‘പത്മരാജന്റെ ഭൗതികശരീരം പോസ്റ്റുമോർട്ടം ചെയ്യുവാനൊരുങ്ങവേ വിങ്ങിപ്പോയ കാര്യം ഡോ. ഷെർലി വാസു പറഞ്ഞു’

#എം സിദ്ധാർഥൻ
ഡോ. ഷെർലി വാസു
ഡോ. ഷെർലി വാസു

ജീവിച്ചിരിക്കുന്ന മനുഷ്യരെത്തന്നെ മനസ്സിലാക്കാൻ പ്രയാസമാണ്. അപ്പോൾ മരിച്ചു പോയവരെയോ? ലോകം വിട്ടുപോയവരുടെ ശബ്ദമായിരുന്ന ഡോ. ഷെർലി വാസു എന്നേക്കുമായി നിശ്ശബ്ദയാകുമ്പോൾ വീണ്ടും മനസ്സിലേക്കെത്തുന്ന ചോദ്യമാണത്. രണ്ട് പതിറ്റാണ്ടിനു മുമ്പ് ഒരു വൈകുന്നേരം പച്ചക്കുതിര മാഗസിൻ എഡിറ്ററായ ജയ്ദേവ് കെവിയും ഞാനും മാവൂർ റോഡിലുള്ള ഒരു ചായക്കടയിൽ നിൽക്കുകയായിരുന്നു. സംസാരത്തിനിടെ ജയ്ദേവ് പറഞ്ഞു:

"അടുത്ത ലക്കം പച്ചക്കുതിരക്കുള്ള ലീഡ് ആർട്ടിക്കിൾ ഒന്നുമായിട്ടില്ലടോ. ഒരു ഡോക്ടറെ കിട്ടിയ നന്നായിരുന്നു. അതും മൃതശരീരങ്ങളെ പരിശോധിക്കുന്ന ഡോക്ടർ."

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഒരു സ്ത്രീയാണെന്ന് പെട്ടെന്ന് എനിക്ക് ഓർമ്മ വന്നു. എത്രയോ പോസ്റ്റുമോർട്ടങ്ങൾ ഇതിനോടകം അവർ നടത്തിയിട്ടുണ്ടാവാം! അക്കാര്യം കേട്ടയുടൻ ജയ്ദേവ് ഉഷാറായി. എങ്ങനെ അവരെ കോൺടാക്ട് ചെയ്യുമെന്നുള്ളതായി പിന്നെ ഞങ്ങളുടെ ചർച്ച. മുൻ കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ കൃഷ്ണൻ എനിക്ക് വളരെ അടുത്ത പരിചയമുള്ള ആളാണ്. അദ്ദേഹം ധാരാളം പുസ്തകങ്ങൾ വാങ്ങുകയും വായിക്കുകയും ചെയ്യുന്നയാളായതുകൊണ്ടുതന്നെ എനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ആ വഴിയിൽ ഒരു അന്വേഷണം നടത്താം എന്നു തീരുമാനിച്ചു.

ഡോ. കൃഷ്ണൻ അപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആയിരുന്നു. ഞങ്ങൾ അദ്ദേഹത്തെ പോയിക്കാണുകയും കാര്യം അവതരിപ്പിക്കുകയും ചെയ്തു.

“ ഷെർലി യെ ആണോ! കുറച്ചു ബുദ്ധിമുട്ടായിരിക്കും. കാരണം അവര് ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ ഒരു താല്പര്യവുമുള്ള ആളല്ല. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട് മെഡിക്കൽ കോളേജിനകത്താണെങ്കിലും ഡിപ്പാർട്മെൻറ് വേറെയാണ്. അത് പോലീസിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെൻ്റാണ്. അവര് പോലീസ് സർജൻ ആണ്. ഒരു കാര്യം ചെയ്യാം. സിദ്ധാർത്ഥന് ഞാനൊരു എഴുത്തു തരാം. നിങ്ങളതുമായി പോയൊന്ന് ശ്രമിച്ചുനോക്കൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ" ഡോക്ടർ പറഞ്ഞു.

