'ഡിവോഴ്‌സ് ആയി,നാല് വര്‍ഷം മുമ്പുള്ള വിവാഹ ഫോട്ടോഷൂട്ടിന്റെ പണം തിരികെ വേണം'; ഫോട്ടോഗ്രാഫറോട് യുവതി

പലരുടേയും ജീവിതത്തിലെ സ്വപ്‌ന നിമിഷമാകും വിവാഹം. ഇതിനായി മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ നടത്തുന്നവരുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഫോട്ടോഷൂട്ടാണ്. സിനിമയിലെ പ്രണയരംഗങ്ങള്‍ പോലെ മനോഹരവുമായിരിക്കും ഈ ഫോട്ടോഷൂട്ടുകള്‍.
എന്നാല്‍ വിവാഹത്തിന് ശേഷം ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു പോകാനാകാതെ ബന്ധം വേര്‍പെടുത്തുമ്പോള്‍ ഈ ചിത്രങ്ങള്‍ എന്തുചെയ്യും. ഓര്‍മകളായി ചിലര്‍ ഇത് സൂക്ഷിച്ചുവെയ്ക്കുമായിരിക്കും. എന്നാല്‍ മറ്റു ചിലര്‍ ഫോട്ടോഷൂട്ടിനായി ചിലവഴിച്ച പണത്തെ കുറിച്ച് ആലോചിച്ച് സങ്കടപ്പെടുകയും ചെയ്യും.
എന്നാല്‍ ഈ പണം തിരികെ വേണമെന്ന് പറഞ്ഞ് ആരെങ്കിലും ഫോട്ടോഗ്രാഫര്‍മാരെ സമീപിച്ചാലോ? അങ്ങനെ ഒരു യുവതി തങ്ങളെ സമീപിച്ചതായി 'ലാന്‍സ് റോമിയോ ഫോട്ടോഗ്രഫി' എന്ന പേജ് അവകാശപ്പെടുന്നു. വാട്‌സാപ്പില്‍ വന്നൊരു ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
തന്നെ ഓര്‍മയുണ്ടാകാന്‍ സാധ്യത ഇല്ലെന്നും 2019-ല്‍ ഡര്‍ബനില്‍ നടന്ന വിവാഹ ഫോട്ടോഷൂട്ടിലെ വധുവായിരുന്നു താനെന്നും വ്യക്തമാക്കിയാണ് യുവതി സംഭാഷണം ആരംഭിക്കുന്നത്. തങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തിയെന്നും അതിനാല്‍ പഴയ ചിത്രങ്ങള്‍ ഇനി ആവശ്യമില്ലെന്നും അന്ന് നല്‍കിയ പണം തിരികെ നല്‍കണം എന്നുമെല്ലാമാണ് ഇവര്‍ ചാറ്റില്‍ പറഞ്ഞിരിക്കുന്നത്. തമാശ പറയുകയല്ലേ എന്ന് ഫോട്ടോഗ്രാഫര്‍ അവരോട് തിരിച്ചുചോദിക്കുന്നുണ്ട്. താന്‍ കാര്യമായാണ് സംസാരിക്കുന്നതെന്നും തമാശയല്ലെന്നും ഇതിന് യുവതി മറുപടി നല്‍കുന്നുണ്ട്.
എന്നാല്‍ പണം തിരികെ നല്‍കില്ലെന്ന് ഫോട്ടോഗ്രാഫര്‍ ഇവരെ അറിയിച്ചു. നാല് വര്‍ഷം മുമ്പാണ് ഫോട്ടോ എടുത്തതെന്നും അന്ന് താന്‍ ചെയ്ത ജോലിക്കുള്ള പണമാണ് നല്‍കിയതെന്നും അതെങ്ങനെ തിരിച്ചു നല്‍കും എന്നുമായിരുന്നു ഫോട്ടോഗ്രാഫറുടെ ചോദ്യം. ഇതോടെ നിയമപരമായി മുന്നോട്ടുപോകുമെന്ന് യുവതി അറിയിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നേരിട്ട് കാണാന്‍ യുവതി അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് നിരാകരിച്ച ഫോട്ടോഗ്രാഫര്‍ അഭിഭാഷകനോട് തന്നെ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്.
ഏതായാലും ഈ ട്വീറ്റും യുവതിയുടെ വാട്‌സാപ്പ് സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു. അധികപേരും ഫോട്ടോഗ്രാഫറെ അനുകൂലിച്ചാണ് കമന്റ് ചെയ്തത്. വിവാഹമോചിതയായി എന്നു കരുതി ജോലിയെടുത്തതിന് ലഭിച്ച പണം തിരിച്ചുകൊടുക്കുന്നതില്‍ എന്ത് നീതിയാണുള്ളതെന്ന് ഇവര്‍ ചോദിക്കുന്നു.