‘ഇടതിങ്ങിയ എൻ്റെ മുടിയാണ് ഏറ്റവും കൂടുതലായി എന്നെ പാറ്റയാക്കി മാറ്റിയത്’

പാറ്റകളിൽ നിന്നാകട്ടെ തുടക്കം. ആഫ്രിക്കൻ രാജ്യമായ റുവാൻഡയിലെ ടുട്സി വർഗ്ഗക്കാരുടെ ഭാഷയിൽ പാറ്റകൾക്ക് ഇനിയെൻസി എന്നാണ് പേര്. വർഗ്ഗീയതയും ഏകാധിപത്യവും ഒരു ജനതയെ മുഴുവൻ പാറ്റകളാക്കി മാറ്റിയതിൻ്റെ ചരിത്രമാണ് റുവാണ്ടൻ - ഫ്രഞ്ച് എഴുത്തുകാരി സ്കൊളാസ്റ്റിക് മുകസോൻഗ(Scholastique Mukasonga) എഴുതിയ Cockroaches എന്ന ആത്മകഥ. 1994 ൽ റുവാൻഡയിൽ നടന്ന വംശീയകലാപത്തിൻ്റെ ഒരു ഇരയായിരുന്നു മുകസോൻഗ. നൂറു ദിവസം നീണ്ടുനിന്ന അക്രമത്തിൽ എതാണ്ട് ആറുലക്ഷത്തോളം ടുട്സിവർഗ്ഗക്കാർ കൊല്ലപ്പെട്ടു. രണ്ടര,ലക്ഷത്തോളം സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടു. ശേഷിച്ചവരെ എതിർവിഭാഗമായ ഹുട്ടു വർഗ്ഗത്തിൽപ്പെട്ട പട്ടാളക്കാർ തടങ്കൽപ്പാളയത്തിലാക്കി. അവിടെ പട്ടാളക്കാർ അവർക്കൊരു പേരു നൽകി: പാറ്റകൾ.
Read also : അമേരിക്ക കണ്ടെത്തിയ കൊളംബസും കെമിസ്ട്രിയും തമ്മിലെന്ത്?
കലാപം ശമിച്ചതിനു ശേഷവും അടിച്ചമർത്തലുകൾ തുടർന്നു. ഹുട്ടു വർഗ്ഗത്തിൽ പെട്ട കുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിൽ ചേർന്നതിനെപ്പറ്റി ആത്മകഥയിൽ മുകസോൻഗ ഓർക്കുന്നതിങ്ങനെ: ''ഞാനൊരു ടുട്സി മാത്രമായിരുന്നില്ല, ഒരു പാറ്റ കൂടിയായിരുന്നു; റുവാൻഡയിലെ ജീവിക്കാൻ പറ്റിയ ഇടങ്ങളിൽ നിന്നു മാത്രമല്ല, മനുഷ്യരാശിയിൽനിന്നു കൂടി പുറന്തള്ളപ്പെട്ട വെറുമൊരു പാറ്റ. തൊലിയുടെ നിറത്തിൽ, മൂക്കിൻ്റെ ആകൃതിയിൽ എല്ലാത്തിലും ഞാനവരിൽ നിന്ന് വ്യത്യസ്തയായിരുന്നു. ഇടതിങ്ങിയ എൻ്റെ മുടിയാണ് ഏറ്റവും കൂടുതലായി എന്നെ പാറ്റയാക്കി മാറ്റിയത്.”
അതങ്ങനെയാണ്. മെച്ചപ്പെട്ട ജീവിതം നയിക്കുന്നവർക്ക് അത്തരമൊരു സാഹചര്യമില്ലാത്തവരെല്ലാം വെറും പാറ്റകൾ തന്നെ. ഉത്തരവാദിത്വമില്ലാത്തവർ നടത്തുന്ന പരീക്ഷകളാൽ തോൽപ്പിക്കപ്പെടുന്ന, തൊഴിലില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാർ പാറ്റകളെന്നു പരിഹസിക്കപ്പെടുന്നതും അവർ അതിജീവനത്തിനായി പോരാടുന്നതും നമ്മൾ കണ്ടുകഴിഞ്ഞു.
