പെട്ടികള്‍ പൊട്ടിച്ച ഉദ്യോഗസ്ഥൻ പാലക്കലിനോട് ചോദിച്ചു: നാട്ടില്‍ ഇനി പുസ്തക കച്ചോടമാണല്ലേ പ്ലാൻ?

ബുക്മാൻ ഷോ
#എം. സിദ്ധാർഥൻ
ഉണ്ണികൃഷ്ണന്‍ പാലക്കൽ
ഉണ്ണികൃഷ്ണന്‍ പാലക്കൽ

1990-കളിലെ ഇറാഖ്-കുവൈത്ത് യുദ്ധത്തിന്റെ ദുരന്തഭൂമിയില്‍ മൂന്നു മാസക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട് സ്വരാജ്യത്തേക്ക് മടങ്ങുമ്പോള്‍ പാസ്‌പോര്‍ട്ടും രേഖകളുമല്ലാതെ ഉണ്ണികൃഷ്ണന്‍ പാലക്കലിന്റെ കൈയ്യില്‍ ഉണ്ടായിരുന്നത് ഒരു സെറ്റ് പുസ്തകങ്ങളായിരുന്നു. പതിനൊന്ന് വയസ്സുകാരിയായ തന്റെ മകള്‍ മധുലികയുടെ ചുമലിലെ സഞ്ചിയില്‍ ഉണ്ടായിരുന്നത് രണ്ടു വാള്യം ഷെര്‍ലക് ഹോംസിന്റെ സ്‌പെഷ്യല്‍ എഡിഷന്‍...!യുദ്ധഭീതിയിലമര്‍ന്ന മൂന്നു മാസക്കാലം അവര്‍ രക്ഷ തേടിയത് അക്ഷരങ്ങളുടെ കവചത്തിലായിരിക്കാം. 

യുദ്ധാനന്തരം 1992-ല്‍ തിരിച്ച് കുവൈറ്റില്‍ എത്തിയപ്പോള്‍ വാസസ്ഥലത്തെ പുസ്തകങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആധി. കേടുപാടുകളൊന്നും സംഭവിക്കാത്ത ആ കെട്ടിടത്തിലെ പുസ്തകങ്ങളാണ് അദ്ദേഹത്തെ അവിടെ തുടരാന്‍ പ്രേരിപ്പിച്ചതും അങ്ങോട്ട് മാടിവിളിച്ചതും.

തൊണ്ണൂറുകളുടെ അവസാനത്തിലാണ് ഈ പുസ്തകപ്രേമിയുമായി പരിചയപ്പെടുന്നത്. ഞങ്ങളുടെ പുസ്തകശാലയിലേക്ക് എല്ലാ മാസവും കൃത്യം ഒന്നാം തീയതി തന്നെ ഇയാളെത്തിയിരിക്കും. രണ്ടു മൂന്നു വരവുകള്‍ക്കു ശേഷമാണ് പാലക്കലുമായി കൂടുതല്‍ ഇടപഴകുന്നത്. കാഴ്ചയില്‍ ഒരു ഉയര്‍ന്ന റാങ്കിലുള്ള പട്ടാളക്കാരനോ പോലീസ് ഉദ്യോഗസ്ഥനോ ആണെന്ന് ധരിക്കുംവിധമുള്ള ശരീരപ്രകൃതം. പാന്റ്‌റും ഫുള്‍ സ്ലീവ് ഷേര്‍ട്ടും ഷൂസുമാണ് വേഷം. 1974-75-ല്‍ കേംബ്രിഡ്ജിലെ വെല്‍ഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വെല്‍ഡിങ് ഇന്‍സ്പെക്ഷന്‍ സ്‌പെഷ്യലിസ്റ്റ് എന്ന ബിരുദാനന്തര പഠനത്തിനു ശേഷം കുവൈറ്റിലെ ഇന്‍സ്‌പെക്ടറേറ്റിലായിന്നു ജോലി ചെയ്തിരുന്നത്. ക്വാളിറ്റി അഷുറന്‍സ് എഞ്ചിനീയര്‍ എന്ന തസ്തികയില്‍ ഓയില്‍ ടാങ്കുകളുടെയും പൈപ്പ് ലൈനിന്റെയും വിളക്കിച്ചേര്‍ക്കലുകളുടെ കൃത്യത ഉറപ്പാക്കുംപോലെ തന്നെ കണിശതയും കൃത്യതയും തന്റെ വായനയിലും അദ്ദേഹം പുലര്‍ത്തിപ്പോന്നു.

