ജീവിതത്തിലും എഴുത്തിലും പരിമിതിയെ ശക്തിയാക്കി മാറ്റിയ മാരാര്‍

#സജയ് കെ.വി.
കുട്ടികൃഷ്ണമാരാരും അദ്ദേഹത്തിന്റെ കൈയെഴുത്തും | ഫയല്‍ ചിത്രം
കുട്ടികൃഷ്ണമാരാരും അദ്ദേഹത്തിന്റെ കൈയെഴുത്തും | ഫയല്‍ ചിത്രം

വലിയ സംസ്‌കൃത പണ്ഡിതനായിരുന്ന കുട്ടിക്കൃഷ്ണമാരാരാണ് ഏറ്റവും തെളിഞ്ഞ മലയാളഗദ്യമെഴുതിയത്! ഇക്കാര്യത്തില്‍ പണ്ഡിതനിരൂപകനായ എം.പി. ശങ്കുണ്ണി നായരുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു മാരാരുടെ നില. വിഷയം കാളിദാസ കവിതയായാലും ആനന്ദവര്‍ദ്ധനന്റെ ധ്വനിസിദ്ധാന്തമായാലും വ്യാസഭാരതമായാലും ലളിതമായും യുക്തിഭദ്രമായും എഴുതി, മാരാര് ('കുട്ടിക്കൃഷ്ണമാരാര്‍' എന്നല്ല, 'കുട്ടികൃഷ്ണമാരാര്' എന്നെഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി!).

'മിക്കവാറും പട്ടാമ്പിയിലെ ചെലവ് ആ പത്തുറുപ്പിക കൊണ്ടു കഴിയുകയുണ്ടായിട്ടില്ല, വീട്ടില്‍നിന്ന് അധികം കിട്ടുകയുമുണ്ടായിട്ടില്ല.' തന്റെ രചനാവ്യക്തിത്വത്തിന്റെ രൂപീകരണദശകളെക്കുറിച്ച് പറയുന്ന മാരാരുടെ, 'എന്റെ അടിവേരുകള്‍' എന്ന ലേഖനത്തിലേതാണ് ഈ വാക്യം. പട്ടാമ്പിയിലെ സംസ്‌കൃതപഠനകാലത്ത് വീട്ടില്‍നിന്നു കിട്ടിയിരുന്ന പത്തു രൂപകൊണ്ട് അരിഷ്ടിച്ചു കഴിഞ്ഞതിനെപ്പറ്റിയാണ് പരാമര്‍ശം. എന്നിട്ടും മാരാര്‍ അതിജീവിച്ചു. നന്നായി സംസ്‌കൃതം പഠിക്കുകയും ചെയ്തു. പരിമിതിയെ ശക്തിയാക്കി മാറ്റുന്ന ഈ രീതി, മാരാരുടെ എഴുത്തുജീവിതത്തിലും കാണാം. 

തന്റെ പാശ്ചാത്യസാഹിത്യാനഭിജ്ഞതയെ നാലപ്പാടന്റെ പരിഭാഷകള്‍ കൊണ്ടാണ് മാരാര്‍ പരിഹരിച്ചത്. തനിക്ക് കയ്യിരിപ്പുള്ള സംസ്‌കൃതസാഹിത്യത്തെയും സാഹിത്യമീമാംസയെയും പരമാവധി വിനിയോഗിക്കുകയും ചെയ്തു. 'പാവങ്ങളും' 'രതിസാമ്രാജ്യ'വും വായിച്ച ശേഷം, ഭാരതപര്യടനവും മേഘദൂതവ്യാഖ്യാനവും രചിക്കുകയാണ് അദ്ദേഹം ചെയ്തത്.  അവയില്‍നിന്നു കിട്ടിയ ഒരു പിടി വിത്തുകള്‍ മറ്റൊരു പാടത്തു വിതച്ച് ആകാവുന്നത്ര വിളവു കൊയ്യുക എന്ന മികച്ച വിമര്‍ശകദൗത്യമായിരുന്നു അത്. 

പരിഭാഷാരൂപത്തില്‍ തനിക്കു കൈവന്ന രതിമീമാംസയില്‍ നിന്നായിരുന്നു മാരാരുടെ മേഘദൂത വായനയെങ്കില്‍ അതിന്റെ നീക്കിയിരിപ്പുകൊണ്ട്, 'ഈയൊരു കൃതിയില്‍, സംസ്‌കൃതത്തിലെ അദ്വിതീയകാവ്യമായ 'മേഘസന്ദേശ'ത്തിലെ അത്ഭുതകലാസൗഭാഗ്യത്തിന്റെ ഒരംശം ഉപസ്‌കരിച്ചിട്ടുണ്ടെന്നു പറയാന്‍ ഞാന്‍ ധൈര്യപ്പെടുന്നു' എന്ന് വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകനെ'പ്പറ്റി എഴുതാനും മറന്നില്ല മാരാര്‍. ഏതാണ്ടിതേ വിധത്തില്‍, 'പാവങ്ങള്‍' എന്ന ബൃഹദ് നോവലിന്റെ വായന, മാരാരുടെ മഹാഭാരത വായനയെയും ബലപ്പെടുത്തിക്കാണും; മഹാഭാരതത്തെ ഒരു നോവലായും വായിക്കാന്‍ അതദ്ദേഹത്തെ പ്രാപ്തനാക്കിയിട്ടുണ്ടാവും എന്ന അര്‍ത്ഥത്തില്‍.