ആ കത്തുമായി ഞാനും ജയ്ദേവും കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയുടെ മുൻപിലെത്തി. അവിടെ കുറെ ആളുകൾ നിൽപ്പുണ്ടായിരുന്നു രണ്ടുമൂന്നു ആംബുലൻസുകളും. മോർച്ചറിക്കു മുന്നിലെ വലിയ മരത്തിന്റെ മരവിച്ച തണലിൽ വിറങ്ങലിച്ച മുഖവുമായി നിൽക്കുന്ന കുറെ മനുഷ്യർ. ആ മരത്തിന്റെ നിഴലുകൾ പോലും ചലനമറ്റ് നിർജീവമായി കാണപ്പെട്ടു. ആകെ വല്ലാത്ത അവസ്ഥ. സാധാരണ മനുഷ്യർക്കൊക്കെ അവിടം അങ്ങനെയായിരിക്കുമല്ലോ. മോർച്ചറി എന്ന പേര് പോലും എനിക്ക് ഭയമായിരുന്നു.

ഉള്ളിലേക്ക് നീണ്ട ഇരുണ്ട ഇടനാഴിയുടെ മുന്നിൽ ഒരു കാവൽക്കാരൻ നിന്നിരുന്നു. അയാളോട് ഡോക്ടർ ഷെർലി വാസു സ്ഥലത്തുണ്ടോ എന്നന്വേഷിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ഡോക്ടറെ കാണാൻ എന്താണ് മാർഗം? കൃത്യമായ ഒരു മറുപടി ലഭിക്കാത്തതു കാരണം ഞാൻ കൃഷ്ണൻ ഡോക്ടറുടെ കത്തെടുത്ത് അയാളെ കാണിച്ചു. മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ കത്താണെന്നും അത്യാവശ്യമായിട്ട് ഒന്ന് ഡോക്ടറെ കാണണമെന്നും പറഞ്ഞു.

"ഷെർലി മാഡം ക്വാർട്ടേഴ്സിലാണ്."

അയാളൊന്നു മയപ്പെട്ടുവെന്നു തോന്നി.

ഞാനും ജയ്ദേവും അവിടെയുണ്ടായിരുന്ന അറ്റൻഡറും കൂടിയാണ് ഡോക്ടറുടെ ക്വാർട്ടേഴ്സിലേക്ക് പോയത്. കൂടെ വന്ന അറ്റൻഡർ ഞങ്ങളെ മുറ്റത്തുതന്നെ നിർത്തിയിട്ട് ക്വാർട്ടേഴ്‌സിന്റെ മുൻവശത്തേക്ക് ചെന്ന് കോളിങ് ബെല്ലടിച്ചു കാത്തുനിന്നു. നൈറ്റി ധരിച്ച ഒരു സ്ത്രീ പുറത്തേക്ക് വന്നു. ഞങ്ങൾ മുന്നോട്ട് ചെന്ന് ഷെർലി ഡോക്ടറെ കാണണമെന്ന് പറഞ്ഞു.

“ഞാൻ തന്നെയാണ് ഷെർലി. എന്താ വന്നത്?”

"ഞങ്ങൾക്ക് ഡോക്ടറുടെ ഒരു ഇന്റർവ്യൂ വേണമായിരുന്നു മാഗസിനിലേക്ക്.."

ഞങ്ങൾ വളച്ചുകെട്ടൊന്നുമില്ലാതെ ആവശ്യം പറഞ്ഞു. അവരുടെ മറുപടി ഇപ്രകാരമായിരുന്നു.

“ഞാൻ ഇത്തരം കാര്യങ്ങൾ ഒന്നും താല്പര്യമുള്ള ഒരാൾ അല്ല. അതുകൊണ്ട് ക്ഷമിക്കണം. ഒരു ഇന്റർവ്യൂവിന് ഞാനിപ്പോ തയ്യാറല്ല.”.

