'ഞാൻ ഇങ്ങനെയാണ്', എം.ടി.യുടെ കനത്ത ശബ്ദം കാതിൽ മുഴങ്ങി, ഞാൻ കരച്ചിലിന്റെ വക്കിലെത്തി

മൂന്നു പതിറ്റാണ്ടുകാലം എം.ടിയെ പിന്തുടർന്ന് അനർഘനിമിഷങ്ങൾ ക്യാമറയിൽ പകർത്തിയ മാതൃഭൂമി ചീഫ് ക്യാമറാമാൻ കെ.കെ സന്തോഷ് തിരഞ്ഞെടുത്ത എം.ടി ചിത്രങ്ങളുടെ സമാഹാരം മാതൃഭൂമി ബുക്സ് പുറത്തിറക്കിയിരിക്കുന്നു. എം.ടി കാലത്തിന്റെ കാൽപ്പാടുകൾ എന്നു പേരിട്ടിരിക്കുന്ന ദൃശ്യസമാഹരം അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലായ് പതിനഞ്ചിന് വൈകിട്ട് കെ.പി കേശവമേനോൻ ഹാളിൽ വെച്ച് പ്രകാശിതമാവുകയാണ്. എം.ടി ദൃശ്യസമാഹാരത്തെക്കുറിച്ച് റൈറ്റേഴ്സ് ഡയറിയിൽ കെ.കെ സന്തോഷ് എഴുതുന്നു.
'എം.ടി' എന്ന 'കാല'ത്തിന്റെ കാൽപാടുകൾ തേടിപ്പോകുമ്പോൾ കഴിഞ്ഞുപോയ കാലങ്ങളുടെ ഒരു കടൽ തന്നെ എന്റെ ഓർമ്മകളുടെ തീരത്തേക്ക് ഇരച്ചെത്തുകയാണ്. തൃശൂർ മാതൃഭൂമിയിൽ ഞാൻ ഫോട്ടോഗ്രാഫർ ട്രെയിനിയായി വന്നിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂ. 1995-ലാണ്, ഒരു ദിവസം ബ്യൂറോ ചീഫ് കെ. പ്രഭാകരേട്ടൻ പറഞ്ഞു 'നാളെ നാരായണ പിഷാരോടിയെ കാണാൻ എം.ടി. വാസുദേവൻ നായർ വരുന്നുണ്ട്'. അപ്പോൾ സീനിയർ ഫോട്ടോഗ്രാഫർ വി.എസ്. ഷൈൻ പറഞ്ഞു, 'ആ പരിപാടി സന്തോഷ് കവർ ചെയ്തോളൂ'. എനിക്ക് സന്തോഷമായി. എന്റെ ഇഷ്ടപ്പെട്ട കഥാകാരനെ ഞാൻ ആദ്യമായി കാണാൻ പോകുന്നു. അന്നൊക്കെ പ്രധാനപ്പെട്ട പരിപാടികൾക്കൊക്കെ രണ്ട് ക്യാമറ കൊണ്ടുപോകും, ഒന്ന് മാതൃഭൂമി തന്ന FM 2 ക്യാമറ, പിന്നെ എന്റെ നിക്കോൺ FG ക്യാമറയും. കമ്പനി ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമും എന്റെ സ്വന്തം ക്യാമറയിൽ കളർ ഫിലിമും ലോഡ് ചെയ്താണ് പോകുക. അന്നൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് യുഗമാണല്ലോ. പത്രത്തിൽ എപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ മാത്രം-വല്ലപ്പോഴും വിശേഷ അവസരങ്ങളിൽ മാത്രം കളർ ഫോട്ടോ. അതായിരുന്നു അന്നത്തെ രീതി. ബ്യൂറോയിൽ നിന്ന് റിപ്പോർട്ടർ പി.കെ.ജയചന്ദ്രൻ പറഞ്ഞു, 'ഗുരുതുല്യനായ നാരായണ പിഷാരോടിയെ കാണാൻ എം.ടി. വരുന്നത് നല്ല ഫോട്ടോ സാധ്യതയുള്ളതാണ്'. അങ്ങനെ രാവിലെ 9 മണിയോടെ ആ സമാഗമം നടന്നു. രണ്ട് ക്യാമറയിലുമായി കുറേ ചിത്രങ്ങളെടുത്തു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പിറ്റേന്ന് പത്രത്തിൽ വന്നു. കളർ ഫോട്ടോ കുറച്ച് ദിവസം കഴിഞ്ഞാണ് ഡെവലപ്പ് ചെയ്തത്. പ്രിന്റ് അടിച്ചില്ല, കളർ നെഗറ്റീവായി സൂക്ഷിച്ചു. അന്നറിയില്ലല്ലോ 30 വർഷം കഴിഞ്ഞ് എം.ടി. വാസുദേവൻ നായർ എന്ന ആ മഹാമനുഷ്യന്റെ അനർഘനിമിഷങ്ങളുടെ ദൃശ്യസമാഹാരം തന്നെ തയ്യാറാക്കുമെന്നും അതിന്റെ കവർ ചിത്രമാണ് എടുത്തതെന്നും.
Content Highlights: K.K Santhosh Writers' Diary Mathrubhumi Books