മാംസത്തില്‍ തറഞ്ഞുകയറിയ ഒരാപ്പിളിന്റെ കലാന്തരപീഡയായി ഇപ്പോഴും നമ്മെ വേട്ടയാടുന്ന കാഫ്ക

മഷിപ്പച്ച
#സജയ് കെ.വി
മെറ്റമോര്‍ഫോസിസ് കവര്‍, ഫ്രാന്‍സ് കാഫ്ക
മെറ്റമോര്‍ഫോസിസ് കവര്‍, ഫ്രാന്‍സ് കാഫ്ക

ണര്‍ന്നിരുന്നുകൊണ്ടു തന്നെ ദു:സ്വപ്നങ്ങള്‍ കാണുന്ന കണ്ണുകളുണ്ടായിരുന്ന കാഫ്ക (Franz Kafka)യുടെ ചരമശതാബ്ദിയാണല്ലോ ഇത്. ഇയ്യിടെ, 'രൂപാന്തരപ്രാപ്തി' എന്ന നീണ്ടകഥ വീണ്ടും വായിച്ചു. 'Willa and Edwin Muir' തയ്യാറാക്കിയ നോവലെറ്റിന്റെ ആദ്യ ഇംഗ്ലീഷ് വിവര്‍ത്തനമാണ് വായിച്ചത്. 'ഒരു നാള്‍ പുലര്‍ച്ചെ, അസുഖകരമായ സ്വപ്നങ്ങളില്‍ നിന്നുണര്‍ന്ന ഗ്രിഗര്‍ സാംസ, തന്റെ കിടക്കയില്‍ താനൊരു ഭീമഷഡ്പദമായി മാറിയിരിക്കുന്നതായിക്കണ്ടു' എന്ന തുടക്കവാക്യമുണര്‍ത്തുന്ന ഇരുണ്ട കാവ്യശോഭയ്ക്ക് ഇനിയും മങ്ങലേറ്റിട്ടില്ല. 1915-ല്‍ ആയിരുന്നു ഈ കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. നൂറ്റിയൊന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ആ ഭീമഷഡ്പദത്തിന്റെ ഏകാന്തതയും ദുരന്തനിസ്സഹായതയും നമ്മെ അലട്ടിക്കൊണ്ടേയിരിക്കുന്നു. 

എന്താണ് രൂപാന്തരപ്രാപ്തി എന്നാല്‍? ഒരാള്‍ ഭാഗികമായി മറ്റൊരാളായും മറ്റൊന്നായും മാറുന്നു, അയാളുടെ രൂപം മാറുന്നു എന്നതാണ് അതിലൂടെ സംഭവിക്കുന്നത്. മനുഷ്യേതരപ്രകൃതിയുടെ ഭാഗമായ മറ്റൊന്നായാണ് മാറുന്നത്. അതോടെ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ അയാളുടെ മനുഷ്യത്വം റദ്ദുചെയപ്പെടുകയും ആന്തരികമായി അയാള്‍ അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു. അത്യന്തം യാതനാവഹമാണ് ഈ അവസ്ഥ. താന്‍ ഒരാളായിരിക്കുകയും മറ്റൊന്നായി കാണപ്പെടുകയും ചെയ്യുന്നു. മനുഷ്യത്വത്തിനു സംഭവിക്കുന്ന ച്യുതിയാണത്. ഈ ച്യുതിയാണ് ഗ്രിഗര്‍ സാംസ എന്ന സെയില്‍സ്മാന് സംഭവിച്ചത്. രായ്ക്കുരാമാനം അയാള്‍ ഒരു ഷഡ്പദമായി മാറുന്നു.

തന്റെ വീട്ടില്‍, തന്റെ മുറിയിലും കിടക്കയിലും വച്ചാണ് ഗ്രിഗറിന്റെ രൂപാന്തരണം സംഭവിച്ചത് എന്നതു ശ്രദ്ധേയമാണ്. സ്വകാര്യതയുടെ ഇടങ്ങളാണല്ലോ വീടും കുടുംബവും മറ്റും. ഒരാള്‍ ഏറ്റവും ഗാഢമായ സ്വകാര്യതയാര്‍ജ്ജിക്കുന്നത് തന്റെ മുറിയിലായിരിക്കുമ്പോഴാണ്. ആ മുറിയില്‍ വച്ചു തന്നെ അയാള്‍ തനിക്കും മറ്റുള്ളവര്‍ക്കും അപരിചിതമായ മറ്റൊന്നായി രൂപാന്തരപ്പെടുന്നു. കാരണം കണ്ടുപിടിക്കാനാവാത്ത ഒരു 'കാര്യ'മായിരുന്നു അത്. അന്നു രാത്രി ഗ്രിഗര്‍, അത്ര സുഖകരമല്ലാത്ത ചില സ്വപ്നങ്ങള്‍ കണ്ടിരുന്നു എന്നേ കാഫ്ക എഴുതുന്നുള്ളൂ. അതെന്തായിരുന്നു എന്നും പറയുന്നില്ല. സ്വാഭാവികമായും ഉണരുമ്പോള്‍ ദു:സ്വപ്നം അവസാനിക്കേണ്ടതാണ്. പകരം അത് തുടരുകയോ മറ്റൊന്ന് തുടങ്ങുകയോ ആണ് ചെയ്തത് ഗ്രിഗറിന്റെ ജീവിതത്തില്‍.

