ഒരിക്കല്‍ ആദര്‍ശത്തിന്റെ തീപ്പന്തമായിരുന്ന കവി, പിന്നീടൊരു ചിമ്മിനിവിളക്കിന്റെ സൗമ്യനാളമായി

#സജയ് കെ.വി.
പി. ഭാസ്‌കരന്‍ | ഫോട്ടോ: കെ.കെ. സന്തോഷ്‌
പി. ഭാസ്‌കരന്‍ | ഫോട്ടോ: കെ.കെ. സന്തോഷ്‌

ഗാനരചയിതാവായ പി. ഭാസ്‌കരനോളം സുപരിചിതനല്ല മുഴുവന്‍ മലയാളിക്കും കവിയായ പി. ഭാസ്‌കരന്‍. എങ്കിലും അദ്ദേഹം തന്റെ യൗവനാരംഭത്തിലെഴുതിയ ഒരു കവിത, ആ ഗാനങ്ങളോളം തന്നെ പ്രചാരം നേടി. ആ കാവ്യശീര്‍ഷകമെങ്കിലും കേട്ടിട്ടില്ലാത്ത, അതിലെ ചില ഈരടികളെങ്കിലും ഹൃദിസ്ഥമല്ലാത്ത മലയാളികള്‍ വിരളമായിരിക്കും.' വയലാര്‍ ഗര്‍ജ്ജിക്കുന്നു' ആണ് ആ കവിത.
'ഉയരും ഞാന്‍ നാടാകെ,
പടരും ഞാന്‍, ഒരു പുത്ത-
നുയിര്‍ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും' 
എന്ന ആ കവിതയില്‍ പലപാട് പല്ലവിപോലെ ആവര്‍ത്തിക്കുന്ന ഈരടികളില്‍ ഒരിക്കലും വറ്റാത്ത ഒരു ചോരത്തുള്ളി പോലെ കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയ ചരിത്രത്തില്‍ വീണുതിളങ്ങുന്ന പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ വീരസ്മരണയാണ് കൊത്തിവച്ചിരിക്കുന്നത് കവി. 

നമ്മുടെ ഭാഷയിലെ ഏറ്റവും പ്രചാരം നേടിയ രാഷ്ട്രീയകവിത എന്നു പറയാവുന്ന ആ സമരഗാഥ രചിക്കുമ്പോള്‍ യൗവനത്തില്‍ കാലൂന്നിയിട്ടേ ഉണ്ടായിരുന്നുള്ളു അതെഴുതിയ കവി. ഇടതുപക്ഷരാഷ്ട്രീയമായിരുന്നു ഭാസ്‌കരന്റെ കവിതയുടെ മഷിപ്പാത്രം, അതിന്റെ പ്രാരംഭഋതുവില്‍. കാല്പനികതയുടെ ലോലതന്ത്രികളെ വലിച്ചുകെട്ടിയ വില്‍ഞാണിന്റെ വിജൃംഭിതവീര്യമാക്കി മാറ്റുകയായിരുന്നു ആ തരുണകവി.

'വില്ലാളി' എന്നുതന്നെയായിരുന്നു ആ കാലയളവില്‍ അദ്ദേഹമെഴുതിയ ഒരു കവിതയുടെ പേര്. ആ കവിതയില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു-
'വില്ലാളിയാണു ഞാന്‍; ജീവിതസൗന്ദര്യ-
വല്ലകി മീട്ടലല്ലെന്റെ ലക്ഷ്യം.
കാണാമെന്‍ കൈകളില്‍ പാവനാദര്‍ശത്തിന്‍
ഞാണാല്‍ നിബന്ധിച്ച ഭാവനയെ'.

ഈ രാഷ്ട്രീയം രണ്ടുതരത്തിലാണ് ഭാസ്‌കരന്റെ കവിതകളില്‍ തുടര്‍ന്നത്. ഒന്ന്,' ചെങ്കാളിയപ്പന്‍','ജോര്‍ജ്ജ് ചടയന്‍മുറി' തുടങ്ങിയ യൗവനത്തിലെ സഖാക്കളേക്കുറിച്ചുള്ള ഓര്‍മയെഴുത്തിന്റെ രൂപത്തില്‍; മറ്റൊന്ന് തന്റെ തന്നെ രാഷ്ട്രീയഭൂതകാലത്തെ ഓര്‍മിച്ചെഴുതുന്ന രൂപത്തിലും. മികച്ച രാഷ്ട്രീയകവിതകളാണ് ആദ്യം പേര് പറഞ്ഞവ രണ്ടും. കവിതകളുടെ ശീര്‍ഷകങ്ങളായി മാറിയ ആ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തകരെ വ്യക്തികളെന്നപോലെ ഗണനാമങ്ങളായും ഉപയോഗിക്കുന്നു എന്നതാണ് ആ കവിതകളുടെ സവിശേഷത. 

മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കവി 'കാളിയപ്പന്‍' അഥവാ 'ചെങ്കാളിയപ്പന്‍' എന്ന ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകനെ കാണുന്നത്; പിന്നീട് കണ്ടിട്ടേയില്ല. ഇപ്പോള്‍ അയാള്‍ ആരാകും, എവിടെയാകും എന്നീ ചോദ്യങ്ങള്‍ക്ക് കവി ഇങ്ങനെ ഉത്തരം കണ്ടെത്തുന്നു-
'കാളി മരിച്ചോ, കറുത്ത ശരീരത്തെ
ആറടി മണ്ണു വിഴുങ്ങി കഴിഞ്ഞുവോ?
ഏതോ ജനപദസീമയില്‍, കൂരയില്‍
കാളിയിപ്പൊഴും മരിച്ചു ജീവിപ്പിതോ?
ഏതോ തെരുവില്‍ വിദേശവസ്തുക്കളെയേറുമാടക്കടയില്‍ വില്‍ക്കുന്നുവോ?
പല്ലുകള്‍പോയി സട പോയിയിന്നവന്‍
ദില്ലിയിലെങ്ങാനുമുണ്ടോ? പൊടുന്നനെ
പാര്‍ലിമെണ്ടംഗമായ്‌പ്പോയോ?
എമ്മെല്ലെയായിത്തല സ്ഥാനവീഥിയില്‍
ധര്‍ണയുദ്ഘാടനം ചെയ്യുന്നതുണ്ടോ?
വീടു പണിഞ്ഞതിന്‍ ഗേറ്റു, മുതലാളി
സംഭാവനയാ,യയച്ചതു വയ്ക്കുവാന്‍
പെര്‍മിറ്റു കിട്ടാന്‍, സിമന്റു കിട്ടാന്‍ വേണ്ടി
ധര്‍മസമരം നടത്തുകയാകുമോ?
കാഷായവസ്ത്രാവലംബിയായ്, ദൂരമാം
കാശിയിലോ ഹൃഷീകേശത്തിലോ പോയി
മുക്തിക്കു ഭക്തികവചം ധരിച്ചുവോ...
ചീത്ത സിനിമയ്ക്കു പാട്ടെഴുതുന്നുവോ,
മണ്ഡലം തോറും മല ചവിട്ടുന്നുവോ...
ചെങ്കാളിയപ്പനിന്നെങ്ങോ...?'

ത്യാഗിയായ ഒരു വിപ്ലവകാരിയുടെ പില്‍ക്കാലത്തെ സഹാനുഭൂതിയും തെല്ല് പരിഹാസവും ആത്മപരിഹാസവും കലര്‍ന്ന ഭാഷയില്‍ പല സാധ്യതകളായി അവതരിപ്പിക്കുകയാണ് കവി, ഇവിടെ. നിസ്വതയിലോ വിസ്മൃതിയിലോ അടിഞ്ഞേക്കാം അയാള്‍. ചിലപ്പോള്‍ ആത്മീയവാദിയായി മാറിയിട്ടുണ്ടാകാം. ചിലപ്പോള്‍ അധികാരസോപാനങ്ങള്‍ കയറി, എം.പി.യോ എം.എല്‍.എയോ ആയി കഴിയുന്നുണ്ടാവാം. ചിലപ്പോഴൊരു പ്രാരബ്ധക്കാരന്‍ അഥവാ ഭക്തന്‍. ഇനിയും മറ്റൊരു സാധ്യത പ്രവചിക്കുന്നിടത്താണ് പി. ഭാസ്‌കരനിലെ നൂറു ശതമാനം സത്യസന്ധനായ രാഷ്ട്രീയകവി, ആത്മപരിഹാസത്തിന്റെ അമ്ലദ്രവത്താല്‍ സ്വയം അഭിഷിക്തനാകുന്നത്.

'ചീത്ത സിനിമയ്ക്കു പാട്ടെഴുതുന്നുവോ?' എന്നതാണാ വരി. ആദര്‍ശനഷ്ടത്താല്‍ താനായിത്തീര്‍ന്നതിനെ ഇതിലും മുന കൂര്‍ത്ത ഭാഷയില്‍ എങ്ങനെ വാങ്മയപ്പെടുത്തും ഒരു കവി?

