മനുഷ്യന്‍ ഒരു പുല്ലിംഗപദമായതോടെ സ്ത്രീ മനുഷ്യനല്ലാതായി; അധമബോധം അവളെ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ചു!

അടരടരായി ആശാന്‍
#കല്‍പറ്റ നാരായണന്‍
കല്‍പറ്റ നാരായണന്‍/ ഫോട്ടോ: മധുരാജ്‌
കല്‍പറ്റ നാരായണന്‍/ ഫോട്ടോ: മധുരാജ്‌

'അതാ ഒരു മനുഷ്യന്‍' എന്ന് കേട്ടാല്‍ നാം തലപൊത്തിച്ച് നോക്കുക ഒരു പുരുഷനെ പ്രതീക്ഷിച്ച് കൊണ്ടാണ്. സ്ത്രീയെ ഉദ്ദേശിച്ച് അതാ ഒരു മനുഷ്യന്‍ എന്നാരും പറയാറില്ല. മനുഷ്യന്‍ ഒരു പുല്ലിംഗപ്രത്യയാന്ത പദമാണ് എന്നത് കൊണ്ടാവാം, കാലാകാലമായുള്ള ശീലം കൊണ്ടാവാം, പരമ്പരാഗതമായ അനുബന്ധനം (conditioning) കൊണ്ടാവാം. മനുഷ്യന്‍ ഒരു പുല്ലിംഗപദമായതോടെ സ്ത്രീ മനുഷ്യനല്ലാതായി. അതോടെ സ്ത്രീക്ക് മനുഷ്യപ്രാതിനിധ്യമില്ലാതായെന്ന് മാത്രമല്ല, സ്ത്രീയ്ക്ക് പ്രാതിനിധ്യത്തിനായി പുരുഷനെ ആശ്രയിക്കേണ്ടിയും വന്നു. പുരുഷനെ പ്രതിനിധീകരിക്കുന്ന സര്‍വ്വനാമത്തിനല്ലാതെ സ്ത്രീയെ പ്രതിനിധീകരിക്കുന്ന സര്‍വ്വനാമത്തിന് പ്രാതിനിധ്യക്ഷമത കൈവന്നിട്ടില്ല. അവനെയല്ലാതെ അവളെക്കാണാനില്ല ഒരേടത്തും. നരവംശ ശാസ്ത്രജ്ഞയായ മാര്‍ഗ്ഗരറ്റ് മീഡ് പറയുമ്പോലെ 'ഹീ' 'ഷീ' യെയല്ലാതെ 'ഷീ' 'ഹി' യെ പ്രതിനിധീകരിക്കുന്നില്ല ഒരു ഭാഷയിലും. അവനല്ലാതെ അവളില്ല ഉദാഹരണങ്ങളിലോ, സ്ഥിതിവിവരക്കണക്കുകളിലോ. അവനല്ലാതെ അവളില്ല പൊതുസ്ഥലങ്ങളില്‍. അവള്‍ക്ക് ദൃശ്യത ഇല്ല. (അതുണ്ടാക്കുന്ന അധമ ബോധം അവളെ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിക്കുന്നു, ദേഹത്തില്‍ കനകാഭിഷേകം ചെയ്യിക്കുന്നു). മനുഷ്യനെ പ്രതിനിധീകരിക്കുന്നതെപ്പോഴും അവനാണ്. ഈ വാക്യം നോക്കൂ: 'മുന്‍കാലത്ത് അവന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം മുപ്പത്തഞ്ചായിരുന്നെങ്കില്‍ ഇന്നവന്റെ ആയുര്‍ദൈര്‍ഘ്യം അമ്പതാണ്.' അവളുടെ കാര്യത്തില്‍ വൃത്യാസമുണ്ട് പക്ഷെ അത് രേഖപ്പെടുകയില്ല. അവള്‍ വേണ്ടിടത്തും അവളുടെ ധര്‍മ്മം നിര്‍വഹിക്കാന്‍ യോഗ്യനല്ലെങ്കിലും അവനാണ് വരിക. ഏതുദാഹരണവാക്യത്തിലും അവനേയും അവളേയും പ്രതിനിധീകരിച്ച് പ്രത്യക്ഷപ്പെടുക അവനാണ്. അവനെക്കുറിച്ച് പറയുമ്പോള്‍ അവളും പറയപ്പെടുന്നുവല്ലോ, പിന്നെ എന്തിന് വിശേഷിച്ച് അവളെക്കുറിച്ച് പറയണം എന്നാണ് പൊതുവായ ചോദ്യം. വര്‍ഗ്ഗ സമരം വിജയിക്കുമ്പോള്‍ അവളും വിജയിക്കില്ലേ, പിന്നെയെന്തിന് അവള്‍ക്കായി ഒരു പോരാട്ടം എന്ന കമ്മ്യൂണിസ്റ്റ് ചോദ്യം തന്നെ. അവന്റെ അളവ് അവള്‍ക്ക് പാകമല്ലെങ്കിലും ആ അളവിലുള്ളത് ധരിച്ച് പ്രത്യക്ഷപ്പെടാനേ പൊതുലോകത്തിലാവൂ. ഒരാളുയരമെന്നോ ഒരാള്‍ത്താഴ്ച്ചയെന്നോ പറയുമ്പോള്‍ അതിലെ ആള്‍ അവനാണ്. അവളില്ല പരിഗണണനകളില്‍. അനിന്നാലവള്‍ പരിക്കുപറ്റാനും മുങ്ങിത്താഴാനും കൂടുതല്‍ സാധ്യതയുള്ളവള്‍. 

ഉല്‍പ്പത്തിക്കഥകളില്‍ നോക്കൂ. അവനാണ് ആദ്യം. അവന്റെ ആവശ്യത്തിനായി അവനില്‍ നിന്നോ അവന്റെ ഏകാന്തതയില്‍ കൂട്ടായിട്ട് ശൂന്യതയില്‍ നിന്നോ അവള്‍ സൃഷ്ടിക്കപ്പെടുകയാണ്. നരനില്‍ നിന്നാണ് നാരി, നായകനില്‍ നിന്ന് നായിക, മാനില്‍ (man) നിന്ന് വുമന്‍ (woman). പണ്ടോറയെ ക്കുറിച്ചുള്ള ഗ്രീക്ക് മിത്ത് നോക്കുക. ഏകാകിയായ പുരുഷന്റെ അവസ്ഥ കണ്ട് അനുകമ്പ തോന്നിയ ദേവന്മാര്‍ സ്ത്രീയെ അവന്‍ വിനോദിക്കുവാനൊരു ഭോഗവസ്തുവായി നിര്‍മ്മിച്ചുനല്‍കുന്നു. അവള്‍ പ്രസവിച്ചതാണ് അവനെ എന്നത് തമസ്‌ക്കരിച്ച് അവന്‍ പ്രസവിച്ചതാണ്. അല്ലെങ്കില്‍ അവനായി പ്രസവിച്ചതാണ് അവളെ എന്നൊരു കഥാ സംസ്‌കാരം നിര്‍മ്മിച്ചിരിക്കുന്നു.

Content Highlights: kalpetta narayanan adaradarayi asan kumaranasan feminist perspective

Continue reading