'തിളനിലയ്ക്കപ്പുറം, ജലം അതല്ലാതായി മാറുന്നു': അവരവരെത്തന്നെ നഷ്ടമാവുക എന്ന ഗെയിം!

സ്വത്വസങ്കീര്‍ണതകളുടെയും അസ്തിത്വസങ്കീര്‍ണതകളുടെയും കാഥികനായാണ് അന്തരിച്ച ചെക്ക് നോവലിസ്റ്റ് മിലാന്‍ കുന്ദേര അടയാളപ്പെടുന്നത്, ലോകസാഹിത്യഭൂപടത്തില്‍. മനുഷ്യാസ്തിത്വത്തിന്റെ ഇന്നോളം അറിയപ്പെടാത്ത ഒരു തലം വെളിപ്പെടുത്താന്‍ നിയുക്തനാണ് ഓരോ മഹാനോവലിസ്റ്റും എന്നുകരുതി, അദ്ദേഹം. കുന്ദേരയുടെ കാര്യത്തില്‍ അത് ജീവിതത്തിന്റെ ഭാരവും ഭാരമില്ലായ്മയുമായിരുന്നു. അതിന്റെ പലവിധ നിര്‍വചനങ്ങളും കഥനവല്‍ക്കരണങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. ഭാരത്തേക്കാള്‍ ഭാരിച്ചതാണ് ഭാരമില്ലായ്മ എന്നു കരുതി, കുന്ദേര. ജീവിതത്തോടുള്ള ഗൗരവതരമായ വൈകാരികസമീപനമേതും ഭാരിച്ചതാണ്. ഭാരമില്ലായ്മയാകട്ടെ അതിനെ കളിമട്ടില്‍ സമീപിക്കുന്നതിന്റെ ഫലവും. ഈ ഭാരരാഹിത്യം പോലും, അതിന്റെ ശൂന്യതയാല്‍, ഭാരിച്ചതായി മാറുന്ന വിപര്യയവും കുന്ദേരയുടെ എഴുത്തിന്റെ ഭാഗമായിരുന്നു. അത്തരമൊരു കഥയാണ് 'ലാഫബ്ള്‍ ലവ്‌സി'ല്‍ ഉള്‍പ്പെടുന്ന, 'ദ ഹിച്ച്‌ഹൈക്കിങ് ഗെയിം'.
രണ്ട് കമിതാക്കളുടെ കഥയാണ് കുന്ദേര പറയുന്നത്. അവര്‍ക്കു പേരില്ല. ഈ പേരില്ലായ്മയ്ക്കു പോലും ഒരു തരം വ്യഞ്ജകത്വമുണ്ട് കുന്ദേരയുടെ ആഖ്യാനപ്രപഞ്ചത്തില്‍. ആഖ്യാനത്തിന് അനിവാര്യമെന്നു തോന്നിയാലേ കഥാപാത്രങ്ങളുടെ പേരുപോലും കഥാഘടനയില്‍ സന്നിവേശിപ്പിക്കാറുള്ളൂ ഈ അസാധാരണനായ എഴുത്തുകാരന്‍.' ലൈഫ് ഈസ് എല്‍സ് വേര്‍' എന്ന കുന്ദേരയുടെ ആദ്യനോവലില്‍ കവിയും കേന്ദ്രകഥാപാത്രവുമായ 'യാരോമിലി'നു മാത്രമേ പേരുള്ളൂ, കാരണം അത് യാരോമിലിന്റെ കഥയാണ്; മറ്റുള്ളവര്‍ അയാള്‍ക്കു ചുറ്റും പേരില്ലാത്ത ഉപഗ്രഹങ്ങായി ഭ്രമണം ചെയ്യുക മാത്രം ചെയ്യുന്നു. ഇത്തരത്തിലാണ് മേല്‍പ്പരാമര്‍ശിച്ച കഥയിലെ കമിതാക്കാള്‍ പേരില്ലായ്മയുടെ സ്വച്ഛതയോടു കൂടി കഥയില്‍ പ്രവേശിക്കുകയും അതിന്റെ ചാലക ശരീരങ്ങളായി മാറുകയും ചെയ്യുന്നത്. കാരണം കമിതാക്കാള്‍ എന്നതാകുന്നു കഥയില്‍ അവര്‍ക്കു വഹിക്കാനുള്ള ഒരേയൊരു പദവി; അന്നിലയ്ക്കുള്ള അവരുടെ ബന്ധത്തിന്റെ അതിസൂക്ഷ്മബലതന്ത്രമാണ്കഥയുടെ ആഖ്യാനകേന്ദ്രം എന്നതിനാല്‍.
