മക്കള്‍ക്ക് മുത്തച്ഛന്റേയും മുത്തശ്ശിയുടേയും സ്‌നേഹം വേണോ?; ഒരു മാസം 11000 രൂപ നല്‍കണം

മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പമുള്ള കുട്ടിക്കാലം ഇപ്പോഴും നമ്മുടെ മനസിലുണ്ടാകും. പറഞ്ഞുതീരാത്ത കഥകളും അവരുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയും നമ്മുടെ നാവിലുണ്ടാകും. എന്നാല്‍ പലര്‍ക്കും ഈ ഭാഗ്യം ലഭിച്ചിട്ടുണ്ടാകില്ല. അതിന് പല കാരണങ്ങളുമുണ്ടാകാം.
എന്നാല്‍ ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ആഗ്രയിലുള്ള ഒരു വൃദ്ധസന്ദനം. രാംലാല്‍ വൃദ്ധാശ്രമം എന്ന് പേരുള്ള ഈ സ്ഥാപനത്തില്‍ നിന്ന് നിങ്ങള്‍ക്ക് വാടകയ്ക്ക് മുത്തച്ഛനേയും മുത്തശ്ശിയേയും ലഭിക്കും. 11,000 രൂപ അടച്ചാല്‍ ഒരു മാസത്തേക്ക് നിങ്ങള്‍ക്ക് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാം. നിങ്ങളുടെ മക്കളോടൊപ്പം അവര്‍ താമസിക്കുകയും അവര്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യും.
11000 രൂപയുടെ പകുതി തുക ഈ മുത്തച്ഛനും മുത്തശ്ശിക്കുമുള്ളതാണ്. ബാക്കി പണം വൃദ്ധസദനത്തിന്റെ നടത്തിപ്പിനും മറ്റുമായി ഉപയോഗിക്കുമെന്ന് രാംലാല്‍ വൃദ്ധാശ്രമത്തിന്റെ പ്രസിഡന്റ് ശിവ പ്രസാദ് ശര്‍മ പറയുന്നു. സമാനമായ പദ്ധതി ജപ്പാനിലെ വൃദ്ധസദനങ്ങള്‍ ചെയ്യുന്നുണ്ട്. അത് മാതൃകയാക്കിയാണ് ഇവിടേയും നടപ്പിലാക്കി നോക്കാം എന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. മുതിര്‍ന്നവര്‍ നല്‍കുന്ന സ്‌നേഹവും വാത്സല്യവും കുട്ടികള്‍ക്ക് ലഭിക്കുന്നതിനൊപ്പം പ്രായമായവര്‍ക്ക് ഒരു കുടുംബത്തിന്റെ സ്‌നേഹം നിറഞ്ഞ അന്തരീക്ഷത്തില്‍ വീണ്ടും കഴിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു,
Content Highlights: you can rent grandparents from old age home