ദീപാവലി ആഘോഷത്തിനിടെ വളർത്തുമൃഗങ്ങൾ ഭയപ്പെടുന്നുണ്ടോ? പരിഹാരമുണ്ട്

പടക്കങ്ങളുടെ ശബ്ദവും വെളിച്ചവും വീട്ടിലെ തിരക്കുമെല്ലാം ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യർക്ക് സന്തോഷം പകരുന്ന ഈ ആഘോഷങ്ങൾ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും വലിയ ഭയവും സമ്മർദവുമുണ്ടാക്കാം. പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേൾക്കുമ്പോൾ വിറയ്ക്കുക, ഒളിച്ചിരിക്കുക, പരിഭ്രാന്തിയോടെ ഓടിനടക്കുക തുടങ്ങിയ പെരുമാറ്റങ്ങൾ ചില മൃഗങ്ങളിൽ കാണാം. ആഘോഷദിവസങ്ങളിൽ വളർത്തുമൃഗങ്ങളുടെ മാനസികവും ശാരീരികവുമായ സുരക്ഷ ഉറപ്പാക്കാൻ ഉടമകൾ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ദീപാവലി സമയത്ത് വളർത്തുമൃഗങ്ങളിലെ ഉത്കണ്ഠ കുറയ്ക്കാനും അവയെ സുരക്ഷിതമായി സംരക്ഷിക്കാനുമുള്ള പ്രായോഗിക മാർഗങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മൃഗഡോക്ടറായ ഡോ. ദീപക് സരസ്വത്.
വീട്ടിൽ അവർക്ക് സുരക്ഷിതമായി കഴിയാൻ ഒരിടം ഒരുക്കാം
പടക്കങ്ങളുടെ ശബ്ദം ശക്തമാകുമ്പോൾ വളർത്തുമൃഗങ്ങൾ സ്വാഭാവികമായും ഒളിച്ചിരിക്കാൻ ഒരിടം തേടും. അതിനാൽ വീട്ടിലെ ശാന്തവും ആളുകളുടെ തിരക്ക് കുറഞ്ഞതുമായ ഒരു മുറി അവർക്കായി മാറ്റിവെക്കാം. അവിടെ അവരുടെ കിടക്ക, പരിചിതമായ പുതപ്പ്, ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ, ആവശ്യത്തിന് വെള്ളം എന്നിവ ഒരുക്കണം. പുറത്തുനിന്നുള്ള പടക്കത്തിന്റെ ശബ്ദവും പ്രകാശവും പരമാവധി അകത്തേക്ക് കടക്കാതിരിക്കാൻ ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകളിലെ കർട്ടനുകൾ താഴ്ത്തുന്നതും സഹായിക്കും. പരിചിതമായ വസ്തുക്കൾക്കിടയിൽ കഴിയുമ്പോൾ മൃഗങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടും.
Also read :ചുവപ്പും പച്ചയും തിരിച്ചറിയില്ല; നിങ്ങളുടെ നായ കാണുന്നത് നിങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ ലോകം
നടത്തത്തിനുള്ള സമയം നേരത്തെയാക്കാം; വാതിലുകൾ അടച്ചിടണം
പുറമേയ്ക്ക് ധൈര്യമുള്ള നായ്ക്കൾ പോലും അപ്രതീക്ഷിതമായി വലിയ ശബ്ദം കേട്ടാൽ പരിഭ്രാന്തരായി ഓടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ പടക്കങ്ങൾ കൂടുതലായി പൊട്ടുന്ന സമയങ്ങളിൽ വളർത്തുമൃഗങ്ങളെ നിർബന്ധമായും വീടിനുള്ളിൽ തന്നെ സുരക്ഷിതമായി നിർത്തണം. വീടിന്റെ പ്രധാന വാതിലുകൾ, ജനലുകൾ, ബാൽക്കണി ഗേറ്റുകൾ എന്നിവ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. പതിവായി നായ്ക്കളെ നടത്താൻ കൊണ്ടുപോകുന്ന സമയവും ദീപാവലി ദിവസങ്ങളിൽ മാറ്റാം. പടക്കശബ്ദം കുറവുള്ള രാവിലെയോ പകൽ സമയത്തോ നടത്തത്തിന് കൊണ്ടുപോകുന്നതാണ് നല്ലത്. ആഘോഷത്തിനിടെ പുറത്തുപോകേണ്ട സാഹചര്യം പരമാവധി ഒഴിവാക്കുക.
വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാം
ദീപാവലി ആഘോഷം നടക്കുന്ന സമയത്ത് വളർത്തുമൃഗങ്ങളെ വീട്ടിൽ തനിച്ചാക്കി പോകുന്നത് ഒഴിവാക്കണം. പേടിച്ച് കട്ടിലിനടിയിലോ അലമാരയ്ക്കുള്ളിലോ ഒളിച്ചിരിക്കുന്ന നായയെയോ പൂച്ചയെയോ നിർബന്ധിച്ച് പുറത്തേക്ക് വലിച്ചുകൊണ്ടുവരരുത്. അവർക്ക് സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലത്ത് തന്നെ കഴിയാൻ അനുവദിക്കണം. അവരുടെ അടുത്ത് ശാന്തമായി ഇരിക്കുകയും ആശ്വാസം നൽകുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യാം. മൃഗങ്ങൾ സ്വയം അടുപ്പം തേടുമ്പോൾ മാത്രം സ്നേഹത്തോടെ തലോടുക. ഭയന്നിരിക്കുന്ന സമയത്ത് അവരെ നിർബന്ധിച്ച് പുറത്തുകൊണ്ടുവരുന്നതോ അമിതമായി ഇടപെടുന്നതോ കൂടുതൽ സമ്മർദമുണ്ടാക്കാം.
മധുരപലഹാരങ്ങളിൽനിന്നും അലങ്കാരങ്ങളിൽനിന്നും അകറ്റിനിർത്താം
ദീപാവലിയുടെ ഭാഗമായി വീട്ടിൽ പലതരം മധുരപലഹാരങ്ങളും വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ ചോക്ലേറ്റ്, നട്സ്, കൊഴുപ്പ് കൂടുതലുള്ള മധുരപലഹാരങ്ങൾ എന്നിവ വളർത്തുമൃഗങ്ങൾക്ക് അപകടകരമാണ്. അതിനാൽ ആഘോഷത്തിന്റെ പേരിൽ അവയ്ക്ക് ഇത്തരം ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കണം. പതിവായി കഴിക്കുന്ന ഭക്ഷണം തന്നെ നൽകുന്നതാണ് ഉചിതം. വീട്ടിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും നൽകാതിരിക്കാൻ ശ്രദ്ധിക്കണം.
വീട്ടിലെ അലങ്കാരങ്ങളും അപകടസാധ്യതയുണ്ടാക്കാം. ശ്രദ്ധിക്കാതെ കത്തിച്ചുവെക്കുന്ന മൺചിരാതുകൾ മൂലം പൊള്ളലേൽക്കാം. തൂക്കിയിടുന്ന അലങ്കാര വൈദ്യുതവിളക്കുകളിൽനിന്ന് വൈദ്യുതാഘാതത്തിനും സാധ്യതയുണ്ട്. രംഗോലി ഇടാൻ ഉപയോഗിക്കുന്ന പൊടികൾ മൃഗങ്ങൾ നക്കുകയോ കഴിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. അതിനാൽ ഇത്തരം വസ്തുക്കൾ അവയുടെ കൈയെത്താത്തിടത്ത് സൂക്ഷിക്കണം.
വളർത്തുമൃഗങ്ങൾ സമ്മർദത്തിലാണെന്ന് എങ്ങനെ തിരിച്ചറിയാം?
സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം വളർത്തുമൃഗങ്ങളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കണം. ഓരോ മൃഗത്തിലും സമ്മർദത്തിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. ചില മൃഗങ്ങൾ നിശബ്ദമായി ഒളിച്ചിരിക്കും. മറ്റു ചിലത് അമിതമായി ശ്വാസം വിടുക, ഒരിടത്ത് അടങ്ങിയിരിക്കാനാകാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുക, കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുക, വിറയ്ക്കുക, ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം. വളർത്തുമൃഗങ്ങളുടെ പതിവ് പെരുമാറ്റത്തിൽനിന്ന് വ്യത്യസ്തമായ മാറ്റങ്ങൾ കണ്ടാൽ അവയെ ശകാരിക്കരുതെന്ന് ഡോ. ദീപക് സരസ്വത് പറയുന്നു. അവ മനഃപൂർവം പ്രശ്നമുണ്ടാക്കുന്നതല്ല, ഭയം കൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത്. ഉത്കണ്ഠ നിയന്ത്രിക്കാനാകാത്തവിധം തുടരുകയാണെങ്കിൽ മൃഗഡോക്ടറുടെ സഹായം തേടണം. ഡോക്ടറുടെ നിർദേശമില്ലാതെ കടകളിൽനിന്ന് ലഭിക്കുന്ന ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകളോ മറ്റ് മരുന്നുകളോ വളർത്തുമൃഗങ്ങൾക്ക് നൽകാൻ പാടില്ല.
Content Highlights: Create a safe, quiet room away from firecracker noise and lights for pets., Adjust walking schedules to earlier in the day when noise levels are low., Spend time with pets and avoid forcing them out of hiding spots., Keep festive sweets and hazardous decorations away from animals., Recognize stress symptoms and consult a veterinarian if anxiety persists.