ആദിവാസിക്കു മാത്രം പകരുന്ന ആദിവാസി രോഗം: പുനത്തിലിന്റെ രാഷ്ട്രീയകഥകള്‍

ആസക്തിയുടെ കഥകളും ഫാന്റസി മുഖ്യകഥനതന്ത്രമാകുന്ന കഥകളും എഴുതിക്കൊണ്ടാണ്, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന കഥാകാരന്‍ ശ്രദ്ധേയനാകുന്നത്. എഴുപതുകളില്‍ വീശിയടിച്ച രാഷ്ട്രീയാധുനികതയുടെ ചക്രവാതച്ചുഴലികള്‍, പൊതുവേ ആഘോഷപ്രിയനായ ഈ എഴുത്തുകാരനെ അത്രയൊന്നും ബാധിച്ചിട്ടേയില്ല എന്നാണ് നിലവിലുള്ള സാമാന്യധാരണ. ഈ ധാരണയെ കനത്ത ഒരു കടുംചുവപ്പു വരയാല്‍ തിരുത്തുന്ന ചില കഥകളും പുനത്തിലിന്റേതായുണ്ട്. 'കക്കയത്തെ ക്ഷുരകന്‍' എന്ന കഥ ഉദാഹരണം. എഴുപതുകളിലെ തീവ്രരാഷ്ടീയകാലത്തിന്റെ ഒരു പരിശിഷ്ടം പോലെ ഇക്കഥ.
ലാറ്റിനമേരിക്കന്‍ കഥാകൃത്തായ ഹെര്‍ണാണ്ടോ ടെല്ലസിന്റെ,' വെറും സോപ്പുപത, അത്രമാത്രം' എന്ന കഥയില്‍ സമാനമായ ഒരു സന്ദര്‍ഭമുണ്ട്. വിപ്ലവകാരികളെ അടിച്ചമര്‍ത്തുന്ന ഒരു പട്ടാളഓഫീസര്‍, വിപ്ലവാഭിമുഖ്യമുള്ള ഒരു ക്ഷുരകന്റെ മുന്നില്‍ മുഖക്ഷൗരം ചെയ്യാന്‍ വന്നിരിക്കുന്നു. വേണമെങ്കില്‍ അയാള്‍ക്ക് ആ മൂര്‍ച്ചയേറിയ കത്തി, ആ വര്‍ഗ്ഗശത്രുവിന്റെ കഴുത്തിലമര്‍ത്താം, ചോരയ്ക്ക് ചോര കൊണ്ടു തന്നെ പകരംവീട്ടാം. വലിയ സന്ദിഗ്ദ്ധതയ്ക്കും അന്തസ്സംഘര്‍ഷങ്ങള്‍ക്കും ശേഷം ടെല്ലസിന്റെ ക്ഷുരകന്‍ ആ വധോദ്യമത്തില്‍ നിന്നു പിന്‍വാങ്ങുന്നു. അത്രയൊന്നും സാത്വികനോ അഹിംസാവാദനിരതനോ ആയിരുന്നില്ല പുനത്തിലിന്റെ കക്കയത്തെ ക്ഷുരകന്‍. തീവ്രരാഷ്ട്രീയവിശ്വാസങ്ങളുണ്ടായിരുന്ന അയാളുടെ മകന്‍ പൊലീസ്പീഡനത്താല്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മദിനത്തിലാണ് കഥയിലെ സംഭവങ്ങള്‍ അരങ്ങേറുന്നത്. '1983 ആഗസ്റ്റ് 25' എന്ന് ആ തിയ്യതി കണിശമായിത്തന്നെ കഥയില്‍ അടയാളപ്പെടുന്നു. അന്നു തന്നെയാണ് കഥയിലെ, പേരില്ലാത്ത സബ് ഇന്‍സ്‌പെക്റ്റര്‍ അയാളോട് മുടി മുറിക്കുന്നതിനായി വീട്ടിലേയ്ക്കു വരാന്‍ ആവശ്യപ്പെട്ടത് (വടക്കന്‍ കേരളത്തില്‍ പതിവുള്ള രീതിയില്‍, മുടി മുറിക്കുക എന്നല്ല, തല വെട്ടുക എന്ന നിരുപദ്രവകരമെങ്കിലും ഹിംസാത്മകമായ പദമാണ് കഥയില്‍!). ബാര്‍ബര്‍ കണാരന്‍ തന്റെ ജോലി വൃത്തിയായും ശ്രദ്ധാപൂര്‍വ്വവും നിറവേറ്റുന്നു. അവിടെ നിന്നു നോക്കിയാല്‍ കാണാവുന്നിടത്തുളള ബംഗ്‌ളാവില്‍ വച്ചായിരുന്നു അയാളുടെ മകന്‍, ഇന്‍സ്‌പെക്ടറുടെ തല്ലും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്. ഇന്‍സ്‌പെക്റ്റര്‍ അതിനെപ്പറ്റിയൊക്കെ പൊള്ളയായ സഹാനുഭൂതിയോടെ സംസാരിക്കുന്നുണ്ട്, ആരോടാണ് താന്‍ അങ്ങനെ ചെയ്യുന്നത് എന്നറിയാതെ. നിശ്ശബ്ദനെങ്കിലും അയാളുടെ ഉള്ള് കാളുകയായിരുന്നു. ഈ സന്ദര്‍ഭം കഥാകൃത്തിന്റെ വാക്കുകളില്‍ ഇങ്ങനെ-'കണാരന്റെ ദേഹം മുഴുവന്‍ അരിച്ചുകയറുകയാണ്. തലയില്‍ തീപ്പന്തങ്ങള്‍ എരിയുന്നു. കണാരന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. എന്റെ മകന്‍ മരിച്ചതു നാടിനു വേണ്ടിയാണ്. വിപ്ലവകാരി അച്ഛനമ്മമാരുടെ സ്വകാര്യ സ്വത്തല്ല. സമൂഹത്തിന്റെ പൊതുസ്വത്താണ്'.
തുടര്‍ന്ന്, ഇന്‍സ്‌പെക്റ്ററുടെ ബാല്യം വിടാത്ത മകന്റെ ഊഴമായി. ആ 'തലവെട്ടല്‍', പക്ഷേ, മുന്നേപ്പോലെ സമാധാനപരമായല്ല അവസാനിച്ചത്. 'സ്‌പെയിനിലെ കാളയെപ്പോലെ കണാരന്‍ പെട്ടെന്ന് കുട്ടിയുടെ മേല്‍ ചാടി വീണു.
സ്തബ്ധനായിപ്പോയ ഇന്‍സ്‌പെക്ടര്‍ നോക്കിനില്‍ക്കേ കണാരന്‍ മൂര്‍ച്ച കൂട്ടിയ കത്തി കുട്ടിയുടെ കഴുത്തിലിറക്കുകയാണ്' എന്ന് പുനത്തില്‍ തന്റെ കഥയ്ക്ക് ഗംഭീരമായ പര്യവസാനം കുറിക്കുന്നു. 1986 ആണ് കഥയുടെ രചനാകാലം. തീക്ഷ്ണമായ ഒരു രാഷ്ട്രീയഋതുവിന് അതിന്റെ അടുത്ത പതിറ്റാണ്ടിലിരുന്നു കൊണ്ട് കുറിച്ച, രക്തപങ്കിലമായ പ്രത്യഭിവാദ്യം പോലെ, ഈ പുനത്തില്‍ക്കഥ.