Read also:ഞാൻ സ്ത്രീയായാൽ
മുകസോൻഗ എഴുതുന്നു: “ഞങ്ങൾ തളർന്നു കഴിഞ്ഞു. ചിലപ്പോഴൊക്കെ മരിക്കാനുള്ള ആഗ്രഹത്തിന് ഞങ്ങൾ വഴങ്ങിക്കൊടുത്തു… ഞങ്ങൾ ഇനിയെൻസികളാണ്, ചവിട്ടിയരക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട വെറും പാറ്റകൾ.” അവരുടെ കുടുംബത്തിൽ അച്ഛനും അമ്മയും സഹോദരങ്ങളുമടക്കം ഏകദേശം അൻപതോളം പേരാണ് കൊല്ലപ്പെട്ടത്. അവരെ മറവു ചെയ്തത് എവിടെയെന്നു പോലും കണ്ടെത്താനായില്ല.മരിച്ചവരെ വീണ്ടും വീണ്ടും എണ്ണിയിട്ട് എന്തു കാര്യമെന്ന് എഴുത്തുകാരി വിലപിക്കുന്നു. പരീക്ഷകളുടെ സമ്മർദ്ദത്തിൽ ആത്മഹത്യ ചെയ്തവരെ എണ്ണിയിട്ടെന്തു കാര്യമെന്ന് ഭരണകൂടം നമ്മളെ പരിഹസിക്കുന്നു.Tram 83 എന്ന നോവലിലൂടെ ലോകപ്രശസ്തനായ കോംഗളീസ് എഴുത്തുകാരൻ ഫിസ്റ്റൻ മ്വാൻസ മുജില(Fiston Mwansa Mujila) യുടെ പുതിയ നോവലായ The Villain's Dance മറ്റൊരു തരത്തിൽ പാറ്റകളായി മാറിയ ഒരു ജനതയുടെ കഥയാണ്. ഏകാധിപത്യവും അഴിമതിയുമാണ് ഇവിടെ പ്രതിനായകന്മാർ. കോംഗോയിലെ പാട്രിസ് ലുമുംബ(Patrice Lumumba)യുടെ ജനാധിപത്യ ഗവണ്മെൻ്റിനെ അമേരിക്കൻ സഹായത്തോടെ അട്ടിമറിച്ച മൊബൂട്ടു സെസെ സീക്കോ (Mobutu Sese Seko) എന്ന പട്ടാള ഭരണാധികാരിയാണ് ഇവിടെ മനുഷ്യരെ കീടങ്ങളായി രൂപാന്തരപ്പെടുത്തിയത്. അഴിമതിയുടെ പ്രതിരൂപമായിരുന്നു പുലിത്തോലണിഞ്ഞു നടന്നിരുന്ന ഈ സമഗ്രാധിപതി. ഖനികളാൽ സമ്പന്നമായ കോംഗോ പട്ടിണിപ്പാവങ്ങളുടെ രാജ്യമായി തീർത്തും മാറി. കൊടിയ ദാരിദ്ര്യത്തിൽ നിന്നും പീഢനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ അയൽരാജ്യമായ അംഗോളയിലേക്ക് പലായനം ചെയ്തു. ഈ കുടിയേറ്റത്തിൻ്റെ ഭൂമികയിലാണ് മുജില The Villain's Dance എന്ന മാന്ത്രികസ്വഭാവമുള്ള നോവൽ എഴുതിയിരിക്കുന്നത്.
സംഗീതവും കഥപറച്ചിലും നിറഞ്ഞ, കോംഗോയിലെ ഒരു പ്രാചീന കാവ്യ രീതിയെയാണ് 'കസല' എന്നു വിളിക്കുന്നത്. ഈ കാവ്യപാരമ്പര്യത്തെ വീണ്ടെടുത്ത് എഴുതിയ കവിതകളിലൊന്നിൽ മുജില പറയുന്നു:
“എന്തൊരു ഗൃഹാതുരത,
എന്തൊരു വിഷാദം,
ഏകാന്തത, തീവ്രവേദന.
നമ്മൾ പഴുതാരകൾ ഈ നശിച്ച ജീവിതത്തിനെതിരെ ആയുധമേന്തുന്നു.”
