ കഴിവതും ഒഴിവാക്കുകയാണെന്ന് അറിയിച്ചു.
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ.
ഒരു ദിവസം ഞാന്‍ കണ്ണൂര് ഒരു പ്രോഗ്രാം കഴിഞ്ഞ് രാത്രി വീട്ടിലേക്കു വരികയാണ്. പത്തുമണിയായിക്കാണും സമയം. വീട്ടിലേക്ക് വീതികുറഞ്ഞ റോഡിലൂടെ നടന്നുവരികയാണ്. നല്ല ഇരുട്ടും. ദൂരെനിന്നു ഞാന്‍ കണ്ടു, വീട്ടിന്റെ മുറ്റത്ത് ആളുകള്‍ കോലായിലേക്കു നോക്കി നില്‍ക്കുന്നു. വീട്ടില്‍ ആര്‍ക്കോ എന്തോ പറ്റീട്ടുണ്ടെന്നു മനസ്സു പറഞ്ഞു. നടത്തത്തിനു വേഗം കൂട്ടി, അടുത്തേക്കെത്തിയപ്പോള്‍ ആളുകള്‍ കൈയടിച്ച് ചിരിക്കുന്നു. ആശ്വാസമായി. അടുത്തെത്തിയപ്പോഴാണ് കണ്ടത്, കുഞ്ഞുണ്ണിമാഷ് കോലായിലെ ചാരുകസേരയില്‍ ഇരുന്ന് അയല്‍വാസികള്‍ക്കായ് പാട്ടും കവിതയും പാടിക്കൊടുക്കുകയാണ്. ഞാന്‍ കയറിച്ചെന്നതും മാഷ് 'ഹോ വന്നല്ലോ എന്റെ മോന്‍, എവിടെയായിരുന്നു നീ' എന്നു ചോദിച്ചു.
'ഇതെന്താ മാഷേ ഒരു മുന്നറിയിപ്പും ഇല്ലാതെ.'
'ഞാന്‍ മുമ്പ് സൂചനതന്നിട്ടുണ്ടായിരുന്നല്ലോ' എന്നു മാഷ്. 'ഞാനേ ഇവിടെ ദേവഗിരി കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിനു വന്നതായിരുന്നു. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ തൃശ്ശൂര്‍ക്കു തിരിച്ചുപോവണ്ടേന്നു പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, വേണ്ട എന്നെ ഈ അഡ്രസ്സില്‍ ആക്കിത്തന്നാ മതീന്ന്. നിന്റെ അഡ്രസ് അങ്ങോട്ട് കൊടുത്തു. കുട്ടികള് ഇവിടെ കൊണ്ടാക്കി. ഇന്നിവിടെ അന്തിയുറങ്ങീട്ട് നാള്യേ പോണുള്ളൂ. ന്നാ മോന്‍ പോയി മേല് കഴുകി വാ, ഞാന്‍ ഇവരോട് എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്കാം.'
വീട്ടില്‍ എല്ലാവരും ഒരു ഉത്സവത്തിമര്‍പ്പിലായിരുന്നു. അമ്മ പറഞ്ഞു, മാഷ് പടികേറിവരുന്നതു കണ്ട് ഞെട്ടീന്ന്. ഇതുവരെ, അടുത്തുള്ളവരെല്ലാം മാഷിനെ കാണാന്‍ വരികയും അനുഗ്രഹം വാങ്ങുകയുമൊക്കെയായിരുന്നൂന്ന്.
പിറ്റേന്നു രാവിലെ ചായകുടിയും കഴിഞ്ഞ് ഇറങ്ങാന്‍ നേരം മാഷ് വീടിന്റെ കോലായിലെ ചുമരില്‍ വരച്ചുവെച്ച ഒരു പ്രകൃതിദൃശ്യമുള്ള ചിത്രം ശ്രദ്ധിച്ച്, കുറേ നേരം ചിത്രത്തിലേക്കു നോക്കിനിന്നു. ഇത് ആരു വരച്ചതാണെന്നു ചോദിച്ചു. 'എന്റെ ഒരു ചെറിയച്ഛനാ. മരിച്ചുപോയി.' ഞാന്‍ പറഞ്ഞു. ചിത്രത്തെ തൊട്ടുകൊണ്ട് മാഷ് ചോദിച്ചു: 'എന്താ ചെറിയച്ഛന്റെ പേര്.'
'ഗോവിന്ദന്‍.' അമ്മയാണ് മറുപടി പറഞ്ഞത്.