ചടുലവും തീവ്രവുമെങ്കിലും പരോക്ഷതകളില്ലാത്ത, തുറന്ന ഘടനയാണ് 'കക്കയത്തെ ക്ഷുരക' ന്റേത്. നേരേ മറിച്ചാണ് പുനത്തില്‍ തൊണ്ണൂറുകള്‍ക്കൊടുവിലെഴുതിയ 'മുയലുകളുടെ നിലവിളി' എന്ന രാഷ്ട്രീയകഥയുടെ കഥനസമ്പ്രദായം. തുറന്ന രാഷ്ട്രീയപ്രസ്താവനകളൊന്നുമില്ലാതെ തന്നെ ഒരു മികച്ച രാഷ്ട്രീയരചനയായി മാറുന്നു എന്നതാണ്, അപാരമായ ശില്പമികവു പുലര്‍ത്തുന്ന ഈ കഥയുടെ സവിശേഷത. രാഷ്ട്രീയം കഥയുടെ ധ്വനിയായി മുഴങ്ങുമ്പോഴും ആഖ്യാനം അതിനെക്കുറിച്ച് ഏറെക്കുറെ പരിപൂര്‍ണ്ണം തന്നെയായ മൗനം അവലംബിക്കുന്നു. യാദൃച്ഛികമെങ്കിലും ഒരു കുട്ടിയുടെ മുടി കളയല്‍ തന്നെയാണ് ഈ കഥയിലെയും പ്രധാന പ്രമേയതന്തുക്കളില്‍ ഒന്ന്. നാല്‍പ്പത്തൊന്നു ദിവസം പ്രായമായ ഒരു കുട്ടിയുടെ മുടിയാണ് കളയുന്നത്. അത് മതപരമായ ഒരനുഷ്ഠാനവും ആഘോഷവുമാകുന്നു. അതിസമ്പന്നമായ ഒരു മുസ്ലിംഗൃഹത്തിലാണ് ഇതു നടക്കുന്നത്. ആ കുട്ടിയുടെ പിതാവു തന്നെയാണ് കഥയിലെ ആഖ്യാതാവ്. ഉമ്മര്‍ എന്ന കശാപ്പുകാരന്‍ കാളക്കുട്ടനെ അറുക്കുന്നു. ഒസ്സാന്‍ വരുന്നു. കാറ്റും മഴയുമുള്ള ക്ഷോഭാകുലമായ അന്തരീക്ഷമാണ് കഥയില്‍. അവിടേയ്ക്ക് അതിഥിയായെത്തുന്ന 'അധികാരിമാഷ്' എന്ന കഥാപാത്രമാണ് കഥയില്‍ ആകസ്മികമായ ചില തിരിവുകള്‍ സൃഷ്ടിക്കുന്നത്. അയാളുടെ ആണ്‍മക്കളിലൊരാള്‍ ജന്മിത്തത്തിനെതിരായി കലാപം ചെയ്ത് മരണം വരിക്കുന്നു. മറ്റൊരു മകനാകട്ടെ, ക്രൂരതയും ഹിംസാവാസനയും ഒരു അധമപൈതൃകമായേറ്റു വാങ്ങി അപമൃത്യുവിനിരയാകുന്നു. മുയല്‍വേട്ടക്കാരനായ മകനെ ഒരു മുയലിനെയെന്നോണം നായാടി അവന്റെ മേല്‍ തന്റെ അന്തിമവിജയം ഉറപ്പാക്കുകയാണ് അയാള്‍. അധികാരിയുടെയും മക്കളുടെയും ഇടയില്‍ സംഭവിച്ചതു തന്നെയാണ് സമ്പന്നരുടെയും ദരിദ്രരുടെയും ഇടയില്‍ സംഭവിക്കുന്നതെന്നും ആദിവാസികളും നിസ്വരും വേട്ടയാടപ്പെടുന്ന മുയലുകളാണെന്നും അവരുടെ ചോരയുടെയും നിലവിളിയുടെയും മുകളില്‍ കെട്ടിയുയര്‍ത്തപ്പെട്ട മാളികകളിലെ ആഘോഷങ്ങളാണ് സമ്പന്നതയുടേത് എന്നും സൂചിപ്പിക്കുകയാണ് പുനത്തില്‍ തന്റെ ആഖ്യാനത്തിലൂടെ. 