'വെണ്‍ചന്ദ്രലേഖയൊരപ്സരസ്ത്രീ'... വയലാറിന്റെ അപ്സരസ്സുകള്‍

അപ്സരസ്സുകളുടെയും ഗന്ധര്വന്മാരുടെയും ലോകം കൂടിയായിരുന്നു വയലാറിന്റെ ഗാനപ്രപഞ്ചം. അവിടെ കാമുകപുരുഷന്മാര് 'ചന്ദനപ്പല്ലക്കില്‍ നാടുകാണാന്‍ വരും ഗന്ധര്വ്വരാജകുമാര'ന്മാരാകുന്നു; സ്ത്രീകള്‍ 'അപ്സരരാജകുമാരി'കളും. 'പൊന്നാപുരം കോട്ട' എന്ന ചിത്രത്തിലെ
'മന്ത്രമോതിരം, മായമോതിരം,
ഇന്ദ്രജാലക്കല്ലുമോതിരം...'
എന്ന ഗാനത്തില്‍ തുടര്‍ന്നുവരുന്ന വരികള്‍ ഇങ്ങനെയാണ്-
'ഇത് പൂക്കളെയപ്സരസ്ത്രീകളാക്കും
ഭൂമിയെ സ്വര്‍ഗ്ഗമാക്കും... '
മനുഷ്യസ്ത്രീകളെ അപ്സരസ്സുകളാക്കുന്ന ഭാവനയ്ക്ക്, പൂക്കളെ ദേവാംഗനകളാക്കാന് എത്ര എളുപ്പം!
ഈ കവിത്വത്തിന്റെ മാന്ത്രികസിദ്ധിയെക്കൂടിയാവാം വയലാര്‍ 'ഇന്ദ്രജാലക്കല്ലുമോതിരം' എന്നു വിശേഷിപ്പിച്ചത്. നോക്കൂ വെണ്‍ചന്ദ്രലേഖയുടെ ഈ അത്ഭുതരൂപാന്തരണം -
'വെണ്‍ചന്ദ്രലേഖയൊരപ്സരസ്ത്രീ
വിപ്രലംഭശൃംഗാര നൃത്തമാടാന്‍ വരും അപ്സരസ്ത്രീ... '
സ്വപ്നങ്ങള്‍ സ്വര്ഗ്ഗകുമാരികളാണെന്നു മാത്രമല്ല, അവ 'അപ്സരകന്യകള്‍ പെറ്റുവളര്‍ത്തുന്ന ചിത്രശലഭങ്ങ'ളാണെന്നും പറയുന്നുണ്ട് വയലാര്‍, 'കാവ്യമേള' യിലെ ആ പ്രസിദ്ധമായ ഗാനത്തില്‍. ഇങ്ങനെയെല്ലാം, പൊതുവേ, അഭൗമവും അലൗകികവുമായിരുന്നു ആ ഗാനഭാവന. ഇന്ദ്രധനുസ്സിന്റെ തൂവലുകളും ചന്ദ്രകളഭവും ചാര്‍ത്തി അത് ഭൂമിയെപ്പോലും മറ്റേതോ ലോകമാക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് വിമര്‍ശകനായ മുണ്ടശ്ശേരി മാസ്റ്റര്‍ തന്റെയൊരു ലേഖനത്തില്‍ ഇങ്ങനെയെഴുതി: 'ആരെയും രോമാഞ്ചം കൊള്ളിക്കുന്ന ഭാവാനിര്ഭരങ്ങളായ കൊച്ചുകൊച്ചുകവിതകള്ക്കു സംഗീതാത്മകത തീരെ വേണ്ടെന്നുവയ്ക്കുന്നതു ബുദ്ധിപൂര്വ്വകമാണോ എന്ന കാര്യം വിചിന്തനീയമാണ്. വെറും ബുദ്ധിവ്യായാമങ്ങളായ കവിതകള്‍ക്കു സംഗീതവുമായി തെറ്റിപ്പിരിഞ്ഞാലും തരക്കേടൊന്നും വരാനില്ലായിരിക്കും. ഈ പ്രകൃതത്തില്‍ വയലാറിന്റെയും മറ്റും പാട്ടുകളോര്മ്മയില് വരികയാണ്. സിനിമാപ്പാട്ടുകളെന്ന നിലയില്‍ അവയെ മുഴുവന്‍ തള്ളിക്കളയുകയാണല്ലോ നാമിപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍' എന്നു തുടങ്ങുന്ന മാതിരി പാട്ടുകളില്‍ ഭാവഗാനത്തിന്റെ മിന്നലൊളി ഇല്ലേ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടും നാലും ഈരടികൊണ്ടു തീരുന്ന അത്തരം പാട്ടുകള്‍ക്കു ഭാവഗാനങ്ങളായി തലപൊക്കിപ്പിടിക്കുവാന് കരുത്തില്ലെന്നതു ശരിയാണ്. പക്ഷേ, അത്രയും അയവുള്ള, അത്രയും സംഗീതാത്മകതയുളള, പാട്ടുകളുടെ രൂപത്തില്‍ത്തന്നെ മലയാളകവിതയ്ക്കു പുതിയൊരു ഭാവി ഉണ്ടാകരുതോ?'