ഉടനെ മാഷ് ചിത്രത്തിന്റെ ഏറ്റവും അടിയില്‍ കലാപരമായി ഗോവിന്ദ് എന്നെഴുതിയതു നോക്കി. 'ഈ ഗോവിന്ദന്‍ കറുത്ത് പൊക്കം കുറഞ്ഞിട്ട് ഓടക്കുഴലൊക്കെ വായിക്കുന്ന ആളാണോ?' ആണെന്നു പറയലും, മാഷ് ആ ചിത്രത്തിലേക്കു ചേര്‍ന്നുനിന്ന് കൈകളെക്കൊണ്ട് ആ ചിത്രം തലോടി. ഗോവിന്ദന്‍ മരിച്ചുപോയോന്ന് ആശ്ചര്യത്തോടെ ചോദിച്ചു. മാഷ്ടെ കണ്ണു നനയുന്നത് തടിച്ച ഫ്രെയിമുള്ള കണ്ണടയിലൂടെ ഞാന്‍ കണ്ടു. 'കോഴിക്കോട് ആശ്രമം സ്‌കൂളില്‍ എന്റെ പ്രിയ ശിഷ്യനായിരുന്നു ഈ ഗോവിന്ദന്‍. മംഗലാപുരത്തുനിന്നു വരുമ്പോള്‍ എപ്പോഴും എന്നെ കാണാന്‍ വരുമായിരുന്നു'-മാഷ് എന്നെ ചേര്‍ത്തുപിടിച്ചു. 'വിനോദേ, ദൈവനിയോഗമാണ് എന്നെ ഇവിടെക്കൊണ്ടെത്തിച്ചത്. ഇത്രയും ജീവനുള്ള ചിത്രം വരയ്ക്കാന്‍ ഗോവിന്ദനേ കഴിയൂ.'
ശേഷം ചെറിയച്ഛന്റെ കുടുംബത്തെക്കുറിച്ചെല്ലാം മാഷ് ചോദിച്ചറിഞ്ഞു.
യാത്രപറഞ്ഞ് ഇറങ്ങാന്‍ നേരം അമ്മ മാഷോട് ഒരു പരാതി പറഞ്ഞു, 'മാഷേ ഇവന്‍ ഡിഗ്രിയൊക്കെ കഴിഞ്ഞ് വെറുതേ നില്‍ക്കുകയാണ്. ഒരു ജോലിക്കും ശ്രമിക്കുന്നില്ല. കലാപരിപാടിയുമായി നടന്നാല്‍ കുടുംബം പോറ്റാന്‍ പറ്റുമോ? മാഷ് അവനെ ഒന്ന് ഉപദേശിക്ക്.'
മാഷ് എന്റെ അമ്മയോട് കൈകൊണ്ടു തലകുനിക്കാന്‍ ആവശ്യപ്പെട്ടു. അമ്മ മാഷിന്റെ ഉയരത്തിനനുസരിച്ച് കുനിഞ്ഞു. മാഷ് ചോദിച്ചു: 'എന്താ നിങ്ങള്‍ ഈ ഇളയമകന് പേരിട്ടിരിക്കുന്നേ?'
എല്ലാവരെയും ഒന്നു നോക്കി അമ്മ പറഞ്ഞു, 'വിനോദ്.'
'അല്ലേ എന്താ ഈ വിനോദ് എന്ന പേരിന്റെ അര്‍ത്ഥം?' അമ്മ ഒന്നും പറഞ്ഞില്ല. എല്ലാവരും മാഷ്ടെ കണ്ണിലേക്കു നോക്കിനിന്നു.
'വിനോദ് എന്നാല്‍ വിനോദിപ്പിക്കേണ്ടവന്‍ എന്നാണര്‍ത്ഥം. അവന്‍ എല്ലാവരെയും വിനോദിപ്പിക്കാനായിട്ട് ജനിച്ചവനാ. അവന്‍ ആ ജോലി ചെയ്തോളും. കലാകാരനായ് നാടറിയും. അവനെ മറ്റൊരു ജോലിക്കും നിര്‍ബന്ധിക്കണ്ട.' ഇത്രയും പറഞ്ഞ് മാഷ് എന്നോട് ഒന്നു കുനിയാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ കുനിഞ്ഞു. എന്റെ നെറുകയില്‍ ഒരുമ്മവെച്ച് എന്റെ തലയില്‍ തൊട്ട് അനുഗ്രഹിച്ചു. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി. കുഞ്ഞുണ്ണിമാഷിന്റെ ആ വാക്കുകളാണ് കലാരംഗത്തേക്ക് പൂര്‍ണമായും പ്രവേശിക്കാന്‍ എനിക്കു പച്ചക്കൊടി വീശിയത്.
(തുടരും)
Content Highlights: Artist Vinod kovoor writes autobiography Vinodayathra