അതു പ്രതീക്ഷിച്ചിരുന്നതിനാൽ പിന്നീട് ഒട്ടും സമയം കളയാതെ കൃഷ്ണൻ സാറിന്റെ കത്തെടുത്ത് ഡോക്ടർക്ക് കൊടുത്തു.

"അയ്യോ, കൃഷ്ണൻ സാറും കത്ത് തന്നോ?"

ഡോക്ടർ അങ്കലാപ്പിലായെന്നു കണ്ടപ്പോൾ ഞങ്ങൾ സമാധാനിപ്പിക്കാനായി പറഞ്ഞു . “വിവാദങ്ങളോ സെൻസേഷനുവേണ്ടിയുള്ള കാര്യങ്ങളോ അല്ല ഞങ്ങൾക്ക് വേണ്ടത്. നിലവിൽ പോസ്റ്റുമോർട്ടത്തിന്റെ രീതികളെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് യാതൊരു അറിവും ഇല്ല എന്നതാണ് വസ്തുത. മോർച്ചറിയിൽ എന്താണ് നടക്കുന്നതെന്ന കൃത്യമായ ധാരണ ആർക്കുമില്ല. അതിനെക്കുറിച്ച് ആ മേഖലയിലുള്ള ഒരാൾ സംസാരിച്ചാൽ ഇതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാനെങ്കിലും അത് ഉപകരിച്ചേക്കാം. വിവാദ വിഷയങ്ങളൊന്നും ഇതിലേക്ക് ആവശ്യമില്ല. "

ഡോക്ടർക്ക് അത് ബോധ്യപ്പെട്ടുവെന്ന് മുഖഭാവം കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി.

“ഇനിയിപ്പോ എന്താ ചെയ്യാ നിങ്ങൾ ഇങ്ങനെ നിർബന്ധിക്കുമ്പോ. ഇത്തരം കാര്യങ്ങൾ മാത്രം മതിയെങ്കിൽ ശരി. നിങ്ങൾ ഇദ്ദേഹത്തിന്റെ കൂടെ അവിടേക്ക് തന്നെ തിരിച്ചു ചെല്ലുക. ഞാൻ വേഷം ഒന്നു മാറിയിട്ട് അങ്ങോട്ടേക്ക് വരാം”.

അവർ നിർദ്ദേശിച്ചതനുസരിച്ച് ഞങ്ങൾ തിരിച്ച് മോർച്ചറിയുടെ മുൻവശത്തെത്തി. അവിടം തിരക്കുകൾ ഒഴിഞ്ഞ് ശൂന്യമായി കിടന്നിരുന്നു. ആ ദിവസത്തെ പരേതരുമായുള്ള അവസാന വണ്ടിയും പോയിക്കഴിഞ്ഞിരുന്നു.

ഇരുണ്ട ഇടനാഴിയിലൂടെ നേരെ നടന്നെത്തുമ്പോൾ ഇടതുവശത്താണ് ഡോക്ടറുടെ മുറി. വലതുവശത്ത് പോസ്റ്റുമോർട്ടം നടക്കുന്ന വലിയ ഹാൾ. ഡോക്ടറുടെ മുറിയുടെ സമീപത്തായി ഞങ്ങൾ കാത്തുനിന്നു. കുറച്ചുസമയത്തിനുശേഷം ഡോ. ഷെർലി അവിടെ എത്തിച്ചേർന്നു. മോർച്ചറിയിലേക്ക് നടന്നുനീങ്ങുന്ന ഇടനാഴിയിൽ വല്ലാത്തൊരു ഗന്ധം തങ്ങിനില്പുണ്ട്. എന്നാലും അവിടം വൃത്തിഹീനമായിരുന്നില്ല. ഡോക്ടറുടെ മുറിയാകട്ടെ വളരെ വൃത്തിയോടെയും വെടിപ്പോടെയും ഭംഗിയായി ക്രമീകരിച്ചിട്ടുണ്ടായിരുന്നു.

