"കുഞ്ഞിനോട് ചെയ്യുന്ന ക്രൂരത"; അമ്മയായ ശേഷമുള്ള വെല്ലുവിളികളെക്കുറിച്ച് യാമി ഗൗതം

കരിയറിലെ തിരക്കുകൾക്കിടയിലും മാതൃത്വത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം യാമി ഗൗതം. തന്റെ പുതിയ ചിത്രമായ ഹഖിൻ്റെ ചിത്രീകരണവേളയിൽ ഉൾപ്പടെ നേരിട്ട വൈകാരികവും ശാരീരികവുമായ വെല്ലുവിളികളെക്കുറിച്ചാണ് താരം സംസാരിച്ചത്.
ഷൂട്ടിങ് ലൊക്കേഷനിലേക്ക് കുഞ്ഞിനെ ഒപ്പം കൂട്ടണമെന്ന് ആദ്യം കരുതിയിരുന്നെന്നും, അവിടുത്തെ സാഹചര്യങ്ങൾ തീരെ അനുയോജ്യമല്ലായിരുന്നുവെന്നും യാമി ഓർക്കുന്നു. താമസസ്ഥലത്ത് നിന്നും രണ്ട് മണിക്കൂർ ദൂരെയുള്ള ഉൾപ്രദേശങ്ങളിലായിരുന്നു ചിത്രീകരണം നടന്നിരുന്നത്. അത്രയും ചെറിയ പ്രായത്തിലുള്ള കുഞ്ഞിനെ അത്തരം ദുർഘടമായ സാഹചര്യങ്ങളിലേക്ക് കൊണ്ടുപോകുന്നത് ക്രൂരതയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആ തീരുമാനം മാറ്റിയതെന്ന് ഹ്യൂമൻസ് ഓഫ് ബോബെയ്ക്ക് നൽകിയ അഭിമുഖത്തിൽ യാമി പറഞ്ഞു.
ആഴ്ചയിലൊരിക്കൽ ലഭിക്കുന്ന ഒഴിവുദിവസങ്ങളിൽ കുഞ്ഞിനെ കാണാനായി പുലർച്ചെ അഞ്ച് മണിയുടെ വിമാനത്തിൽ വീട്ടിലേക്ക് പോകുമായിരുന്നുവെന്നും യാമി പറയുന്നു. വിമാനമിറങ്ങി കുഞ്ഞിനൊപ്പം കുറച്ചു സമയം ചിലവഴിച്ച ശേഷം, അടുത്ത ദിവസം പുലർച്ചെ തന്നെ തിരികെ വിമാനം കയറി നേരെ ഷൂട്ടിങ് സെറ്റിലേക്ക് എത്തുന്നതായിരുന്നു രീതി. ഷൂട്ടിങ് ലൊക്കേഷനിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ശേഷം മാത്രം കുഞ്ഞിനെ കൊണ്ടുവന്നാൽ മതിയെന്ന ഭർത്താവ് ആദിത്യ ധറിന്റെ നിർദ്ദേശമാണ് ഈ ഘട്ടത്തിൽ തനിക്ക് വലിയ സഹായമായതെന്നും താരം കൂട്ടിച്ചേർത്തു. കരിയറും കുടുംബവും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കുന്ന ഏതൊരു അമ്മയെയും പോലെ താനും ഈ വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുകയാണെന്നാണ് യാമി പറയുന്നത്.
Content Highlights: Bollywood actress Yami Gautam opens up about juggling motherhood with her demanding film career.