എങ്ങനെ വൃദ്ധനാകണം? എം.ടിയുടെയും യേശുദാസിന്റെയും പാഠങ്ങൾ; പത്മയുടെയും ഗൊദാർദിന്റെയും

ലോകത്തിൽ വൃദ്ധരുടെ എണ്ണം കൂടുകയാണ്. കുഞ്ചൻ നമ്പ്യാരുടെ 'പഞ്ചേന്ദ്രോപാഖ്യാനം' എന്ന പറയൻ തുള്ളലിൽ ഉൾപ്പെടുന്ന പ്രശസ്തമായ കവിതയാണ് 'കാലനില്ലാത്ത കാലം.' കാലനെ ശിവൻ വധിക്കുന്നതിലൂടെ ലോകത്ത് ആർക്കും മരണമില്ലാതാകുകയും തുടർന്ന് പല്ലും കണ്ണും കാതും ശേഷിയില്ലാതെ അവശരായ വൃദ്ധന്മാരെക്കൊണ്ട് ഭൂമി നിറയുന്ന വിചിത്രവും ഹാസ്യഭരിതമായ അവസ്ഥയുമാണ് ഈ കവിതയിൽ അദ്ദേഹം വർണ്ണിക്കുന്നത്. മഹാകവി ഇങ്ങനെ എഴുതി:
'വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ
ചത്തു കൊൾവതിനേതും കഴിവില്ലാ കാലനില്ല.
മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീല.'