‘വിവാഹ നിശ്ചയത്തിന് പിന്നാലെ പെരുമാറ്റത്തിൽ മാറ്റങ്ങൾ പ്രകടമായി’; വീണ്ടും ചാഹലിനെതിരെ ധനശ്രീ

അടുത്തിടെയാണ് ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും കൊറിയോഗ്രാഫറായ ധനശ്രീ വർമയും വേർപിരിഞ്ഞത്. വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസത്തിനുള്ളിൽ ചാഹൽ തന്നെ വഞ്ചിച്ചതായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ ധനശ്രീ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ചാഹലിനേക്കുറിച്ച് റൈസ്&ഫൈൾ എന്ന റിയാലിറ്റി ഷോയിൽ പങ്കുവെച്ചിരിക്കുകയാണ് ധനശ്രീ. വിവാഹിതരാകാൻ തീരുമാനിച്ചതിനേക്കുറിച്ചും വേർപിരിയലിലേക്ക് എത്തിയതിനേക്കുറിച്ചുമൊക്കെയാണ് ധനശ്രീ തുറന്നുപറഞ്ഞിരിക്കുന്നത്.
ഒരേസമയം ലവ് മാര്യേജും അറേഞ്ച് മാര്യേജും ആയിരുന്നു തങ്ങളുടേതെന്ന് ധനശ്രീ പറയുന്നു. ഡേറ്റിങ് ഇല്ലാതെ വിവാഹിതരാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. താനാണെങ്കിൽ അങ്ങനൊയൊന്നും പ്ലാൻ ചെയ്യുന്നതേ ഇല്ലായിരുന്നു. പക്ഷേ ചാഹൽ തന്നോട് പ്രകടിപ്പിച്ച സ്നേഹത്തിൽ വിശ്വസിച്ചാണ് വിവാഹത്തിന് തയ്യാറായതെന്നും ധനശ്രീ പറയുന്നു.
ഓഗസ്റ്റിൽ വിവാഹനിശ്ചയവും ഡിസംബറിൽ വിവാഹവും കഴിഞ്ഞു. പിന്നാലെ ചാഹലിനൊപ്പം യാത്ര ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ചാഹലിന്റെ പെരുമാറ്റത്തിൽ സൂക്ഷ്മമായ മാറ്റങ്ങൾ ശ്രദ്ധിക്കുകയുണ്ടായെന്നും ധനശ്രീ പറയുന്നുണ്ട്. ആളുകൾ എന്തെങ്കിലും കാര്യങ്ങൾ ആഗ്രഹിക്കുമ്പോഴും അത് കിട്ടിക്കഴിയുമ്പോഴും ഉള്ള വ്യത്യാസമായിരുന്നു അത്.
ചാഹലിൽ മാറ്റങ്ങൾ പ്രകടമായിരുന്നിട്ടും താൻ ആ ബന്ധത്തിൽ വിശ്വാസം തുടർന്നുവെന്നും ധനശ്രീ പറയുന്നുണ്ട്. ചുറ്റുമുള്ള ആളുകൾക്ക് ഒരുപാടുതവണ അവസരങ്ങൾ നൽകുന്നയാളായിരുന്നു താൻ. തന്റെ ഭാഗത്തുനിന്ന് നൂറുശതമാനം ശ്രമിച്ചിട്ടും ഫലം കാണാതിരുന്നപ്പോൾ അത് മടുത്തുവെന്നും ധനശ്രീ പറയുന്നുണ്ട്. അതേസമയം ചാഹലിനോട് തനിക്കുള്ള കരുതൽ ഒരുനാളും ഇല്ലാതാവില്ലെന്നും ധനശ്രീ എടുത്തുപറയുന്നുണ്ട്.
റൈസ്& ഫാൾ എന്ന റിയാലിറ്റി ഷോയിൽ വച്ചുതന്നെയാണ് ധനശ്രീ നേരത്തേയും ചാഹലിനെതിരെ സംസാരിച്ചത്. ചാഹലുമായുള്ള ബന്ധം ശരിയാവില്ലെന്ന് എപ്പോഴാണ് ആദ്യമായി തിരിച്ചറിഞ്ഞതെന്ന സഹമത്സരാർഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനശ്രീ. വിവാഹം കഴിഞ്ഞ് ആദ്യവർഷം രണ്ടാംമാസത്തിൽ തന്നെ ചാഹൽ തന്നെ വഞ്ചിക്കുന്നതായി പിടികൂടി എന്നാണ് പറഞ്ഞത്.
ഈ വർഷം മാർച്ചിൽ മുംബൈ കുടുംബകോടതിയാണ് ചാഹലിനും ധനശ്രീ വർമയ്ക്കും വിവാഹമോചനം അനുവദിച്ചത്. 2020 ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. 2022 ജൂണിൽ ഇരുവരും വേർപിരിഞ്ഞിരുന്നു. 2025 ഫെബ്രുവരി അഞ്ചിന് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി ഇരുവരും കുടുംബകോടതിയിൽ സംയുക്ത ഹർജി നൽകി. 4.75 കോടി രൂപയാണ് ജീവനാംശമായി ചാഹൽ ധനശ്രീക്ക് നൽകിയത്.
Content Highlights: Choreographer Dhanashree Verma opens up about her marriage with cricketer Yuzvendra Chahal