'നാട്ടിൽ ഒരുപാടുപേര്‍ പട്ടിണി കിടക്കുന്നു'; 11ലക്ഷം രൂപയുടെ ചെരിപ്പ് വാങ്ങിയ യുവതിക്ക് സൈബർ ആക്രമണം

എല്ലെ സലഗരസ്, ആഡംബര ചെരിപ്പുമായി എല്ലെ സലഗരസ്
എല്ലെ സലഗരസ്, ആഡംബര ചെരിപ്പുമായി എല്ലെ സലഗരസ്

ബദ്ധത്തില്‍ ഒരു ജോഡി ആഡംബര ചെരിപ്പ് വാങ്ങേണ്ടി വന്ന സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായ യുവതിക്ക് സൈബർ ആക്രമണം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നുള്ള എല്ലെ സലഗരസ് എന്ന 29-കാരിയാണ് ഒരു ജോഡി ചെരിപ്പ് വാങ്ങിയതിന്റെ പേരില്‍ പുലിവാല് പിടിച്ചത്. 20 ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന ഈസ്റ്റേണ്‍ സബര്‍ബ്‌സ് മോം എന്ന ടിക്ടോക് അക്കൗണ്ടിന്റെ ഉടമയാണ് എല്ലെ. 

താന്‍ വാങ്ങുന്ന സാധനങ്ങളുടെ വിശേഷങ്ങള്‍ എല്ലെ സാമൂഹികമാധ്യമങ്ങളില്‍ ഫോളോവേഴ്‌സുമായി പങ്കുവെക്കാറുണ്ട്. അങ്ങനെയാണ് 11 ലക്ഷം രൂപയുടെ (13,000 ഡോളര്‍) ചെരിപ്പ് വാങ്ങിയ കഥയും അവര്‍ പങ്കുവെച്ചത്. പ്രമുഖ ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ ഹെര്‍മെസിന്റെ സ്റ്റോറിലാണ് ഇവര്‍ പോയത്. ഹെര്‍മെസിന്റെ ഐക്കോണിക്ക് ചെരിപ്പായ ഷിപ്രെ സാന്‍ഡല്‍സ് വാങ്ങാനായാണ് എല്ലെ പോയത്. 

1,700 രൂപയാണ് ഈ ചെരിപ്പിന്റെ അടിസ്ഥാനവില. എന്നാല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉത്പന്നത്തിനനുസരിച്ച് ചെരിപ്പിന് വില കൂടും. മുതലയുടേയും ചെമ്മരിയാടിന്റേയും ചര്‍മ്മം കൊണ്ടുണ്ടാക്കിയ 13,155 ഡോളറിന്റെ ഷിപ്രെ ചെരിപ്പാണ് എല്ലെ വാങ്ങിയത്. ആളുകള്‍ കാര്‍ വാങ്ങാന്‍ ചെലവാക്കുന്നതിനേക്കാള്‍ കൂടുതലാണ് ഈ തുക. 

ഷിപ്രെ ചെരിപ്പിന്റെ വിശേഷങ്ങള്‍ ടിക്ടോക് വീഡിയോയിലൂടെയാണ് എല്ലെ പങ്കുവെച്ചത്. ചെരിപ്പ് അടിപൊളിയാണെന്ന് പറഞ്ഞ എല്ലെ താന്‍ യഥാര്‍ഥത്തില്‍ ഇത്ര വിലയുള്ള ചെരിപ്പ് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പറഞ്ഞു. ചെരിപ്പിന്റെ വില താന്‍ തെറ്റായി കേട്ടതാണ്. എന്നാല്‍ സ്റ്റോറിന് പുറത്ത് ചെരിപ്പ് ധരിച്ചതിനാല്‍ അത് വാങ്ങിയേ മതിയാകൂ എന്ന് സ്റ്റോറിലുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞു. അങ്ങനെയാണ് തനിക്ക് ഈ ചെരിപ്പ് വാങ്ങേണ്ടി വന്നതെന്ന് എല്ലെ പറയുന്നു. ഹെര്‍മെസ് സ്റ്റോറിനെ കുറിച്ച് താന്‍ കൂടുതല്‍ മനസിലാക്കേണ്ടതായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വീഡിയോയ്ക്ക് താഴെ കമന്റുകളില്‍ വലിയ വിമര്‍ശനമാണ് എല്ലെയ്‌ക്കെതിരെ ഉയര്‍ന്നത്. ഒരു ജോഡി ചെരിപ്പിന്റെ വില തങ്ങളെ ഞെട്ടിച്ചുവെന്നാണ് ഒട്ടേറെ പേര്‍ കമന്റ് ചെയ്തത്. വെറും വിഡ്ഢിത്തമാണ് ഇതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഒരു ചെരിപ്പും ഇത്ര വലിയ വിലയില്ല എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ ഒരുപാട് പേര്‍ പട്ടിണി കിടക്കുന്നുണ്ടെന്നും അപ്പോഴാണ് ഫോളോവര്‍മാരില്‍ നിന്നുണ്ടാക്കിയ പണം കൊണ്ട് ഇത്ര വിലയുള്ള ചെരിപ്പ് വാങ്ങിയതെന്നും ഇത് അറപ്പുളവാക്കുന്നുവെന്നുമാണ് മറ്റൊരാള്‍ കമന്റെഴുതിയത്.

അതേസമയം എല്ലെയെ പിന്തുണച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ ധാരാളമായി വന്നിട്ടുണ്ട്. സ്വയം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് എന്ത് വാങ്ങണമെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നാണ് അതിലൊരു കമന്റ്. എല്ലെയുടെ ചെരിപ്പിനെ പുകഴ്ത്തിയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ടായിരുന്നു.  

Content Highlights: Social media influencer from Sydney faces criticism after buying sandals worth 13k dollar by mistake