നായയെ കഴുത്തുകുടുക്കി കൊന്ന് പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍ കെട്ടിയിട്ടു;അതൊരു മുന്നറിയിപ്പായിരുന്നു

#തയ്യാറാക്കിയത് :വി.എന്‍ അന്‍സല്‍
ചിത്രലേഖ
ചിത്രലേഖ

ണ്ടായിരത്തി പതിനേഴിലാണ് വീടുപണി തുടങ്ങുന്നത്. ചുമര്‍ കെട്ടി. സണ്‍ഷേഡിന്റെ പണി തുടങ്ങാന്‍ വേണ്ടി ഉദ്ദേശിക്കുന്ന സമയത്താണ് ഈ സ്ഥലം റദ്ദുചെയ്തുകൊണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കുന്നത്. അതിന്റെ ഇടയിലാണ് മുസ്ലീംലീഗുകാരനായ ശുഹൈബിനെ പട്ടുവത്ത് വെച്ചു കൊല്ലുന്നത്. കോണ്‍ഗ്രസ്സുകാര്‍ അതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ജാഥ നടത്തി. സമാപനം കണ്ണൂരായിരുന്നു. അന്ന് കോണ്‍ഗ്രസ്, ലീഗ് നേതാക്കളായ രമേശ് ചെന്നിത്തല, ഷാനിമോള്‍ ഉസ്മാന്‍, എം.കെ മുനീര്‍, എം.എം ഹസ്സന്‍, കെ സുധാകരന്‍, കെ.എം. ഷാജി, സതീശന്‍ പാച്ചേനി എന്നിവര്‍ എന്നെ കാണാന്‍ വന്നു. സ്ഥലം റദ്ദു ചെയ്തതോടെ ഞാന്‍ സമരം തുടങ്ങിയപ്പോഴാണ് എന്നെ കാണാന്‍ വന്നത്. സ്ഥലം റദ്ദ് ചെയ്തതിനെതിരെ ഹൈക്കോടതിയില്‍ നിന്നു സ്റ്റേയും വാങ്ങി. കോണ്‍ഗ്രസ് നേതാവായ ലാലി വിന്‍സന്റ് വക്കീലാണ് ഞങ്ങള്‍ക്ക് സ്റ്റേയും പോലീസ് പ്രൊട്ടക്ഷനും വാങ്ങിച്ചുതന്നത്. അതിനുശേഷമാണ് സണ്‍ഷേഡ് വാര്‍ത്തതും മെയിന്‍ വാര്‍പ്പ് കഴിഞ്ഞതും.

ആ സ്ഥലം നല്ല കാടുള്ള സ്ഥലമായിരുന്നു. ജെ.സി.ബി കൊണ്ടുവന്നു കാട് വെട്ടുന്ന സമയം ചിലര്‍ വന്നു അത് തടഞ്ഞു. സ്ഥലം റദ്ദ്  ചെയ്ത സമയത്ത് ഞങ്ങള്‍ സമരം ചെയ്തു കഴിഞ്ഞതിനുശേഷം മറ്റൊരു സംഭവമുണ്ടായി. ദിവസവും രാവിലെയും വൈകുന്നേരവും ഞങ്ങള്‍ സണ്‍ഷേഡ് നനയ്ക്കാന്‍ പോകുമായിരുന്നു. വാര്‍പ്പുകാര്‍ പലക ഊരി പോയിട്ടുണ്ടായിരുന്നു. വൈകീട്ട് ഒരു ആറ് മണിയാകുമ്പോള്‍ സണ്‍ഷേഡ് നനക്കാന്‍ പോയപ്പോള്‍ കാണുന്ന കാഴ്ച ഒരു നായയെ കഴുത്തിനു കുടുക്കി കൊന്നു കെട്ടി വലിച്ചു അവിടെ കൊണ്ടുവന്നിട്ടതാണ്. അത് ഞങ്ങള്‍ക്കെതിരെയുള്ള ഭീഷണി തന്നെയായിട്ടാണ് തോന്നിയത്. ഇങ്ങനെയുള്ള അവസ്ഥകളായിരിക്കും ഇനിയും എന്ന ഒരു മുന്നറിയിപ്പ് തന്നെയായിരുന്നു അത്. ഞങ്ങള്‍ പോലീസില്‍ പരാതി കൊടുത്തു. ഞങ്ങള്‍ക്ക് സംശയമുള്ളവരുടെ പേരുകള്‍ പറഞ്ഞു. അവിടെയുള്ള വീട്ടുകാര്‍ക്ക് അത് ആരാണ് ചെയ്തത് എന്ന് അറിയാമായിരുന്നെങ്കിലും ആരും സാക്ഷി പറഞ്ഞില്ല. ഞങ്ങള്‍ക്ക് പോലീസ് പ്രൊട്ടക്ഷന്‍ കൂടുതലാക്കി.

Content Highlights: Chithralekha Autobiogrphy Oru Dalit Autodrivarude Jeevitham

Continue reading