'നീ പ്രണയിച്ച് വിവാഹം ചെയ്തതിനും ഞാന്‍ ബില്ലടയ്ക്കണോ എന്ന് അച്ഛന്‍ ചോദിച്ചു';ആയുഷ് പറയുന്നു

2014-ലാണ് സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാനും നടന്‍ ആയുഷ് ശര്‍മയും വിവാഹിതരായത്. ഇരുവരും ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. മകള്‍ ആയത്തും മകന്‍ അഹില്‍ ശര്‍മയും.
അര്‍പിതയെ വിവാഹം കഴിക്കുമ്പോള്‍ 24 വയസായിരുന്നു ആയുഷിന്റെ പ്രായം. പണവും പ്രശസ്തിയും ആഗ്രഹിച്ചാണ് ആയുഷ് ഈ വിവാഹത്തിന് തയ്യാറായതെന്ന തരത്തില്‍ അന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും മനസുതുറയ്ക്കുകയാണ് ആയുഷ്.
താന്‍ സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു വിവാഹമെന്നും വിവാഹത്തിന് ശേഷം അര്‍പിതയുടെ ചെലവുകള്‍ കൂടി നോക്കാമോയെന്ന് അച്ഛനോട് ചോദിച്ചിരുന്നതായും ആയുഷ് പറയുന്നു. സമ്പന്ന രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ആയുഷ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പണ്ഡിറ്റ് സുഖ് റാമിന്റെ കൊച്ചുമകന്‍. അതുകൊണ്ടതുന്നെ കുടുംബങ്ങള്‍ തമ്മില്‍ ഒത്തുപോകുമോയെന്ന ആശങ്ക തന്റെ അമ്മയ്ക്കുണ്ടായിരുന്നെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയുഷ് പറയുന്നു.
'നിനക്ക് ജോലിയൊന്നും ഇല്ല. നീ പണം സമ്പാദിക്കുന്നില്ല. അതിനുപുറമേ നീ വിവാഹം കഴിക്കുന്നത് വളരെ സമ്പന്നയായ ഒരു പെണ്‍കുട്ടിയെ. അവളുടെ ചെലവുകള്‍ നീ എങ്ങനെ കൈകാര്യം ചെയ്യും'-ഇതായിരുന്നു വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞപ്പോഴുള്ള അച്ഛന്റെ ചോദ്യം. പക്ഷേ എന്റെ മറുപടി അവരെ സ്തംഭിപ്പിച്ചു. അര്‍പിതയുടെ ചെലവിനും പണം തരുമോ എന്ന് അച്ഛനോട് ഞാന്‍ ചോദിച്ചു. ഞാന്‍ പ്രണയിച്ച് വിവാഹം ചെയ്തതിനും താന്‍ ബില്ലടയ്ക്കണോ എന്നാണ് അച്ഛന്‍ തിരിച്ചുചോദിച്ചത്.' ആയുഷ് വ്യക്തമാക്കുന്നു.
'അര്‍പിതയുമായി വിദേശ രാജ്യങ്ങളില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോള്‍ ഞാന്‍ സല്‍മാന്‍ ഖാന്റെ പണം ധൂര്‍ത്തടിക്കുന്നുവെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെക്കാലം പ്രണയിച്ച ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. കരുത്തും ആത്മവിശ്വാസവുമുള്ള സ്ത്രീയാണ് അര്‍പിത. അവരെ വിവാഹം ചെയ്തതില്‍ ഞാന്‍ സന്തോഷവാനാണ്. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ അര്‍പിതയെ വിവാഹം ചെയ്തത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ എന്നെ വേദനിപ്പിച്ചു. സല്‍മാന്‍ ഖാനില്‍ നിന്ന് വില കൂടിയ സമ്മാനങ്ങള്‍ ഞാന്‍ വാങ്ങിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സല്‍മാന്‍ എനിക്ക് റോള്‍സ് റോയ്‌സ് കാര്‍ സമ്മാനമായി നല്‍കി എന്നുവരെ വാര്‍ത്തകളുണ്ടായി. അങ്ങനെയൊരു കാര്‍ എവിടെയാണെന്ന് എനിക്കും ഇപ്പോഴും അറിയില്ല.' ആയുഷ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
Content Highlights: when aayush sharma asked his father to bear arpita khans expenses after marriage