പശു ചത്താല്‍ മുതിര്‍ന്നവര്‍ ഇറച്ചിക്കറിയാക്കും, രോഗം വന്ന പശുവായതിനാൽ കുട്ടികള്‍ക്ക് തരില്ല

ഞാന്‍ ജനിച്ചത് 1976 ഫെബ്രുവരി പതിനഞ്ചിനാണ്. പയ്യന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ആയിരുന്നു ജനനം. മൂന്നു നാല് വയസ്സ് മുതലുള്ള കാര്യങ്ങള്‍ ഓര്‍മ്മയിലുണ്ട്. അച്ഛനെ കണ്ട ഓര്‍മ ഇല്ല. മൂന്ന് വയസ്സ് മുതല്‍തന്നെ അമ്മയുടെയും അമ്മമ്മയുടെയും കൂടെ അവര്‍ പണിക്ക് പോകുന്ന വയലിലേക്ക് ഞാന്‍ പോകുമായിരുന്നു. അമ്മമ്മ വെയില്‍ കൊള്ളാതെ, മഴ കൊള്ളാതെ ഏതെങ്കിലും തെങ്ങിന്റെ ചുവട്ടില്‍ നില്‍ക്കാന്‍ എന്നോട് പറയും. മൂന്നു വയസ്സില്‍ തന്നെ ഞാറെടുത്ത് നടാനുള്ള ശ്രമങ്ങളൊക്കെ നടത്തും. ഞാറു നടുന്നതൊക്കെ കണ്ടുപഠിക്കാനുള്ള ഒരു സ്വഭാവം അന്നേ ഉണ്ടായിരുന്നു. അതുപോലെ ചളിയിലും വെള്ളത്തിലുമൊക്കെ ഉള്ള കളി പതിവാണ്. മഴയും കൊടിയ വെയിലുമൊക്കെ ഉണ്ടാകുമ്പോള്‍ വയലില്‍നിന്ന് ദൂരെയുള്ള തെങ്ങിന്‍ചുവട്ടില്‍ കയറി നില്‍ക്കും. ഞാന്‍ കുരുത്തക്കേട് കളിക്കുമെന്നും കണ്ടത്തില്‍ നട്ടതിന്റെ മുകളില്‍ കേറി ഓടും എന്നൊക്കെ അമ്മമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. അതിനിടയില്‍ അമ്മമ്മയുടെ കൈയില്‍നിന്നു തല്ലു കിട്ടും. രാവിലെ വീട്ടില്‍ ഭക്ഷണം ഒന്നുമുണ്ടാകില്ല. അതുകൊണ്ട് വരമ്പത്ത് ക്ഷീണത്തോടെ ഇരിക്കും. അപ്പൊ അമ്മമ്മ ഇങ്ങനെയാണ് പറയുക. 'എന്തൊരു ഇരിപ്പാണ്, നനഞ്ഞ കൊച്ച (കൊക്ക്) ഇരിക്കുന്നത് പോലെ.'
Content Highlights: Chithralekha Autobiography Oru Dalit Autodrivarude Jeevitham