'വത്സം' എന്നാല്‍ പശുക്കുട്ടി; വാക്കില്‍ നിന്നു പിറന്ന 'വാത്സല്യം'!

#സജയ് കെ.വി
വര: ബാലു
വര: ബാലു

നിരൂപകന് സവിശേഷമായ ഒരു ഭാഷാവ്യക്തിത്വവുമുണ്ടെന്ന നില വന്നുചേര്‍ന്നത് ആധുനിക നിരൂപകരുടെ വരവോടെയാണ് മലയാളസാഹിത്യത്തില്‍. മാരാര്‍ക്കും മുണ്ടശ്ശേരിക്കുമെല്ലാം മറ്റൊരു തോതില്‍ അതുണ്ടായിരുന്നെങ്കിലും, ഒരു ഭാസ്‌കരന്‍ നായരിലൊഴികെ, ഭാഷ ഉള്ളടക്കത്തേക്കാള്‍ ശ്രദ്ധേയമായി മാറുന്ന സന്ദര്‍ഭങ്ങള്‍ വിരളമായിരുന്നു. കെ.പി. അപ്പന്റെയും ആഷാ മേനോന്റെയും വി.രാജകൃഷ്ണന്റെയും നിരൂപണഗദ്യം വിമര്‍ശനശീലങ്ങളെ മാത്രമല്ല, വിമര്‍ശനഗദ്യത്തെയും മറ്റൊന്നാക്കി മാറ്റിയെഴുതി. ഉഗ്രതേജസ്സുള്ള ആക്രാമകഗദ്യമായിരുന്നു വിമര്‍ശനത്തില്‍ അപ്പന്റെ ഭാഷാമുദ്ര. ഒരു തരം ഉഗ്രഹരിപഞ്ചാനനത്വം തന്നെയുണ്ടായിരുന്നു അപ്പന്റെ വിമര്‍ശനഭാഷയ്ക്കും ഭാവുകത്വത്തിനും. പൗരുഷത്തിന്റെ കലയാണ് വിമര്‍ശനമെന്ന അതിവാദത്തിലേയ്ക്കുവരെ അത് ആ ഉദ്ധതനായ നിരൂപകനെ എത്തിച്ചു. വിമര്‍ശനഗദ്യത്തിലെ ഈ കടുംതുടിയുടെ ശൈവപ്രചണ്ഡതയെ ഓടക്കുഴലിന്റെ സൗമ്യനാദമുതിര്‍ക്കുന്ന ഗദ്യസരസ്വതിയുടെ ലാസ്യം കൊണ്ട് പൂരിപ്പിച്ചതും, അങ്ങനെ, ആധുനികതാവാദനിരൂപണത്തിന് ഒരു തരം അര്‍ദ്ധനാരീശ്വരത്വത്തിന്റെ സന്തുലിതശോഭ പകര്‍ന്നതും ആഷാ മേനോനായിരുന്നു. അപ്പന്റെ പുരുഷപേശികളുള്ള ഗദ്യത്തെ പൂവിതളിന്റെ മാര്‍ദ്ദവവും ഹിമാലയഹിമത്തിന്റെ ശമശീതളിമയുമുള്ള ഒരു ഗദ്യപാകം കൊണ്ട് പകരംവയ്ക്കാന്‍ ആഷാ മേനോനായി.

മഹാകവി കുമാരനാശാന്‍ തന്റെ ഒരാദ്യകാലരചനയായ 'വനയാത്ര'യില്‍ ശിശിരത്തിനും വസന്തത്തിനും ഇടയിലുള്ള വനാന്തരത്തെ വിവരിച്ചതു പോലെയായിരുന്നു ഇത്-

'പോകാതെയും ശിശിര, മുദ്ഭടപുഷ്പ കാല-
മാകാതെയും സ്വയമുഷസ്സില്‍ ഹിമാര്‍ദ്രമായും
ഏകുന്നു കൗതുക, മിളം തളിരാര്‍ന്നു കന്യാ -
പാകത്തില്‍ നിന്നു പരിശുദ്ധവനാന്തഭംഗി'