'പോയിന്റ് റ്റു റ്റു വിന്‍ചെസ്റ്റര്‍' എന്ന തോക്കും അതില്‍ നിന്നുയരുന്ന ഗന്ധകഗന്ധവും കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. ആഘോഷത്തിനു വേണ്ടി അറുക്കപ്പെടുന്ന കാളക്കുട്ടന്റെ തോലുരിയുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പലപ്പോഴായി കഥയില്‍ കടന്നുവരുന്നു. മഴവെള്ളം കുത്തിയൊഴുകുന്ന പുഴയിലൂടെ അപ്പോള്‍ ഒലിച്ചുപോയത് ഒരു മനുഷ്യജഡമാണ്, ഏതെങ്കിലുമൊരു കാട്ടുമൃഗത്തിന്റേതല്ല, എന്നു കൂടി പറയുന്നുണ്ട് ഒരു കഥാപാത്രം. ഇങ്ങനെയെല്ലാം അന്യഥാ ശുഭകരമായ ഒരാഘോഷം, അതിന്റെ അതിസമ്പന്നതയുടെ പകിട്ടിനിടയിലും, അശുഭകരമായ ചിലതിന്റെ കരിനിഴലുകള്‍ ചൂഴ്ന്ന നിലയിലാകുന്നു.
വയനാട്ടിലാണ് കഥ നടക്കുന്നത്. മഴക്കാലമായതിനാല്‍ പണിയരുടെ ഇടയില്‍ കോളറ പടര്‍ന്നു പിടിച്ചിരിക്കുന്നു. അത് നമുക്കും പകരുമോ എന്ന ചോദ്യത്തിന് അധികാരി ഇങ്ങനെ മറുപടി പറയുന്നു- 'ആദിവാസിരോഗം ആദിവാസിക്കേ പകരൂ'. ആദിവാസികളുടെ അധ:സ്ഥിതി അവരുടെ ഇടയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു സാംക്രമികരോഗമണെന്ന അധികാരികളുടെയും സമ്പന്നരുടെയും ധാര്‍ഷ്ട്യമാണ് ഈ മറുപടിയില്‍. അതിനെ അവഗണിച്ചും വിസ്മരിച്ചും അവര്‍ സമ്പന്നതയുടെ ഹിംസാപരതയില്‍ മുഴുകുന്നു. ആദ്യമായി ഒരു കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യുന്നതിന്റെ അനുഷ്ഠാനവും ആഘോഷവുമാണ് നടക്കുന്നത്. കാലവര്‍ഷത്തിന്റെ ക്ഷോഭവും ഹിംസയെക്കുറിച്ചുള്ള ആവര്‍ത്തിക്കുന്ന പരാമര്‍ശങ്ങളും അതിന്റെ പരഭാഗമെന്നോണം നിലകൊള്ളുന്നു. മുണ്ഡനം ചെയ്യപ്പെട്ട ശിശുവിന്റെ മസൃണശിരസ്സിനെക്കുറിച്ച് ഇങ്ങനെ ഒരു പരാമര്‍ശം കാണാം കഥയില്‍ -' കുഞ്ഞിന്റെ മൊട്ടത്തലയില്‍ മുകളില്‍ കത്തുന്ന വാഴക്കാമ്പിന്റെ രൂപമുള്ള ട്യൂബ് ലൈറ്റ് ഒരിടിവാളു പോലെ പ്രതിഫലിച്ചു.' ആര്‍ദ്രതയുടെ വിപരീതമാണ് 'ഇടിവാളുപോലെ' എന്ന കല്പന. കീഴാളരുടെ ദമിതമായ രോഷം തന്നെയാണത്. മുയലുകളുടെ നിലവിളി പോലെ, കഥയിലുടനീളം, അത് നിശ്ശബ്ദമായി മുഴങ്ങുന്നു.
Content Highlights: Mashipacha, Sajay K.V, Punathil Kunjabdulla, Mathrubhumi