'നീ ആരാടാ എന്റെ കിടപ്പിന്റെ കണക്കെടുക്കാൻ? അതും പറഞ്ഞു പറമ്പിൽ കയറിയാൽ തല അരിയും'; അമ്മ അലറിപ്പറഞ്ഞു

'മേരി, കേറി വാ...' ജേക്കബ് അച്ചൻ ഓഫീസ് മുറിയിൽനിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അച്ചന്റെ ഉച്ചത്തിലുള്ള പറച്ചിൽ എന്റെ ആകുലത കൂട്ടിയതേ ഉള്ളൂ. ഗൗരവക്കാരനായ ആ വികാരിയച്ചനോട് ഞാൻ ഒരിക്കലും സംസാരിച്ചിട്ടില്ല. അമ്മയും അമ്മയുടെ പിറകെ ഞാനും വികാരിയച്ചന്റെ മുറിയിലേക്ക് കയറി. വാതിലിനു മുന്നിലെ രണ്ട് നടകളിലും ഇട്ടിരുന്ന ചകിരിക്കയറ്റിയിൽ കാൽ നന്നായി ഉരച്ച് അച്ചന്റെ മുറിക്കകത്തേക്ക് മുറ്റത്തെ ചെളി കയറ്റുന്നില്ലന്ന് ഞങ്ങൾ ഉറപ്പ് വരുത്തി.
''ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ...'
അമ്മ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു. അമ്മക്കുപിന്നിൽനിന്ന ഞാൻ കൈകൾ കൂപ്പിയെങ്കിലും മിണ്ടാതെത്തന്നെ നിന്നു.
''മേരി ഇരിക്ക്.'' മുന്നിൽക്കിടന്ന പ്ലാസ്റ്റിക് നെയ്ത കസേരകളിലേക്ക് ചൂണ്ടിക്കൊണ്ട് അച്ചൻ പറഞ്ഞു.
''വേണ്ടച്ചാ. ഞാൻ നിന്നോളം.''
അമ്മ സാരിയുടെ തുമ്പ് വലിച്ചു തോളത്തേക്കിട്ടുകൊണ്ട് പറഞ്ഞു.
''ഇരിക്ക് മേരി...'' ജേക്കബ് അച്ചൻ സ്വരം അല്പം കടുപ്പിച്ചു പറഞ്ഞപ്പോൾ അമ്മ ഇരുന്നു. അമ്മയിരുന്ന കസേരയുടെ ഇരുമ്പ് കൈപ്പിടിയിൽ ചാരി ഞാൻ വികാരിയച്ചനെ ഒളിക്കണ്ണിട്ടു നോക്കി. അപ്പനുമായാണോ അച്ചൻ മടങ്ങി വന്നത് എന്ന എന്റെ ആകുലതക്ക് അപ്പോഴും ഉത്തരം കിട്ടിയിരുന്നില്ല.
''നീയും ഇരുന്നോടാ...'' അതു പറയുമ്പോൾ അച്ചന്റെ മുഖത്തു പതിവില്ലാത്ത ഒരു പുഞ്ചിരി ഞാൻ കണ്ടു. എന്റെ പ്രാർത്ഥനകൾ ഒന്നുപോലും കേൾക്കാത്ത കന്യാമതാവിന്റെ രൂപത്തിലേക്ക് അന്ന് കുർബാന മധ്യേ ഞാൻ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല.
മേശ വലിപ്പ് തുറന്ന്, പച്ചവർണ്ണ കടലാസ്സിൽ പൊതിഞ്ഞ ഒരു പ്യാരി മിഠായി എടുത്ത് എന്റെ നേരെ നീട്ടിക്കൊണ്ട് അച്ചൻ പറഞ്ഞു. അപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരിപോലും ഉണ്ടായിരുന്നില്ല. കുത്തിവച്ച നിക്കറിന്റെ പോക്കറ്റിലേക്ക് മിഠായി ഇട്ടതിനു ശേഷം അമ്മയിരുന്ന കസേരയോട് ചേർന്നുകിടന്ന കസേരയിൽ ഞാൻ ഇരിപ്പുറപ്പിച്ചു. ജേക്കബ് അച്ചൻ എന്താണ് പറയാൻ പോകുന്നത് എന്നോർത്തു എന്റെ ചങ്ക് പടപടാ ഇടിച്ചു. ഒരാഴ്ച്ച മുഴുവൻ ചൊല്ലിത്തീർത്ത ജപമാല ഫലമൊന്നും കണ്ടില്ലേ എന്ന ഭയം എന്നെ വിഴുങ്ങാൻ തുടങ്ങിയിരുന്നു.