കാളിയപ്പന്റെ ശതാവതാരങ്ങളെക്കുറിച്ചും കവിതയില്‍ തുടര്‍ന്നെഴുതുന്നുണ്ട്, ഭാസ്‌കരന്‍-
'ചെങ്കാളിയപ്പന്‍ പുനര്‍ജ്ജന്മമാര്‍ന്നുവോ?
പിന്നെയും പിന്നെയും നാനാവതാരങ്ങള്‍,
നാനാസ്വരൂപങ്ങളായിപ്പിറന്നവര്‍
റഷ്യയില്‍,ചീനയില്‍, കമ്പോഡിയയിലും
ക്യൂബയില്‍, പ്പിന്നെ വിയറ്റ്‌നാമിലും ചെന്നു
ലോകൈകവിപ്ലവസാഗരധാരയി-
ലാകെയിരമ്പും നുരകളിലൊന്നായി,
പിന്നെ വളര്‍ന്നു ഭടനായി നവ്യമാം
പോര്‍ച്ചട്ടയിന്നു ധരിക്കുകയാവുമോ?
പണ്ടത്തെ ഗാനം കുഴിച്ചുമൂടുന്നുവോ?
രണ്ടായി, മൂന്നായി, ലക്ഷോപലക്ഷമായ്
ചെങ്കാളിയപ്പനും ചെങ്കാളിയപ്പനും
ചെങ്കാളിയപ്പനും നില്‍ക്കുകയാവുമോ,
അന്യോന്യമായ് തോക്കു ചൂണ്ടിയൊരുപിടി
മണ്ണു രക്ഷിക്കുവാന്‍ നില്‍ക്കുകയാവുമോ?'

എല്ലാ വിമോചനപ്പോരാട്ടങ്ങളിലും ഒരു ചെങ്കാളിയപ്പനുണ്ടാകുമെന്ന പ്രത്യാശയാണ്, അയാള്‍ ബഹുവചനപ്പെട്ട ഒരു വ്യക്തിനാമമാണെന്ന രാഷ്ട്രീയജ്ഞാനമാണ് ഈ വരികളുടെ കാവ്യോര്‍ജ്ജം; നിരന്തരമായ അധികാരലീലയുടെ ചതുരംഗപ്പലകയില്‍ വെറുമൊരു കാലാളായി, കരുവായി അയാള്‍ ഇപ്പോഴും തുടരുന്നുണ്ടാവുമെന്ന മ്ലാനമായ ബോധ്യത്തിലാണ് ഈ കവിത അവസാനിക്കുന്നത് എങ്കിലും. 

ജോര്‍ജ്ജ് ചടയന്‍മുറിയാണ് കവിയുടെ ഓര്‍മകളില്‍ വീറോടെ ജ്വലിച്ചു നില്‍ക്കുന്ന മറ്റൊരു വിപ്ലവനാളം. ആരായിരുന്നു അയാള്‍ എന്നതിന്റെ ഒരു നഖചിത്രം കവിതയിലെ ഈ വരികളില്‍ക്കാണാം-
'ഇരുണ്ട ബ്രിട്ടീഷിന്ത്യയിലിടിയും
മിന്നലുമേറ്റിക്കൊണ്ടേ-
യിരുന്ന മാമലനാട്ടിലുറങ്ങിയ
ചെറിയൊരു കൊച്ചിക്കുള്ളില്‍
നിരന്ന തെങ്ങുകള്‍ നീര്‍ത്തിയ നീല-
ക്കുടകള്‍ക്കെല്ലാം മേലേ
ഇരുട്ടിലേറിച്ചെങ്കൊടി നാട്ടീ
ചടയന്മാര്‍ ചിലര്‍ പണ്ടേ'.
ഇവിടെ ചടയനും ഒരു ബഹുവചനമാണ്. അയാള്‍ ബഹുവചനപ്പെടുന്ന മറ്റൊരു സന്ദര്‍ഭവും കവിതയില്‍ക്കാണാം-
'കാറില്‍ച്ചാരിയിരുന്നു ഗമിക്കും
നേരവുമെന്നുടെ കണ്ണില്‍-
ക്കാണും ഞാന്‍ ചടയന്‍മുറിമാര്‍
കൈവണ്ടിവലിക്കും കാഴ്ച്ച'.

