പടത്തിലെ പെണ്‍കുട്ടിയും കെ. അജിത എന്ന പ്രസ്ഥാനവും അനിത തമ്പി എന്ന കവിയും!

മഷിപ്പച്ച
#സജയ് കെ.വി
k.ajitha
k.ajitha

ഞ്ചരപ്പതിറ്റാണ്ടു മുന്‍പ് അറസ്റ്റു ചെയ്യപ്പെട്ട്, പൊലീസിനും ആണ്‍കൂട്ടത്തിനും നടുവില്‍ നിസ്സഹായയായി നിന്ന കെ.അജിത എന്ന അന്നത്തെ 
നക്‌സല്‍പോരാളിയുടെ ചിത്രത്തെയാണ് വായിക്കുന്നത് അനിത തമ്പി,' ഈ പടത്തിലെ പെണ്‍കുട്ടി' എന്ന കവിതയില്‍ . ഒരു ഫോട്ടൊഗ്രാഫിന്റെ കറുപ്പിലും വെളുപ്പിലുമായി ഘനീഭവിച്ച മൗനത്തെയും നിശ്ചലതയെയും മുഖരവും ചലനാത്മകവുമാക്കുന്നതു പോലെയാണ് അനിത എഴുതുന്നത്. ചിത്രത്തിലെ പതിനെട്ടുകാരിയായ പെണ്‍കുട്ടി അവിടെ നിന്നു പോവുകയോ നിലച്ചു പോവുകയോ ചെയ്തില്ല എന്ന് അവര്‍ എഴുതുന്നു. എട്ടു കൊല്ലത്തെ ജയില്‍വാസം, കുടുംബത്തിനും നാടിനും നാട്ടുകാര്‍ക്കുമായുളള തീ പിടിച്ച നെട്ടോട്ടങ്ങള്‍. കവിതയുടെ ഈ ഭാഗത്ത് നമ്മുടെ കേരളത്തിന്റെ നിശിതമായ ഒരു ചിത്രം വരച്ചിടുന്നുണ്ട് കവി -

'വക്കു നീളേ പുഴു കാര്‍ന്നു തിന്നും
പച്ചില പോലിരിക്കുമീ മണ്ണില്‍....'
കേരളത്തിന്റെ ഭൂപടക്കാഴ്ച്ചയ്ക്ക് ഇങ്ങനെയും ഒരു ദൃശ്യവ്യാഖ്യാനം സാധ്യമാണെന്ന ഈ നോട്ടം പുതിയതാണ്. കേരളമെന്ന പച്ചിലയെ നിരന്തരമായി കാര്‍ന്നുതിന്നുകൊണ്ടേയിരിക്കുന്ന പല തരം പുഴുക്കളെ , വികസന വ്യഗ്രതയുള്‍പ്പെടെ, ആണത് ബിംബവല്‍ക്കരിക്കുന്നത്. അവിടെയെല്ലാം അജിതയുണ്ടായിരുന്നു എന്നും അവരുടെ ക്രിയാനിരതമായ തപ്തസാന്നിധ്യമുണ്ടായിരുന്നു എന്നുമാണ് കവിത പറയുന്നത്.

അനിത തമ്പി

തുടര്‍ന്ന് ഒരു ചലച്ചിത്രദൃശ്യത്തിലെന്നപോലെ, ഒരു ഫോണ്‍വിളിയിലേയ്ക്ക് കവിത മുറിയുന്നു. വിളിക്കുന്നത്, കവിത പകുതിയില്‍ നിര്‍ത്തിയ ശേഷം, അതെഴുതുന്ന കവി തന്നെ. വിളിക്കുന്നത് അജിതയെ.
'കെട്ടകാലം, നിരാശയുണ്ടോ?' എന്ന മൂന്നാംചോദ്യത്തിന് അവര്‍ നല്‍കുന്ന മറുപടിയിങ്ങനെ -
'ഇല്ല, ആശയുണ്ട്, അതു തീരുകയില്ല , നീരിനുള്ള
ദാഹം പോലെ, അന്നം തേടി എന്നും വിശക്കുന്ന പോലെ.' നീതിക്കായുളള ഈ തീരാദാഹത്തിലും വിശപ്പിലും സംഗ്രഹിക്കുകയാണ് കവി അജിതയെ, വാചാലത തീണ്ടാതെ, അത്രമേല്‍ കൂര്‍ത്ത നിശിതഭാഷയില്‍.

