ശരീരഭാരം 38 കിലോഗ്രാം കുറച്ചു; പത്ത് ലളിതമായ കാര്യങ്ങൾ പങ്കുവെച്ച് യുവതി

#Lifestyle Desk
പ്രതീകാത്മക ചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

രീരഭാരം കുറച്ച് ഫിറ്റ്‌നെസ് സ്വന്തമാക്കുക എന്നത് എളുപ്പപ്പണിയല്ല. ദൈനംദിനജീവിതത്തിന്റെ ഭാഗമായി പാലിക്കേണ്ട ജീവിതശൈലികളും കൃത്യമായ വ്യായാമവുമെല്ലാം സ്ഥിരമായി പിന്തുടര്‍ന്നാല്‍ മാത്രമേ അത് സാധ്യമാകൂ. എന്നാല്‍ എന്തെല്ലാമാണ് ഇതിനായി ചെയ്യേണ്ടതെന്നത് സംബന്ധിച്ച ശരിയായ ധാരണ പലര്‍ക്കുമില്ല. ഇക്കാര്യത്തില്‍ സഹായകമാകുന്ന ചില 'ടിപ്പു'കള്‍ പങ്കുവെക്കുകയാണ് ഒരു ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍.

ക്രിസ്റ്റീനാ ലൂയിസ് എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പങ്കുവെച്ചത്. മൂന്നരവര്‍ഷം കൊണ്ട് 38 കിലോ ഭാരമാണ് താന്‍ കുറച്ചതെന്ന് ക്രിസ്റ്റീന പറയുന്നു. ഇത് ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല, മറിച്ച് താന്‍ ചില ശീലങ്ങള്‍ കര്‍ശനമായി പാലിച്ചതിനാലാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. 2026 ആകുമ്പോഴേക്ക് തന്നെ പോലെ ഫിറ്റ്‌നസിലേക്ക് കടന്നുവരാന്‍ മറ്റുള്ളവരേയും പ്രചോദിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്രിസ്റ്റീന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ശരീരഭാരം കുറയ്ക്കാനുള്ള പത്ത് കാര്യങ്ങള്‍

ശരീരഭാരം കുറയ്ക്കാനായി പിന്തുടരേണ്ട പത്ത് കാര്യങ്ങളാണ് ക്രിസ്റ്റീന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞത്. അവ എന്തെല്ലാമാണെന്ന് നോക്കാം.

1. ദിവസവും രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് നടക്കാന്‍ പോകുക. ഓരോ ദിവസവും 'ദേഹമനക്കി'ക്കൊണ്ട് തുടങ്ങാം.

2. മറ്റെന്തിനേക്കാളും മുന്നേ ഒരു ഗ്ലാസ് വെള്ളം രാവിലെ കുടിക്കുക. അതുകഴിഞ്ഞ് മതി ചായയും കാപ്പിയുമെല്ലാം. ഹൈഡ്രേഷന്‍ പ്രധാനപ്പെട്ട കാര്യമാണ്.

3. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുക. പ്രോട്ടീന്‍ നിങ്ങളുടെ വയറ് നിറയ്ക്കുകയും ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കണമെന്ന ചിന്ത ഇല്ലാതാക്കുകയും ചെയ്യും.

4. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാല്‍ കഫീന്‍ അടങ്ങിയ ഭക്ഷണമോ പാനീയമോ വേണ്ട. ഇത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഭാരം കുറയ്ക്കുന്നതില്‍ ഉറക്കത്തിന് നിര്‍ണായകമായ പങ്കുണ്ട്.

5. സാധനങ്ങള്‍ കടയില്‍ പോയി വാങ്ങുന്നതിന് പകരം വീട്ടില്‍ എത്തിച്ചുതരുന്ന ഡെലിവറി സേവനം ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ കടയിലെ ജങ്ക് ഫുഡുകള്‍ കണ്ട് അത് വാങ്ങാനുള്ള പ്രലോഭനത്തെ അതിജീവിക്കാം.

6. അകത്തേക്കെടുക്കുന്ന എല്ലാ കലോറിയും ട്രാക്ക് ചെയ്യുക. വളരെ ചെറിയ അളവിലുള്ളതാണെങ്കില്‍ പോലും അത് കണക്കിലെടുക്കണം.

7. എല്ലാ തിങ്കളാഴ്ചയും സ്വന്തം ചിത്രമെടുത്ത് എത്രത്തോളം പുരോഗതി കൈവരിച്ചുവെന്ന് സ്വയം മനസിലാക്കുക. ഈ 'വിഷ്വല്‍ റിമൈന്‍ഡര്‍' നിങ്ങളുടെ ഉത്സാഹത്തെ നിലനിര്‍ത്തുകയോ വര്‍ധിപ്പിക്കുകയോ ചെയ്യും.

8. ഫിറ്റ്‌നസ് എന്നാല്‍ ഭാരം കുറയ്ക്കല്‍ മാത്രമല്ല. സ്‌ട്രെങ്ത്, സ്റ്റാമിന, എന്നിവയ്‌ക്കെല്ലാമൊപ്പം ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കുക.

9. ദിനചര്യകളെ കൃത്യമായ രീതിയില്‍ മാറ്റിയെഴുതുക. നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നവയാണ് നിങ്ങളുടെ ശീലങ്ങളെന്ന് ഉറപ്പാക്കുക.

10. മാനസികാരോഗ്യത്തിനും തുല്യപ്രാധാന്യമുണ്ട്. ഓരോ ദിവസവും അവസാനിക്കുന്നതിന് മുമ്പ് അന്ന് സംഭവിച്ച, നിങ്ങളുമായി മൂന്ന് നല്ല കാര്യങ്ങള്‍ കുറിച്ചുവെക്കുക.

ശ്രദ്ധിക്കുക: ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ന്യൂട്രീഷ്യന്റെ ഉപദേശം തേടുക. വ്യായാമം വിദഗ്ധ പരിശീലകന് കീഴില്‍ മാത്രം ചെയ്യുക

Content Highlights: Woman shares 10 lifestyle changes to follow to reduce body weight and gain fitness