''കൊച്ച് തിരിച്ചു വന്നാൽ മേരി അയാളെ സ്വീകരിക്കുമോ...''
ആമുഖമൊന്നും ഇല്ലാതെ വികാരിയച്ചൻ ചോദിച്ചപ്പോൾ 'സ്വീകരിക്കില്ല' എന്ന് അമ്മ പറയണേ എന്ന് ഞാൻ യൗസേപ്പിതാവിനോട് പ്രാർഥിച്ചു. ഒരാഴ്ച മുഴുവൻ മാതാവിനോട് പ്രാർഥിച്ചു ഫലമൊന്നും ഇല്ലല്ലോ എന്ന നിരാശയിൽനിന്നാണ് ഞാൻ അടുത്ത വിശുദ്ധനെത്തേടിപ്പോയത്.
''സ്വീകരിക്കും അച്ചോ. അയാൾ എന്റെ കെട്ട്യോനല്ലേ...? എന്റെ നാലു പിള്ളേരുടേം തന്തയല്ലേ..? ഞാൻ കൊച്ചിനെ സ്വീകരിക്കും അച്ചോ...'' സാരിത്തുമ്പ് വലിച്ച് നെറ്റി തുടച്ചുകൊണ്ട് അമ്മ പറഞ്ഞു.
''ഞാൻ ഇക്കഴിഞ്ഞ ഒരാഴ്ച മേരീടെ കെട്ട്യോന്റെ കൂടെ താമസിച്ചിട്ടാ വന്നിരിക്കുന്നത്. ഞാൻ വികാരിയച്ചനാണ് എന്നൊന്നും കൊച്ചിനോട് പറഞ്ഞില്ല. സുൽത്താൻ ബത്തേരിയിൽ ഒരു പണി തേടി വന്നതാണന്ന് പറഞ്ഞ്, അഞ്ച് ദിവസം ഞാൻ അയാളുടെയും കൂട്ടുകാരുടെയും കൂടെയാ താമസിച്ചത്. ഇന്നലെ പോരുന്നതിനു മുൻപ് ഞാൻ ളോഹ ഇട്ടപ്പളാ അയാൾക്ക് ഞാൻ നിങ്ങടെ വികാരിയച്ചനാണ് എന്ന് മനസ്സിലായത്. ''അച്ചൻ പറഞ്ഞു നിർത്തിയിട്ടും അമ്മ മറുപടിയൊന്നും പറഞ്ഞില്ല.
''അപ്പൻ അച്ചന്റെ കൂടെപ്പോന്നോ?''
എനിക്ക് പിന്നേയും പിടിച്ചു നിൽക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. മിണ്ടാതിരിക്കാനുള്ള ഒരു സിഗ്‌നൽ എന്ന പോലെ അമ്മ തല തിരിച്ച് എന്നെ രൂക്ഷമായൊന്ന് നോക്കി.
''കൊച്ച് പോന്നില്ല. അയാൾക്ക് ഭാര്യയെയും മക്കളേയുമൊന്നും നോക്കാനുള്ള താല്പര്യമൊന്നും ഇല്ല. അയാൾക്ക് അയാളുടെ സുഖം, അയാളുടെ ജീവിതം...''
അച്ചൻ അതു പറയുമ്പോൾ ആ വാക്കുകളിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു. അപ്പനെ വീട്ടിലും നാട്ടിലും കൊച്ച് എന്നാണ് വിളിച്ചിരുന്നത്. അമ്മ മറുപടിയൊന്നും പറഞ്ഞില്ല. അച്ചന്റെ കസേരക്ക് പിറകിലെ കബോർഡ് ഭിത്തിയിൽ തുക്കിയിരുന്ന ക്രൂശിത രൂപത്തിലേക്ക് കണ്ണും നട്ട് അമ്മ മൗനം തുടർന്നു.
''മേരീടെ അമ്മായിയപ്പന്റെ ചേട്ടന്റെ മകൻ എന്റെ കൂടെ പോന്നു..... അയാൾക്ക് ജീവിക്കണമെന്നുണ്ട്...'
