അതിനിടയില്‍ ഞാന്‍ ഷോള്‍ കുരുക്കി കഴുത്തിലിട്ട് മുകളില്‍ പിടിച്ചിരുന്നു, ഓര്‍ക്കാതെ കൈവിട്ടുപോയി!

#തയ്യാറാക്കിയത് : വി.എന്‍ അന്‍സല്‍
ചിത്രലേഖ
ചിത്രലേഖ

ജീവിതം വീണ്ടും മുന്നോട്ടുപോയി. മോള്‍ എട്ടാം ക്ലാസിലെത്തി. അവളെ തിരുവനന്തപുരത്തെ ഒരു സ്‌കൂളിലേക്ക് മാറ്റിച്ചേര്‍ക്കാന്‍ ജെനി പറഞ്ഞു. അങ്ങനെ തിരുവനന്തപുരത്തെ സാക്ഷരത മിഷന്റെ ഭാഗമായി നടത്തുന്ന ഹോസ്റ്റലില്‍ താമസിപ്പിച്ച് പാലോട് മോഹന്‍ദാസ് സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ തീരുമാനിച്ചു. അതിനാവശ്യമായ ബുക്കും യൂണിഫോമും എല്ലാം സഹായിച്ചത് ജെനിയായിരുന്നു. ക്രിസ്റ്റിയേച്ചിയും സഹായിച്ചിരുന്നു. ജെനിയേച്ചിയും ക്രിസ്റ്റിയേച്ചിയും മോളുടെ ചിലവിനുള്ള രണ്ടായിരം രൂപ വീതം മാസം നാലായിരം രൂപ തരും. ആ പൈസ അവളുടെ കാര്യത്തിനു മാത്രം ഉപയോഗിച്ച് അവളുടെ പഠിത്തത്തിനുവേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്തു. അവള്‍ വെക്കേഷനുകളിലും കൊല്ലാവസാനവും വരും. അങ്ങനെ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ അവള്‍ വെക്കേഷനു വന്നു. ശ്രീഷ്‌കാന്ത് വണ്ടിയില്‍ പോയിത്തുടങ്ങി. ആരെങ്കിലും അതിക്രമിച്ചാലും പ്രതികരിക്കാത്ത രീതിയിലേക്ക് ശ്രീഷ്‌കാന്ത് മാറി. ജീവിക്കാനായി ശ്രീഷ്‌കാന്ത് ഓട്ടോ ഓടിക്കാന്‍ തുടങ്ങി. മക്കളെ പഠിപ്പിക്കേണ്ടതുകൊണ്ട് ആരോടും തല്ലുകൂടാനൊന്നും പോകേണ്ടെന്നു ശ്രീഷ്‌കാന്ത് തന്നെ തീരുമാനിച്ചു. 