ഉയര്‍ന്ന സാമ്പത്തിക ഭദ്രതയും ഔദ്യോഗിക ഉയര്‍ച്ചയും ഉറപ്പായിട്ടും 1996-ല്‍ ജോലി രാജിവെച്ച് വായനക്കും പാട്ടുകള്‍ക്കുമായി നാട്ടിലേക്ക് തിരിച്ചു. തിരിച്ചു പോരുമ്പോള്‍ നാട്ടിലേക്ക് കപ്പല്‍മാര്‍ഗ്ഗം അയച്ചത് കുറെ പുസ്തക പെട്ടികളാണ്. പോര്‍ട്ടില്‍നിന്ന് കാര്‍ഗോ പരിശോധനക്ക് വിധേയമാക്കി പെട്ടികള്‍ ഓരോന്നായി പൊട്ടിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ചോദിച്ചത് നാട്ടില്‍ പുസ്തക കച്ചോടം ആണല്ലേ പ്ലാന്‍ എന്നായിരുന്നു.

ആ ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം അത്രയധികം പുസ്തകങ്ങള്‍ സാധാരണഗതിയില്‍ ഷിപ്പ് ചെയ്ത് ഇവിടെ എത്തിക്കാന്‍ ആരാണ് മെനക്കെടുക? നല്ല വായനക്കാരുടെ മുന്‍പില്‍ അബദ്ധങ്ങള്‍ പിണയുക സാധാരണമാണ്. ഒരുദാഹരണം പറയാം: എന്റെ സുഹൃത്ത് ജയകൃഷ്ണന്‍ അമ്മയെ ഡോക്ടറെ കാണിക്കാനായി കോഴിക്കോട്ടെ ഒരാശുപത്രിയില്‍ ചെല്ലുന്നു. തിരക്കുണ്ടാവുമെന്നും സമയമെടുക്കുമെന്നു അറിയാവുന്നതുകൊണ്ട് കയ്യില്‍ വായിക്കാനായി താരശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനവും കരുതിയിരുന്നു. പതിവുപോലെ വൈകുമെന്നുറപ്പായപ്പോള്‍ വായന തുടങ്ങി. തൊട്ടടുത്തിരിക്കുന്ന മധ്യവയസ്‌കന്‍ കുറച്ചുസമയത്തിന് ശേഷം ജയകൃഷ്ണനോട് ചോദിച്ചു. 'ഏത് പുസ്തകാ ഇങ്ങള് വായിക്കുന്നത്?' ജയകൃഷ്ണന്‍ പറഞ്ഞു: ഇതൊരു ബംഗാളി എഴുതിയ നോവലാ. ഉടനെ അദ്ദേഹത്തിന്റെ മറുപടി: 'വന്ന് വന്ന് മലയാളം നോവലെഴുത്തും ഇപ്പൊ ബംഗാളികളായി ല്ലേ... അല്ലെങ്കിലും ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനുമൊക്കെ ഓരാ നമ്മളെക്കാള്‍ ബെസ്റ്റ്.'

രണാങ്കണത്തില്‍നിന്ന് കേരളത്തിന്റെ ഹരിതഭൂമിയിലേക്ക് തിരിച്ചെത്തിയതു മുതല്‍ ഇക്കാലമത്രയും വായനയുടെയും സംഗീതത്തിന്റെയും മനോജ്ഞ ലോകത്ത് ഒരേകാകിയെപ്പോലെയാണ് ഉണ്ണികൃഷ്ണന്‍ പാലക്കല്‍. കുട്ടിക്കാലത്ത് അച്ഛന്റെ ജോലിസംബദ്ധമായ സ്ഥലം മാറ്റങ്ങള്‍ കാരണം പല ദേശങ്ങളില്‍ ഏതൊക്കൊയോ വിദ്യാലയങ്ങളില്‍ എന്നതായിരുന്നു അവസ്ഥ. അതില്‍നിന്നു മോചനം ലഭിച്ചത് പുഴാതിയിലെ തറവാട്ട് വീട്ടില്‍ മുത്തശ്ശനായ രാമര്‍ നമ്പ്യാരുടെയും മുത്തശ്ശി മാധവി പാലക്കലിന്റെയും അടുത്തെത്തിയപ്പോഴാണ്. തറവാട്ട് വീട്ടിലെ തിരുശേഷിപ്പുകളായുണ്ടായി
രുന്ന പഴമയുടെ ഗന്ധം പേറുന്ന ഗ്രന്ഥങ്ങളാണ് ഇദ്ദേഹത്തിന്റെ വായനയുടെ നാന്ദി കുറിച്ചത്.

ഇന്നിപ്പോള്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആയിരക്കണക്കിന് പുസ്തകങ്ങളും പതിനായിരക്കണക്കിന് പാട്ടുകളും പാലക്കലിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്. യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വന്നതിലാണോ എന്നറിയില്ല...അദ്ദേഹത്തിന്റെ പുസ്തകശേഖരത്തില്‍ യുദ്ധസംബന്ധിയായ ഒട്ടനേകം പുസ്തകങ്ങളുണ്ട്. ഹിറ്റ്‌ലറും മുസ്സോളിനിയും സ്റ്റാലിനും ലോകമഹായുദ്ധങ്ങളും അദ്ദേഹത്തിന്റെ ബുക്ക് ഷെല്‍ഫുകളിലേക്കു ചുരുങ്ങിക്കൂടിയിരുന്നു. 