''കൊച്ച് മടങ്ങി വരണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ല. എന്റെ മക്കളെ ഓർത്താണ്. അവർ തന്ത ഇല്ലാത്തവരായി ജീവിക്കുമ്പോൾ നാട്ടുകാരും വീട്ടുകാരും അവരെ അവഹേളിക്കുന്നത് മാത്രമാണ് എന്റെ ദുഃഖം. എന്നെ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല അച്ചോ...'' അമ്മ അതു പറഞ്ഞുകൊണ്ട് കസേരയിൽനിന്ന് എഴുന്നേറ്റു. ഒപ്പം ഞാനും.
''മേരി പോകാൻ വരട്ടെ. അവിടെ ഇരിക്ക്.'' ഒന്ന് നിർത്തിയിട്ട് അച്ചൻ തുടർന്നു.
''മേരി വിഷമിക്കേണ്ട. ആരെന്തു പറഞ്ഞാലും എനിക്ക് നിങ്ങളെ മനസ്സിലാകും. നിങ്ങളുടെ ഭർത്താവിനെ ഞാൻ നന്നായി മനസ്സിലാക്കിയിട്ടാണ് വരുന്നത്. ഇനി നീ കെട്ടിയോൻ ഇല്ലാതെ ജീവിച്ചാൽ മതി. ആരെന്തു പറഞ്ഞാലും കൂസാത്ത നിന്റെ മനോഭാവം എനിക്ക് ബോധിച്ചു. നിന്റെ മക്കളേം വളർത്തി ജീവിക്ക്...''
ജേക്കബ് അച്ചന്റെ വാക്കുകളിൽ സാധാരണയുള്ള കാഠിന്യം ഉണ്ടായിരുന്നില്ല. ആ സ്വരം എപ്പോളോ ഇടറിയിരുന്നു.
''നിങ്ങളുടെ വീട് ചോർന്നൊലിക്കുന്നുണ്ടന്ന് ഞാൻ രണ്ടാഴ്ച മുൻപ് വീട് വെഞ്ചിരിക്കാൻ വന്നപ്പോൾ കണ്ടു. അടുത്ത മഴക്ക് മുന്നേ പൊളിച്ചു പണിതില്ലങ്കിൽ നിങ്ങളുടെ വീട് ഇടിഞ്ഞു വീഴും.'' ജേക്കബ് അച്ചൻ പറഞ്ഞു നിർത്തി.
''കട്ടിളക്കും, ഉത്തരത്തിനും കോടിക്കുമുള്ള തടി ഞാൻ കണ്ട് വച്ചിട്ടുണ്ട്. എന്നാലും ഇനിയും പൈസ വേണമെച്ചോ...'' അമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു.
''ഞാൻ ഈ ആഴ്ച മെത്രാന് ഒരു അപേക്ഷ കൊടുക്കാം. എന്തെങ്കിലും സഹായം കിട്ടിയാലോ...''
''ഒത്തിരി നന്ദി അച്ചോ. എന്റെ സാഹചര്യം മനസ്സിലാക്കാൻ അച്ചനേലും കഴിഞ്ഞല്ലോ...'' അതു പറഞ്ഞു അച്ചന് നേരെ കൈ കൂപ്പി അമ്മ മുറിക്ക് പുറത്തേക്കിറങ്ങി. ജേക്കബ് അച്ചൻ ഞങ്ങളുടെ പിന്നാലെ പള്ളിമുറ്റത്തിന്റെ അവസാനം വരെ വന്നു. കുന്നിന് താഴെ കുരിശടിക്ക് അരികിലുള്ള വഴിയിലേക്ക് എന്റെ കൈ പിടിച്ച് നടക്കുമ്പോൾ അച്ചൻ അമ്മയെ ഉറക്കെ വിളിച്ചു....
''മേരി ഇനി നിനക്ക് ഭർത്താവ് വേണ്ട. പിള്ളേർക്ക് അപ്പനും അമ്മയുമൊക്കെ നീ ആയാൽ മതി... നാട്ടുകാരും വീട്ടുകാരും പറയുന്നതൊന്നും നീ കാര്യമാക്കണ്ട. അവന്മാരോടൊക്കെ പോയി പണി നോക്കാൻ പറ...''
ഒന്ന് തിരിഞ്ഞുനോക്കി ചിരിച്ചിട്ട് എന്റെ കയ്യും പിടിച്ചു അമ്മ വീട്ടിലേക്ക് നടന്നു. കുഞ്ചിരക്കാട്ട് പാറയിലൂടെ ഒഴുകിയിരുന്ന തെള്ളിത്തോട് മുറിച്ചു കടന്ന് വേഗത്തിൽ നടക്കുമ്പോൾ നനയാത്ത ഒരു വീട് പണിയാനുള്ള സ്വപ്നങ്ങൾ അമ്മ കാണാൻ തുടങ്ങി.