ഒരിക്കല്‍ അവര്‍ ഒരുമിച്ചായിരുന്നു ത്യാഗോജ്ജ്വലമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മുള്‍പ്പാതകളില്‍ സഞ്ചരിച്ചത്; ചടയന്‍ മുന്നിലും യുവാവായ ഭാസ്‌കരന്‍ പിന്നിലും. കവി പിന്നിട്ട രാഷ്ട്രീയകാലത്തിന്റെ ഒരുജ്ജ്വലചിത്രം ഈ കവിതയിലും കാണാം-
'വിശപ്പു തിന്നേന്‍;വീടു വെടിഞ്ഞേന്‍;
ഉറ്റവരുടയവരെല്ലാം
നനഞ്ഞ കണ്ണായ് നോക്കിയിരിക്കെ
നാടു മുഴുക്കെയലഞ്ഞേന്‍;
ചെരിപ്പു വാങ്ങാന്‍ കാശില്ലാതെ
പൊള്ളും കാലില്‍ നടന്നേന്‍;
കിടക്കുവാനൊരു പായില്ലാതെ
ലോക്കപ്പ്മുറിയിലിരുന്നേന്‍...'

'വിണ്ട കാലടികള്‍', മുഖത്തോടു മുഖം',' ഒരേ വെളിച്ചം'എന്നിങ്ങനെ ഒന്നിലേറെ കവിതകളുടെ പ്രമേയം കവിയുടെ ഈ രാഷ്ട്രീയഭൂതകാലമാണ്. താന്‍ കൂടുതല്‍ ജീവിക്കുകയും കൂടുതല്‍ അര്‍ഥപൂര്‍ണ്ണമായി ജീവിക്കുകയും ചെയ്തത് ആ കാലയളവിലാണെന്ന് കവി വിശ്വസിക്കുന്നു. ഗൃഹാതുരത്വം എന്ന കാല്പനികഭാവത്തെ രാഷ്ട്രീയഗൃഹാതുരത്വമായി മാറ്റിയെഴുതുകയായിരുന്നു പി. ഭാസ്‌കരന്‍. 

താന്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടിക്കും അതിന്റെ പ്രത്യയശാസ്ത്ര സ്ഥൈര്യത്തിനും സംഭവിച്ച അപചയം കൂടിയാണ് ഭാസ്‌കരന്റെ രാഷ്ട്രീയത്തെ ഭൂതകാലത്തിന്റെ വെളിച്ചമാക്കി മാറ്റുന്നത്. 'ഒരേ വെളിച്ചം'എന്ന കവിതയില്‍ ഈ വിപരിണാമത്തിന്റെ ചിത്രമാണ് വരയുന്നത് കവി.

ഒരിക്കല്‍ ആദര്‍ശത്തിന്റെ തീപ്പന്തമായിരുന്ന കവി, ഒരു ചിമ്മിനിവിളക്കിന്റെ സൗമ്യനാളമായിപ്പകരുന്നു. അതിലേയ്ക്കു നയിച്ച രാഷ്ട്രീയസാഹചര്യം കവിതയില്‍ ഇങ്ങനെ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു-
'ഒരു ദിനം കൈനിലയിലമരുന്ന സൈനിക-
മേധാവിമാര്‍ കലഹിച്ചൂ.
മുന്നോട്ടു നോക്കാതെ, പിന്നോട്ടു നോക്കാതെ
പിന്നീടവര്‍ പങ്കുവെച്ചൂ!
സ്വന്തം കൊടികളും ബാനറും അശ്വവും
സ്വന്തമാമന്ധത പോലും'.
അന്ധത കൂടി പങ്കുവെയ്ക്കുന്നു, ചേരിതിരിഞ്ഞ നേതാക്കള്‍ എന്നതാണിവിടത്തെ 'എറണി'. 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന കവിതയില്‍ ഇതിന്റെ പാരമ്യം കാണാം. മുദ്രാവാക്യമുഖരമായ ഒരു ജാഥ കടന്നുപോകുന്ന പാതവക്കില്‍ നില്‍ക്കുകയാണ് അംഗപരിമിതരായ രണ്ടുപേര്‍. ഒരാള്‍ക്ക് കേള്‍വിശക്തിയില്ല, അപരന് കാഴ്ചശക്തിയും. ആദ്യന് ജാഥയില്‍ പങ്കെടുക്കുന്നവരുടെ നിശബ്ദചലനങ്ങള്‍ ഒരു വ്യര്‍ഥപ്രഹസനമെന്നു തോന്നുന്നു; രണ്ടാമന് അവര്‍ മുഴക്കുന്ന മുദ്രാവാക്യം അര്‍ഥം ക്ഷയിച്ചുപോയ ഒരു വെറും ശബ്ദമെന്നും.

Content Highlights: Sajay K.V. writes about P. Bhaskaran poet and lyricist