വയലാര്ഗാനങ്ങളില് ഭാവഗാനത്തിന്റെ 'മിന്നലൊളി'യാണ് മുണ്ടശ്ശേരി കാണുന്നത്; ക്ഷണികം; എങ്കിലും ഉജ്ജ്വലം. രൂപച്ചുരുക്കത്താല് മാത്രമാണ് ആ ഗാനങ്ങള്‍ ഭാവഗാനത്തിന്റെ ക്ഷണപ്രഭകളാവുന്നതെന്ന് ഇന്നു നമുക്കറിയാം. അപ്പോഴും അവയിലൂടെ പ്രവഹിക്കുന്നത് ഭാവഗീതവൈദ്യുതിയുടെ അന്യൂനപ്രഭ തന്നെ. കൂടാതെ അയവ്, ഗാനാത്മകത എന്നീ ഗുണങ്ങളുമുണ്ട്. ഇങ്ങനെയെല്ലാം വയലാര്‍ഗാനങ്ങള്‍ ഒരു കാവ്യജനുസ്സായും മാറി മലയാളത്തില്‍. ആ അര്‍ത്ഥത്തില്‍ മുണ്ടശ്ശേരിയുടേത് ഒരു പ്രവചനമായിരുന്നു. മാഷ് പ്രവചിച്ചതുപോലെ ചലച്ചിത്രഗാനഗുണങ്ങളുള്ള ഒരു ഭാവഗീതരൂപമായി കവിത മാറുന്നതിനു പകരം ആ ഗാനങ്ങള്‍ തന്നെ കവിതയുടെ പദവിയാര്ജ്ജിക്കുകയും അങ്ങനെ തന്നെ അവ ആസ്വദിക്കപ്പെടുകയുമാണുണ്ടായത്.
വൈവിധ്യവും കല്പനാസമൃദ്ധിയുമായിരുന്നു വയലാര്‍ഗാനങ്ങളുടെ മറ്റൊരു സവിശേഷത. ഒരു ഗാനസന്ദര്‍ഭത്തില്‍ അപ്സരസ്ത്രീയായിരുന്ന വെണ്ണിലാവ്, ക്രിസ്ത്യാനിപ്പെണ്ണാണ് മറ്റൊന്നില്‍. പെരിയാറ് പര്‍വ്വതനിരയുടെ പനിനീരെങ്കില്, ആലുവാപ്പുഴയുടെ കാലില്‍ ആയിരം പാദസരങ്ങള്‍. ജ്യോതിര്‍മയിയായ ഉഷസ്സിന് മേഘങ്ങളുടെ വെള്ളിച്ചാമരം.' നിത്യവിശുദ്ധയാം കന്യാമറിയമേ...'യും 'ശരണമയപ്പാ...'യും എഴുതിയത് നാസ്തികനായ ഈ ഗാനരചയിതാവ്.
വരേണ്യഭാവനയെന്ന പോലെ വയല്‍ച്ചേറിന്റെ മണമുള്ള ഗാനങ്ങളും സുലഭം. 'ചക്രവര്‍ത്തിനീ...'എന്ന ഗാനം ആദ്യത്തെ വിഭാഗത്തിലെങ്കില്‍ 'മേലേ മാനത്തെ നീലിപ്പുലയിക്ക്...' എന്നു തുടങ്ങുന്നത് രണ്ടാമത്തെ വിഭാഗത്തില്‍. 'ബലികുടീരങ്ങളേ...' യും 'മാറ്റുവിന്‍ ചട്ടങ്ങളേ ...'യും പോലുളള വിപ്ലവഗാനങ്ങള്‍.
പ്രണയഗാനങ്ങളുടെ കുബേരത്വം, തന്റെ സമകാലീനരായ മറ്റു പാട്ടെഴുത്തുകാര്ക്കെന്നപോലെ, വയലാറിനും ഉണ്ടായിരുന്നു. ആസക്തമായ പുരുഷഭാവനയുടെ പാട്ടുകളായിരുന്നു അവ. സ്വര്ഗ്ഗപുത്രിയായ നവരാത്രി പോലും എത്ര പെട്ടെന്നാണ് അഭിനിവേശമുണര്ത്തുന്ന നവനീതമോഹനഗാത്രിയായി മാറുന്നതെന്നു നോക്കൂ ഈ വയലാര്ഗാനത്തില് -
'പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്
പൂനിലാപ്പുടവ തൊടുമ്പോള്‍
മെയ്യില്‍ തൊടുമ്പോള്‍
നിന്നെ പ്രണയപരാധീനയാക്കുവാന്‍
എന്തെന്നില്ലാത്തോര ഭിനിവേശം
അഭിനിവേശം ... അഭിനിവേശം ...'
ഗാനത്തിന്റെ തൊട്ടടുത്ത ചരണത്തില്‍ ഇങ്ങനെയും -
'കയ്യില്‍ മൃഗമദതളികയുമേന്തി നീ
ഏകയായരികില്‍ വരുമ്പോള്‍
ദേവി, വരുമ്പോള്‍
നിന്നെ കരവലയത്തിലൊതുക്കുവാന്
ഒന്നു ചുംബിക്കുവാന്‍ അഭിനിവേശം
അഭിനിവേശം ...
അഭിനിവേശം ...'
'അഭിനിവേശം' എന്ന വാക്ക് ഇത്രമേല്‍ ഗാഢമായി മുഴങ്ങിക്കേട്ടിട്ടില്ല മറ്റൊരു മലയാളചലച്ചിത്രഗാനത്തിലും; വയലാര്‍ഗാനങ്ങളുടെ ആധാരശ്രുതിയായിരുന്നു ആ വാക്കും അതുന്നയിക്കുന്ന ഭാവതലവും. ആസക്തനായ ഒരു ഗന്ധര്വ്വനേപ്പോലെ സാധാരണക്കാരനായ മലയാളിയുടെ കാമനകളുടെ 'സര്പ്പലതാസദന'ത്തെ പാടിയുണര്ത്തിക്കൊണ്ടേയിരിക്കുന്നു ആ പാട്ടുകള്‍.
Content Highlights: sajay kv mashipacha vayalar songs