കുഞ്ഞിനെ കാണാന്‍ ഭംഗിയില്ലാത്തതിനാല്‍ പ്രസവിച്ചയുടനെ കരഞ്ഞെന്ന് അമ്മ; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

പ്രതീകാത്മക ചിത്രം/ യുവതി ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: AI Generated/ tik tok
പ്രതീകാത്മക ചിത്രം/ യുവതി ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: AI Generated/ tik tok

പ്രസവിച്ച് നിമിഷങ്ങള്‍ക്കകം തന്റെ കുഞ്ഞിനെ 'വിരൂപന്‍' എന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് യുവതി. യുകെയില്‍ നിന്നുള്ള ഇരുപതുകാരിയായ ജെസ് എന്ന് പേരുള്ള യുവതിയാണ് തന്റെ കുഞ്ഞിനെ കൈയിലെടുത്ത് കാണാന്‍ ഒട്ടും ഭംഗിയില്ലെന്നും വിരൂപനാണെന്നും പറയുന്നത്. ഈ വീഡിയോ ടിക് ടോക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും യുവതിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

'അവന് ഏറ്റവും വൃത്തികെട്ട മൂക്കാണ്. വിരൂപനാണ്.' വീഡിയോയില്‍ യുവതി പറയുന്നു. പ്രസവാനന്തരം അവനെ കണ്ടപ്പോള്‍ താന്‍ കരഞ്ഞുപോയെന്നും ഭംഗിയില്ലാത്തത് കാരണമാണ് കരഞ്ഞതെന്നും അവര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. 12 ലക്ഷം ആളുകളാണ് ഈ ടിക് ടോക്ക് വീഡിയോ കണ്ടത്. 

എന്നാല്‍ പിന്നീട് കുഞ്ഞിന് ഓമനത്തമുള്ളതായി തോന്നിയെന്നും പ്രസവശേഷമുള്ള തന്റെ ആദ്യ പ്രതികരണത്തിന് കാരണം പ്രസവാനന്തര ഹോര്‍മോണുകളാണെന്നും അവര്‍ പിന്നീട് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലെ ആളുകള്‍ തന്നെ മനസിലാക്കണമെന്നും യുവതി അഭ്യര്‍ഥിക്കുന്നുണ്ട്. 

എന്നാല്‍ യുവതിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ആളുകള്‍ പങ്കുവെച്ചത്. കുഞ്ഞിന്റെ ആത്മവിശ്വാസത്തേയും ആത്മാഭിമാനത്തേയും ബാധിക്കുന്നതാണ് ഇത്തരം പരാമര്‍ശങ്ങളെന്നും ആ വീഡിയോ നീക്കം ചെയ്യണമെന്നും കമന്റുകളുണ്ട്. പ്രസവിച്ചശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ മനസിലാകുമെന്നും എന്നാല്‍ അതെല്ലാം വീഡിയോ എടുത്ത് പൊതുഇടത്തില്‍ പങ്കുവെയ്ക്കുന്നത് എന്തിനാണെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. 

നേരത്തേയും ഇതുപോലെ കുഞ്ഞിന്റെ സൗന്ദര്യവുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകള്‍ ടിക് ടോക്കില്‍ അമ്മമാര്‍ പങ്കുവെച്ചിട്ടുണ്ട്. ടിക് ടോക്കില്‍ 'അഗ്ലി ബേബി ചലഞ്ച്' എന്ന രീതിയില്‍ ഒരു ചലഞ്ച് വരെ നടത്തിയിരുന്നു. ഈ ഹാഷ്ടാഗ് ഉപയോഗിച്ച് മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞിന്റെ വിരൂപമായ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 

ആശുപത്രിയിലെ സ്റ്റാഫുകള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട അലിഖിതമായ ഒരു നിയമമുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകയായ മിക്കി റായ് പറയുന്നു. 'കുഞ്ഞ് ഓമനത്തമുള്ളതാണെങ്കില്‍, കുഞ്ഞ് ഓമനത്തമുള്ളതാണെന്ന് അവരോട് പറയുന്നു. എന്നാല്‍ കുഞ്ഞ് വിരൂപനാണെങ്കില്‍, കുഞ്ഞ് കാണാന്‍ അവരെപ്പോലെ തന്നെയുണ്ടെന്നാണ് മാതാപിതാക്കളോട് പറയുക'-മിക്കി റായ് വ്യക്തമാക്കുന്നു. 


 

Content Highlights: woman slammed for calling her newborn son ugly