തന്റെ രൂപമാറ്റത്തെക്കുറിച്ച് ആദ്യമൊന്നും അത്ര ബോധവാനല്ല ഗ്രിഗര്‍. പടച്ചട്ട പോലെ കടുത്ത പുറം. തവിട്ടു നിറം പൂണ്ട്, ഒരു താഴികക്കുടം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഉദരം. അത് കടുത്തു വളഞ്ഞ പല ഖണ്ഡങ്ങളായി കാണപ്പെടുന്നു. ശരീരത്തെയപേക്ഷിച്ച് കനം കുറഞ്ഞ് ദുര്‍ബ്ബലങ്ങളായ, എണ്ണമറ്റ കാലുകള്‍ നിസ്സഹായമായി ശൂന്യതയില്‍ തപ്പിത്തടയുന്നു. ഉയര്‍ന്ന്, ഉന്തിനില്‍ക്കുന്ന ഉദരത്തിനുമേല്‍ നിന്ന് സ്ഥാനം തെറ്റി വഴുതി നീങ്ങുന്ന പുതപ്പ്. ഏതാണ്ടിങ്ങനെയാണ്, രൂപാന്തരപ്രാപ്തിക്കു ശേഷമുള്ള പ്രഭാതത്തില്‍, ഗ്രിഗര്‍ സാംസ തന്നെത്തന്നെ കാണുന്നത്.

പതിവുപോലെ വലത്തോട്ട് ചെരിഞ്ഞു കിടക്കാനാവുന്നില്ല എന്നതു മാത്രമാണ് അയാളെ തെല്ല് അസ്വസ്ഥനാക്കുന്നത്. നൂറു വട്ടം ശ്രമിച്ചിട്ടും തന്റെ ഷഡ്പദപാദങ്ങളും ഷഡ്പദദേഹവുമുപയോഗിച്ച് അയാള്‍ക്കതിനാവുന്നില്ല. തനിക്കെന്താണ് സംഭവിച്ചത് എന്ന ചോദ്യം സ്വയം ചോദിക്കുകയും അതൊരു സ്വപ്നമല്ല എന്നുറപ്പുവരുത്തുകയും ചെയ്യുന്നുണ്ട് അയാള്‍. തന്റെ ചുറ്റുപാടുകള്‍ നിരീക്ഷിച്ചിട്ടാണ് ഗ്രിഗര്‍ ഇപ്രകാരം ചെയ്യുന്നത്. അതേ മുറി. മേശപ്പുറത്ത് നിരന്നു കിടക്കുന്ന വസ്ത്രസിംപിളുകള്‍; അയാളുടെ തൊഴിലിനെ ഓര്‍മ്മപ്പെടുത്തുന്നത്.' വ്യാപാരത്തിനു വേണ്ടി യാത്ര ചെയ്യുന്നയാള്‍'(commercial traveller) എന്ന വാക്കാണ് ഇവിടെ. അയാളുടെ സ്വത്വത്തിന്റെ ഒരടര് ആ ജോലിയാണ്. അതിനെക്കുറിച്ചുള്ള വിചാരങ്ങളിലേയ്ക്കു മടങ്ങുന്നതിനു മുന്‍പ്, താന്‍ തന്നെ ചുവരില്‍ ചട്ടമിട്ടു തൂക്കിയ, രോമക്കുപ്പായം ധരിച്ച ഒരു സ്ത്രീയുടെ ചിത്രവും അയാള്‍ കാണുന്നുണ്ട്. ഉറങ്ങിയിടത്തു തന്നെയാണ് താന്‍ ഉണര്‍ന്നതെന്നതിന്റെ സൂചനകളായിരുന്നു അവ. എന്നാല്‍ ഗ്രിഗര്‍ മാത്രം മാറിയിരിക്കുന്നു. ഈ വിപര്യയത്തെപ്പറ്റിയല്ല, തന്റെ ജോലിയുടെ മടുപ്പിനെപ്പറ്റിയും താന്‍ വെറുക്കുന്ന 'ബോസി'നെപ്പറ്റിയും തന്റെ പരാധീനതയെപ്പറ്റിയുമാണ് അയാള്‍ ചിന്തിക്കുന്നത്. നിരന്തരമായ യാത്രകളും മോശം ഭക്ഷണവും ഒരിക്കലും സുഹൃത്തുക്കളായിത്തീരാത്ത അപരിചിതരുമായുള്ള സംസര്‍ഗ്ഗവുമായിരുന്നു അയാളുടെ നിത്യവൃത്തിയെ വിരസവും വ്യതിയാനശൂന്യവുമാക്കി മാറ്റിക്കൊണ്ടിരുന്നത്. എങ്കിലും നിസ്സഹായനായിരുന്നു ഗ്രിഗര്‍. തന്റെ പിതാവ് ബോസിനു കൊടുക്കാനുള്ള പണം വീട്ടിത്തീര്‍ക്കേണ്ടതുണ്ട്. അതിന് ഇനിയും വര്‍ഷം അഞ്ചോ ആറോ വേണ്ടി വരും.