വെക്കേഷന് വീട്ടില്‍ വന്നപ്പോള്‍ മോള്‍ക്ക് നല്ല പനിയായിരുന്നു. അവളെ ആശുപത്രിയില്‍ കൊണ്ടുപോകണം. അന്ന് ഓട്ടോറിക്ഷ ഹര്‍ത്താല്‍ ആയിരുന്നു. പക്ഷെ ഹോസ്പിറ്റല്‍ കേസ് വരുമ്പോള്‍ ഓട്ടോ ഓടേണ്ടതാണ്. മോളെയും കൂട്ടി ഞങ്ങളുടെ ഓട്ടോറിക്ഷയില്‍ ആശുപ്രതിയിലേക്കുപോയി. ഒരു പാര്‍ട്ടിയുടെ യൂണിയന്‍കാര്‍ ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടു തന്നെയാണ് ഓട്ടോറിക്ഷകള്‍ തടയുന്നതും. ഞങ്ങള്‍ പയ്യന്നൂരിലെ സബ ഹോസ്പിറ്റലിലേക്കാണ് പോയത്. ഞങ്ങള്‍ ഒരു തട്ടുകടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയിട്ട് ആശുപത്രിയിലേക്ക് പോയി. അപ്പോള്‍ കുറച്ചു കഴിഞ്ഞു ആ കടക്കാരന്‍ വിളിച്ചു. ഞങ്ങളുടെ വണ്ടിയുടെ കാറ്റ് അഴിച്ചു വിട്ടിട്ടുണ്ടെന്നു ഫോണില്‍ പറഞ്ഞു. ആ കാലത്ത് മോള്‍ക്ക് ഒരു ഫോണ്‍ വാങ്ങിച്ചു കൊടുത്തിരുന്നു. ഞാനും ഒരു ചെറിയ ഫോണ്‍ വാങ്ങിച്ചിരുന്നു. ഞങ്ങള്‍ വന്നുനോക്കുമ്പോള്‍ ഞങ്ങളുടെ ഓട്ടോറിക്ഷയുടെ മൂന്ന് ടയറുകളുടെയും കാറ്റഴിച്ചു വിട്ടിരിക്കുന്നു. അത് കണ്ട് ശ്രീഷ്‌കാന്ത് പറഞ്ഞു: 'ഏതായാലും നമുക്കിപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, മോളെ കാണിച്ചു തിരിച്ചു വരുമ്പോള്‍ വണ്ടി നന്നാക്കിയിട്ടു പോകാം.' മോളെ ആശുപ്രതിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുമ്പോള്‍ ഒരു നേതാവിന്റെ നേതൃത്വത്തില്‍ ഞങ്ങളെ തടഞ്ഞു. അവര്‍ ശ്രീഷ്‌കാന്തിനെയും എന്നെയും പനിച്ചുനില്‍ക്കുന്ന മോളെയും ആക്രമിക്കുവാന്‍ തുടങ്ങി. 'പൊലച്ചി, നായിന്റെ മോളെ, ഹര്‍ത്താല്‍ ആണെന്നറിഞ്ഞു കൂടെ? നീയെല്ലാം എന്തിനാണ് വണ്ടി എടുത്തുവരാന്‍ നിക്കുന്നത്?' എന്ന് പറഞ്ഞാണ് അക്രമം. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായതിനാല്‍ ഞാന്‍ അവരെയും തിരിച്ചു ചീത്ത വിളിച്ച് അവരുടെ വണ്ടിയുടെ കാറ്റും അഴിച്ചുവിട്ടു. അവര്‍ ശ്രീഷ്‌കാന്തിനെയും മോളെയും പൊതിരെ തല്ലുകയാണ്. അതിന്റെ ഇടയില്‍ ഞാന്‍ പോലീസിനെ വിളിച്ചു. പോലീസ് വന്നതോടെ ഇവരെല്ലാം ചിതറി ഓടാന്‍ തുടങ്ങി. രണ്ടു വണ്ടി പോലീസ് വന്നു. ഒരു വണ്ടി പോലീസ് ഇവരെ കൊണ്ട് പോയി. ഒരു ജീപ്പില്‍ പോലീസുകാര്‍ ഞങ്ങളെ ആശുപ്രതിയിലും ആക്കി. അങ്ങനെ ആശുപ്രതിയില്‍ പോയി മോളും ശ്രീഷ്‌കാന്തും അഡ്മിറ്റ് ആയി. ശ്രീഷ്‌കാന്തിനെയും മോളെയും സഹായിക്കാന്‍ ആരുമില്ലാത്തതുകൊണ്ട് ഞാന്‍ അഡ്മിറ്റ് ആയില്ല. മോളുടെ പേരില്‍ പോലീസിനു പരാതിയും കൊടുപ്പിച്ചു. അന്ന് മോള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. മോള്‍ക്കും ശ്രീഷ്‌കാന്തിനും നല്ല പരിക്കുണ്ടായിരുന്നു. 

Content Highlights: Chithralekha's Autobiography Oru Dalit Autodrivarude Jeevitham

Continue reading