'മിടുക്കി, ധൈര്യവതി, ജീവിക്കാനായി കഷ്ടപ്പെട്ടവൾ; നയനയുടെ കഥ പറയാൻ എനിക്കായിരുന്നു നിയോഗം'

WRITERS DIARY
#സന്ധ്യ. ഇ
സന്ധ്യ. ഇ, പുസ്ത‌കത്തിന്റെ കവർ
സന്ധ്യ. ഇ, പുസ്ത‌കത്തിന്റെ കവർ

 നീലയും ചുവപ്പും നിറമുള്ള തത്ത എന്ന കഥയ്ക്കിടയാക്കിയ അനുഭവം എഴുത്തുകാരി സന്ധ്യ.ഇ  പങ്കുവെയ്ക്കുന്നു...

കഥകളുണ്ടാകുന്നതിന്റെ ജാലവിദ്യ എന്നും അത്ഭുതമാണ്. അബോധത്തിൽ സംഭവിക്കുന്ന ഒന്നാണത്. സംഭവങ്ങളോ വസ്തുതകളോ കഥകളായി മാറുന്ന പ്രക്രിയ പൂർണ്ണമായും കഥാകൃത്തിന്റെ നിയന്ത്രണത്തിലല്ല.  ഒരു വാക്കിൽ നിന്നോ വാചകത്തിൽ നിന്നോ കഥയുണ്ടാവാം. ഒരു ചെറിയ സംഭവത്തിൽ നിന്ന് അതുമായി നേരിയ ബന്ധം മാത്രം ആരോപിക്കാവുന്ന ഒന്നുണ്ടാവാം. ഒരു വിചാരത്തിൽ നിന്നോ വികാരത്തിൽ നിന്നോ കഥ ജനിക്കാം. പരിചയമുള്ള പലരുടെയും പ്രത്യേകതകളൊത്തു ചേർന്ന് ഒരു കഥാപാത്രവും അയാളുടെ സംഭാഷണങ്ങളും ഉയിർക്കൊള്ളാം. എങ്കിലും കഥ എങ്ങനെ തുടങ്ങണമെന്നും ആരിലൂടെ കഥ പറയണമെന്നും കഥാപാത്രങ്ങൾക്ക് എത്തരം സ്വഭാവമുണ്ടാക്കണമെന്നും കഥാകൃത്ത് ബോധപൂർവ്വം ചെയ്യേണ്ടിവരും. എല്ലാമൊത്തു വന്നാലും ചിലപ്പോഴൊക്കെ അതൊരു കഥയല്ലാതെയാകാം. മറിച്ച് ഇതൊന്നുമില്ലാതെയും മികച്ച കഥയുണ്ടാവുകയും ചെയ്യും.

പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലാത്ത രണ്ടോ മൂന്നോ ചിലപ്പോൾ അതിൽക്കൂടുതലോ സംഭവങ്ങൾ കഥയിൽ പരസ്പരപൂരകങ്ങളായി ഇഴുകിച്ചേരാറുണ്ട്. വ്യത്യസ്ത കാലങ്ങളിലും ദേശങ്ങളിലും സംഭവിച്ചത്; ഒരുപക്ഷേ ഭാവന നിറം പിടിപ്പിച്ചത്. കഥയിലല്ലെങ്കിൽ അവ കൂടിച്ചേരാൻ  ഒരു സാധ്യതയുമില്ലാത്തത്. അങ്ങനെയുള്ള ചിലതാണ് നീലയും ചുവപ്പും നിറമുള്ള തത്ത എന്ന കഥാസമാഹാരത്തിലെ അതേ പേരുള്ള കഥയുടെ പിന്നിൽ പ്രവർത്തിച്ചത്. 