പോസ്റ്റ്മോർട്ടത്തിന്റെ വിവിധ വശങ്ങൾ വിശദീകരിച്ചു കൊണ്ടായിരുന്നു തുടക്കം. അന്നുവരെ അറിയാത്ത നിരവധി കാര്യങ്ങൾ ! എത്രമാത്രം കരുതലോടെയും സൂക്ഷ്മതയോടെയും ചെയ്യുന്ന പ്രവൃത്തിയാണ് അതെന്ന് അതോടെ മനസ്സിലായി. അതിന്റെ രീതികൾ എത്രത്തോളം സാങ്കേതികവും ഗഹനവും ശാസ്ത്രീയവുമാണെന്ന് ബോധ്യപ്പെട്ടു. എല്ലാത്തിനുമുപരി ഓരോ ചെറുനീക്കവും എത്രത്തോളം നീതിപൂർണ്ണമാണെന്ന് അമ്പരന്നു. ജയ്ദേവിന്റെ ഗൗരവമുള്ള ചോദ്യങ്ങൾ, കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ. ഡോക്ടറുടെ ഓർമ്മയുടെ കണിശത, ഞങ്ങളെ അത്ഭുതപ്പെടുത്തി.

ഫോറൻസിക്കിലേക്ക് എത്തിപ്പെട്ട സാഹചര്യത്തെപ്പറ്റിയും, പടിപടിയായി പഠിച്ചെടുത്തതിനെപ്പറ്റിയും വൈദഗ്ധ്യം നേടിയതിനെപ്പറ്റിയും വളരെ വ്യക്തതയോടെയാണ് ഡോക്ടർ ഷെർലി വാസു ഞങ്ങളോട് വിശദീകരിച്ചത്. തന്റെ പോസ്റ്റുമോർട്ടം ടേബിളിൽ നിർജീവമായി കിടക്കുന്ന മനുഷ്യരെ മൃതശരീരങ്ങളായല്ല ദൗർഭാഗ്യം കൊണ്ട് ചേതനയറ്റുപോയ സഹജീവികളായാണ് അവർ കണ്ടത്. പത്മരാജന്റെ ഭൗതികശരീരം പോസ്റ്റുമോർട്ടം ചെയ്യുവാനൊരുങ്ങവേ വിങ്ങിപ്പോയ കാര്യം ഡോക്ടർ പറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ചുറ്റിലും നിന്ന് നോക്കുന്നതായുള്ള തോന്നലിനെപ്പറ്റി ഒരു നല്ല വായനക്കാരി കൂടിയായിരുന്ന അവർ പറഞ്ഞപ്പോൾ ഞങ്ങൾക്കും അതെവിടെയൊക്കെയോ തറച്ചു.

"ഓരോ മൃതദേഹവും എനിക്ക് ഗുരുതുല്യമാണ്. കാരണം ഓരോന്നിലും പുതിയത് എന്തെങ്കിലുമൊക്കെ പഠിക്കാൻ ഉണ്ടാകും. നമ്മളെപ്പോലെ തന്നെ കുറച്ചു മണിക്കൂറുകൾക്കു മുൻപേ വരെ ഓടിച്ചാടി നടന്ന, പലവിധ കാര്യങ്ങൾ ചിന്തിച്ചുനടന്ന ആളുകളൊക്കെ തന്നെയാണ് എന്റെ മുന്നിൽ ഈ പോസ്റ്റ്മോർട്ടം ടേബിളിൽ വന്നു കിടക്കുന്നത് എന്ന പൂർണബോധ്യം എനിക്കുണ്ട്. അതുകൊണ്ടുതന്നെ അവർ അർഹിക്കുന്ന രീതിയിലുള്ള എല്ലാ ബഹുമാനവും അവർക്ക് നൽകും.”