ഇതിലേറെയായൊന്നും ഗ്രിഗര്‍ സാംസയെന്ന ചെറുപ്പക്കാരനെപ്പറ്റി 'രൂപാന്തരപ്രാപ്തി' എന്ന കഥയില്‍ നമ്മള്‍ വായിക്കുന്നില്ല. അയാളുടെ പ്രായമെത്രയായിരുന്നു? രൂപമെന്തായിരുന്നു? ഇതൊന്നും നമുക്കറിയില്ല. ഷഡ്പദപ്പെട്ടതിനു ശേഷമുള്ള ഗ്രിഗറിനെയാണ് കഥയില്‍ നമ്മള്‍ കാണുന്നത്; അയാളോട് അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ പ്രതികരിക്കുന്ന വിധവും. ഈ കുടുംബത്തിനു പുറത്തുനിന്ന് നാലഞ്ചുപേര്‍ മാത്രമാണ് കഥയില്‍ കടന്നു വരുന്നത്. ഒന്ന്, ഗ്രിഗറിന്റെ ഓഫീസിലെ ' ചീഫ് ക്ലാര്‍ക്ക്.' സമയത്ത് ജോലിക്കു ഹാജരാവാതെ, കൃത്യവിലോപം വരുത്തിയ ജോലിക്കാരനെ തേടി വന്നതായിരുന്നു അയാള്‍. ഗ്രിഗറിനു പകരം ഒരു ഭീമഷഡ്പദത്തെ കണ്ട അയാള്‍ പരിഭ്രാന്തനായി സ്ഥലം വിടുന്നു. അവര്‍ ഒരു വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍ വീടിന്റെ ഒരു ഭാഗം വാടകയ്ക്കു കൊടുത്തപ്പോള്‍ അവിടെ അന്തേവാസികളായെത്തിയ മൂന്നു പേരും (അവരും ഒഴിഞ്ഞു പോകുന്നു) ഒരു തൂപ്പുകാരിയുമാണ് മറ്റുള്ളവര്‍. ഈ തൂപ്പുകാരിയാണ് ഒടുവില്‍, ഷഡ്പദരൂപിയായ ഗ്രിഗറിന്റെ ജഡം മറവു ചെയ്യുന്നത്. മറവു ചെയ്തു എന്നല്ല, ആ സാധനം വേണ്ടപോലെ 'കൈകാര്യം ചെയ്തു' എന്നാണ് അവര്‍ പറയുന്നത്. അത്രമേല്‍ അപ്രധാനമായിക്കഴിഞ്ഞിരുന്നു, അപ്പോഴേയ്ക്ക് ഗ്രിഗറിന്റെ മനുഷ്യപദവി!

