'ജനാധിപത്യത്തിന്റെ തീവണ്ടി നിയന്ത്രിക്കുന്നത് എഞ്ചിന്‍ ഡ്രൈവറാണ്'; ഗുല്‍സാറിന്റെ കവിതകള്‍

മഷിപ്പച്ച
#സജയ് കെ.വി.
വര: ബാലു
വര: ബാലു

ഗുല്‍സാറിനാണ് ഈ വര്‍ഷത്തെ ജ്ഞാനപീഠം എന്നത് ആഹ്ളാദം പകരുന്നു. ഗുല്‍സാറിന് മാത്രമല്ല എന്നത് തെല്ല് നിരാശയും. കവിയായ ഗുല്‍സാര്‍ എന്നിലേക്കെത്തുന്നത് ചലച്ചിത്രഗാനങ്ങളിലൂടെ എന്നപോലെ, 'സംശയാസ്പദമായ കവിതകള്‍'(Suspected Poems) എന്ന കാവ്യസമാഹാരത്തിലൂടെയുമാണ്. പവന്‍ കെ. വര്‍മ്മയുടെ ഇംഗ്ലീഷ് പരിഭാഷയോടുകൂടിയ ബൈലിംഗ്വല്‍ എഡിഷനായിരുന്നു അത്. ശക്തമായ രാഷ്ട്രീയകവിതകളെഴുതുന്ന വ്യത്യസ്തനായ കവിയെയാണത് കാട്ടിത്തന്നത്. ഗുല്‍സാറിന്റെ 'അവഗണിക്കപ്പെട്ട കവിതക'(Neglected Poems)ളോ 'ഹരിത കവിതക'(Green Poems) ളോ ഞാന്‍ വായിച്ചിട്ടില്ല. അതിനാല്‍ 2017-ല്‍ പുറത്തിറങ്ങിയ 'സംശയാസ്പദമായ കവിതക'ളെ മാത്രം മുന്‍നിര്‍ത്തിയാണ് ഈ കുറിപ്പ്. കൂട്ടത്തില്‍ 'ടാറ്റൂ' എന്ന കവിത ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയുടെ ബാബ്റിമസ്ജിദാനന്തര രാഷ്ട്രീയ ചരിത്രത്തെയൊന്നാകെ അത് ഒരു രാഷ്ട്രീയ പ്രസ്താവനയുടെ ഘടന അവലംബിക്കുന്ന കവിതയിലൂടെ സംഗ്രഹിക്കുന്നു. കവിത ഇങ്ങനെ-
'ചുമ്മാ അയാള്‍ തന്റെ വലതു ചുമലില്‍ 
ഒരു നീലപ്പശുവിനെ
പച്ചകുത്തിയിരുന്നു
ഇന്നലെ നടന്ന ലഹളയില്‍ അയാള്‍ കൊല്ലപ്പെടേണ്ടതായിരുന്നു
അവര്‍ നല്ല ആളുകളായിരുന്നുവല്ലോ-
പശുവിനെക്കണ്ടതേ
അവര്‍ അയാളെ വെറുതേ വിട്ടു!'

'തകര്‍ന്ന ജാലകം'(Broken Window) എന്ന ഗുല്‍സാറിന്റെ കവിത ആകെ താറുമാറായ ഒരു വീടിന്റെ അകക്കാഴ്ച്ചയിലാണ് ആരംഭിക്കുന്നത്. പൊട്ടിയ ജാലകച്ചില്ലിന്റെ ചീളുകള്‍ അച്ഛന്റെ മേശയിലാകെ ചിതറിക്കിടക്കുന്നു. കസേരകളും സോഫകളും തകിടം മറിഞ്ഞിരിക്കുന്നു. തീന്‍പാത്രങ്ങളൊന്നും കഴുകിയിട്ടില്ല. കവിഞ്ഞൊഴുകുന്ന വെള്ളം തറയിലാകെ. വേനലവധിക്കാലമായതിനാലാവാം, കുട്ടികള്‍ വീട്ടില്‍ വന്നതിനാലാവാം എന്നെല്ലാം കവി ഊഹിക്കുന്നു. രണ്ടാമത്തേത് ഒരു തെരുവുകാഴ്ചയാണ്. തീ പിടിച്ച തെരുവ്. പൊട്ടിയ ചില്ലിന്റെ ചീളുകള്‍. തകിടം മറിഞ്ഞ കാറുകള്‍. ശ്വാസം മുട്ടിക്കുന്ന പുക. കട്ട പിടിച്ച് തുടങ്ങിയ ചോരയാണൊഴുകുന്നത് തെരുവില്‍. അമ്പലവും പള്ളിയും അടഞ്ഞുകിടക്കുന്നു. എന്താവാം കാരണം? മധ്യവേനലവധി തുടങ്ങിക്കാണും എന്ന് കവി. ഈ ന്യൂനോക്തിയാല്‍ കവിതയപ്പാടെ അട്ടിമറിക്കപ്പെടുകയും അത് തകരുന്ന ഒരു രാഷ്ട്രത്തിന്റെ ശ്ലഥവാങ്മയമായി മാറുകയും ചെയ്യുന്നു.

