പാലവും പുഴയും മനുഷ്യനും ചേരുന്ന ബൃഹത്തായ ഒരു ഇന്‍സ്റ്റലേഷന്റെ പേരാകുന്നു ഇടശ്ശേരി!

മഷിപ്പച്ച
#സജയ് കെ.വി
ഇടശ്ശേരി/ ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
ഇടശ്ശേരി/ ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

ഭാരതപ്പുഴയ്ക്കു കുറുകേ, പഴയ കുറ്റിപ്പുറംപാലത്തിനു സമാന്തരമായി പുതിയ പാലം പണിതീര്‍ന്നു വരുന്നു. 1953-ലായിരുന്നു പഴയ പാലം പണി കഴിഞ്ഞ് ഗതാഗതയോഗ്യമായത്. അതിലൂടെ ആദ്യമായി കടന്നുപോയ ഇടശ്ശേരി,' കുറ്റിപ്പുറംപാലം' എന്ന കവിതയെഴുതിയത് 1954-ല്‍ ആയിരുന്നു. അടുത്ത വര്‍ഷം ആ കവിതയ്ക്ക് എഴുപതാണ്ടു തികയുമ്പോഴാണ് പുതിയ പാലത്തിന്റെ വരവ്. പാലങ്ങള്‍ പുരോഗതിയുടെയും നഗരവല്‍ക്കരണത്തിന്റെയും ആധുനികതയുടെയും നാന്ദിയായി കരുതപ്പെട്ടിരുന്ന സ്വാതന്ത്ര്യാനന്തരഇന്ത്യയുടെ ആദ്യദശകമായിരുന്നു അത്. ഇന്നിപ്പോള്‍ പഴയ പാലങ്ങള്‍ക്കു പകരം പുതിയ പാലങ്ങളും പുതിയ പാതകളും വരുന്നു. 'പുരോഗതി' എന്ന വാക്കു തന്നെ റദ്ദായിപ്പോവുകയും പകരം 'വികസനം' ഒരു സാര്‍വത്രികമുദ്രാവാക്യമായി മാറുകയും ചെയ്തിരിക്കുന്നു. ഈ രണ്ടു കാലഘട്ടങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ ഇടശ്ശേരിയുടെ കവിത വാക്കുകളുടെ ബലിഷ്ഠമായ ഒരു പാലമായി നിലകൊള്ളുന്നത്. കുറ്റിപ്പുറംപാലത്തിന് ബലക്ഷയം സംഭവിച്ചെങ്കിലും അതേ പേരിലുള്ള കവിത, കാലങ്ങളിലൂടെ കരുത്താര്‍ജ്ജിക്കുകയും രണ്ടു നൂറ്റാണ്ടുകള്‍ക്കിടയിലെ കവിതയുടെ പാലമായി മാറുകയും ചെയ്യുന്ന കാഴ്ച്ചയാണത്. എന്താണ് ഈ ഇടശ്ശേരിക്കവിതയുടെ ബലിഷ്ഠതയ്ക്കു നിദാനം?

നമ്മളിന്ന് നേരിട്ടനുഭവിക്കുന്നതിനെ അന്നേ ദീര്‍ഘദര്‍ശനം ചെയ്‌തെഴുതുകയായിരുന്നു ഇടശ്ശേരി. കവിത്വമെന്നാല്‍ ചരിത്രത്തിന്റെ മേല്‍വിതാനത്തില്‍ നിന്നുകൊണ്ട് ഭാവിയിലേയ്ക്കുള്ള നോട്ടമായി മാറുന്നു, ഇവിടെ. ഒന്നാമതായി, ഒരു പാലം വെറും പാലമല്ല എന്നും അത് 'ഉണ്‍മയില്‍പ്പുതുലോകത്തിന്നു തീര്‍ത്തോ -/രുമ്മറപ്പടി'യാണെന്നും ഇടശ്ശേരിക്കറിയാമായിരുന്നു; അതിലൂടെ കടന്നുപോകുന്നത് വെറും വാഹനങ്ങളും മനുഷ്യരും മാത്രമല്ല എന്നും. പാലം കടക്കുമ്പോള്‍ നാമെത്തുന്നത് ഭാവിയിലാണെന്നും ആ ഭാവി വര്‍ത്തമാനത്തിന്റെ വിപരീതമായേക്കാമെന്നും ഇടശ്ശേരി കടന്നുകണ്ടു. കാരണം രണ്ടു കാലങ്ങള്‍ക്കിടയിലാണ് പാലം നിലകൊള്ളുന്നത്; ഒന്ന് ഗ്രാമീണതയുടെ, മറ്റത് നഗരകേന്ദ്രിതമായ ആധുനികതയുടെയും.