സമ്പന്നമായ സംസ്‌കൃത സാഹിത്യപരിജ്ഞാനമായിരുന്നു മാരാരിലെ വിമര്‍ശകന്റെ മികച്ച കൈമുതല്‍. ധ്വനിസിദ്ധാന്തമായിരുന്നു മാരാരുടെ കാവ്യസമീപനത്തിന്റെ കൈവിളക്ക്. അതിനെ അദ്ദേഹം തന്റെ വായനകളില്‍ അങ്ങേയറ്റം യുക്തിസഹമായും ഭാവനാപൂര്‍ണ്ണമായും ഉപയോഗിച്ചു. ധ്വനിയുടെ ആകരമായ കാളിദാസകവിതയില്‍ അഭിരമിച്ചു. ഒരര്‍ത്ഥത്തില്‍, മഹാഭാരതത്തിലെ ലീനധ്വനികളുടെ വെളിപ്പെടുത്തല്‍ തന്നെയല്ലേ, മാരാരുടെ 'ഭാരതപര്യടനം'? കാളിദാസവായനയിലും തന്റെ യുക്തിബോധവും വിമര്‍ശനബുദ്ധിയും അടിയറവയ്ക്കുകയുണ്ടായില്ല,

മാരാര്‍. അങ്ങനെ, അത്രയൊന്നും മികച്ചതല്ലാത്ത കാളിദാസശ്ലോകങ്ങളത്രയും 'പ്രക്ഷിപ്ത'ങ്ങളായി മാറി, മാരാര്‍ക്ക്. ഇതേ കാളിദാസകാമുകന്‍ തന്നെ ധ്വനിയെ ഉദാഹരിക്കാന്‍ വേണ്ടി ഒരു മൂന്നുവരി, നാടന്‍പാട്ടിനെ കൂട്ടുപിടിച്ച് അതിനെ ആകാവുന്നത്ര വിടര്‍ത്തുകയും ചെയ്തു. അനുമാനമാണ് ധ്വനിയിലേയ്ക്കുള്ള വഴി എന്നതാണ് മാരാരില്‍നിന്നു നമുക്കു കൈവന്ന ഏറ്റവും മികച്ച ധ്വനിപാഠം. അമ്പലച്ചുവരുകളിലെ മാഞ്ഞു തുടങ്ങിയ പുരാതനചിത്രങ്ങള്‍, മനസ്സാ, പൂരിപ്പിക്കുന്നതായിരുന്നു തന്റെ ബാല്യകാലവിനോദങ്ങളില്‍ ഏറ്റവും ഹൃദ്യമായത് എന്ന്, മേല്‍പ്പറഞ്ഞ ലേഖനത്തില്‍, മാരാര്‍ പറയുന്നുണ്ട്. ഇത്തരം പൂരണങ്ങളായിരുന്നു മാരാരുടെ സാഹിത്യവായനകള്‍. ആശാന്റെ ലീല, ഭര്‍ത്തൃഘാതകിയായതുമൊക്കെ അങ്ങനെ!

മാരാരുടെ തെളിമലയാളത്തെപ്പറ്റി പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. 'പുഷ്പമേഘീകൃതാത്മാവ്', പൂമുകിലും 'ത്രയംബകന്‍', മുക്കണ്ണനും 'വിഭ്രമം', പരുങ്ങി മാറലും 'കാര്‍ശ്യം', ചടപ്പുമാകുന്നു മാരാരുടെ മേഘദൂത പരിഭാഷയില്‍. മാരാര്‍ക്ക് ഏറ്റവുമിഷ്ടപ്പെട്ട മേഘദൂത പദ്യമേതായിരുന്നു? 'സ്‌നേഹങ്ങളെല്ലാം വിരഹത്തില്‍ കുറേ കുറുകിപ്പോകും എന്നു പറയാറുണ്ട്. അവ വാസ്തവത്തില്‍ അനുഭവിക്കലില്ലായ്കയാല്‍ അരുമപ്പെട്ട വസ്തുവില്‍ കൊതി വളര്‍ന്നു പ്രേമക്കൂമ്പാരമായിക്കൂടുകയാണ് ചെയ്യുന്നത്' എന്ന തൊണ്ണൂറ്റാറാമതു ശ്ലോകത്തിന്റെ രണ്ടാം പകുതിയാണതെന്നു ഞാന്‍ കരുതുന്നു. അതിനെ വീണ്ടും വീണ്ടും വ്യാഖ്യാനിച്ചാണല്ലോ അദ്ദേഹം, 'വീതഗാധപാര'മായ വിധുരവാര്‍ധക്യത്തെപ്പോലും തരണം ചെയ്തത്!

Content Highlights: Mashipacha, Sajaya K.V., Kuttikrishna Marar, Essayist, Literary critic