'നമ്മള്‍ മരിക്കാന്‍ പോകുവാ മക്കളെ, അമ്മയ്ക്ക് മടുത്തു; ഈ ലോകത്ത് ആര്‍ക്കും നമ്മളെ വേണ്ട'

ബാബു അബ്രഹാമിന്റെ അമ്മ, അമ്മയ്ക്കും സഹോരങ്ങൾക്കുമൊപ്പം ബാബു അബ്രഹാം
ബാബു അബ്രഹാമിന്റെ അമ്മ, അമ്മയ്ക്കും സഹോരങ്ങൾക്കുമൊപ്പം ബാബു അബ്രഹാം

അഞ്ച് വയസ്സ് പൂര്‍ത്തിയായിരുന്നുവെങ്കിലും അപ്പന്‍ നാട് വിട്ടുപോയ ആ വര്‍ഷത്തെ ജൂണ്‍ മാസത്തില്‍ അമ്മ എന്നെ പള്ളിക്കൂടത്തില്‍ ചേര്‍ത്തില്ല. ജെസ്സിയും ലാലിയും പോകുമ്പോള്‍ അനുജത്തി ബിന്ദുവിനോടൊപ്പം ഞാന്‍ വീട്ടിലിരുന്നു. തൊടിയിലും തോട്ടിലും പരിസരത്തെ വയല്‍വരമ്പുകളിലും ഞാന്‍ അനുജത്തിക്കുട്ടിയുമായി ദിവസം മുഴുവന്‍ അലഞ്ഞു നടന്നു. അയല്‍വീട്ടിലെ സമപ്രായക്കാരനായ ഷൈജു പള്ളിക്കൂടത്തില്‍ പോകാന്‍ തുടങ്ങിയത് എന്നെ ഏറെ വിഷമിപ്പിച്ചു. രണ്ടു വയസ്സുകാരിയായ അനുജത്തിക്കുട്ടിയെ ആശാന്‍കളരിയില്‍ വിടാനുള്ള പ്രായമാകാത്തതിനാല്‍ അവളെ നോക്കി വീട്ടിലിരിക്കേണ്ടതുകൊണ്ടാണ് എന്നെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാതിരുന്നത്. പരിസരങ്ങളിലുള്ള വീടുകളില്‍ അമ്മ കൂലിപ്പണിക്ക് പോയിരുന്നതിനാല്‍, ഞങ്ങള്‍ക്ക് അത്താഴത്തിന് മുട്ടുണ്ടായില്ല. വരാന്ത്യങ്ങളില്‍ അമ്മയോടൊപ്പം ഞങ്ങള്‍ നാലു മക്കളും പരിസരത്തുള്ള സമ്പന്ന കുടുംബങ്ങളില്‍ അടയ്ക്ക പൊളിക്കാനും വിറകും മടലുമൊക്കെ വാരി ചുമക്കാനും പോയി. ആ ദിവസങ്ങളില്‍ ചാക്കോച്ചേട്ടന്റെ വീടിന്റെ പിറകിലെ ചായ്പ്പില്‍ ഞങ്ങള്‍ അഞ്ചുപേരും നിരന്നിരിക്കുമ്പോള്‍ ചേടത്തി വിളമ്പിത്തന്ന കുത്തരിച്ചോറിന്റെ രുചി ഇന്നുമെന്റെ നാവിനെ വിട്ടുപോയിട്ടില്ല.

''നീയാ ചെക്കന് കുറച്ച് ചോറൂടെ കൊട്. അവന്റെ വയറ് നറഞ്ഞിട്ടില്ല...' ഞങ്ങള്‍ കഴിച്ചു കഴിയുമ്പോള്‍ ചാക്കോച്ചേട്ടന്‍ എല്ലാ ശനിയാഴ്ചയും വിളിച്ചു പറയും. അമ്മയും മൂന്നു സഹോദരിമാരും പാത്രങ്ങളുമെടുത്ത് മുറ്റത്തിന്റെ അരികിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് ടാങ്കില്‍ നിന്നു നിറഞ്ഞൊഴുകിയിരുന്ന വെള്ളത്തില്‍ അവരുടെ പാത്രങ്ങള്‍ കഴുകുമ്പോളും ഞാന്‍ വീണ്ടും വിളമ്പിക്കിട്ടിയ ചോറുണ്ണും.

Content Highlights: Childhood Memories by babu abraham From Parathot to Paris part 2

Continue reading