'കുറ്റിപ്പുറംപാലം' എന്ന കവിതയുടെ ഏതാണ്ട് ഒത്തനടുക്ക്, ഒരു തിരികുറ്റി(pivot) പോലെ നിലകൊള്ളുന്ന ഒരീരടി കാണാം- 'അകലുകയാണിവ മെല്ലെ മെല്ലെ/ അണയുകയല്ലോ ചിലതു വേറെ'. അത് കവിതയെയും രണ്ടായി പകുക്കുന്നുണ്ട്. അഭിമാനത്തിന്റെയും അനുതാപത്തിന്റെയും രണ്ടു പാതികളാണവ. തെല്ലു പരിഹാസ്യവും പൊള്ളയുമായ മനുഷ്യപുരോഗതിയിലുള്ള വൃഥാഭിമാനമാണ് ആദ്യത്തേത്. രണ്ടാമത്തേതാകട്ടെ, കൂടുതല്‍ നൈസര്‍ഗ്ഗികവും കാലങ്ങളെ കടന്നു മുഴങ്ങുന്നതുമായ പാരിസ്ഥിതികാവബോധത്തിന്റെയും. ആദ്യമായി പുതിയ പാലം വഴി നടന്ന്, പുഴ കടന്നപ്പോള്‍ തനിക്ക് അത്ഭുതവും ആഹ്‌ളാദവും വിമ്മിട്ടവുമുണ്ടായി എന്ന് ഇടശ്ശേരി എഴുതുന്നുണ്ട്, കവിതയുടെ മേലെഴുത്തായി. ലളിതമനസ്‌കനായ മറ്റൊരു കവിയായിരുന്നെങ്കില്‍ അഭിമാനവും ആഹ്‌ളാദവും മാത്രമേയുണ്ടാകുമായിരുന്നുള്ളു, വിമ്മിട്ടം കവിതയുടെ ഭാവമണ്ഡലത്തിനും കവിയുടെ വിചാരസീമയ്ക്കും പുറത്താകാനാണിട. ഇവിടെ കവി, ഇടശ്ശേരിയായതുകൊണ്ട് പാലം, ചരിത്രത്തിന്റെ പാലമാവുകയും കവിയുടെ നോട്ടം, രണ്ടു കാലങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നവന്റെ വ്യാകുലദൃഷ്ടിയായി മാറുകയും ചെയ്യുന്നു.