ഇനി നമുക്ക് ഗ്രിഗറിന്റെ ആ നാല്‍വര്‍കുടുംബത്തിലേയ്ക്ക് മടങ്ങി വരാം അഥവാ അവര്‍ നാലില്‍ നിന്ന് മൂന്നായിച്ചുരുങ്ങിപ്പോയതിനു ശേഷമുള്ള അവരുടെ ജീവിതത്തിലേയ്ക്ക്. ഗ്രിഗറായിരുന്നു അവരുടെ ജീവിതത്തിലെ (സാമ്പത്തികമായ) ഒരേയൊരത്താണി. അവനു സംഭവിച്ച ദുഃസ്വപ്നാത്മകമായ ദുരന്തം ആ മാതാപിതാക്കളെയും സഹോദരിയെയുമൊന്നും കാര്യമായി ചലിപ്പിക്കുകയോ തകര്‍ത്തുകളയുകയോ ചെയ്യുന്നില്ല. പകരം അവര്‍ അവരവരുടേതായ അതിജീവനമാര്‍ഗ്ഗങ്ങളന്വേഷിക്കുന്നു. ഏറ്റവും കഠിനഹൃദയനും കര്‍ക്കശനുമായി കാണപ്പെടുന്നത് ഗ്രിഗറിന്റെ പിതാവ് സാംസ തന്നെയാണ്. കഴിവില്‍ക്കവിഞ്ഞ കര്‍ക്കശത്വമുണ്ട്, അയാള്‍ക്ക്. മകനോട് ഏറെക്കുറെ ദയാരഹിതവും സ്‌നേഹശൂന്യവുമായാണ് അയാളുടെ പെരുമാറ്റം. ഒരിക്കല്‍ തന്റെ മകനായിരുന്ന ആ പ്രാണിയെ, അതിനനുവദിക്കപ്പെട്ടിരിക്കുന്ന ഒളിയിടമായ ആ മുറിയിലേയ്ക്കു തന്നെ അയാള്‍ തുരത്തുന്നു. രണ്ടാമതൊരു വട്ടം ഇങ്ങനെ ചെയ്യുമ്പോള്‍ ആപ്പിളുകള്‍ തുരുതുരാ എറിയുകയാണ് ചെയ്യുന്നത് അയാള്‍ ഗ്രിഗറിനു നേര്‍ക്ക് (സൃഷ്ടിയെയും സ്രഷ്ടാവിനെയും തമ്മില്‍ ഭിന്നിപ്പിച്ച, ആദിപാപത്തിനു കാരണമായ 'ആപ്പിളു'കളോ അവ?). അതിലൊന്ന് ആ മൂകഷഡ്പദത്തിന്റെ ജീവനുള്ള മാംസത്തിനുള്ളില്‍ തറഞ്ഞു കയറി, അതിനെ ക്രമികവും സാവധാനവുമായ മരണത്തിലേയ്ക്കു നയിക്കുന്നു.

സാഹിത്യവുമായി  ബന്ധപ്പെട്ട വാര്‍ത്തകളും  ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

ആരെങ്കിലും ഗ്രിഗറിനോട് കാര്യമായ വല്ല പരിഗണനയും കാണിച്ചിട്ടുണ്ടെങ്കില്‍ അത് അവന്റെ സഹോദരിയായ 'ഗ്രെറ്റെ'യായിരുന്നു. അവള്‍ അവനു ഭക്ഷണം നല്‍കുന്നു. ആദ്യം പാല്‍, പിന്നെ ഒരു ഷഡ്പദത്തിനു തിന്നാവുന്ന വിധം അഴുകിയവയും ജീര്‍ണ്ണിച്ചവയുമായ ആഹാരസാധനങ്ങള്‍. ക്രമേണ സ്‌നേഹം, മടുപ്പിനും ക്രൂരമായ നിസ്സംഗതയ്ക്കും വഴിമാറുന്നു. തന്റെ സഹോദരനായിരുന്ന ഒരാള്‍, 'അത്' എന്ന വിരൂപസാന്നിധ്യമായി മാറുന്നു (അതോടെ ആ ഭക്ഷണവും വേണ്ടെന്നു വച്ച് മരണത്തെ പുണരുകയാണ് ഗ്രിഗര്‍!).

പുത്രവാത്സല്യത്തിനും ഭര്‍ത്താവിനോടുള്ള വിധേയത്വത്തിനും ഇടയില്‍പ്പെട്ട്, അതില്‍ രണ്ടാമത്തേതിനു വഴങ്ങുന്നവളാണ് ഗ്രിഗറിന്റെ അമ്മ. കുടുംബബന്ധങ്ങളുടെ ഈ ത്രികോണത്തിനു നടുവില്‍, സ്‌നേഹരാഹിത്യത്താല്‍ ഇരുണ്ട്, ശൂന്യമായിപ്പോയ ഒരിടത്തിലാണ് ഗ്രിഗര്‍ തന്റെ ശിഷ്ടാസ്തിത്വം കഴിച്ചു കൂട്ടുന്നത്. അതും ക്രമേണ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതെയാകുന്നു. 'അവന്റെ തല താനേ താണ് നിലംപറ്റി. ആ നാസാരന്ധ്രങ്ങളില്‍ നിന്ന് അവസാനശ്വാസത്തിന്റെ നേരിയചലനവും ഒഴിഞ്ഞു പോയി' എന്ന് ആ മരണം വിവരിക്കപ്പെട്ടിരിക്കുന്നു.