ഗുല്‍സാര്‍ | Photo: ANI

'അയോധ്യ'എന്ന കവിതയില്‍ രാമക്ഷേത്രത്തിന് മുമ്പുള്ള 'രാമജന്മഭൂമി'യെക്കുറിച്ചാണ്  ഗുല്‍സാര്‍ എഴുതുന്നത്. ബാരിക്കേഡുകള്‍ക്കകത്താണ് രാമന്‍. ഒരിക്കല്‍ ദൈവാവതാരമായിരുന്നൊരാള്‍ ഒരു മന്ത്രിയെപ്പോലെയായിരിക്കുന്നു; സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടാതെ ഒരിഞ്ച് നീങ്ങാനാവാതെ! ജനാധിപത്യത്തിന്റെ തീവണ്ടി നിയന്ത്രിക്കുന്നത് എഞ്ചിന്‍ ഡ്രൈവറാണ്, യാത്രക്കാരല്ല എന്നും യാത്രാമധ്യേ അവരെല്ലാവരും വൃദ്ധരായിക്കഴിഞ്ഞിരിക്കുന്നു എന്നും എഴുതുന്നുണ്ട് മറ്റൊരു കവിതയില്‍ ഗുല്‍സാര്‍. 

'ന്യൂ ദില്ലിയില്‍ ഒന്നും പുതുതായില്ല' എന്നാണ് മറ്റൊരു കവിതയുടെ ശീര്‍ഷകം. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഒരു പുതിയ മന്ത്രിസഭ അധികാരത്തിലേറുമെന്നതൊഴികെ അവിടെ ഒന്നും പുതുതാകുന്നില്ല. അവര്‍ പഴയ പ്രശ്നങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. പുതിയ വാളുറകളില്‍നിന്ന് പഴകിത്തുരുമ്പിച്ച നിയമങ്ങള്‍ പുറത്തെടുക്കുന്നു, പുല്ലോ കഴുത്തോ അരിയാനുള്ള മൂര്‍ച്ചയില്ലാത്തവ! ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ 'ട്രാഫിക് ജാമി'നെപ്പറ്റിയാണ് അതേ പേരുള്ള കവിത. ഇടവും വലവും തിരക്കാണ്. ആരും മുന്നോട്ടോ വശത്തേയ്ക്കോ നീങ്ങുന്നില്ല. ഈ ട്രാഫിക് ജാമില്‍ കുടുങ്ങിക്കിടപ്പാണ് താന്‍, കഴിഞ്ഞ എഴുപത് വര്‍ഷക്കാലമായി എന്ന് കവി. 

'ഏഴ് നിറമുള്ള ഈ മഴവില്ലിലെ മാറാല ആരു പോക്കും?' എന്ന ചോദ്യമാണുന്നയിക്കുന്നത് ഗുല്‍സാര്‍, 'ഇന്ദ്രധനുസ്സ് 'എന്ന കവിതയില്‍. വര്‍ഷം പലതുപോയിട്ടും ആകാശം ഒരു പൊളിഞ്ഞ മേല്‍ക്കൂര, പ്രഭാതം ഒരു രോഗിയെപ്പോലെ, സൂര്യനോ പടുവൃദ്ധന്‍. ആരാണ് ആ മുഷിഞ്ഞ മഴവില്ലിന്റെ സപ്തവര്‍ണാഭ വീണ്ടെടുക്കുക? ഈ ചോദ്യമാണ് അനുദിനം മുഴങ്ങുന്നത് ഇന്ത്യയുടെ രാഷ്ട്രീയചക്രവാളത്തില്‍ എന്നതിനാല്‍ അനുനിമിഷം തെളിമയേറുന്ന, പെട്ടെന്നൊന്നും മായാത്ത ഒരു മഴവില്ലാണ് നിര്‍മിക്കുന്നത്, ഗുല്‍സാറിന്റെ കവിതകള്‍ നമ്മുടെ ഭാവുകത്വസീമകളില്‍ എന്നും പറയാം.

Content Highlights: Sajay K.V writes Mashipacha column on Gulzar's poems