'ഇനിയെങ്കിലും പ്രണയത്തിലാണെന്ന് പറയരുത്'; സിറാജിന് രാഖി കെട്ടിക്കൊടുത്ത് ആശാ ഭോസ്‌ലെയുടെ കൊച്ചുമകള്‍

സിറാജിന് രാഖി കെട്ടിക്കൊടുക്കുന്ന സനായ് ഭോസ്‌ലെ /  സിറാജും സനായ് ഭോസ്‌ലെയും | Photo: instagram/ zanai bhosle
സിറാജിന് രാഖി കെട്ടിക്കൊടുക്കുന്ന സനായ് ഭോസ്‌ലെ / സിറാജും സനായ് ഭോസ്‌ലെയും | Photo: instagram/ zanai bhosle

ന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജും ഗായിക ആശാ ഭോസ്‌ലെയുടെ കൊച്ചുമകള്‍ സനായ് ഭോസ്‌ലെയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. രക്ഷാബന്ധന്‍ ദിനത്തില്‍ സനായ് ഭോസ്‌ലെ, മുഹമ്മദ് സിറാജിന്റെ കൈയില്‍ രാഖി കെട്ടിക്കൊടുത്തു. സഹോദരനോ സഹോദരന് തുല്ല്യരായോ വ്യക്തികള്‍ക്കാണ് ഇത്തരത്തില്‍ രാഖി കെട്ടുക. 

നേരത്തെ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ തങ്ങള്‍ക്കിടയിലെ ബന്ധം സഹോദരതുല്ല്യമാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഖി കെട്ടിക്കൊടുത്ത് ഈ ചര്‍ച്ചകളെല്ലാം ഇരുവരും അവസാനിപ്പിച്ചത്. 

സിറാജിന്റെ കൈയില്‍ രാഖി കെട്ടുന്ന വീഡിയോ സനായ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഏക് ഹസാരോം മേം'  എന്ന ക്യാപ്ഷനും ഇതിനൊപ്പമുണ്ട്. എന്നാല്‍ ഇതിന്റെ കമന്റ് സെക്ഷന്‍ സനായ് ഭോസ്‌ലെ നീക്കിയിട്ടുണ്ട്. 

നേരത്തെ സനായ് ഭോസ്‌ലെയുടെ 23-ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്, ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തെങ്കിലും സിറാജിനൊപ്പമുള്ള ചിത്രമാണ് ചര്‍ച്ചയായത്. പുഞ്ചിരിയോടെ പരസ്പരം മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ചിത്രമായിരുന്നു അവര്‍ പോസ്റ്റ് ചെയ്തത്. 

ഇതിന് പിന്നാലെ സനായ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 'പ്രിയപ്പെട്ട സഹോദരാ' എന്ന ക്യാപ്ഷനോടെ സിറാജിനൊപ്പമുള്ള ചിത്രം അവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയായിരുന്നു. ഈ സ്റ്റോറി സിറാജ് റീപോസ്റ്റ് ചെയ്യുകയും ചെയ്തു.
 

Content Highlights: zanai bhosle again quashes dating rumours with mohammed siraj ties him rakhi