കേവലം ഒരു വസ്തുസ്ഥിതികഥനമെന്നു തോന്നിക്കുന്ന ആ ആദ്യവരികളെത്തന്നെ ഒരു 'മെറ്റഫറാ'ക്കി മാറ്റുന്നുണ്ട് , ഇടശ്ശേരി -
'ഇരുപത്തി മൂന്നോളം ലക്ഷമിപ്പോള്‍
ചെലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍
അഭിമാനപൂര്‍വ്വം ഞാനേറിനില്‍പ്പാ -
ണടിയിലെശ്ശോഷിച്ച പേരാര്‍ നോക്കി'. ആ നില്‍പ്പിനു തന്നെ ഒരു രൂപകഗരിമയുണ്ട്. പേരാര്‍, പാലം, കവി എന്നിങ്ങനെ മൂന്നു വിതാനങ്ങളുള്ള ഒരു വിന്യാസമാണത്. പാലത്തിന്റെ വരവോടെ കവി/മനുഷ്യന്‍ മേലെയും പുഴ താഴെയുമായിരിക്കുന്നു. ഈ 'സ്ഥാനക്കയറ്റ'ത്താലുള്ള അഭിമാനത്തോടെയാണിപ്പോള്‍ അയാള്‍ പേരാറിനെ നോക്കുന്നത്. അപ്പോള്‍ 'അടിയിലെശ്ശോഷിച്ച പേരാര്‍' കാണുന്നു. പൂര്‍ണ്ണമായും നിജമോ വാസ്തവമോ അല്ല ഈ ശോഷിപ്പ്. കവിയുടെ അഭിമാനവിജൃംഭണമാണ് അതിനെ അങ്ങനെ കാഴ്ച്ചപ്പെടുത്തുന്നത്. പുഴ, തെല്ലൊന്ന് ചടയ്ക്കുകയും കവി,  ഒട്ടധികം കരുത്തനാവുകയും ചെയ്തതിനാലുള്ള നോട്ടത്തിന്റെയും കാഴ്ച്ചയുടെയും വ്യത്യാസമാണത്. പണ്ട് പുഴയോടൊപ്പമായിരുന്നു അയാള്‍. പുഴയോരത്തെ പൂഴിയില്‍ പൂത്താങ്കോല്‍ കളിക്കുകയും ആ കുളിരോളത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്തിരുന്ന ബാലന്‍. അന്ന് പൊന്മയും കൊക്കും കുരുവിയും 'പൊങ്ങിപ്പറന്ന' വിതാനത്തിലാണ് ഇന്നവന്റെ നില്പ്. ബാലന്‍ വളര്‍ച്ച മുറ്റിയ മനുഷ്യനായിരിക്കുന്നു. നോട്ടം ഉയര്‍ന്ന വിതാനത്തില്‍ നിന്ന് താഴേയ്ക്കായിരിക്കുന്നു. ബലവാന്‍ ദുര്‍ബ്ബലയെ എന്ന പോലെയാണിപ്പോള്‍ അയാള്‍ തന്റെ ബാല്യത്തിലെ നദിയെ നോക്കുന്നത്. അവള്‍ മെലിഞ്ഞിരിക്കുന്നു.

അവള്‍ക്കുമുണ്ടായിരുന്നു, ആടോപത്തിന്റെ നാളുകള്‍. പേമഴയില്‍ തടംകുത്തി പാഞ്ഞിരുന്ന അവളെ തോണിയോ ഗരുഡനോ വിലങ്ങിയിരുന്നില്ല, അന്ന്. ഇനിയിപ്പോള്‍ തോണി വേണ്ട, പുഴ മുറിച്ചുകടക്കാന്‍. ഗരുഡനെപ്പോലെ ചിറകുവിരിക്കുകയാണ് കവിയുടെ അഭിമാനബോധം. ഇനിയും പേമഴയും വെള്ളപ്പൊക്കവുമുണ്ടായാലും ആ ആടോപക്കാരിയെ തെല്ലു കൂസേണ്ടതില്ല. അവളിനി, ഈ പാലത്തിന്റെ കാലുകള്‍ക്കിടയിലൂടെ പാവമൊരു പരാജിതയെപ്പോലെ 'നാട്ടനൂഴും'. ഈ നാട്ടനൂഴലിന് വലിയ ധ്വനിമൂല്യമുണ്ട് ഈ കാവ്യസന്ദര്‍ഭത്തില്‍. പാലത്തിന്റെ തടിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് വിരാട് രൂപിയായ ഒരു വിജയിയുടെ കാലുകളുടെ ഛായയാണിവിടെ. അതിനിടയിലൂടെ നാണംകെട്ട് നൂണ്ടു കടക്കുന്ന തോല്‍വിക്കാരിയായിരിക്കുന്നു പുഴ. ചുരുക്കിപ്പറഞ്ഞാല്‍ അവന്‍ പ്രകൃതിശക്തിയെ വെന്നിരിക്കുന്നു. ആ വെറ്റിയുടെ ചാരിതാര്‍ത്ഥ്യം കൂടിയാണ് ഈ നില്‍പ്പിലെ ചാരിതാര്‍ത്ഥ്യം. അവന്റെ നെടുങ്കന്‍ കാലുകള്‍ക്കിടയിലൂടെക്കൂടിയാണിപ്പോള്‍ നാട്ട നൂഴുന്നത് കളിയില്‍ത്തോറ്റ പുഴ. ഇതില്‍ ഒരു ചരിത്രമത്സരത്തിന്റെയും അതില്‍ മനുഷ്യന്‍ നേടിയ താല്‍ക്കാലികമോ ഭാഗികമോ ആയ വിജയത്തിന്റെയും ചിത്രമുണ്ട്. പുഴത്തീരത്ത് പൂത്താങ്കോലുകളിക്കുകയും അവളില്‍ മുങ്ങി നിവരുകയും അവളുടെ പ്രളയാടോപത്താല്‍ ഭയചകിതനാവുകയും ചെയ്തിരുന്ന കവി/ മനുഷ്യന്‍, ഭയ- ഭക്തി - മാത്സര്യങ്ങളുടേതായ ആ കളിയില്‍ ഒടുവില്‍ അവളെ തോല്‍പ്പിച്ചിരിക്കുന്നു. ഇപ്പോള്‍ അവളിതാ അവന്റെ കാലുകള്‍ക്കിടയിലൂടെ നാട്ട നൂഴുന്നു.