കവിതയുടെ മൂന്നാം ഖണ്ഡം വീണ്ടും ചിത്രവായനയിലേയ്ക്കു തന്നെ മടങ്ങുന്നു. അപ്പോള്‍ ആ ചിത്രത്തില്‍ അവളൊഴിച്ചുള്ള പത്തുപേര്‍ കാഴ്ച്ചപ്പെടുന്നു. പൊലീസുകാരും അല്ലാത്തവരും. എല്ലാവരും ആണുങ്ങള്‍. എല്ലാവര്‍ക്കും ഒരേ കൂര്‍ത്ത നോട്ടം, അവളുടെ മേല്‍ ലാത്തി പോലെയും ബയണറ്റുപോലെയും ആഞ്ഞു പതിക്കുന്നത്. പക്ഷേ അവരാരും അനങ്ങിയിട്ടില്ല, അതില്‍പ്പിന്നീട്. ഒരേ നോട്ടം, ഒരേ കോലം, ഒരേ പുരുഷധാര്‍ഷ്ട്യം. ഇവിടെയാണ് അനിതയുടെ കവിത, മൂര്‍ച്ചയേറിയ ഒരു രാഷ്ട്രീയപ്രസ്താവനയായി മാറുന്നത്. മാറ്റമില്ലാത്ത ഒരു സമൂഹത്തെയും മാറ്റത്തിനായി പോരാടിക്കൊണ്ടേയിരിക്കുന്ന ഒരുവളേയും അതു വരച്ചിടുന്നു. ചലനവും നിശ്ചലതയും തമ്മിലുള്ള ഈ മുറുക്കമാണ് ' ഈ പടത്തിലെ പെണ്‍കുട്ടി' എന്ന കവിതയുടെ ബലവും ബലതന്ത്രവും. അത് ചിത്രത്തെ ചരിത്രത്തിലേയ്ക്കു മോചിപ്പിക്കുകയും നിശ്ചലതയെ ചലനവുമായി മുഖാമുഖം നിര്‍ത്തി വിചാരണ ചെയ്യുകയും ചെയ്യുന്നു. അഞ്ചരപ്പതിറ്റാണ്ടുകള്‍ക്കു ശേഷം നടക്കുന്ന, ഒരു ചരിത്രമുഹൂര്‍ത്തത്തിന്റെ ജനകീയവിചാരണയാണത്. ഒരു പെണ്ണെഴുത്തുകാരിയിലൂടെ അതു നിറവേറുമ്പോള്‍  മലയാളിയുടെ കഴിഞ്ഞ അരനൂറ്റാണ്ടിനുമേല്‍ വീഴുന്ന പെണ്‍പ്രഹരമായും അതു മാറുന്നു. മറവിക്കെതിരായ ഓര്‍മ്മയുടെ സമരമായി കവിതയെ മാറ്റുന്ന രചനയാണിത്, എം.എം.ലോറന്‍സിനെയും പി.ജെ. ആന്റണിയെയും മുന്‍നിര്‍ത്തി, ഈയടുത്തിടെ, നമ്മള്‍ വായിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളുമായി ചേര്‍ത്തു നിര്‍ത്താവുന്ന, ചരിത്രത്തിന്റെ കാതലും കവിതയുടെ കരുത്തും സംയോജിക്കുന്ന എഴുത്ത്.' നീ പാല്‍ പകര്‍ന്നു കഴിയുവോളം ലോകം അവസാനിക്കില്ല' എന്നു പറയുന്ന, വെര്‍മീറിന്റെ 'പാല്‍ക്കാരി' എന്ന ചിത്രത്തെപ്പറ്റി വിസ്ലാവാ സിംബോര്‍സ്‌ക എഴുതിയ കവിതയെയാണിതോര്‍മ്മിപ്പിക്കുന്നത്. ചിത്രത്തിന്റെ സൗന്ദര്യം മാത്രമായിരുന്നു സിംബോര്‍സ്‌കയുടെ പ്രമേയം; അനിത തമ്പിയുടെ കവിതയാകട്ടെ, ചിത്രമുന്നയിക്കുന്ന രാഷ്ട്രീയവുമായി മുഖാമുഖം നില്‍ക്കുന്നു. കാരണം ഇവിടെ ചിത്രം ഒരു ഫോട്ടൊഗ്രാഫാകുന്നു; ചിത്രത്തിലെ പെണ്‍കുട്ടിയാകട്ടെ, നമ്മുടെ ചരിത്രത്തോടൊപ്പം വളരുകയും മുതിരുകയും ചെയ്ത ഒരുവളും.


 

Content Highlights: Mashipacha, Sajay K.V, K. Ajitha, Anitha Thampy, Mathrubhumi