റൊമില ഥാപ്പറും ഉമർ ഖാലിദും നമ്മുടെ നഗ്നതയും

രണ്ടു വായനകളാണ് ഈ ലക്കം 'ആഴ്ചപ്പാടുകളി'ലേക്ക് വഴിവെട്ടിയത്, ഒരു പുസ്തകവായനയും ഒരു അഭിമുഖസംഭാഷണത്തിന്റെ വായനയും. ആ സ്വാധീനത്തിൽ ഉണ്ടായ തോന്നലാണ് നാം ജീവിക്കുന്ന ഇന്ത്യ നാം ജീവിച്ചിരുന്ന ഇന്ത്യയിൽ നിന്ന് എത്ര കണ്ട് മാറിപ്പോയിരിക്കുന്നു എന്നത്. ഓരോരുത്തർക്കും അവരവരുടേതായ ഇന്ത്യകളുണ്ട് എന്ന കാര്യം ഞാൻ സമ്മതിക്കുന്നു. അതായത് ഓരോ ഇന്ത്യാക്കാരനും ഓരോന്നെന്ന രീതിയിൽ വിവിധ ഭാരതങ്ങളുണ്ട് എന്നർത്ഥം. ഈ വൈവിധ്യത്തിന്റെ മഴവിൽ സാധ്യതയെ 'ഒറ്റ രാജ്യം ഒറ്റ ജനത' എന്ന ഒരു കാർമേഘപടലം ഇപ്പോൾ മൂടുകയാണ്. ചിലർക്ക് ഈ പുതിയ 'ഒറ്റ രാജ്യം' മനോരഞ്ജകമായിരിക്കാം. ഇക്കാണുന്നത് ഇരുണ്ട മേഘപടലമല്ല, മറിച്ച് പുതിയ സൂര്യോദയമാണെന്ന് അവർ വിശ്വസിക്കുന്നു. പതിറ്റാണ്ടുകളായി അവർ കാത്തിരുന്ന സ്വപ്നരാജ്യത്തിന്റെ ഉദയമായിരിക്കാം അത്. എന്നാൽ, മറ്റു ചിലർക്ക് ഈ മേഘചലനം പ്രശസ്തമായ ബുനുവൽ- സാൽവദോർ ദാലി ചിത്രത്തിൽ കണ്ണിന്റെ കൃഷ്ണമണിയെ മുറിക്കുന്ന ബ്ലേഡിന്റെ ചടുലനീക്കം പോലൊന്നാണ്, ഇന്ത്യയുടെ കൃഷ്ണമണിക്കു കുറുകേ ഒരു സ്‌റ്റൈൻലെസ്സ് സ്റ്റീൽ ബ്ലേഡിന്റെ പായൽ.
ഇന്ത്യയുടെ രാഷ്ട്രീയ ബോധവേദിയിൽനിന്ന് പതുക്കെ പിൻവാങ്ങിക്കൊണ്ടിരിക്കുന്ന പുരോഗമന ജനാധിപത്യ മനഃസാക്ഷിയുടെ ഒരു യുഗസാക്ഷ്യമാണ് റൊമില ഥാപ്പറുടെ ആത്മകഥ. പണ്ട് വി.സി. ബാലകൃഷ്ണപ്പണിക്കരുടെ 'ഒരു വിലാപ'ത്തെക്കുറിച്ച് പറയവേ ലീലാവതി ടീച്ചർ പറഞ്ഞ വാചകമുണ്ട്, 'പാതിവ്രത്യ പ്രതാപക്കൊടിയുടെ ചരടേ തുടങ്ങിയ വരികളിൽ അണിയറയിലേക്കു പിൻവാങ്ങുന്ന നിയോ ക്ലാസ്സിസിസത്തിന്റെ കിരീടാഗ്രം കാണാം' എന്ന്. അതുപോലെ ഇന്ത്യൻ രാഷ്ട്രീയ ബോധവേദിയിൽനിന്ന് പിൻവാങ്ങുന്ന പുരോഗമന ജനാധിപത്യ ബോധത്തിന്റെ കിരീടാഗ്രമാണ് റൊമില ഥാപ്പറുടെ ആത്മകഥ. Just Being എന്ന പുസ്തകം വായിച്ചു തീർന്നപ്പോഴാണ് ജൂൺ മുപ്പതാം തീയതി ഗാർഡിയൻ ദിനപ്പത്രം പ്രസിദ്ധീകരിച്ച ഒരു അഭിമുഖസംഭാഷണം വായിക്കാനിടയായത്. വിചാരണത്തടവുകാരനായ ഉമർ ഖാലിദ് 2020-ൽ ജയിലിൽ അടയ്ക്കപ്പെട്ടതിനു ശേഷം ആദ്യമായി നൽകിയ ഈ അഭിമുഖ സംഭാഷണം നടത്തിയത് ഗാർഡിയൻ പത്രത്തിന്റെ ദക്ഷിണേഷ്യൻ പ്രതിനിധിയായ ഹന്നാ ഇല്ലിസ് -പീറ്റേഴ്സൺ ആണ്. ചുരുക്കിപ്പറഞ്ഞാൽ, ഒരു സവിശേഷ ഇന്ത്യയെ വിഭാവനം ചെയ്ത ഭാവനാലോകം പതുക്കെ പിൻവാങ്ങുന്നതും ആ ഭാവനാലോകത്തെ ഇന്നും കൈവിടാതെ ജീവിക്കുന്നവർ അനുഭവിക്കുന്ന ഏകാന്തതയുമാണ് ഈ ആത്മകഥയും ഈ അഭിമുഖസംഭാഷണവും.
Content Highlights: Analysis of the shifting landscape of Indian democracy through the lens of Romila Thapar's memoir., Reflections on Umar Khalid’s 2026 prison experience and his connection to Dostoevsky's House of the Dead., Critique of how political labeling strips individuals of their fundamental humanity., The role of literature in reclaiming the human identity from societal stereotypes.