കാഫ്കയുടെ 'മെറ്റമോര്‍ഫോസിസ്' വായിക്കുന്ന ഒരാള്‍ ടോള്‍സ്റ്റോയ്‌യുടെ 'ഇവാന്‍ ഇല്ലിച്ചിന്റെ മരണ'വും ഓര്‍മ്മിച്ചേക്കാം. ആസന്നമരണനായ രോഗിയുടെ അന്യഥാത്വമാണ് ആ മഹത്തായ നോവലെറ്റില്‍. ടോള്‍സ്റ്റോയ് അതിനെ യഥാതഥമായി വിവരിക്കുന്നു. ജീവിതം എന്ന പ്രഹസനത്തിന്റെ നിരര്‍ത്ഥകതയും മനുഷ്യന്റെ ഏകാന്തതയും പ്രസ്പഷ്ടമാക്കുന്നു. കാഫ്കയും ഇതു തന്നെയാണ് ചെയ്യുന്നത്. അതിന് ആ ദു:സ്വപ്നപീഡിതനായ പ്രതിഭാശാലി, രൂപാന്തരപ്രാപ്തി എന്ന അവസ്ഥാവിപര്യയത്തെ ഉപാധിയാക്കുന്നു. എല്ലാ മിഥോളജികളിലും മനുഷ്യേതരരൂപങ്ങളിലേയ്ക്കു മാറുന്ന മനുഷ്യരുടെ കഥകള്‍ കാണാം. ഇവിടെ അത് അകാരണവും ആകസ്മികവുമാകുന്നു. ആ ആകസ്മികതയെ സ്വാഭാവികവും യുക്തിസഹമെന്ന പോലെ യഥാതഥവുമാക്കുന്നതിലാണ് കാഫ്കയുടെ കല. 'മെറ്റമോര്‍ഫോസിസി'ലെ ആദ്യവാക്യം തനിക്കരുളിയ സര്‍ഗ്ഗപ്രചോദനത്തെപ്പറ്റി മാര്‍ക്കേസ് (Gabriel Garcia Marquez) പറയുന്നുണ്ട്.' മാജിക്കല്‍ റിയലിസ'ത്തിലേയ്ക്ക് മാര്‍ക്കേസിനെ എത്തിച്ച മാന്ത്രികവാക്യമായിരുന്നു അത്. കാഫ്കയുടെ നാട്ടുകാരനായ മിലന്‍ കുന്ദേരയാവും ആ എഴുത്തുകാരനെപ്പറ്റി ഏറ്റവും ഗാഢമായി പര്യാലോചിച്ചിട്ടുള്ള ഒരു പിന്‍മുറക്കാരന്‍. നിരപരാധി സാപരാധനായി മാറുന്ന ദസ്‌തേവ്‌സ്‌കിയന്‍ ഭാവനാപൈതൃകമാണ് കാഫ്കയില്‍ കുന്ദേര വായിച്ചത്. അതെന്തായാലും, മാംസത്തില്‍ തറഞ്ഞു കയറിയ ഒരാപ്പിളിന്റെ കലാന്തരപീഡയായി കാഫ്ക ഇപ്പോഴും നമ്മെ വേട്ടയാടുന്നു. സഹോദരി വയലിന്‍ വായിക്കുന്നതു കേട്ടുകൊണ്ടാണ് ഗ്രിഗര്‍, ഏറ്റവുമൊടുവില്‍, മുറിയില്‍ നിന്നു പുറത്തിറങ്ങിയത്. അയാളുടെ ഷഡ്പദസാന്നിധ്യത്താല്‍ ആ സംഗീതവും ഭഞ്ജിക്കപ്പെടുന്നു. സ്‌നേഹത്തിന്റെയും ജീവിതത്തിന്റെയും സംഗീതത്തിനു നേര്‍ക്കിഴയുമ്പോഴൊക്കെ അതില്‍ നിന്നു തുരത്തിയോടിക്കപ്പെടുന്ന ഇത്തരം ഷഡ്പദരൂപികളുടെ കൂടി കഥാകൃത്തായിരുന്നു കാഫ്ക. അതായിരിക്കാം ആ വിശ്വോത്തരകഥ കൈവരിച്ച കാലാന്തരപ്രസക്തിയുടെ സൗന്ദര്യരഹസ്യങ്ങളില്‍ ഒന്ന്.


 

Content Highlights: mashipacha sajay kv writes about franz kafka novella metamorphosis