ജന്തുസ്നേഹികളായ അയൽക്കാരാണ് മുഹമ്മദ് ഹനീഫയുടെ കുടുംബം. അവരുടെ വീടൊരു  ചെറിയ മൃഗശാലയാണ്. പലതരം പക്ഷികളെക്കൂടാതെ നീണ്ട നീല വാലുള്ള ഓന്ത് കൈയുടെ പകുതി വലിപ്പമുള്ള കുരങ്ങൻ പേർഷ്യൻ പൂച്ച പിന്നെയും എന്തൊക്കെയോ ഉണ്ട് വീട്ടിൽ. മകന് പിറന്നാൾ സമ്മാനമായി കൊടുത്ത വില കൂടിയ ഒരു തത്തയെ എങ്ങനെയോ നഷ്ടപ്പെട്ടു. അപൂർവമായി കാണപ്പെടുന്ന നീലയും ചുവപ്പും നിറമുള്ള തത്തയായിരുന്നു. കുറെ അന്വേഷിച്ചു. പത്രത്തിൽ പരസ്യം കൊടുത്തു. ചില പ്രതികരണങ്ങൾ  ഉണ്ടായെങ്കിലും തത്തയെ കിട്ടിയില്ല. ഒടുവിൽ മാസങ്ങൾക്ക് ശേഷം കുറച്ചു ദൂരത്ത് നിന്ന് അതിനെ കിട്ടിയെന്ന ഒരറിയിപ്പുണ്ടായി.  പക്ഷികളെ കൂട്ടിലടച്ച് വളർത്തുന്നതിനോട് എനിക്ക് ഒരിക്കലും താല്പര്യം തോന്നിയിരുന്നില്ല. തത്തയെ തിരിച്ചുകിട്ടിയത് നന്നായി എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും പിന്നീടതിനു നേരിട്ട ദുര്യോഗം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. കഥയാകുമോ എന്നൊന്നുമറിയാതെ.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ചിലരൊക്കെ "കല്ലൊര" കമ്പനിയിൽ പണിക്ക് പോകുന്ന കാര്യം പറഞ്ഞു കേട്ടിരുന്നു. സത്യത്തിൽ അവിടെ എന്താണ് നടക്കുന്നതെന്ന് അപ്പോൾ (ഇപ്പോഴും) അറിയില്ലായിരുന്നു. വിലകൂടിയ രത്നങ്ങൾ ഉരച്ച് ആകൃതി വരുത്തുന്ന ജോലിയായിരിക്കണമത്. ജോലിക്കാർ കമ്പനിയിലേക്ക് പോകുമ്പോഴും വരുമ്പോഴും ദേഹ പരിശോധനയ്ക്ക് വിധേയരാകാറുണ്ട് എന്നും കേട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം ജോലി സംബന്ധമായി ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഒല്ലൂർ അടുത്തുള്ള പേര് വയ്ക്കാത്ത ഒരു സ്ഥാപനവും അതിന്റെ അടച്ചിട്ട ഗേറ്റും കാണുമ്പോഴൊക്കെ അതൊരു നിഗൂഢ സ്ഥലമാണെന്നും മുകളിൽ പറഞ്ഞ കല്ലൊരകേന്ദ്രം പോലെ ഉള്ളതാണെന്നും തോന്നാറുണ്ട്. 

ഈ രണ്ടു സംഗതികൾക്കിടക്കെപ്പോഴോ ആണ് നയനയെന്ന പെൺകുട്ടി കയറി വരുന്നത്. അവളെൻ്റെ ഭാവനയിൽ ഉയിർത്തവളാണ്. മിടുക്കി. ധൈര്യവതി. എങ്കിലും ജീവിക്കാനായി കഷ്ടപ്പെടുന്ന അനേകം പെൺകുട്ടികളിലൊരു വൾ. പുതിയ കാലത്താണ് അവൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മുകളിൽ സൂചിപ്പിച്ച കല്ലൊര കമ്പനി  അവൾക്കുവേണ്ടി എച്ച്. ആർ. ഡിപ്പാർട്ട്മെൻ്റ് ആയി മാറുകയായിരുന്നു. അതിൻ്റെ മറവിൽ എന്തും നടക്കാമല്ലോ എന്ന അറിവും സഹായകമായി. എപ്പൊഴോ ഞാൻ പങ്കെടുത്ത മൈൻഡ്ഫുൾ നെസ് എന്ന വിഷയത്തിലധിഷ്ഠിതമായ ഒരു ക്ലാസും കമ്പനിയിലുള്ള നയനയുടെ പരിശീലനത്തിന് വേണ്ടുന്ന പശ്ചാത്തലമൊരുക്കി ( ഡോ. രഘുനന്ദനനോട് കടപ്പാട്). മനസ്സിലുള്ള ചില ആശങ്കകൾ  പ്രത്യേകിച്ചും സ്ത്രീയെന്ന നിലയ്ക്കുള്ളത് -ഈ കഥയിൽ നയനയുടെ ഭയങ്ങളായി വന്നിട്ടുണ്ട്. 

