അര്‍ദ്ധരാത്രി ഒറ്റയ്ക്കാക്കി പോയില്ല; ഫ്‌ളാറ്റ് പൂട്ടിപ്പോയ സുഹൃത്ത് എത്തുന്നതുവരെ യാത്രക്കാരിക്ക് കൂട്ടിരുന്ന് റാപ്പിഡോ റൈഡര്‍

യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ upscworldofficial
യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ upscworldofficial

സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ പല വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ടാകും. അത്തരത്തില്‍ ദയയുടേയും സ്‌നേഹത്തിന്റേയും പ്രാധാന്യം പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. രാത്രിയില്‍ ഒറ്റപ്പെട്ടുപോയ ഒരു യുവതിയെ ഒരു റാപ്പിഡോ റൈഡര്‍ സഹായച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.

ഫ്‌ളാറ്റിന്റെ താക്കോല്‍ എടുക്കാന്‍ മറന്നുപോയ യാത്രക്കാരിക്ക് അവരുടെ സുഹൃത്തുക്കള്‍ എത്തുന്നതുവരെ റാപ്പിഡോ റൈഡര്‍ കൂട്ടിരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഗര്‍ബ ആഘോഷം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ യുവതി ബുക്ക് ചെയ്തത് ഒരു റാപ്പിഡോ റൈഡ് ആയിരുന്നു. വീട്ടിലെത്തിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. യുവതിയുടെ കൈയില്‍ താക്കോലുമില്ലായിരുന്നു. പുറത്തുപോയ സുഹൃത്ത് തിരിച്ചുവരുന്നത് വരെ യുവതിക്ക് പാതിരാത്രിയില്‍ വിജനമായ വഴിയിലിരിക്കേണ്ടി വന്നു. ഇതിന്റെ സുരക്ഷാപ്രശ്‌നം മനസിലാക്കിയ റാപ്പിഡോ റൈഡര്‍ സുഹൃത്ത് തിരിച്ചുവരുന്നതുവരെ കൂട്ടിരിക്കാമെന്ന് വാഗദ്ധാനം ചെയ്യുകയായിരുന്നു.

@upscworldofficial എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ റീപോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. 'സുഹൃത്തുക്കളേ, ഞാന്‍ ഗര്‍ബ നൈറ്റ് കഴിഞ്ഞു വന്നപ്പോഴാണ് ഫ്‌ളാറ്റിന്റെ താക്കോല്‍ എന്റെ കയ്യിലില്ലെന്ന് മനസ്സിലായത്. എന്റെ ഫ്‌ളാറ്റ്‌മേറ്റ് പുറത്താണ്. അതിനാല്‍ ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ ഏകദേശം അര്‍ദ്ധരാത്രിയായി. റാപ്പിഡോ റൈഡര്‍ വന്ന് എന്റെ കൂടെ നില്‍ക്കാമെന്ന് പറഞ്ഞു. അത് വളരെ നല്ലൊരു കാര്യമാണ്. മനുഷ്യത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.' എന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് റാപ്പിഡോ റൈഡറെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും തന്റെ ജോലിക്കപ്പുറം മറ്റുള്ളവരെ സഹായിക്കുന്ന ഇങ്ങനെയുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ചിലര്‍ കുറിച്ചു. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ള എല്ലാവരോടും എനിക്ക് ബഹുമാനം മാത്രമാണുള്ളതെന്നായിരുന്നു മറ്റൊരു കമന്റ്.

Content Highlights: woman praises rapido rider for not leaving her alone at night