ബഹളങ്ങളുണ്ടാക്കാതെ സംതൃപ്തനായി കടന്നുപോയ ഒരു സ്വന്തം ലേഖകൻ

ഇക്കഴിഞ്ഞ ഡിസംബർ അഞ്ചാം തീയതി ഒരു പത്രപ്രവർത്തകന്റെ നൂറ്റിയഞ്ചാം ജന്മദിനമായിരുന്നു. അദ്ദേഹം മരിച്ചിട്ട് കാൽ നൂറ്റാണ്ടുകഴിഞ്ഞു. എന്നാൽ, 1940 -1990 വരെയുള്ള അരനൂറ്റാണ്ടിൽ കേരളത്തിൽ ഒരു പത്രലേഖകൻ ജീവിച്ചതെങ്ങനെ എന്നതോർക്കാൻ തിരുവാർപ്പ് ബാലൻ എന്ന ഓർമ മാത്രം മതി.
എന്റെ ബാല്യത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടുതുടങ്ങി. 1960-കളിൽ. മുറിക്കയ്യൻ ഖദർ ഷർട്ടിട്ട ഒരു കൃശഗാത്രൻ 'ലോകത്തിൽ ആരേയും ശല്യപ്പെടുത്താനിടവരരുതേ' എന്ന വിചാരത്തോടെ മൃദുപാദനായി, നഗ്‌നപാദനായി നടന്നുപോകുന്നതാണ് എന്റെ മനസ്സിലെ ആദ്യ തിരുവാർപ്പ് ബാലൻ ചിത്രം.