ഇന്ത്യയിലെ 91 ശതമാനം ഡോക്ടർമാരും മക്കളെ ഡോക്ടറാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവേ ; കാരണങ്ങൾ ഇവ

ഇന്ത്യൻ ഡോക്ടർമാരിൽ 91 ശതമാനം പേരും തങ്ങളുടെ മക്കളെ ഡോക്ടറാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവേ. ദേബബ്രതാ മിതാലി ഓറോ ഫൗണ്ടേഷൻ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ആറ് മാസം സമയമെടുത്ത് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ചെറുനഗരങ്ങളിലുമുള്ള 1200-ലേറെ ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സർവേ നടത്തിയത്.
ദീർഘകാലമായുള്ള ജോലിഭാരം, ആക്രമിക്കപ്പെട്ടേക്കാമെന്ന ഭയം, നിയമപരവും വൈകാരികവുമായ സമ്മർദം തുടങ്ങിയവയാണ് ഇതിന് കാരണങ്ങളായി ഡോക്ടർമാർ പറയുന്നത്. സ്വകാര്യ, സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ സർവേയിൽ പങ്കെടുത്തു. ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ് തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം ഉൾപ്പെട്ട ഡോക്ടർമാർ സർവേയുടെ ഭാഗമായി.
മണിക്കൂറുകൾ നീളുന്ന ജോലിസമയം, നൈറ്റ് ഷിഫ്റ്റ്, ഏത് സമയത്തും ഫോൺവരുമ്പോൾ ഡ്യൂട്ടിക്കായി ഓടിപ്പോകേണ്ട സ്ഥിതി എന്നിവ കാരണം സുസ്ഥിരമായ കുടുംബജീവിതം നയിക്കാനും സ്വന്തം കാര്യങ്ങൾ നോക്കാനും കഴിയുന്നില്ല. വിട്ടുമാറാത്ത ഉറക്കക്കുറവ്, വൈകാരികമായ തളർച്ച, കുടുംബത്തോടൊപ്പം ആരോഗ്യകരമായി സമയം ചെലവഴിക്കാൻ കഴിയാത്ത അവസ്ഥ എന്നിവയെല്ലാം തങ്ങൾ അനുഭവിക്കുന്നുവെന്നാണ് പല ഡോക്ടർമാരും പറയുന്നത്. ഇതെല്ലാം തങ്ങളുടെ മക്കളും അനുഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
വേറേയും പല വിവരങ്ങളും സർവേയിൽ പുറത്തുവന്നു. കഴിഞ്ഞവർഷം തങ്ങൾ വലിയ ജോലിഭാരമാണ് അനുഭവിച്ചതെന്ന് 78 ശതമാനം ഡോക്ടർമാരാണ് പറഞ്ഞത്. ആഗോളതലത്തിൽ ഡോക്ടർമാരുടെ വിഷാദരോഗത്തിന്റെ ശരാശരി നിരക്ക് 29 ശതമാനമാണെന്നിരിക്കെയാണ് ഇത്. രോഗികളിൽ നിന്നോ ഒപ്പം വരുന്നവരിൽ നിന്നോ ശാരീരികമായ ആക്രമണമോ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപമോ നേരിടേണ്ടിവരുമെന്ന ഭയമുണ്ടെന്ന് 84 ശതമാനം ഡോക്ടർമാരാണ് പറഞ്ഞത്. സർവേയിൽ പങ്കെടുത്ത ഡോക്ടർമാരിൽ 67 ശതമാനം പേരും തങ്ങളുടെ കരിയറിൽ ഒരുതവണയെങ്കിലും മെഡിക്കോ-ലീഗൽ പരാതി നേരിട്ടിട്ടുണ്ട്.
ഡോക്ടർമാരോടുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്ക് ഡോക്ടർമാരിലുള്ള വിശ്വാസം കുറഞ്ഞുവെന്നാണ് സർവേയിൽ പകുതിയിലേറെ പേരും പറഞ്ഞത്. തങ്ങൾ നേടിയ ദീർഘകാലത്തെ പരിശീലനവും സഹിച്ച ത്യാഗങ്ങളുമെല്ലാം യാഥാർഥ്യമാണെന്നിരിക്കെ പലരും തങ്ങളെ വിലകുറച്ചാണ് കാണുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
പ്രശ്‌നപരിഹാരത്തിനായി ആരോഗ്യരംഗത്ത് വ്യവസ്ഥാപിതമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നാണ് സർവേ റിപ്പോർട്ട് നിർദേശിക്കുന്നത്. ഡോക്ടർമാരുടെ മാനസികാരോഗ്യം സംരക്ഷിക്കാനായി കൗൺസിലിങ്ങും സമപ്രായക്കാരുടെ കൂട്ടായ്മയുമെല്ലാം ഉറപ്പാക്കണം. ജോലിഭാരം, സമ്മർദം, മാനസികമായ ബുദ്ധിമുട്ടുകൾ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
Content Highlights: A nationwide survey reveals 91.4% of Indian doctors discourage their children from pursuing medicine due to extreme workload, fear of violence, and mental stress, highlighting a major crisis in the country’s healthcare sector.