യാത്രക്കിടയില്‍ ഊബര്‍ ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത, ഡ്രൈവിങ് ഏറ്റെടുത്ത് യാത്രക്കാരി

യാത്രക്കായി ടാക്‌സി സംവിധാനങ്ങളെ ആശ്രയിക്കുന്നത് സ്വാഭാവികമാണ്. ഇത്തരമൊരു യാത്രയില്‍ ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത നേരിട്ടാലോ? അത്തരമൊരു അവസ്ഥയെ ധീരമായി നേരിട്ട ഡല്‍ഹി യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്.
ഹണി പിപാല്‍ എന്ന യുവതിയാണ് ഈ വീഡിയോ പങ്കുവെച്ചത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഡ്രൈവിങ് അറിഞ്ഞിരിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്നും ഹണി വീഡിയോയില്‍ പറയുന്നുണ്ട്.
ഡ്രൈവര്‍ പിന്‍ സീറ്റിലിരിക്കുന്നത് വീഡിയോയില്‍ കാണാം. യുവതിയുടെ അമ്മയും കുഞ്ഞും മുത്തശ്ശിയും കാറിലിരിക്കുന്നുണ്ട്. കടുത്ത ട്രാഫിക്കാണെന്നും ഡ്രൈവര്‍ക്ക് സുഖമില്ലെന്നും യുവതി പറയുന്നുണ്ട്.
'എന്റെ സന്ദേശം ഇതാണ്, ഇത്തരം സാഹചര്യം വരാം, ദയവായി ഡ്രൈവിങ് പഠിക്കൂ. ഡ്രൈവ് ചെയ്യാന്‍ അറിയാമെങ്കില്‍, ആവശ്യമുള്ള ഒരാളെ സഹായിക്കാം,' ഹണി വീഡിയോയില്‍ പറയുന്നു.
ഡ്രൈവര്‍ക്ക് അല്പം സുഖപ്പെട്ടപ്പോൾ യുവതി ഡ്രൈവറുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പിന്നീട് തമാശയായി അവര്‍ തന്റെ ഡ്രൈവിങ് കഴിവിനെക്കുറിച്ച് ഡ്രൈവറുടെ അഭിപ്രായം ചോദിക്കുമ്പോള്‍ 'മികച്ചതെന്ന്' ഡ്രൈവര്‍ പുഞ്ചിരിയോടെ മറുപടി നല്‍കുന്നുമുണ്ട്.
വീഡിയോ വളരെ പെട്ടെന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുവതിയുടെ കൃത്യമായ ഇടപെടലിനെ നിരവധിപേരാണ് പ്രശംസിച്ചത്.
Content Highlights: Woman Drives Taxi After Driver`s Illness