ഒരു വര്‍ഷക്കാലമായി പ്രണയബദ്ധരാണ് അവര്‍, ലജ്ജാലുവായ ആ യുവതിയും ഇരുപത്തെട്ടുകാരനായ അവളുടെ കാമുകനും. അവര്‍ ഒരവധിക്കാലയാത്രയ്ക്കു പുറപ്പെടുന്നു, രണ്ടാഴ്ച്ചക്കാലത്തേയ്ക്ക്, അയാളുടെ സ്‌പോട്‌സ് കാറില്‍. ആദ്യദിവസത്തെ യാത്രയ്ക്കിടെ ഇന്ധനം തീര്‍ന്ന് കാര്‍ ഒരു ഗ്യാസ് ഹൗസില്‍ നിര്‍ത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. വീണ്ടും ഇന്ധനം നിറയ്ക്കുന്നതിനിടെ, താന്‍ ഒന്നു കറങ്ങി വരാം എന്ന് യുവതി. അവള്‍ തനിച്ച് അടുത്ത കണ്ട കാട്ടിലേയ്ക്ക് കയറുന്നു. അതിന്റെ സ്വകാര്യതയിലും ഏകാന്തതയിലും അവള്‍ കൂടുതല്‍ സ്വസ്ഥയായിരുന്നു. പിന്നെ അവിടെ നിന്നിറങ്ങി, അവള്‍ പ്രധാനപാതയിലൂടെ നടക്കാന്‍ തുടങ്ങുന്നു, അവന്‍ കാറുമായി പിന്നാലെ വരുന്നുണ്ടോയെന്ന് ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ട്. കാര്‍ അവള്‍ക്കരികിലെത്തിയപ്പോള്‍ ഒരപരിചിതയെപ്പോലെ അവള്‍ കൈകാണിക്കുന്നു. ഒരപരിചിതയ്ക്ക് സൗജന്യയാത്രയനുവദിക്കുന്ന അപരിചിതനേപ്പോലെ അയാള്‍ അവളെ കാറില്‍ക്കയറ്റിക്കൊണ്ട് യാത്ര തുടരുന്നു.
