ചതിക്കുന്ന പങ്കാളികളെ കണ്ടെത്താൻ പുതിയ വിദ്യ; സോഷ്യൽ മീഡിയയിൽ ചർച്ചയായി 'ഡിവോഴ്‌സ് ഡസ്റ്റ്'

വിശ്വാസവഞ്ചനയുടെ പേരിൽ ബന്ധങ്ങൾ തകരുന്നത് ഇപ്പോൾ സാധാരണമായിരിക്കുകയാണ്. പ്രണയിക്കുന്നവരും ഭാര്യയും ഭർത്താവുമെല്ലാം ഇത്തരത്തിൽ ബന്ധങ്ങളിൽ വഞ്ചിക്കപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിൽ വിവാഹിതരായ യുവാക്കൾ കള്ളം പറഞ്ഞ് ഡേറ്റിങ്ങിന് എത്തുകയാണെങ്കിൽ അവരെ പിടികൂടാൻ പുതിയ ഒരു തന്ത്രം തന്നെ കണ്ടെത്തിയിരിക്കുകയാണ് യുവതികൾ.
സോഷ്യൽ മീഡിയയിൽ ചർച്ചയായ ഈ തന്ത്രത്തിന്റെ പേര് 'ഡിവോഴ്‌സ് ഡസ്റ്റ്' എന്നാണ്. കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും വിവാഹിതരായ പുരുഷൻമാർ അവിവാഹിതരാണെന്ന് കള്ളം പറഞ്ഞ് വരുന്നത് തടയുക എന്നതാണ് ഗ്ലിറ്റർ വിദ്യയുടെ ലക്ഷ്യം.
ഡേറ്റിങ്ങിന് പോകുന്നതിന് മുമ്പ് യുവതികൾ ഗ്ലിറ്ററോ ഷിമ്മറോ ഉപയോഗിക്കുന്നു. ഈ തിളങ്ങുന്ന പൊടിയേയാണ് ഡിവോഴ്‌സ് ഡസ്റ്റ് എന്ന് പറയുന്നത്. ഇത് ഫാഷൻ എന്നതിനേക്കാൾ 'സൈലന്റ് അലർട്ട് സിസ്റ്റം' ആയാണ് പ്രവർത്തിക്കുന്നത്. ഈ പൊടികൾ വസ്ത്രങ്ങളിലോ ശരീരത്തിലോ പറ്റിപ്പിടിച്ചാൽ പെട്ടെന്ന് പോകില്ല. പങ്കാളികളുമായി അടുത്തിടപഴകുമ്പോൾ ഈ പൊടികൾ കാറിലോ വസ്ത്രത്തിലോ പറ്റിപ്പിടിക്കും.
വിവാഹിതനായ പുരുഷനാണെങ്കിൽ വീട്ടിലെത്തുമ്പോൾ ഈ ഗ്ലിറ്റർ ഭാര്യയുടെ ശ്രദ്ധയിൽപെടും. ഇത് അയാളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും. സത്യസന്ധരായ പുരുഷൻമാരാണെങ്കിൽ അവർക്ക് ഇങ്ങനേയുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വരില്ല. 'മാരീഡ് മാൻ റിപ്പല്ലന്റ്' എന്നും ഇത് അറിയപ്പെടുന്നുണ്ട്. കൈത്തണ്ടകൾ, മുടി, തോളുകൾ, എളുപ്പത്തിൽ പടരാൻ സാധ്യതയുള്ള മറ്റ് ഭാഗങ്ങൾ എന്നിവയിലെല്ലാം എങ്ങനെ ഗ്ലിറ്റർ തന്ത്രപരമായി പ്രയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ട്യൂട്ടോറിയലുകൾ പോലും യുവതികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിലർ ഇതിനെ പിന്തുണയ്ക്കുമ്പോൾ വിമർശിക്കുന്നവരും ഒരു ഭാഗത്തുണ്ട്. ബന്ധങ്ങളിൽ ഇത്തരം സംശയങ്ങൾ വളരുന്നത് ആ ബന്ധങ്ങളെ തകർക്കുമെന്നും ഡേറ്റിങ് എന്ന് പറയുന്നത് കള്ളത്തരം കണ്ടുപിടിക്കാനുള്ള മാർഗമായി കാണരുത് എന്നുമാണ് ചിലർ കുറിച്ചത്. എന്നാൽ ചതിക്കപ്പെടാതിരിക്കാൻ ഇതൊരു മികച്ച മാർഗമാണെന്നും ഇതിലൂടെ ഒരു സ്ത്രീയെ വഞ്ചനയിൽനിന്ന് രക്ഷിക്കാൻ കഴിയുമെന്നുമാണ് ഈ ട്രെൻഡിനെ അനുകൂലിക്കുന്നവരുടെ വാദം.
Content Highlights: what is divorce dust the viral married man repellent taking over make up trends