മാന്‍സ്റ്റെയ്ന്‍ എന്ന ജര്‍മന്‍ ഫീല്‍ഡ് മാര്‍ഷലിന്റെ ഓര്മക്കുറിപ്പുകളായ ലോസ്റ്റ് വിക്ടറീസ്, റബേക്ക വെസ്റ്റിന്റെ എ ട്രെയിന്‍ ഓഫ് പൗഡര്‍, ഏഞ്ചല ലാംബെര്‍ട്ടിന്റെ ദി ലോസ്റ്റ് ലൈഫ് ഓഫ് ഇവാ ബ്രൗണ്‍, H.W ഷ്മിറ്റ്‌ന്റെ വിത്ത് റോമ്മല്‍ ഇന്‍ ദി ഡെസേര്‍ട് തുടങ്ങി മാനവരാശിയുടെ മനുഷ്യത്വമില്ലായ്മയുടെ ദര്‍ശനങ്ങളാകുന്ന പുസ്തകങ്ങള്‍. അടുത്ത ഷെല്‍ഫുകളില്‍ മണ്ണിന്റെ മണവും നെല്ലിന്റെ സംഗീതവും നാടിന്റെ നന്മയുമുള്ള കുറെ മലയാള പുസ്തകങ്ങള്‍.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറിയെപ്പോലും മറികടക്കുന്ന രീതിയില്‍ പുസ്തകങ്ങളുടെയും പാട്ടുകളുടെയും കാറ്റലോഗിങ്ങും നടത്തിവരുന്നുണ്ട് അദ്ദേഹം. എത്ര പുസ്തകങ്ങള്‍, അവ ഏതൊക്കെ വിഭാഗത്തില്‍ എന്നതിന്റെയൊക്കെയും വിവരങ്ങളും ചിട്ടയോടെ തയ്യാറാക്കി വച്ചിട്ടുണ്ട്. പുസ്തകങ്ങളോടും വായനയോടും അമിതാസക്തിയുള്ള ഉണ്ണികൃഷ്ണന്‍ പാലക്കലിന്റെ കുടുംബവും അതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നത് അദ്ഭുതമാണ്. വിവാഹത്തിന് തുണിത്തരങ്ങള്‍ വാങ്ങിക്കാനായി ബെംഗളുരുവിലേക്ക് പോയ മകള്‍ അവിടെയെത്തിയ ഉടനെ അച്ഛനെ വിളിച്ചുപറഞ്ഞത് ഇപ്രകാരമാണ്: ഈ പുസ്തകം അച്ഛന്റെ കയ്യില്‍ ഇല്ലല്ലോ ഞാനിത് വാങ്ങിക്കാം. സ്വന്തം ഇഷ്ടങ്ങളേക്കാള്‍ അച്ഛന്റെ ഇഷ്ടങ്ങളെ മാനിക്കുന്ന മകളുടെ ദക്ഷിണയായിരിക്കാം ആ പുസ്തകം. അതിനേക്കാള്‍ മൂല്യവത്തായ ഒരു ദക്ഷിണയും തന്റെ അച്ഛന് നല്കാനില്ലെന്ന്‌ അവള്‍ക്ക് ഉറപ്പാണ്.

മക്കളായ മധുലികയും മാളവികയും ഇപ്പോള്‍ വിദൂരദേശങ്ങളിലാണ്. കൂടെയുള്ളത് ഭാര്യ രാഗിണിയെന്ന വായനക്കാരി. അനിയന്റെ വിശേഷണങ്ങളില്‍ ജനിച്ചതു മുതല്‍ ലോക്ക്ഡൗണില്‍ ഉള്ള മനുഷ്യനാണ് ഇദ്ദേഹം. എന്നാല്‍, കാലദേശാന്തരങ്ങളില്‍ വ്യാപാരിച്ചുകിടക്കുന്ന എഴുത്തിന്റെ ആഴങ്ങളിലേക്ക് യാത്ര ചയ്തുകൊണ്ടിരിക്കുന്ന ഈ മനുഷ്യനല്ലേ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍. അതെ... പുഴാതിയിലെ അക്ഷരങ്ങളില്‍നിന്ന് രാഗമാലികയെന്ന ഗ്രന്ഥപ്പുരയിലേക്ക് സ്വതന്ത്രസഞ്ചാരം നടത്തിയ അക്ഷരാനുരാഗിയും പുസ്തകപ്രേമിയുമാണ് ഉണ്ണികൃഷ്ണന്‍ പാലക്കല്‍.

Content Highlights: bookmanshow column by m sidharthan lifestory of a bookseller and a voracious reader