ഇവിടെ മുതലാണ് കൗതുകകരമെന്നതിനേക്കാള്‍ ഭീകരമായ ആത്മച്യുതിയുടെ കേളി ആരംഭിക്കുന്നത്. സൗജന്യയാത്രയ്ക്കിടെ ഏതറ്റം വരെയും പോകാന്‍ സന്നദ്ധയായ ഒരു ശൃംഗാരിയെപ്പോലെ അവളും അത്തരം ഒരുവളോട് കാണിക്കാവുന്ന അമാന്യമായ പാരുഷ്യത്തോടെ അയാളും പെരുമാറാന്‍ തുടങ്ങുന്നു. വാക്കുകളും ചേഷ്ടകളും കൊണ്ട് അവര്‍ പരസ്പരം ആക്രമിക്കാനും പരിക്കേല്‍പ്പിക്കാനും തുടങ്ങുന്നു. അവളില്‍ നിന്ന് അവളും അവനില്‍ നിന്ന് അവനും ഏതാണ്ട് പൂര്‍ണമായിത്തന്നെ കൂടൊഴിഞ്ഞു പോകുന്നു. ഇപ്പോള്‍ ശേഷിക്കുന്നത് പരസ്പരം അപരിചിതരായ ഒരു സ്വൈരണിയും അവളുടെ ശരീരത്തില്‍ മാത്രം തല്‍പ്പരനായ ഒരു കാമാതുരനുമാണ്. ഇതൊരു കളിയാണെന്നു കൂടി ഓര്‍ക്കാതെ, ആ കളിയില്‍ തങ്ങള്‍ എടുത്തണിഞ്ഞ വേഷങ്ങളില്‍ അവര്‍ക്ക് അവരെത്തന്നെ നഷ്ടപ്പെടുകയാണ്. ഈ ഘട്ടത്തില്‍ കുന്ദേര എഴുതുന്ന ഭാരിച്ച ഒരു വാക്യമുണ്ട്- 'തിളനിലയ്ക്കപ്പുറം, ജലം അതല്ലാതായി മാറുന്നു'.
ഒരു വാടകപ്പെണ്ണിനോടെന്നോണമായി, തുടര്‍ന്ന്, അവളോടുളള അയാളുടെ പെരുമാറ്റം. താന്‍ ആരാധനാപൂര്‍വം കണ്ടിരുന്ന അവളെ ഈ അപരിചിതയില്‍ നിന്നും അവളുടെ കൂസലില്ലായ്മയില്‍ നിന്നും വേര്‍തിരിക്കാന്‍ കൂടി അയാള്‍ക്കാവുന്നില്ല. അവളെ അയാള്‍ ക്രൂരമായ നിര്‍മമതയോടു കൂടി വിവസ്ത്രീകരിക്കുകയും സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും നേരിയ ലാഞ്ഛന പോലുമില്ലാത്ത രതിയിലൂടെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. അവള്‍ക്കോ അയാള്‍ക്കോ മാരകമായ ഈ കളിയില്‍ നിന്നും അതിന്റെ ക്രൂരനിര്‍ബന്ധങ്ങളില്‍ നിന്നും പുറത്തു കടക്കാനേ ആവുന്നില്ല. ഒടുവില്‍,' ഞാന്‍ ഞാനാണ്'(I'm me, I'm me, I'm me...) എന്ന് അവള്‍ വിതുമ്പുകയും നിലവിളിക്കുകയും ചെയ്യുമ്പോഴും ദയാപൂര്‍വ്വം അവളെ ഒന്നു സാന്ത്വനിപ്പിക്കാന്‍ പോലും അയാള്‍ക്കാവുന്നില്ല. അത്രമേല്‍ അന്യനും അപരിചിതനുമായി അയാള്‍ മാറിക്കഴിഞ്ഞിരുന്നു. അപ്പോഴും അവരുടെ അവധിക്കാലത്തില്‍ പതിമൂന്നു ദിവസങ്ങള്‍ കൂടി ശേഷിച്ചിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് കുന്ദേര തന്റെ കഥയ്ക്ക് വിരാമമിടുന്നത്.