കഥാപാത്രത്തിന്റെ പേര് ആസ്മികമായി വന്നതായിരുന്നുവെങ്കിലും പിന്നീട് ആ കഥയ്ക്ക് ചേരുന്നതായി തോന്നി. മനുഷ്യന് ഏറ്റവും വേണ്ടതാണല്ലോ കണ്ണ്. ഏറ്റവും സംവേദന ക്ഷമതയുള്ള അവയവം. കഥയിൽ നയനക്ക് നഷ്ടമാകാൻ സാധ്യതയുള്ള ഒന്നും അതാണ്.  കോർപ്പറേറ്റ് ലോകത്തിൻ്റെ ഇരയാണവൾ.  ആ ലോകം അവളടക്കമുള്ളവരിൽ നിന്ന് പതിയെപ്പതിയെ കവർന്നെടുത്ത് അവരെ നിസ്സഹായരും നിരാലംബരുമാക്കുന്ന സാഹചര്യത്തെക്കുറിച്ചാണ് ( പക്ഷിയുടെ ചിറകെന്ന പോലെ ) കഥയിലെ സൂചന. ആ അവസ്ഥയാണ് കഥാന്ത്യത്തിൽ പൊട്ടിക്കരച്ചിലായി മാറുന്നത്. നയനയെന്ന പേരു പോലും അർത്ഥമില്ലാതായി മാറാൻ പോവുകയാണല്ലോ.  അതേ സമയം ഇതൊന്നുമറിയാത്ത അറിയേണ്ടതില്ലാത്ത ഒരു പുറംലോകവും അവൾക്കൊപ്പമുണ്ട് ;അവൾക്കു വേണ്ടപ്പെട്ടവർ. അവർക്കിടയിലും നയന എത്രമാത്രം ഒറ്റപ്പെട്ടവളായിത്തീരുന്നുണ്ട് എന്നും എഴുതുന്ന സമയത്ത് എന്നെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. കഥയെക്കുറിച്ച് എൻ്റെ ബോധമണ്ഡലത്തിൽ നിന്ന് പകർത്താവുന്നത് ഇത്രയൊക്കെയേയുള്ളൂ. ബാക്കിയൊക്കെ എങ്ങനെ ഒത്തുചേർന്ന് ഈ കഥയായി എന്നതെൻ്റെ അറിവിനപ്പുറത്തുള്ള കാര്യമാണ്.

കഥാകൃത്താണോ കഥകളെ തിരഞ്ഞെടുക്കുന്നത്, അതോ കഥകൾ കഥാകൃത്തുക്കളെ തേടിയെത്തുകയാണോ? ചിലപ്പോഴൊക്കെ രണ്ടാമത്തേതാണ് സംഭവിക്കുന്നത് എന്നു തോന്നാറുണ്ട്. ചില കഥകൾ ചിലർ പറഞ്ഞേ പറ്റൂ. അവരിലൂടെയേ അവയ്ക്ക് പിറക്കാനാവൂ. നയനയുടെ കഥ പറയാൻ എനിക്കായിരുന്നു നിയോഗം. അതു കൊണ്ടു തന്നെ എനിക്കെഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല. അതെത്രത്തോളം നന്നായി എന്നു തീരുമാനിക്കേണ്ടതും വിലയിരുത്തേണ്ടതും വായനക്കാരാണ്.

Content Highlights: writer sandhya e remembers experience of writing neelayum chuvappum niramulla thattha