മുച്ചിലോട്ട് കാവും ഇന്ത്യ - ചൈന യുദ്ധവും | ജീവിതം എന്ന തീക്കടൽ | ആത്മകഥ 01

ബാല്യകാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എപ്പോഴും രണ്ട് കാര്യങ്ങളാണ് മനസ്സില്‍ വരാറുള്ളത്. 1962-ല്‍ കണ്ണൂര്‍ ജില്ലയിലെ അടുത്തില എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അമ്മയുടെ അച്ഛന്‍ അമ്മയുടെ ജനനത്തിനുമുമ്പ് തന്നെ മരിച്ചുപോയിരുന്നു. അമ്മയ്ക്ക് ഏഴു വയസ്സുള്ളപ്പോള്‍ അമ്മയുടെ അമ്മയും മരിച്ചു. അങ്ങനെ മറ്റ് ബന്ധുക്കളുടെ കൂടെയാണ് അമ്മ വളര്‍ന്നത്. അതുകൊണ്ടുതന്നെ ചെറിയ പ്രായത്തില്‍ അമ്മയെ കല്യാണം കഴിപ്പിച്ചയച്ചു.
കേരളത്തില്‍ തണുപ്പ് ആരംഭിക്കുന്ന ജനുവരി മാസത്തിലെ ഒരു രാത്രി. അടുത്തില മുച്ചിലോട്ട് കാവില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കളിയാട്ടം നടത്തിയിരുന്നത്. അന്നവിടെ കളിയാട്ടമായിരുന്നു. എല്ലാവര്‍ക്കും തെയ്യം കാണാന്‍ പോകണം. പക്ഷേ, പൂര്‍ണഗര്‍ഭിണിയായ അമ്മയെ ഒറ്റയ്ക്ക് വീട്ടിലാക്കി എങ്ങനെ പോകും? അങ്ങനെ ഒരാള്‍ മാത്രം വീട്ടില്‍നിന്നിട്ട് മറ്റുള്ളവരെല്ലാം തെയ്യത്തിന് പോയി. മുച്ചിലോട്ട് കാവില്‍ തെയ്യം നടക്കുന്ന ആ രാത്രിയില്‍ ആണത്രേ എന്റെ ജനനം. തെങ്ങോല ചൂട്ടുമായി ആരോ കാവില്‍ പോയി ബന്ധുക്കളെ വിളിച്ചുകൊണ്ടുവന്നു. തെയ്യത്തിന്റെ ആഘോഷത്തോടൊപ്പം തന്നെ എന്റെ ജനനവും നാട്ടുകാര്‍ ആഘോഷിച്ചു. ഈ ഒരു കാരണം കൊണ്ട് തന്നെ എനിക്ക് ഓരോ 12 വയസ്സ് കൂടുമ്പോഴും അടുത്തില നാട്ടുകാര്‍ക്കെല്ലാം അതറിയാം.
Content Highlights: Lieutenant Colonel Surendran M.K., Autobiography, Jeevitham enna theekkadal