ഭാഷയുടെയും ഭാവുകത്വത്തിന്റെയും ഇളംതളിരുപോലുള്ള നേര്‍മ്മയും പാരിസ്ഥിതികാത്മീയതയുടെ ഹിമാര്‍ദ്രതയും ചേര്‍ന്ന് 'കന്യാപാക'ത്തില്‍ നില്‍ക്കുന്ന ഒരു ഭാഷാരണ്യത്തിലേയ്ക്കുള്ള പ്രവേശനങ്ങളാകുന്നു, അതിനാല്‍, ആഷാ മേനോന്റെ എഴുത്തിലേയ്ക്കും വിചാരലോകത്തിലേയ്ക്കുമുള്ള പ്രവേശനം ഭാവുകനായ മലയാളിക്ക്. 'കന്യാപാകം' എന്ന പ്രയോഗം ഇവിടെ സവിശേഷമായ സാംഗത്യമുള്‍ക്കൊള്ളുന്നു. സ്‌ത്രൈണതയുടെ അങ്കുരണം പോലെ മുഗ്ദ്ധപേലവമായ ഒരു തരം നൈര്‍മ്മല്യമുണ്ട് ആഷാ മേനോന്റെ വിമര്‍ശനഗദ്യത്തിന്. അവിടെ ഇലകളേക്കാളേറെ ഇളംതളിരുകളാണുള്ളത്, ഒപ്പം ഹിമാര്‍ദ്രതയുടെ നനുത്ത സ്പര്‍ശവും. 'ഭാഷയും ജലവും' പോലൊരു ലേഖനം ഈ എഴുത്തുകാരനിലല്ലാതെ നമുക്കു പ്രതീക്ഷിക്കാനാവില്ല. പരിസ്ഥിതിബോധത്തിന്റെ ആത്മീയത, ഭാഷയേയും ഭാവുകത്വത്തേയുമെല്ലാം പുണര്‍ന്നുനില്‍ക്കുന്ന ഒരു സാകല്യദര്‍ശനമായി മാറുന്നു ആഷാ മേനോനില്‍. അത്തരമൊരവബോധകാന്തിയാലെഴുതപ്പെട്ടവയാണ് താഴെക്കാണുന്നതു പോലുള്ള ഗദ്യപല്ലവികള്‍.

