പ്രായം വെറും സംഖ്യയെന്ന് തെളിയിച്ച് സ്‌കൂട്ടറില്‍ ലഡാക്കിലേക്ക് ട്രിപ്പ്,കൗതുകംപൂണ്ട് വ്ലോഗർ|VIDEO

നമ്മുടെ നാട്ടിലെ ഒട്ടേറെ പേരുടെ സ്വപ്‌നമാണ് ലഡാക്ക് യാത്ര. വെറുതേ ഒരു യാത്രയല്ല, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രം നടത്തുന്ന പോലെ മോട്ടോര്‍ സൈക്കിളുമായുള്ള യാത്ര. ബുദ്ധിമുട്ടുകളും ഒഴികഴിവുകളുമെല്ലാം പറഞ്ഞ് അതിന് സാധിക്കാത്തവരാണ് ഭൂരിഭാഗവും. എന്നാല്‍ ചണ്ഡീഗഡില്‍ നിന്നുള്ള ഒരു മധ്യവയസ്ക ഇത്തരം എക്‌സ്‌ക്യൂസുകളില്‍ കടിച്ചുതൂങ്ങാതെ തന്റെ സ്വപ്‌ന യാത്ര നടത്തുകയാണ്.
ഒരു വ്‌ളോഗര്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് ഇവരെ ലോകം അറിഞ്ഞത്. ദുര്‍ഘടമായ ഹിമാലയന്‍ മണ്ണിലൂടെ ഹോണ്ട ആക്ടീവാ സ്‌കൂട്ടറുമായി പോകുന്ന ഇവരെ യാദൃശ്ചികമായാണ് വ്‌ളോഗര്‍ കണ്ടുമുട്ടിയത്. മധ്യവയസ്‌കയായ ഒരു സ്ത്രീ ഇത്തരമൊരു സ്ഥലത്തുകൂടെ ആക്ടീവയില്‍ പോകുന്നത് കണ്ടപ്പോഴുണ്ടായ കൗതുകമാണ് വ്‌ളോഗറെ വീഡിയോ ചിത്രീകരിക്കാന്‍ പ്രേരിപ്പിച്ചത്.
തഴക്കം ചെന്ന റൈഡര്‍മാര്‍ക്ക് പോലും ബുദ്ധിമുട്ടുള്ള പാതയിലൂടെ മണാലി, സര്‍ച്ചു, പാങ്, ഷിങ്ഹുദു എന്നീ സ്ഥലങ്ങള്‍ പിന്നിട്ടാണ് തന്റെ യാത്ര മുന്നോട്ട് നീങ്ങുന്നതെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യത്തിന് മറുപടിയായി ശ്രീനഗര്‍ എന്നാണ് അവര്‍ പറഞ്ഞത്. അതിന് ശേഷം ജമ്മുവിലേക്കും പോയശേഷം തിരികെ ചണ്ഡീഗഡിലെ വീട്ടിലേക്ക് പോകുമെന്നും അവര്‍ പറഞ്ഞു.
ഭര്‍ത്താവും മകനും എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ഇത് ഒറ്റയ്ക്കുള്ള തന്റെ ആദ്യ യാത്രയല്ല. ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബ്, ബദ്രിനാഥ് എന്നിവിടങ്ങളിലാണ് മുമ്പ് പോയിട്ടുള്ളത്. ഇതേ ആക്ടീവയുമായാണ് ഈ സ്ഥലങ്ങളില്‍ പോയതെന്നും അവര്‍ പറഞ്ഞു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇവരുടെ സോളോ ട്രിപ്പിനെ അഭിനന്ദിച്ച് കമന്റുകളിട്ടത്.
Content Highlights: Middle-Aged Chandigarh Woman Rides Solo To Ladakh On Scooty, Internet Calls Her An Inspiration