ഈ വിജയലഹരിയുടെ മുഹൂര്‍ത്തം തന്നെ വീണ്ടുവിചാരത്തിന്റെയും വിമ്മിട്ടത്തിന്റെയും വിഷാദത്തിന്റെയും മുഹൂര്‍ത്തമായി മാറുന്നു എന്നതാണ് ഈ ഇടശ്ശേരിക്കവിതയുടെ അനന്യത. വിജയിയുടെയും വിജിഗീഷുവിന്റെയും നില, വളരെപ്പെട്ടെന്നു തന്നെ കളിത്തോഴിയെ നഷ്ടപ്പെട്ട കൗമാരക്കാരന്റെയോ യുവാവിന്റെയോ മൗഢ്യത്തിനും ഗാഢമായ നഷ്ടബോധത്തിനും വഴി മാറുന്നു. നഗരവുമായുള്ള മാരകപരിണയത്തിനു ശേഷം 'ഗ്രാമലക്ഷ്മി', അവസാനയാത്ര പറയുകയാണ്. ഇനി അവള്‍ മടങ്ങിവരികയോ അവര്‍ തമ്മില്‍ വീണ്ടും കാണുകയോ ചെയ്യില്ല. അവളോടൊപ്പം തിരോഭവിക്കുന്നവയുടെ ഒരു ഗൃഹാതുരവാങ്മയമാണ് കവിതയിലെ നാലാമതു ഖണ്ഡം. ഇന്ന് ആ തിരോധാനം, ഏറെക്കുറെ, പൂര്‍ണ്ണമായിക്കഴിയുകയും പകരക്കാരിയായെത്തിയ നഗരയക്ഷിയുടെ നഖരങ്ങള്‍ക്കിടയില്‍ നാമൊപ്പം പിടയുകയും ചെയ്യുന്ന കാഴ്ച്ചയാണിപ്പോള്‍.

നഗരവല്‍ക്കരണത്തിന്റെ  ഭവിഷ്യത്തുകളെ കണിശമായി വാങ്മയപ്പെടുത്തുന്നതില്‍ ഇടശ്ശേരി കാണിക്കുന്ന അമ്പരപ്പിക്കുന്ന ഭാവനയുടെ ത്രികാലജ്ഞതയാണ് കവിതയുടെ അവസാന ഖണ്ഡങ്ങളെ അത്രമേല്‍ പ്രസക്തവും സംഗതവുമാക്കുന്നത്.
'അലരിന്മേല്‍ വാഴ്ച്ച തുടങ്ങുകയായ്
ശിലയും കരിയും സിമന്റുരുക്കും' എന്ന പ്രവാചകസ്വരം ഒരു പെരുമ്പറ പോലെ മുഴങ്ങുന്നു. അലറിക്കുതിച്ചു പായുന്ന 'ടയറും പെട്രോളും' ചേര്‍ന്ന് കവര്‍ന്നെടുക്കാന്‍ പോകുന്ന ഗ്രാമീണനിശ്ശബ്ദതയുടെയും കര്‍ഷകസംഗീതത്തിന്റെയും ചരമഗീതങ്ങള്‍ അതിനു പിന്നാലെ വരുന്നു. പരസ്പരം തിക്കിത്തിരക്കുന്ന മതിലുകള്‍ അപരിചിതരെ അയല്‍പക്കക്കാരാക്കുന്ന നഗരാവസ്ഥയുടെയും അതിന്റെ മുഖരവേഗങ്ങളുടെയും വിവരണമാണ് പിന്നീട്. മല്ലൂര്‍ക്കയം ഒരു പഴഞ്ചൊല്ലായും മല്ലൂരെത്തേവര്‍, നിരാധാരനായ ഒരു തെരുവുദൈവമായും മാറുന്നു. ഇതിന്റെയെല്ലാം പാരമ്യത്തിലാണ് ശാന്തഗംഭീരമായ അന്തിമഹാകാളന്‍ കുന്നു പോലും യന്ത്രക്കിടാവിന്റെ കളിപ്പമ്പരമായി മാറും എന്ന പ്രവചനം. മുറുകിമുറുകി വരുന്ന ഒരു ഭ്രാന്തചലനത്തിന്റെ മൂര്‍ദ്ധന്യമാണത്. ആ അശുഭമുഹൂര്‍ത്തത്തിലാകുന്നു 'ജൃംഭിതയന്ത്രക്കിടാവ്' എന്ന ആസുരമൂര്‍ത്തിയുടെ അവതാരം. അവന്‍ സംഹാരമൂര്‍ത്തിയുടെ ഇരിപ്പിടമായ അന്തിമഹാകാളന്‍കുന്നിനെപ്പോലും, അതിന്റെ സ്ഥാവരമായ ഗരിമയെപ്പോലും, നിസ്സാരമായ ഒരു പമ്പരത്തിന്റെ ഉന്മത്തഭ്രമണമാക്കി മാറ്റി അസ്ഥിരപ്പെടുത്തുന്നു.