ആഷാ മേനോന്‍

'ഭാഷയെ ജലത്തോടുപമിക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ വരിക, അതിന്റെ സ്ഫടികത്വവും സുതാര്യതയുമാണ്. പുഴ ഒഴുക്കിക്കൊണ്ടുപോകുന്ന വെള്ളാരങ്കല്ലുകളുടെ മാര്‍ദ്ദവം എന്ന രൂപകത്തിലും ഈ തെളിമയാണ് സ്ഫുരിക്കുക. ദാഹം മാറാന്‍ ആരും വാക്ക് കുടിക്കാറില്ല; കുടിക്കാതെ തന്നെ ശമനം അനുഭവപ്പെടുന്ന ഘട്ടങ്ങളുണ്ടാവുമെങ്കിലും. അതുപോലെ വിശപ്പ് മാറാന്‍ ആരും വാക്ക് ഭുജിക്കാറില്ല; ഭുജിക്കാതെ തന്നെ ശമനം അനുഭവപ്പെടുന്ന ഘട്ടങ്ങളുണ്ടാവുമെങ്കിലും'(ഭാഷയും ജലവും). ഗാഢമായ ഭാഷാരതിയും പദശ്രദ്ധയുമുള്ള ഒരെഴുത്തുകാരനു മാത്രമേ ജലത്തിന്റെ/ഭാഷയുടെ 'സ്ഫടികത്വം' പോലൊരു പ്രയോഗം രൂപപ്പെടുത്താനാവൂ. ഇതേ ലേഖനത്തില്‍ 'വിശ്വാസ'മെന്നാല്‍ വിശേഷേണയുള്ള ശ്വസനമാണെന്ന നിരീക്ഷണവും കാണാം. ഭാഷയിലും അനുഭവത്തിലും രണ്ടിന്റെയും പൊരുളിലും എത്ര സൂക്ഷ്മമായി കാതോര്‍ത്താലാണ് വിശ്വാസം എന്ന വാക്കിന്റെ നിരുക്തിയില്‍ നിന്നുയിര്‍ക്കൊള്ളുന്ന ഈ ശ്വസനതാളം കേള്‍വിപ്പെടുക! വിശ്വാസമെന്നാല്‍, അത് മനുഷ്യനിലോ ദൈവത്തിലോ ഉള്ളതാകട്ടെ, പ്രാണന്റെ സൂക്ഷ്മതന്ത്രികളില്‍ മീട്ടപ്പെടുന്ന പവിത്രസംഗീതമാകുന്നു അതോടെ. കേവലമായ അര്‍ത്ഥബോധമോ നിരുക്തിബോധമോ മാത്രം സ്വായത്തമായ ഒരാള്‍ ഇങ്ങനെ എഴുതില്ല. ഭാഷയാലുള്ള ആത്മീയപ്രവര്‍ത്തനമായി എഴുത്തിനെ തിരിച്ചറിയുമ്പോഴേ പദകോശമെന്നാല്‍ വാക്കിന്റെ പ്രാര്‍ത്ഥനാമന്ദിരമാകുന്ന അനുഭവത്തിലും അനുഭൂതിയിലുമണയൂ, ഒരെഴുത്തുകാരനും അയാളുടെ വായനക്കാരും. ആഷാ മേനോനില്‍ അതുണ്ട് എന്നാണ് പറഞ്ഞു വരുന്നത്. 'മൗനത്തിന്റെ സ്പര്‍ശം കാറ്റിന്റെ സ്പര്‍ശം തന്നെയാണ്. രണ്ടും ദൃശ്യമല്ല, സ്പൃശ്യമാണ്' എന്നതു പോലുള്ള, കവിത നിറഞ്ഞ ജ്ഞാനോദയങ്ങള്‍ അങ്ങനെ സാധ്യമായിത്തീരുന്നവയാണ്;' പൂന്തേന്‍ എന്ന വാക്ക് മനുഷ്യന്‍ ആവിഷ്‌കരിക്കുന്നതിനു മുന്‍പു തന്നെ, ശലഭങ്ങളുടെ മന്ദ്രത ഇവിടെ മിടിച്ചിരുന്നു' എന്നതു പോലെ വാക്കിനെയും മൗനത്തെയും കടന്നുപോകുന്ന പാരിസ്ഥിതികമായ വിവേകസൂര്യോദയങ്ങളും.

'അമരകോശത്തിലെ ആര്‍ദ്രതകള്‍' എന്നൊരു ലേഖനമെഴുതിയിട്ടുണ്ട് ആഷാ മേനോന്‍. ഒരു നിഘണ്ടുവിന്റെ കാവ്യാത്മകതയെപ്പറ്റി , ഇത്തരമൊരു ലേഖനം സാധ്യമാണെന്ന ചിന്ത തന്നെ അപൂര്‍വ്വമാണ്. വാക്കുകളുടെ മരണകുടീര (mauosleum)മാണ് നിഘണ്ടു എന്ന ധാരണയെയാണതു തിരുത്തുന്നത്. അതില്‍ കവിതയും ജ്ഞാനവും പാരിസ്ഥിതികവിവേകത്തിന്റെ ബൗദ്ധകാന്തിയുമുണ്ടെന്ന് ആഷാ മേനോന്‍ കണ്ടെത്തുന്നു. 'വത്സം' എന്നാല്‍ പശുക്കുട്ടിയാണ്, സംസ്‌കൃതത്തില്‍. ഈ വാക്കില്‍ നിന്നാണ് 'വാത്സല്യം' എന്ന അമരകോശവായനയെ ഏതു പേരിട്ടു വിളിച്ചാലും അത് അപര്യാപ്തമായിത്തീരാനേ തരമുള്ളൂ. അതിനാല്‍ നമുക്കു പിന്‍മാറുക, പൂന്തേന്‍ എന്ന വാക്കിനും മുന്‍പാണ് ശലഭങ്ങളുടെ മന്ദ്രത എന്ന വിവേകത്താല്‍.

Content Highlights: Mashipacha, Sajay K.V, Asha Menon, Mathrubhumi