ജീവിതം പഴുതാരകളും പാറ്റകളുമാക്കി മാറ്റിയവരുടെ കഥ തന്നെയാണ് The Villain's Dance എന്ന നോവലും.ഒരു ഡാൻസ് ക്ലബ്ബ് ഇവിടെ കഥാകേന്ദ്രം. അവിടെ, അലഞ്ഞു നടക്കുന്ന ഒരു കൂട്ടം ആൺകുട്ടികൾ ഒത്തുകൂടുന്നു. കോംഗോയിലെ റുംബാ സംഗീതത്തിൻ്റെ താളം തങ്ങൾ വെറും കീടങ്ങളല്ലെന്ന മിഥ്യാധാരണ കുറച്ചു നേരത്തേക്കെങ്കിലും അവരിലുണ്ടാക്കുന്നു. ചെമ്പിൻ്റെയും കൊബാൾട്ടിൻ്റയും ഖനികൾ നിറഞ്ഞതായിരുന്നു ഡാൻസ് ക്ലബ്ബ് സ്ഥിതി ചെയ്യുന്ന ലുബുംബാഷി എന്ന സ്ഥലം. പക്ഷേ അഴിമതി ഭരണകൂടം സമ്പദ് വ്യവസ്ഥയെ തകർത്തു കളഞ്ഞിരിക്കുന്നു. ജീവിതമാർഗ്ഗമന്വേഷിച്ച് അംഗോളയിലേക്ക് പുറപ്പെടുന്നവരുടെ കൂട്ടത്തിൽ ചേരുന്ന നിരാശരായ ആ ചെറുപ്പക്കാർക്കിടയിലുള്ള ഒരുവനാണ് മൊളാകിസി. അംഗോളയിലെ വജ്രഖനികളാണ് അവന്റെയും ലക്ഷ്യം. പക്ഷേ അംഗോളയിലും സ്ഥിതിഗതികൾ ഒട്ടും ഭേദമല്ല. അംഗോളൻ സൈന്യവും വിമതരായ യൂനിറ്റ കലാപകാരികളും തമ്മിൽ യുദ്ധം നടക്കുകയാണ് അവിടെ. കഫുൻഫോ ഖനികളിലെ കന്യാമറിയം എന്നറിയപ്പെടുന്ന, ഷിയാമ്വേന എന്ന സ്ത്രീയുടെ സ്വാധീനത്തിൽ അവിടെ വെച്ച് മൊളാകിസി അകപ്പെടുന്നു.
Read also : പുസ്തകവായനക്കാർ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ട്?
ഇരുന്നൂറു വയസ്സുണ്ടെന്ന് അവകാശപ്പെടുന്ന അവളെപ്പറ്റി എഴുത്തുകാരൻ പറയുന്നു:
"ഈ വിശുദ്ധകന്യക മദ്യത്തിൻ്റെ സ്വാധീനത്തിൽപ്പെട്ട ഒരുവളല്ല.
അവൾ ദുരന്തപ്രവാചകയോ സ്വപ്നവിൽപ്പനക്കാരിയോ അല്ല.
അവളെപ്പറ്റി ആളുകൾ പറഞ്ഞെന്നിരിക്കും: ഷിയാമ്വേന അങ്ങനെയാണ്, ഷിയാമ്വേന ഇങ്ങനെയാണ്, അവൾക്ക് ചിറകുകളുണ്ട് ഇരുട്ടു വീണാലുടനെ ആ ദുർമന്ത്രവാദിനി ചിറകുകൾ നീർത്തി നാഴികകളോളം പറക്കും -എല്ലാം വെറും ജല്പനങ്ങൾ, അസംബന്ധങ്ങൾ.“
ജീവൻ പോലും പണയംനിധി തേടി നടക്കുന്നവർക്ക് ഒരു കടങ്കഥയാവുകയാണ് അവൾ.ആർക്കും അളക്കാൻ സാധിക്കാത്ത ഈ കഥാപാത്രമാണ് നോവലിനെ ഏറെ വ്യത്യസ്തമാക്കുന്നത്. പക്ഷേ ഈ മന്ത്രവാദിനിയുടെയും അവളുടെ ജീവചരിത്രകാരനായ ഫ്രാൻസ് എന്നയാളുടെയും ഇടയിൽ മൊളാകിസിയെപ്പോലുള്ള അനേകം കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നു. അവർ കണ്ടെടുക്കുന്ന വജ്രങ്ങൾക്ക് യഥാർത്ഥ വില ലഭിക്കുന്നത് അവ കടൽ കടക്കുമ്പോൾ മാത്രമാണ്. നിധിയുടെ ഇടയിലും അവരുടെ ജീവിതം പാറ്റകളുടേതാണ്. ഷിയാമ്വേന എന്ന മന്ത്രവാദിനി അപ്പോൾ പ്രവചിക്കുന്നത് ആരുടെ ജീവിതമാണ്? അല്ലെങ്കിൽ ഒരു ചവിട്ടിയരക്കലിൽ ഇല്ലാതാകുന്ന പ്രാണിജീവിതത്തെപ്പറ്റി പ്രവചിക്കാൻ എന്താണുള്ളത്?
Content Highlights: Analysis of Fiston Mwansa Mujila's novel The Villain's Dance and its depiction of marginalized populations as insects., Comparison with Scholastique Mukasonga's autobiographical work Cockroaches detailing the Rwandan genocide., Exploration of themes like dictatorship, corruption, migration, and survival in Congo and Rwanda., Examination of magical realism elements and unique characters like Shiamwena in Mujila's writing.