അക്കാലത്ത് ഞങ്ങളുടെ പന്നിക്കൂടിന്റെ കല്ലുകെട്ടിൽ ഒരു പ്ലാത്തിമാവുണ്ടായിരുന്നു. വീട്ടിൽനിന്ന് കുറച്ചു മാറി, ഒരിക്കലും കായ്ക്കാത്ത ഒരു കുടംപുളിയുടെ താഴെയുണ്ടായിരുന്ന ഉണ്ടപ്പാറ പൊട്ടിച്ചെടുത്ത കല്ലുകൊണ്ടാണ്, പണ്ടെങ്ങോ പണിത ഞങ്ങളുടെ പുൽവീടിന്റെ തറ കെട്ടിയത്. പൊട്ടിച്ചു മാറ്റിയ പാറയുടെ വശം ഒരു വലിയ ഭിത്തിതന്നെ പന്നിക്കൂടിനു തീർത്തു. ബാക്കി വരുന്ന മൂന്നു വശവും കല്ലുകൊണ്ട് കെട്ടിത്തിരിച്ച പന്നിക്കൂട്ടിൽ ഉച്ചവെയിലിൽ കാളിപ്പന്നി തലങ്ങും വിലങ്ങും ഓടും. ഇരുവശത്തുനിന്നും കല്ലു പാകിയെത്തിയ പന്നിവേലി ആ പ്ലാത്തിമാവിലാണ് ചെന്നെത്തുക. വർഷംതോറും നിറയെ കായ്ച്ച ആ മാവിലെ മാങ്ങയൊന്നും മൂത്തില്ല, പഴുത്തില്ല. പാതി മൂപ്പിൽ വിണ്ടുകീറിപ്പോയ മാങ്ങ പന്നിക്കൂട്ടിലും പുറത്തും വീണ്, പുഴുനിറഞ്ഞു ചീഞ്ഞു. മാവിൽവെച്ചുതന്നെ ആ മാങ്ങകളിൽ പുഴു നിറഞ്ഞു. കാളിപ്പന്നിക്കുപോലും ആ പ്ലാത്തിമാങ്ങ ഇഷ്ടമായിരുന്നില്ല. എന്നിട്ടും ആ മാവു വിറകിനുവേണ്ടിയെങ്കിലും വെട്ടിയുണങ്ങാതിരുന്നതെന്തേ എന്ന് ഞാൻ പലവട്ടം എന്നോടു ചോദിച്ചു.... ആർക്കും വേണ്ടാത്ത, ഫലം നൽകിയ ആ പ്ലാത്തിമാവ് ഒരു വേനൽമഴ കഴിഞ്ഞുവന്ന വെയിലിൽ ഉണങ്ങി ഒടിഞ്ഞു വീണു. അത് നിന്നിരുന്ന പന്നിക്കൂടിന്റെ കൽവേലിയിൽ പിന്നീടങ്ങോട്ട് ആ മാവിന്റെ വലിപ്പത്തിൽ ഒരു വലിയ വിടവുണ്ടായി... ചെറിയ കല്ലുകൾ പെറുക്കിവച്ചു ഞങ്ങൾ കുട്ടികൾ ആ വിടവടച്ചാലും കാളിപ്പന്നി ആ ചെറുകല്ലുകളെ കുത്തിക്കളഞ്ഞു ആ വിടവ് വീണ്ടെടുക്കും... അകാലത്തിൽ കരിഞ്ഞുപോയ, ആർക്കും വേണ്ടാത്ത മാങ്ങ മാത്രം നൽകിയ ആ പ്ലാത്തിമാവിനെ മറക്കാൻ കാളിപ്പന്നിക്കും വിഷമമായിരുന്നോ? കാലം മറതീർത്ത ഓർമകളിൽ ചിലതൊക്കെ ഭൂതകാലത്തിന്റെ ഭാരവും പേറിയാണ് വരിക. കഥ പറയാനോ കഥയിലെ പൊരുൾ തേടാനോ ഒന്നുമല്ല ഓർമകൾ ഒച്ചവയ്ക്കുന്നത്.
Content Highlights: Childhood Memories by babu abraham From Parathot to Paris part 16