ആത്മം- അപരം, കളി- കാര്യം, ഗൗരവം- ലാഘവം, കാമുകീത്വം- വേശ്യാത്വം, ആണ്‍മ- പെണ്‍മ എന്നിങ്ങനെ കറുപ്പും വെളുപ്പുമായ ചതുരംഗക്കള്ളികള്‍ക്കുള്ളിലാണ് മനുഷ്യരുടെ ഓരോ നീക്കവും. കളിയും കരുവും കളിക്കാരനും/ കളിക്കാരിയും അവനവന്‍/അവളവള്‍ തന്നെ. ആഖ്യാനത്തിന്റെ ഒരു സവിശേഷസന്ധിയില്‍ കുന്ദേര എഴുതുന്നു-'കളിയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. മത്സരം അവസാനിക്കും മുന്‍പ് ഒരു കൂട്ടര്‍ക്കു മാത്രം മൈതാനത്തു നിന്ന് ഓടി രക്ഷപ്പെടാനാവില്ല, ചതുരംഗത്തിലെ കരുക്കള്‍ക്ക് ചതുരംഗപ്പലക വിട്ടു പോകാനുമാവില്ല. കളിക്കളത്തിന്റെ പരിധികള്‍ അലംഘനീയമാം വിധം ഉറപ്പിക്കപ്പെട്ടിരിക്കുന്നു'. ജീവിതം ഒരു കളിയാണെന്നു കരുതിയാല്‍പ്പോലും ആ കളിനിയമങ്ങള്‍ക്കു പുറത്തു കടക്കാനാവില്ല എന്നു പറയുകയാണ് കുന്ദേര. ഇതു പോലെയാണ് അവനവനും അവളവളുമായിരിക്കുന്ന അവസ്ഥയില്‍ നിന്നു പുറത്തുകടക്കാനുള്ള മനുഷ്യരുടെ യത്നവും.
തിളനിലയ്ക്കപ്പുറം വെള്ളം വെള്ളമല്ലാതാകുന്നതുപോലെ അവള്‍ക്കും അവനും അവരവരെത്തന്നെ നഷ്ടമാവുക എന്നതായിരിക്കും അതിന്റെ അനിവാര്യഫലം. ജീവിതത്തിന്റെ ഋജുവും നിയതവുമായ നേര്‍വഴിയില്‍ നിന്നു വ്യതിചലിക്കുന്നതിലെ ആനന്ദമാണ് കഥയിലെ കാമുകകഥാപാത്രം അന്വേഷിക്കുന്നത്. അവളാകട്ടെ, തന്റെ അധീരവും അസൂയാകലുഷിതവുമായ കാമുകീത്വത്തില്‍ നിന്നും ഒരു താല്‍ക്കാലിക രക്ഷാമാര്‍ഗമന്വേഷിക്കുന്നു. അതൊരു കളിയായിത്തുടങ്ങുകയും അതിന്റെ വിപരീതമായി മാറുകയും ചെയ്യുന്നു. കളിയില്‍ നിന്നു രക്ഷപ്പെടാനാവില്ല എന്നതാണ് മനുഷ്യാവസ്ഥയുടെ സങ്കീര്‍ണതയും നിസ്സഹായതയും നിസ്സാരതയും. കാര്യത്തിന്റെ വിപരീതമല്ല കളി എന്നു വന്നാല്‍പ്പിന്നെ കളി കൊണ്ടെന്തു കാര്യം? ഇത്തരത്തില്‍ കുഴപ്പിക്കുന്ന ഒരസ്തിത്വസമസ്യയാണുന്നയിക്കുന്നത് കുന്ദേരയുടെ 'ദ ഹിച്ച് ഹൈക്കിങ് ഗെയിം' എന്ന അനന്യമായ ചെറുകഥ. പ്രണയത്തെ ഉപാധിയാക്കിക്കൊണ്ട്, ആരെങ്കിലും ആയിരിക്കുക എന്ന മനുഷ്യാവസ്ഥയുടെ കളിനിയമത്തിന്റെ ഭീകരതയെയാണ് അതു തുറന്നുകാട്ടുന്നത്. 'ഞാന്‍' എന്ന ഏകവചനസര്‍വ്വനാമം എത്ര മാത്രം സന്ദിഗ്ദ്ധവും സങ്കീര്‍ണ്ണവും നിരാധാരവുമാണ് എന്ന് കഥനഭാവനയുടെ മിന്നല്‍വെളിച്ചത്തില്‍ കാട്ടിത്തരികയായിരുന്നു , കുന്ദേര.
Content Highlights: mashipacha sajay kv column milan kundera and the art of writing