'സിവിക് സെൻസ് ഇല്ലാത്തവർ'; വിമാനത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ ഇന്ത്യക്കാർക്കെതിരെ യുവതി | VIDEO

വിമാനത്തിൽ മാലിന്യങ്ങൾ വിതറിയ ഇന്ത്യൻ യാത്രക്കാർക്കെതിരെ രൂക്ഷവിമർശനവുമായി യുവതി. ട്രാവൽ വ്‌ളോഗറായ സന്ധ്യാ മാജിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിമർശനം ഉന്നയിച്ചത്. ഇത്തരം പ്രവണത വിമാനജീവനക്കാരെയാണ് ബാധിക്കുന്നതെന്ന് സന്ധ്യ പറയുന്നു. ‘ഒട്ടും സിവിക് സെൻസ് ഇല്ലാത്തവർ’ എന്നാണ് വീഡിയോയ്ക്ക് മുകളിൽ എഴുതിയത്. സന്ധ്യ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം നാല് ലക്ഷത്തിലേറെ പേരാണ് കണ്ടുകഴിഞ്ഞത്.
ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിലെ ദൃശ്യമാണ് സന്ധ്യ പങ്കുവെച്ചത്. സീറ്റിന് താഴെ നിലത്ത് മാലിന്യങ്ങൾ ചിതറിക്കിടക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് വൃത്തിയാക്കാൻ വരുന്ന എയർ ഹോസ്റ്റസിനേയും വീഡിയോയിൽ കാണാം. ഇത് കേവലം ബാങ്കോക്ക് വിമാനത്തിലെ മാത്രം സ്ഥിതിയല്ലെന്ന് സന്ധ്യ പറയുന്നു. മുതിർന്നവർ പോലും വിമാനത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നു. പ്രത്യേകിച്ച് ഇന്ത്യൻ യാത്രക്കാരുള്ള വിമാനത്തിലാണ് ഇത് കൂടുതൽ. ഇതേക്കുറിച്ച് പരാതി പറഞ്ഞാൽ അവർ നമുക്കെതിരെ തിരിയുമെന്നും സന്ധ്യ പറയുന്നു.
'തങ്ങളുടെ കുട്ടികളെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ അവിടം വൃത്തിയാക്കുകയോ ചെയ്യേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമല്ലേ? സത്യസന്ധമായി പറയട്ടെ, ഈ വിമാനയാത്ര എനിക്ക് ഇന്ത്യൻ ഗ്രാമത്തിലെ സർക്കാർ ബസ് യാത്ര പോലെയാണ് തോന്നുന്നത്. എവിടെയാണെങ്കിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് നാണംകെട്ട കാര്യമാണ്. ഇത്തരം കാര്യങ്ങൾ വിമാനം വൈകലിലേക്ക് നയിക്കും. കാരണം ഫ്‌ളൈറ്റ് അറ്റൻഡന്റുമാർക്ക് അടുത്ത ടേക്ക് ഓഫിന് മുമ്പ് വിമാനം വൃത്തിയാക്കേണ്ടതായുണ്ട്.' -സന്ധ്യ പറഞ്ഞു.
'ഒരിക്കൽ ശുചിമുറിയിൽ പോയപ്പോൾ കണ്ടത് ഒരാൾ അവിടെ നിലത്ത് മുഴുവൻ മൂത്രമൊഴിച്ച് വെച്ചതാണ്. കൂടാതെ ടിഷ്യൂ പേപ്പറുകളും അവിടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അതാകെ വൃത്തികെട്ട നിലയിലായിരുന്നു. ഒരു ഫ്‌ളൈറ്റ് അറ്റൻഡന്റിന് അവരുടെ കൈകൊണ്ട് അതെല്ലാം വൃത്തിയാക്കേണ്ടിവന്നു. എനിക്ക് അവരോട് സഹതാപം തോന്നി. ഇത് വളരെ വലിയ അനാദരവാണ്. കഠിനാധ്വാനം ചെയ്താണ് അവർ ഫ്‌ളൈറ്റ് അറ്റൻഡന്റ് ജോലി നേടുന്നത്. ഇത്തരം പെരുമാറ്റം കാരണം വിമാനം വൃത്തിയാക്കേണ്ടിവരുന്നത് അവരുടെ ജോലിയല്ല.' -സന്ധ്യ തുടർന്നു.
നിരവധി പേരാണ് സന്ധ്യ പറഞ്ഞതിനോട് പ്രതികരിച്ച് കമന്റുകളിട്ടത്. 'ഇന്ത്യക്കാരാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി' എന്നാണ് ഒരാൾ കുറിച്ചത്. 'സ്വന്തം രാജ്യത്താകട്ടെ പുറത്താകട്ടെ, ഇന്ത്യക്കാർ എല്ലായിടത്തും പെരുമാറുന്നത് ഇങ്ങനെയാണ്' എന്ന് മറ്റൊരാൾ. 'മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ നമ്മൾ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ഇവർ മറന്നുപോകുന്നത് എന്തുകൊണ്ടാണ്?' എന്ന് ഇനിയൊരാൾ ചോദിച്ചു.
Content Highlights: Travel vlogger Sandhya Maji has triggered a massive online debate after posting a video showing the messy state of a recent flight from Bangkok to India. The footage reveals trash, including food wrappers and tissues, scattered across the cabin floor under the seats. Maji sharply criticized the responsible passengers, stating that such behavior makes flying feel like a "government bus ride in an Indian village." She emphasized the additional burden this places on flight attendants, who have a short time to clean before the next take-off. The video has already garnered over 4 lakh views.