കേദാര്‍നാഥിന് മുന്നില്‍ യുവതിയുടെ പ്രൊപ്പോസല്‍;ക്ഷേത്രത്തിന്റെ പരിശുദ്ധിയെ ബാധിക്കുമെന്ന് വിമര്‍ശനം

വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: twitter/ Ravisutanjani
വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: twitter/ Ravisutanjani

ല തരത്തിലുള്ള പ്രൊപ്പോസല്‍ വീഡിയോകളും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. പാര്‍ട്ടിക്കിടയിലും ലൈവ് മത്സരത്തിനിടെ ഗാലറിയിലും ടൂറിസ്റ്റ് സ്‌പോട്ടുകളിലുമെല്ലാം പങ്കാളിയെ ഞെട്ടിച്ചുകൊണ്ടുള്ള നിരവധി സര്‍പ്രൈസ് പ്രൊപ്പോസലുകള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അതുപോലൊരു പ്രൊപ്പോസല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുകയാണ്.

കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്നായിരുന്നു ഈ പ്രൊപ്പോസല്‍. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ കാമുകനും കാമുകിയും പരസ്പരം പ്രാര്‍ഥിക്കുന്നതും ഇതിനിടയില്‍ മുട്ടുകുത്തി നിന്ന് ബോയ്ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്യുന്ന പെണ്‍കുട്ടിയേയും വീഡിയോയില്‍ കാണാം. പെണ്‍കുട്ടി മോതിരം നീട്ടുമ്പോള്‍ കാമുകന്‍ അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയിലുണ്ട്. യെസ് പറഞ്ഞ് മോതിരം സ്വീകരിച്ച കാമുകന്‍ പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഇതിന് പിന്നാലെ ഈ വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ആളുകള്‍ പ്രാര്‍ഥിക്കാനും സമാധാനം കണ്ടെത്താനും എത്തുന്ന പുണ്യസ്ഥലമായ കേദാര്‍നാഥിന് മുമ്പില്‍ നിന്ന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു ഇത് എന്നാണ് മിക്ക ആളുകളും പ്രതികരിച്ചത്. ക്ഷേത്രത്തിന്റെ പരിശുദ്ധിയെ ഇത് ബാധിക്കുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇതിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. വിവാഹം നടക്കുന്നത് ക്ഷേത്രത്തിലാണെങ്കില്‍ പ്രൊപ്പോസലും അവിടെ നടത്തിയാല്‍ എന്താണ് പ്രശ്‌നം എന്നാണ് ഇവരുടെ മറുചോദ്യം. 

കാമുകനാണ് സാധാരണ പ്രൊപ്പോസ് ചെയ്യാറുള്ളതെന്നും കാമുകി ആ കീഴ്‌വഴക്കം തെറ്റിച്ചുവെന്നും വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ പ്രൊപ്പോസ് ചെയ്യുന്നത് ഇപ്പോള്‍ സാധാരണമെന്നാണ് മറ്റൊരു കൂട്ടം ആളുകളുടെ അഭിപ്രായം. 

Content Highlights: woman proposes boyfriend at kedarnath temple in viral video