അസ്വാഭാവിക മരണത്തിന്റെ തണുപ്പിലേക്ക് വഴുതിപ്പോയവർ, എടുത്തെറിയപ്പെട്ടവർ, അരുംകൊലക്ക് ഇരയായവർ, സ്വയംവരിച്ചവർ. എന്താണെന്നും എങ്ങനെയെന്നും എന്തിനാണെന്നുമുള്ള വലിയ ചോദ്യമവശേഷിപ്പിച്ചുകൊണ്ട് അവർകടന്നു പോകുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യകൾ കൊലപാതകങ്ങളാവുന്നു. കൊലപാതകമെന്നുകരുതിയവ പലതും ആത്മഹത്യയോ സ്വാഭാവിക മരണമോ ആവുന്നു. ഉറ്റവർക്കും ഉടയവർക്കും എന്നെന്നേക്കും ബാക്കിയാവുമായിരുന്ന വലിയ ചോദ്യങ്ങൾക്ക് നീതിഭദ്രവും യുക്തിസഹവുമായ മറുപടി നൽകുന്ന പരേതാത്മാക്കളുടെ ന്യായാധിപയായിരുന്നു ഫോറൻസിക് സർജ്ജൻ ഡോക്ടർ ഷെർലി വാസു.

സുദീർഘമായ സംഭാഷണത്തിനൊടുവിൽ ഞാനും ജയ്ദേവും അവിടെനിന്ന് പുറത്തേക്കിറങ്ങി. ഇടനാഴിയിൽ വെളിച്ചം പരന്നിരുന്നു. കാർമേഘം പെയ്തൊഴിഞ്ഞപോലെ മരത്തിന്റെ നിഴലുകളും മാഞ്ഞുപോയിരുന്നു. ഞങ്ങൾ പരസ്പരം സംസാരിച്ചില്ല, സംസാരിക്കാനാവുമായിരുന്നില്ല.

പിറ്റേന്ന് ഞാനും ഫോട്ടോഗ്രാഫർ പ്രെസിയും (പ്രെസി എക്സ്പ്രെഷൻസ്) വീണ്ടും ഡോക്ടറുടെ അടുത്തെത്തി. കുറേ പടങ്ങൾ എടുത്തു. അരമണിക്കൂറോളം വീണ്ടും സംസാരിച്ചു. ജയദേവിന് അയച്ചുകൊടുത്തു. അടുത്ത ലക്കം പച്ചക്കുതിരയിൽ കവർ സ്റ്റോറിയായി അത് പ്രസിദ്ധീകരിക്കപ്പെട്ടു.

മാതൃഭൂമി ബുക്സിലെ സുഹൃത്തായ സുരേഷിനോട് ഈ അനുഭവം പങ്കു വച്ചപ്പോൾ ഡോക്ടറെക്കണ്ട് റിട്ടയർമെന്റിനു ശേഷമുള്ള കാര്യങ്ങൾ കൂടിച്ചേർത്ത് ഒരു ലേഖനമെഴുതണമെന്ന് എന്നോടുപറഞ്ഞിരുന്നു. നാളെ നാളെയെന്ന് അതു നീണ്ടു. ദിവസങ്ങൾക്കിപ്പുറം ഡോക്ടറുടെ ചരമവാർത്തയാണ് കേൾക്കാനിടയായത്. ഈ കുറിപ്പിനകത്ത് ഡോക്ടറുടെ അകാലവിയോഗം എഴുതേണ്ടി വന്നത് എന്നെ ഏറെ അസ്വസ്ഥനാക്കുന്നു.

എത്രയോ മെഡിക്കൽ വിദ്യാർഥികൾക്ക് ഓട്ടോപ്സി പഠിപ്പിച്ച ഗുരു. ഏറെക്കാലം ജോലി ചെയ്ത അതേ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം ടേബിളിൽ താനും എത്തിയേക്കാമെന്ന് വിദൂരമായ ഒരു തോന്നൽ അവർക്കുണ്ടായിരുന്നു. അത് സൂചിപ്പിച്ചിട്ടുമുണ്ട്. "ഓരോ കെഡാവറും ഗുരുതുല്യമാണ്" എന്ന സന്ദേശം തന്റെ മരണത്തിലും പിൻഗാമികൾക്കായി അവർ കാത്തുവെച്ചിരിക്കണം. വിചിത്രമാണ് മനുഷ്യജീവിതം.

Content Highlights: Remembering Forensic Surgeon Dr.Sherly Vasu