കാമുകിക്കായി ക്ലാസിന് മുന്നിൽ കാത്തിരുന്ന സാക്കിർ ഹുസൈൻ; പ്രണയവിവാഹം, ആദ്യം അമ്മ അംഗീകരിച്ചില്ല

സാക്കിര്‍ ഹുസൈനും ഭാര്യയും | ഫോട്ടോ: പി.ടി.ഐ.
സാക്കിര്‍ ഹുസൈനും ഭാര്യയും | ഫോട്ടോ: പി.ടി.ഐ.

തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്റെ സംഗീതജീവിതം പോലെതന്നെ അദ്ദേഹത്തിന്റെ കുടുംബജീവിതവും ഏറെ ഇമ്പമുള്ളതായിരുന്നു. കഥക് നര്‍ത്തകിയായ അന്റോണിയ മിനെകോളെയാണ് അദ്ദേഹത്തിന്റെ ഭാര്യ. അമേരിക്കയില്‍വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

1970-കളില്‍ കാലിഫോര്‍ണിയയില്‍വെച്ചാണ് സാക്കിര്‍ ഹുസൈനും അന്റോണിയയും ആദ്യമായി കാണുന്നത്. പ്രൊഫഷണല്‍ തബല പരിശീലനത്തിനായി സാക്കിര്‍ ഹുസൈന്‍ അമേരിക്കയിലെത്തിയ സമയമായിരുന്നു അത്. അന്റോണിയ ഇതേസമയം നൃത്തപരിശീലനത്തിനായും കാലിഫോര്‍ണിയയിലുണ്ടായിരുന്നു. അന്റോണിയയെ കാണാനായി അവരുടെ പരിശീലനക്ലാസിന് പുറത്ത് സാക്കിര്‍ ഹുസൈന്‍ കാത്തുനില്‍ക്കുന്നതും പതിവായിരുന്നു. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 1978-ലാണ് ഇരുവരും അമേരിക്കയില്‍വെച്ച് വിവാഹിതരായത്. 

തന്റെ കുടുംബത്തില്‍നിന്ന് ഇതരമതസ്ഥയായ ഒരാളെ വിവാഹം കഴിക്കുന്ന ആദ്യത്തെയാള്‍ താനാണെന്നായിരുന്നു ഒരു അഭിമുഖത്തില്‍ സാക്കിര്‍ ഹുസൈന്‍ വെളിപ്പെടുത്തിയത്. തന്റെ അമ്മ ആദ്യമൊന്നും തന്റെ വിവാഹബന്ധം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പിതാവ് അല്ലാ രഖാ വിവാഹത്തിന് പിന്തുണനല്‍കി. വിവാഹത്തെക്കുറിച്ച് അമ്മയെ പറഞ്ഞ് മനസിലാക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുത്തു. 'വര്‍ഷങ്ങള്‍ പിന്നിട്ടതോടെ അമ്മ എന്റെ ഭാര്യയെ കണ്ടു. അവരെ മനസ്സിലാക്കി, ഇഷ്ടപ്പെട്ടു', സാക്കിര്‍ ഹുസൈന്‍ പറഞ്ഞു. 

സാക്കിര്‍ ഹുസൈനുമായുളള ബന്ധത്തെ അന്റോണിയയുടെ പിതാവും ആദ്യം എതിര്‍ത്തിരുന്നതായാണ് വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സാക്കിര്‍ ഹുസൈന് ഒരു സ്ഥിരവരുമാനമില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ബന്ധത്തെ അംഗീകരിക്കാൻ മടിച്ചത്.

1978-ല്‍ വിവാഹിതരായ സാക്കിര്‍ ഹുസൈന്‍- അന്റോണിയ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. അനീസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവരാണ് ദമ്പതിമാരുടെ മക്കള്‍.

Content Highlights: zakir hussain wife antonia minnecola love story