എത്ര വെള്ളം കോരിയിട്ടും ആനന്ദന്‍ വന്നില്ല; ചണ്ഡാലഭിക്ഷുകി ഒരു സ്വപ്നത്തിന്റെ ചാരം | അടരടരായി ആശാൻ

'എത്ര വെള്ളം കോരിയിട്ടും
ആനന്ദന്‍ വന്നില്ല' (മാതംഗി)
രണ്ടായിരത്തിയഞ്ഞൂറ് വര്‍ഷം മുമ്പ് ഭാരതീയ സംസ്‌കാരം കണ്ടൊരു സ്വപ്നമാണ് മാതംഗി. ഇക്കാലത്തിലൂടെ പല മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിട്ടും നിറവേറാതെ, നിന്ന സ്വപ്നം. ജാതി ഭ്രാന്താലയമാക്കിയ കേരളത്തിലിരുന്ന് അന്നാ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച സമ്മര്‍ദ്ദങ്ങള്‍ വീണ്ടും തീക്ഷ്ണതരമായി അനുഭവിച്ച ഒരു മനസ്സില്‍ പുനഃപ്രത്യക്ഷപ്പെടുകയാണ് അവള്‍. സ്വപ്നമായിത്തന്നെ അവശേഷിക്കാന്‍, ഒരു പക്ഷെ മറവിയിലാണ്ടുപോകാതിരിക്കാന്‍, അതില്‍പ്പരമായ ഒരുപമ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍. അസ്പൃശ്യരില്‍ അസ്പൃശ്യയായ ഒരു പറയപ്പെണ്‍കൊടി, ബുദ്ധവിഹാരത്തില്‍ സ്വീകരിക്കപ്പെട്ടതിന്റേയും ജാതിരഹിതമായ ഒരു രാജ്യസൃഷ്ടിക്ക് അവള്‍ കാരണമായതിന്റേയും കഥ. ഉപയോഗ്യമല്ലെന്നതിനാല്‍ കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട ഒരു ശില, എല്ലാ കാലത്തേക്കുമായി നിര്‍മ്മിക്കപ്പെട്ട പുതിയ മന്ദിരത്തിന്റെ അടിസ്ഥാനശിലയായി മാറിയതിന്റെ കഥ. കൊള്ളരുതാത്തവള്‍ (useless) കൊള്ളാവുന്നവളായി മാറിയപ്പോള്‍ അവളില്‍ ഉണര്‍ന്നെണീറ്റ ആനന്ദത്തിന്റെ കഥ.
Content Highlights: kalpetta narayanan adaradarayi asan kumaranasan casteism chandalabhikshuki