കവിതയുടെ ഒടുവിലത്തെ രണ്ട് ഈരടികളിലാണ്, യന്ത്രശിശുവിന്റെ പിതൃത്വത്തിലൂടെ സ്വയമൊരു യന്ത്രമായി മാറുന്ന മനുഷ്യന്റെ വിപരിണാമവും മാതൃപയസ്വിനിയായ പേരാറ്, മലിനയായ ഒരഴുക്കുവെള്ളച്ചാലായി മാറുന്ന വിപര്യയവും പ്രവചിക്കപ്പെട്ടിരിക്കുന്നത്. പ്രവചനം സത്യമായിരിക്കുന്നു. നിള, പേരാറ്, ഭാരതപ്പുഴ എന്നീ മുപ്പേരുകാരിയായ ആ മഹാനദിയുടെ ഭൂതകാലപ്പെരുമയുടെ മേല്‍ വീണ്ടുമൊരു പാലമുയരുന്നു. അന്തമറ്റ നാട്ടനൂഴലിന്റെ ആവര്‍ത്തനങ്ങള്‍ വീണ്ടും. ഒടുവില്‍ നിള, ഒരു മണല്‍പ്പരപ്പായി മാറുകയും പാലം, ആ ഇല്ലാപ്പുഴയ്ക്കു കുറുകേ നിര്‍മ്മിച്ചു വച്ച മര്‍ത്ത്യവിജയത്തിന്റെ വിപരീതസ്മാരകമായി നിലകൊള്ളുകയും ചെയ്‌തേക്കാം. അപ്പോഴും ഇടശ്ശേരിക്ക് ഒരു പില്‍ക്കാല കവിയര്‍പ്പിച്ച ഈ ധന്യവാദം , കാലാന്തരധ്വനികളോടെ കേള്‍വിപ്പെടും -
'യന്ത്രങ്ങള്‍ പേരാറ് കാളിന്ദിയാക്കുമ്പോള്‍
വന്മഴക്കാടുകള്‍ മുടിയുമ്പോള്‍
പാലത്തില്‍ പാതിരയ്‌ക്കൊറ്റയ്‌ക്കേതൊരു
തേജസ്സിന്‍ തേങ്ങലുയരുന്നൂ?'(ഇടശ്ശേരി, സച്ചിദാനന്ദന്‍).
അതെ, പാലവും പുഴയും മനുഷ്യനും ചേരുന്ന ബൃഹത്തായ ഒരിന്‍സ്റ്റലേഷന്റെ പേരാകുന്നു ഇടശ്ശേരി എന്നത്. മലയാളിയുടെയും മനുഷ്യരാശിയുടെയും (വി)പരിണാമചരിത്രമെന്ന 'ബിനാലേ'യിലാകുന്നു അതിനു സ്ഥാനം.

Content Highlights: Mashipacha, Sajay K.V, Edassery Govindan Nair, Mathrubhumi